ഭൂത തെയ്യങ്ങളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് വെളുത്ത ഭൂതം. ശൈവാരാധനയുമായി ബന്ധപ്പെട്ട ഭൂതങ്ങൾ , നായാട്ടുമായി ബന്ധപ്പെട്ട വന ഭൂതങ്ങൾ , ദുര്മരണം സംഭവിച്ച മനുഷ്യരുടെ പ്രേതങ്ങൾ ആയ ഭൂതങ്ങൾ എന്നിങ്ങനെ വിവിധ തരത്തിൽ ഉള്ള ഭൂത തെയ്യങ്ങൾ ഉണ്ട്. ശൈവാരാധനയുമായി ബന്ധപ്പെട്ട ഭൂതം ആണ് വെളുത്ത ഭൂതം.
വെളുത്ത ഭൂതം, കറുത്ത ഭൂതം, ചുവന്ന ഭൂതം, ശ്രീ ഭൂതം എന്നിങ്ങനെ ശൈവാരാധനയുമായി ബന്ധപ്പെട്ട ഭൂതങ്ങൾ ഉണ്ട്. ഈ ഭൂത ഗണങ്ങൾക്കൊക്കെ മഹാശിവൻ പിതൃസ്ഥാനത്തും മാടായി കാവിലമ്മയായ തിരുവർക്കാട് ഭഗവതി മാതൃ സ്ഥാനത്തും ആണെന്നാണ് വിശ്വാസം.
കാവുകളിലെ നിധികൾ കാത്തു സൂക്ഷിക്കുന്ന ഭൂതം ആണ് വെളുത്ത ഭൂതം എന്നാണ് വിശാസം. സാധാരണയായി ഹാസ്യം കലർന്ന ചലനങ്ങളും വായ് മൊഴിയുമായാണ് ഭൂത തെയ്യങ്ങൾ കെട്ടിയാടുന്നത്.അർദ്ധ രാത്രിയിൽ ആണ് ഭൂത തെയ്യങ്ങൾ കെട്ടിയാടി വരുന്നത്.