റാണിപുരം

വടക്കൻ കേരളത്തിലെ പ്രധാനപ്പെട്ട ഒരു ട്രെക്കിങ് കേന്ദ്രം ആണ് റാണിപുരം. കാസറഗോഡ് ജില്ലയിലെ പനത്തടി എന്ന പഞ്ചായത്തിൽ ആണ് റാണി പുരം സ്ഥിതി ചെയ്യുന്നത്. പച്ചപുതച്ച പുൽമേടുകളും, ഇടതൂർന്ന ഷോല വനങ്ങളും, തണുപ്പുള്ള കാലാവസ്ഥയും ഉള്ള ഈ സ്ഥലം കേരളത്തിലെ തന്നെ ഒരു പ്രധാന പെട്ട ട്രെക്കിങ് കേന്ദ്രം ആണ്.  സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 750 മീറ്റർ ഉയരത്തിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായി സ്ഥിതി ചെയ്യുന്ന അതി മനോഹരമായ ഈ സ്ഥലത്തിന് കേരളത്തിന്റെ ഊട്ടി എന്നും വിശേഷണം ഉണ്ട്.

ഇവിടെയുള്ള ട്രെക്കിംഗ് പാതകൾ പുൽമേടുകളിലൂടെയും കാടുകളിലൂടെയും കടന്നുപോകുന്നു. റാണിപുരത്തിന്റെ മുകളിലേക്ക് നടന്നെത്താൻ എളുപ്പമുള്ള വഴികളുണ്ട്. നടന്നുപോകുമ്പോൾ ചുറ്റുമുള്ള പ്രകൃതിദൃശ്യങ്ങളുടെ സൗന്ദര്യം ആസ്വദിക്കാം. കുന്നിൻ മുകളിലെത്തിയാൽ താഴ്വരകളുടെയും വിദൂര പ്രദേശങ്ങളുടെയും അതിമനോഹരമായ കാഴ്ചകൾ കാണാം. മലമുകളിലെ ഒരു ചെറിയ ഗുഹയും ഇവിടത്തെ മറ്റൊരു ആകർഷണമാണ്. ഈ ഹിൽ സ്റ്റേഷന്റെ മനോഹാരിത അടുത്തറിയാൻ ഏറ്റവും മികച്ച വഴി കാൽനടയായി യാത്ര ചെയ്യുക എന്നതാണ്.

റാണിപുരം വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ് ഈ മലകൾ. അതുകൊണ്ടുതന്നെ ഇവിടെ വിവിധതരം സസ്യജന്തുജാലങ്ങളെ കാണാൻ കഴിയും. കാട്ടാനകൾ, മാൻ, കാട്ടുപോത്ത്, പക്ഷികൾ എന്നിവയെ ചില സമയങ്ങളിൽ  ഇവിടെ കാണാറുണ്ട്. വേനൽക്കാലത്ത് പോലും കൂടുതൽ ചൂടില്ലാത്ത സുഖകരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. പ്രകൃതിയെ സ്നേഹിക്കുന്നവർക്കും സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവർക്കും തീർച്ചയായും സന്ദർശിക്കാൻ പറ്റിയ ഒരിടമാണ് റാണിപുരം.