കണ്ണൂർ ജില്ലയിലെ വളപട്ടണം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു ക്ഷേത്രം ആണ് കളരിവാതുക്കൽ ക്ഷേത്രം. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ആയുധാഭ്യാസങ്ങൾ പരിശീലിച്ചിരുന്ന ഒരു കളരിയുമായി ബന്ധപ്പെട്ടാണ് ഈ ക്ഷേത്രം നിലനിന്നിരുന്നത്. കോലത്ത് നാട്ടിലെ ഒട്ടനവധി യുവാക്കൾക്ക് കളരി അഭ്യാസം നൽകിയ ഈ സ്ഥലം കോലത്തിരിയുടെ സൈന്യത്തിലേക്കും ഒട്ടനവധി യോദ്ധാക്കളെ വാർത്തെടുത്തു നൽകി. കൊല്ലം തോറും ചുരുങ്ങിയത് അയ്യായിരം പേർ ഇവിടെ നിന്നും കളരി അഭ്യസിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. വാളോർ കളരി എന്നറിയപ്പെടുന്ന പഴയ കളരിയുടെ പ്രധാന വാതിലിന്റെ മുൻവശത്തെ സ്ഥിതി ചെയ്യന്നത് കൊണ്ടാണ് ഈ ക്ഷേത്രത്തിനു കളരി വാതുക്കൽ ക്ഷേത്രം എന്ന പേര് വന്നത്.
കളരി വാതുക്കൽ ക്ഷേത്രത്തിനു സമീപത്തു തന്നെ ആയിരുന്നു കോലത്തിരി രാജാവിന്റെ പ്രധാന പെട്ട കോട്ടയായ വളപട്ടണം കോട്ട നിലനിന്നിരുന്നത്. കോലത്ത് നാടിന്റെ പ്രധാന രാജ നഗരി എന്ന നിലയിൽ ഒരു കാലത്തു പേര് കേട്ട ഇടം ആയിരുന്നു വളപട്ടണം. ടിപ്പു സുൽത്താൻ മലബാർ ആക്രമിച്ച സമയത്ത് ഏറെ കുറെ ഒക്കെ നശിച്ചു തുടങ്ങിയ ഈ കോട്ട ഇന്ന് പൂർണമായും നാശോന്മുഖം ആയി കഴിഞ്ഞു.
ക്ഷേത്രത്തിൽ ഒരു ബലിക്കൽ പുരയും ഭദ്രകാളിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചുള്ള ശ്രീ കോവിലും പിന്നെ ഒരു ശിവ ലിംഗം പ്രതിഷ്ഠിച്ചുള്ള ചുറ്റമ്പലവും ഉണ്ട്. ക്ഷേത്രത്തിന്റെ തെക്കേ തിരു മുറ്റത്താണ് സപ്ത മാതൃ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിൽ സപ്ത മാതാക്കളുടെയും ഗണപതിയുടെയും വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നു. ബ്രാഹ്മി , മഹേശ്വരി, ഇന്ദ്രാണി, കൗമാരി , വൈഷ്ണവി, വാരാഹി , ചാമുണ്ഡി എന്നിവരാണ് സപ്ത മാതാക്കൾ.
ശ്രീ ഭദ്രകാളിയുടെ ശ്രീകോവിലിനു തെക്കു പടിഞ്ഞാറു ഭാഗത്തായി മണ്ഡപം സ്ഥിതി ചെയ്യുന്നത്. ചില പ്രതേക സന്ദർഭങ്ങളിൽ കളഞ്ഞിലരി എന്ന അടിയന്തിരം ഇവിടെ നടത്താറുണ്ട്. കളരി വാതുക്കൽ ശ്രീ ഭദ്രകാളി അറിയപ്പെടുന്നത് കളരിയാപോതി അഥവാ കളരി വാതുക്കൽ ഭഗവതി എന്നാണ്. പ്ലാവിന്റെ കാതലിൽ കൊത്തിയതാണ് ഈ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ എല്ലാം.
കൊല്ലം തോറും മീന മാസത്തിൽ കാർത്തിക നക്ഷത്രം തൊട്ടു പൂരം നക്ഷത്രം വരെ നടത്തി വരാറുള്ള പൂരോൽസവം ആണ് കളരി വാതുക്കൽ ക്ഷേത്രത്തിലെ പ്രധാന ഉത്സവം. പൂരോത്സവ കാലത്തു എല്ലാ രാത്രീകളിലും ചിറക്കൽ ദേശത്തുള്ള പട്ടുവത്തെരുവത്തെ എടംകയ്യരും ശ്രീ കൂറുമ്പയെ പരദേവതയായി ആരാധിക്കുന്ന ചാലിയ സമുദായക്കാരും തിരുമുറ്റത്ത് പൂരക്കളി നടത്തി വരുന്നു. പൂരക്കളിക്കു പുറമെ കൊല്ലം തോറും മകരമാസത്തിൽ നടത്തി വരാറുള്ള കളത്തിലരിയും പാട്ടും ഇവിടുത്തെ മറ്റൊരു പ്രധാന ചടങ്ങാണ്.
