കളരി പഠനത്തിൽ നാലു ഘട്ടങ്ങളിൽ ആദ്യത്തെ ഘട്ടം ആണ് മെയ് പയറ്റ് അല്ലെങ്കിൽ മേയ്ത്താരി. കോൽത്താരി, അങ്കത്താരി, വെറും കൈ എന്നിങ്ങനെ ആണ് മറ്റു മൂന്നു ഘട്ടങ്ങളുടെ പേര്. ഒരു അഭ്യാസിക്ക് ആവശ്യം ഉള്ള മെയ് വഴക്കവും ശക്തിയും പ്രാപ്തമാക്കുക എന്നതാണ് മേയ്ത്താരി യുടെ പ്രധാന ലക്ഷ്യം. ശരീരത്തെ ഇഷ്ടാനുസരണം വളക്കാനും ചലിപ്പിക്കാനും പല രീതിയിൽ ചാടാനും ഇരിക്കാനും ഒക്കെ മെയ് പയറ്റ് കൊണ്ടു സാധ്യമാകും. മെയ്പ്പയറ്റിലുടെ ശരീരത്തിലെ ഓരോ അവയവങ്ങൾക്കും ശക്തിയും വഴക്കവും കിട്ടുന്നു. കളരിപയറ്റിൽ അത്യധികം പ്രാധാന്യം ഉള്ള ചുവടുകളും വടിവുകളും നേടിയെടുക്കുന്നത് മേയ്ത്താരിയിലൂടെ ആണ്.
കളരിയിലെ ചുവടുകളെ പ്രധാനമായും ആക്ക ചുവടുകൾ എന്നും നീക്കചുവടുകൾ എന്നും തരം തിരിച്ചിരിക്കുന്നു.
അനുയോജ്യമായ രീതിയിൽ ആക്രമിക്കാനും ആക്രമണം ചെറുക്കാനും ഒന്നോ അതിലധികം തവണയോ കാലുകൾ നീക്കി വെച്ച് സ്ഥാനം ഉറപ്പിക്കുന്നതിനെ ആണ് ആക്കചുവടുകൾ എന്ന് പറയുന്നത്. തറയിൽ നിന്ന് കൊണ്ടുള്ള അഭ്യാസങ്ങൾ ആണ് ആക്ക ചുവടുകളിൽ പ്രധാനം. അടിക്കുക, അടി തടഞ്ഞു നിർത്തുക എന്നിവയാണ് ആക്ക ചുവടുകളിൽ ചെയ്യുന്നത്.
അഭ്യാസമുറപ്രകാരം ഉള്ള ഏതെങ്കിലും ചാട്ടത്തിനോ ഒഴിഞ്ഞു മാറ്റത്തിനോ വേണ്ടി നിൽക്കുന്ന ചുവടുകൾക്കാണ് നീക്ക ചുവടുകൾ എന്ന് പറയുന്നത്. ആയുധങ്ങൾ ഉപയോഗിച്ചുള്ള പയറ്റിൽ ആണ് നീക്ക ചുവടുകൾ ഉപയോഗിക്കുന്നത്.
പ്രധാനമായ ഈ തരം തിരിവിന് പുറമെ ചുവടുകളുടെ ആകൃതി പാദങ്ങൾ തമ്മിൽ ഉള്ള അകലം എന്നിവയെ അടിസ്ഥാനമാക്കി വട്ടക്കാൽ ചുവട്, നീട്ടക്കാൽ ചുവട് , കോൺ ചുവട് , ഒറ്റക്കാൽ ചുവട് എന്നും വേർതിരിച്ചിരിക്കുന്നു.
മെയ്പ്പയറ്റിൽ ചുവടുകൾക്കു പോലെ പ്രധാനം ആണ് വടിവുകളും. പരമ്പരാഗതമായി എട്ടു വടിവുകൾ ആണ് കളരിയിൽ ഉള്ളത്. ഗജവടിവ് , സിംഹ വടിവ് , വരാഹ വടിവ് , അശ്വ വടിവ് , മാർജാര വടിവ് , സർപ്പ വടിവ് , കുക്കുട വടിവ്, മൽസ്യ വടിവ് എന്നിങ്ങനെ ആണ് ഈ വടിവുകൾ. പേര് സൂചിപ്പിക്കും പോലെ തന്നെ ആന, സിംഹം, പന്നി, കുതിര, പൂച്ച , സർപ്പം , കോഴി , മൽസ്യം എന്നീ ജീവികളുടെ ആകൃതിയേയും ചലനങ്ങളെയും ആക്രമണ ശൈലികളെയും പ്രതിരോധ ശൈലികളെയും ആസ്പദമാക്കിയാണ് ഈ വടിവുകൾ രൂപ പെടുത്തിയിട്ടുള്ളത്.
മേല്പറഞ്ഞ അഭ്യാസ മുറകൾ കൂടാതെ അത്യധികം ദുഷ്കരമായ വിവിധ ചാട്ടങ്ങളും മെയ്പ്പയറ്റിൽ ഉൾപ്പെട്ടിരിക്കുന്നു. തിരിഞ്ഞു ചാടൽ , തിരിഞ്ഞു പൊങ്ങൽ, വാങ്ങി തിരിഞ്ഞു ചാടൽ, വലം പിരി മലർന്നു ചാടൽ, ഒത്തടി പൊങ്ങൽ, ചവിട്ടി പൊങ്ങൽ എന്നിവയാണ് പ്രധാനപ്പെട്ട ആറു കളരി ചാട്ടങ്ങൾ.
ഇവ കൂടാതെ ശരീരത്തെ അനായാസം വളക്കാനും തിരിക്കാനും കുറെ അഭ്യാസ മുറകൾ മേയ്ത്താരിയിൽ ഉണ്ട്. ഇരുത്തിക്കാൽ, തച്ചുവളയൽ, തൊഴുതു കുത്തൽ, സൂചിക്കിരുത്തൽ എന്നിവയാണ് ഇതിൽ പ്രധാനം.