മുഴപ്പിലങ്ങാട് ഡ്രൈവ്-ഇൻ ബീച്ച് – ധർമടം ഡ്രൈവ്-ഇൻ ബീച്ച്

കണ്ണൂർ ജില്ലയിൽ ധർമടം എന്ന സ്ഥലത്ത്അ റബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന മുഴപ്പിലങ്ങാട് ഡ്രൈവ്-ഇൻ ബീച്ച്. ഇന്ത്യയിൽ നിലവിൽ ഉള്ള ഏക ഡ്രൈവിങ് ബീച്ചാണ് മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ച് അഥവാ ധർമടം ഡ്രൈവിങ് ബീച്ച്.   ഏകദേശം 4 കിലോമീറ്ററോളം ദൂരം, തിരമാലകൾ അടിച്ചുവരുന്ന കടൽത്തീരത്തുകൂടി വാഹനങ്ങൾ ഓടിച്ചുപോകാൻ സാധിക്കുന്നത് ഇവിടുത്തെ പ്രധാന ആകർഷണമാണ്. മണൽത്തരികൾ ഉറച്ചതും ചെളിയില്ലാത്തതുമായതിനാലാണ് ഇത് സാധ്യമാകുന്നത്. 

ഈ ബീച്ചിന്റെ മറ്റൊരു പ്രത്യേകത ഇവിടുത്തെ സൂര്യാസ്തമയമാണ്. ചക്രവാളത്തിൽ അസ്തമിക്കുന്ന സൂര്യന്റെ വർണ്ണാഭമായ കാഴ്ചകൾ സഞ്ചാരികളുടെ മനം കവരുന്നു. കൂടാതെ, ബീച്ചിന്റെ ഒരു ഭാഗത്ത് പാറക്കൂട്ടങ്ങൾ നിറഞ്ഞ പ്രദേശമുണ്ട്. ഇവിടെയുള്ള ചെറിയ ദ്വീപിലേക്ക് വേലിയിറക്ക സമയത്ത് നടന്നുപോകാൻ സാധിക്കും. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമായ അനുഭവമാണ്. പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ ജീവിതരീതികൾ കണ്ടറിയാനും ശുദ്ധമായ കടൽവിഭവങ്ങൾ ആസ്വദിക്കാനും ഇവിടെ അവസരമുണ്ട്.

സാഹസികത ഇഷ്ടപ്പെടുന്നവർക്കായി വിവിധതരം വാട്ടർ സ്പോർട്സ് ഇവിടെ ലഭ്യമാണ്. പാരസെയിലിംഗ്, ജെറ്റ് സ്കീയിംഗ് തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടാൻ സാധിക്കും. കുടുംബത്തോടൊപ്പം സുരക്ഷിതമായി സമയം ചെലവഴിക്കാൻ സാധിക്കുന്ന മനോഹരമായ ഒരിടം ആണിത്. 

ചിത്രീകരണങ്ങൾക്കും ഫോട്ടോ ഷൂട്ടുകൾക്കും അനുയോജ്യമായ ഒരു ലൊക്കേഷൻ കൂടിയാണിത്. അനേകം സിനിമകളിലെയും ആൽബങ്ങളിലെയും രംഗങ്ങൾ ഇവിടെ വെച്ച് ചിത്രീകരിച്ചിട്ടുണ്ട്. റോഡിൽ നിന്ന് നേരിട്ട് ബീച്ചിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നത് സഞ്ചാരികൾക്ക് വളരെ സൗകര്യപ്രദമാണ്. 

ബീച്ചിനു സമീപത്തായി അനവധി റിസോർട്ടുകൾ ഇന്ന് പ്രവർത്തിക്കുന്നത് കൊണ്ട്  സഞ്ചാരികൾക്കായുള്ള താമസ സൗകര്യവും ഇന്ന് ഇവിടെ ഉണ്ട്.  

മനോഹരമായ കാഴ്ചകളും സാഹസിക വിനോദങ്ങളും ഒത്തുചേരുന്ന കേരളത്തിലെ തന്നെ പ്രധാനപ്പെട്ട  ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മുഴപ്പിലങ്ങാട് ഡ്രൈവ്-ഇൻ ബീച്ച്. ഓരോ വർഷവും ആയിരക്കണക്കിന് സഞ്ചാരികൾ ഇവിടെയെത്തി ഇവിടുത്തെ സൗന്ദര്യം ആസ്വദിച്ച് മടങ്ങുന്നു.രാവിലെയും വൈകുന്നേരങ്ങളിലും അനേകം ആളുകൾ തങ്ങളുടെ കാറുകളിലും ബൈക്കുകളിലും ഇവിടെയെത്തി കടൽത്തീരത്തുകൂടി യാത്ര ചെയ്യുന്നത് മനോഹരമായ കാഴ്ചയാണ്. കൂടാതെ 2025 ഈ ബീച്ച് സംസ്ഥാന സർക്കാരിന്റെ പ്രത്യേക ടുറിസം വികസന പ്രോജെക്ടിൽ  ഉൾപ്പെടുത്തി വലിയ രീതിയിൽ നവീകരിച്ചു. നീണ്ട നടപ്പാതയും ഫുഡ് സ്ട്രീറ്റും നൈറ്റ് ലൈഫും ഒക്കെപുതിയ നവീകരണത്തിന്റെ ഭാഗം ആയി ഉൾപ്പെടുത്തിയിട്ടുണ്ട്.