കളരി പഠനം ആരംഭിക്കുന്ന ചടങ്ങുകളെ ആണ് കളരി വിദ്യാരംഭം അല്ലെങ്കിൽ കളരി ഇറങ്ങൽ എന്ന് വിളിക്കുന്നത്. ഏതു പ്രായത്തിലും കളരി അഭ്യാസം തുടങ്ങാമെങ്കിലും ഏഴ് വയസ്സിൽ കളരി പഠനം ആരംഭിക്കുന്നതാണ് ഏറ്റവും അഭികാമ്യം എന്നാണ് പൊതുവെ വിശ്വസിച്ചു പോരുന്നത്. ശരീരം കൂടുതൽ വഴക്കമുള്ളതും മനസ്സ് മുൻ വിധികൾ ഇല്ലാതെ ഗുരു പഠിപ്പിക്കുന്നത് വേഗത്തിൽ പഠിക്കും എന്നതു കൊണ്ടും ജീവിതത്തിൽ ഏറെ കാലം കളരി യുടെ ഗുണം അനുഭവിക്കാൻ കഴിയും എന്ന കാരണത്താലും ചെറുപ്രായം തന്നെ ആണ് കളരി വിദ്യ തുടങ്ങാൻ ഏറ്റവും അനുയോജ്യം ആയിട്ടുള്ളത്. പ്രായം കൂടുംതോറും കളരി പഠനം കൂടുതൽ ആയാസകരം ആണ്.
എല്ലാ വർഷവും സ്കൂൾ തുറക്കുന്നത് പോലെ കളരി ആരംഭ ദിനവും ഉണ്ട്. കളരി തുറക്കൽ എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ഇത് കൂടാതെ വിദ്യാർഥികൾ ഹരി ശ്രീ കുറിക്കുന്ന വിജയ ദശമി ദിവസവും കളരി പഠനം ആരംഭിക്കുന്നവർ ഉണ്ട്. എന്നാൽ മേല്പറഞ്ഞ ദിവസങ്ങളിൽ തന്നെ കളരി പഠനം ആരംഭിക്കണം എന്ന് നിർബന്ധം ഇല്ല. വിദ്യാർത്ഥികളുടെയും ഗുരുവിന്റെയും സൗകര്യാർത്ഥം ഏതു ദിവസവും കളരി ആരംഭിക്കാവുന്നതാണ്.
അത്യുഷ്ണ കാലം കളരി പഠനത്തിന് അഭികാമ്യം അല്ലെന്നും എന്നാൽ മഴക്കാലം ആണ് കളരി പഠനത്തിന് ഏറ്റവും അനുയോജ്യം എന്നും ആണ് കരുതി വരുന്നത്.
ആദ്യമായി കളരിയിൽ എത്തുന്ന വിദ്യാർഥികൾ ഗുരുദക്ഷിണ നൽകി ഗുരു പാദങ്ങൾ സ്പർശിച്ചു ഗുരുവിന്റെ അനുഗ്രഹം വാങ്ങുന്നു. ഗുരുവിന്റെ അനുഗ്രഹം വാങ്ങിയതിന് ശേഷം ഗുരുവിന്റെ സഹായത്തോടെ ശിഷ്യൻ പൂത്തറ, ഗണപതിത്തറ, ഗുരുത്തറ എന്നിവിടങ്ങളിൽ വണങ്ങണം. വിദ്യാർത്ഥികളെ പ്രവേശിക്കുന്ന ദിവസങ്ങളിൽ കളരിയിൽ പ്രതേകം പൂജകൾ ഉണ്ടായിരിക്കും. മാത്രമല്ല കളരി മുഴുവൻ പൂക്കൾ കൊണ്ട് അലങ്കരിച്ചു തറയിൽ അരിയും പൂവും വിതറി വിശുദ്ധമാക്കുകയും ചെയ്യും.
കളരിയെ ഒരു ക്ഷേത്രം പോലെ പരിപാവനം ആയാണ് ഗുരു ശിഷ്യൻ മാർ കാണുന്നത്. എല്ലാ ദിവസവും പൂത്തറ, ഗണപതിത്തറ , ഗുരുത്തറ എന്നിങ്ങനെ ഉള്ള ദിവ്യ സ്ഥാനങ്ങളിൽ പ്രാർത്ഥിച്ച ശേഷം മാത്രമേ കളരി പഠനം ആരംഭിക്കുകയുള്ളു.