കണ്ണൂർ ജില്ലയിൽ പശ്ചിമ ഘട്ട മല നിരകളിൽ കർണാടക അതിർത്തിയോടു ചേർന്ന് സ്ഥിതി ചെയ്യുന്ന അതി മനോഹരമായ ഒരു മലയാണ് പൈതൽ മല. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4500 അടി (1,450 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കണ്ണൂർ ജില്ലയിൽ തന്നെ ഏറ്റവും ഉയരം കൂടിയ ഒരു പ്രദേശം ആണ്. സാഹസിക ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. ഇടതൂർന്ന വനങ്ങളും, പുൽമേടുകളും, കോടമഞ്ഞും, തണുത്ത കാലാവസ്ഥയും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.
ട്രെക്കിംഗാണ് പൈതൽമലയിലെ പ്രധാന ആകർഷണം. മലയുടെ മുകളിലേക്ക് കാൽനടയായി കയറാൻ നിരവധി വഴികളുണ്ട്. മുകളിൽ എത്തിച്ചേരുമ്പോൾ ലഭിക്കുന്ന പുൽമേടുകളും മല നിരകളും നിറഞ്ഞ കാഴ്ചകൾ സഞ്ചാരികളെ ആകർഷിക്കുന്നവയാണ്. പച്ചപ്പ് നിറഞ്ഞ താഴ്‌വരകളും, ദൂരെ കാണുന്ന മലനിരകളും, തെളിഞ്ഞ ദിവസങ്ങളിൽ അറബിക്കടലും ഇവിടെ നിന്ന് കാണാൻ സാധിക്കും. കോടമഞ്ഞിൽ മൂടിക്കിടക്കുന്ന പൈതൽമലയുടെ കാഴ്ചകൾക്ക് ഒരു പ്രത്യേക ഭംഗിയാണ്.
വനത്തിനുള്ളിലൂടെയുള്ള യാത്രകൾക്ക് വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്. ഇവിടെ വിവിധതരം സസ്യജാലങ്ങളെയും പക്ഷികളെയും കാണാൻ സാധിക്കും. പ്രകൃതി ഫോട്ടോഗ്രാഫർമാർക്ക് മികച്ച ദൃശ്യങ്ങൾ പകർത്താൻ ഇത് അവസരം നൽകുന്നു. സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് ക്യാമ്പിംഗിനും പ്രകൃതിയോട് ചേർന്ന് സമയം ചെലവഴിക്കാനും ഇവിടെ സൗകര്യങ്ങളുണ്ട്.
മഴക്കാലത്ത് പൈതൽമലയ്ക്ക് മറ്റൊരു ഭംഗിയാണ്. ചെറിയ അരുവികളും വെള്ളച്ചാട്ടങ്ങളും സജീവമാവുകയും പ്രദേശം കൂടുതൽ പച്ചപ്പണിഞ്ഞതാവുകയും ചെയ്യും. എന്നാൽ മഴക്കാലത്ത് ട്രെക്കിംഗ് അൽപ്പം ദുഷ്കരമായേക്കാം. അതിനാൽ മഴ കുറഞ്ഞ സമയത്തും തണുപ്പുള്ള സമയത്തും സന്ദർശിക്കുന്നത് കൂടുതൽ ഉചിതമാണ്.
കണ്ണൂരിലെ മലയോര പ്രദേശമായ പൊട്ടൻപ്ലാവ് എന്ന സ്ഥലത്തിന് അടുത്താണ് പൈതൽ മല സ്ഥിതി ചെയ്യുന്നത്. സർക്കാർ നിയന്ത്രണത്തോടെ പൈതൽ മല ഒരു പ്രധാന പെട്ട ട്രെക്കിങ് കേന്ദ്രം ആയി മാറിയതിനു ശേഷം ഇവിടെ നിരവധി ആളുകൾ ആണ് ദിവസേന വന്നു പോകുന്നത്. കൂടാതെ സഞ്ചാരികൾക്കു താമസിക്കാൻ ആയി ചില റിസോർട്ടുകളും ഹോംസ്റ്റേയ്ക്കളും ഇവിടെ ലഭ്യമാണ്.
