വടക്കൻ കേരളത്തിൽ തീയ സമുദായത്തിൽ ഉള്ളവരുടെ പ്രധാന ആരാധനാ മൂർത്തിയാണ് വയനാട്ടു കുലവൻ. ആദി തീയനായ വയനാട്ടു കുലവന് തൊണ്ടച്ചൻ എന്നും പേരുണ്ട്. തൊണ്ടച്ചൻ എന്നാൽ ഏറ്റവും പ്രായം കൂടിയ ആൾ എന്നാണ് അർഥം. സാക്ഷാൽ പരമശിവന്റെ ഇടതു തുടയിൽ നിന്നും ഉടലെടുത്ത ദേവൻ ആണ് വയനാട്ടു കുലവൻ എന്നാണ് ഐതിഹ്യം.
കൈലാസത്തിലെ മധുവനത്തിൽ ഉണ്ടായിരുന്ന തെങ്ങുകളിൽ മധു(കള്ള്) ഊറി വരാറുണ്ടായിരുന്നു. ഒരു നാൾ വേട വേഷം കെട്ടി നായാട്ടിന് ഇറങ്ങിയ പരമശിവൻ ഇത് കാണുകയും പിന്നെ ഊറി വരുന്ന മധു ദിവസേന കുടിച്ചു മദോന്മത്തനാവുകയും ചെയ്തു. പരമശിവൻ പതിവായി മധു നുകർന്ന് വരുന്ന തെങ്ങുകൾ കണ്ടെത്തിയ പാർവതി ദേവി അദ്ദേഹത്തിനെ മധു പാനം അവസാനിക്കാൻ തന്റെ മന്ത്ര ശക്തി ഉപയോഗിച്ച് മധു തടവി തെങ്ങിന്റെ മുകളിലേക്ക് കയറ്റി. പിറ്റേ ദിവസം മധു നുകരാൻ എത്തിയ പരമശിവൻ തെങ്ങിൽ നിന്നും മധു ഊറി വരുന്നില്ല എന്ന് കണ്ട് കോപാകുലനായി. ഉടൻ തന്നെ തുടയിൽ അടിച്ചു ഒരു ദിവ്യനെ സൃഷ്ടിച്ചു പിന്നെ അവനെ തെങ്ങിന്റെ മുകളിൽ നിന്നും പതിവായി മധു എടുക്കുന്ന ജോലിക്കായി നിയോഗിച്ചു. അങ്ങനെ ആ ദിവ്യൻ പരമശിവന് ദിവസേന തെങ്ങിൽ നിന്നും മധു ഏറി കൊടുത്തു.
എന്നാൽ പതിവായി മധു ഏറുന്ന ദിവ്യനും മധു നുകർന്ന് മദോന്മത്തനാവാൻ തുടങ്ങി. ഇതറിഞ്ഞ പരമശിവൻ തന്റെ കദളി വനത്തിൽ നായാടുകയും അവിടെ നിന്നും മധു എടുത്തു കുടിക്കുകയും ചെയ്യരുതെന്ന് ദിവ്യനോട് പറഞ്ഞു. എന്നാൽ ദിവ്യൻ പരമ ശിവന്റെ പറഞ്ഞത് അനുസരിക്കാതെ കദളി വനത്തിൽ നായാടുകയും അവിടെ നിന്നും മധു എടുത്തു കുടിക്കുകയും ചെയ്തു. ഇത് ക്ഷിപ്ര കോപിയായ പരമശിവൻ അറിഞ്ഞു ശിവന്റെ ഉഗ്ര കോപത്തിൽ ആ ദിവ്യന്റെ രണ്ടു കണ്ണുകളും പൊട്ടി തെറിച്ചു. ദിവ്യൻ പരമശിവനോട് മാപ്പപേക്ഷിച്ചു. കോപം അടങ്ങിയ പരമശിവൻ അവനു മാപ്പു കൊടുത്തു. പിന്നെ പൊയ്കണ്ണും മുളംച്ചൂട്ടും അമ്പും വില്ലും കൊടുത്തു അവനെ ഭൂമിയിൽ മലനാട്ടിലേക്കു അയച്ചു. എന്നാൽ ചൂട്ടു പുകഞ്ഞു കണ്ണുകാണാതിരുന്നപ്പോൾ പൊയ്കണ്ണും മുളംച്ചൂട്ടും വിത്ത് പാത്രവും ദിവ്യൻ ദൂരേക്ക് വലിച്ചെറിഞ്ഞു അവ ചെന്ന് പതിച്ചത് വയനാട്ടിൽ ആദിപറമ്പൻ കണ്ണൻ എന്നയാളുടെ വീട്ടിൽ ആയിരുന്നു. കണ്ണനോട് ഇവ രണ്ടും ഉള്ളിൽ എടുത്തു വെക്കാൻ ദിവ്യൻ ദർശനം നൽകി പറഞ്ഞു. അങ്ങനെ വയനാട്ടിൽ എത്തിയത് കൊണ്ട് ദിവ്യനെ വയനാട്ടു കുലവൻ എന്ന് വിളിക്കുന്നു.
ഒരിക്കൽ വയനാട്ടു കുലവൻ ദൈവം വാണവർ കോട്ടയിൽ എത്തുകയും തന്റെ കോലം തെയ്യം ആയി കെട്ടിയാടണമെന്നു വാഴുന്നവരുടെ സ്വപ്നത്തിൽ വന്നു പറയുകയും ചെയ്തു. അത് പ്രകാരം ആണ് വയനാട്ടു കുലവൻ തെയ്യം കെട്ടിയിടാൻ തുടങ്ങിയത്. ഓല ചൂടും, അമ്പും വില്ലും തിരുമുടിയും പൊയ്കണ്ണും ഉള്ള ഒരു വൃദ്ധ രൂപമായാണ് വയനാട്ടു കുലവൻ കെട്ടിയാടുന്നത്. കവുങ്ങിൻ പൂക്കൾ ആണ് വയനാട്ടു കുലവന്റെ പ്രസാദം. തീയർക്കു പുറമെ നായർ നമ്പ്യാർ എന്നീ സ്മുദായത്തിൽ ഉള്ളവർക്കും വയനാട്ടു കുലവൻ സ്ഥാനങ്ങളും കോട്ടങ്ങളും ഉണ്ട്. കാവുകളേക്കാൾ വയനാട്ടു കുലവൻ കൂടുതലും തറവാടുകളിൽ ആണ് കെട്ടിയാടാറുള്ളത്. വിളിച്ചാൽ വിളിപ്പുറത്തുള്ള ദൈവം ആണ് വയനാട്ടു കുലവൻ എന്നാണ് വിശ്വാസം.
തോറ്റം
കുറ്റിച്ചിടയോനെ കൈലാസശിവനേ മൂർത്തി
കാനൽ കരുമാകാനുളവായോൻ കലമാൻ ചേകോൻ
പെറ്റിട്ടവർ പീരിട്ടതിശയമായി ഇരുഷി പുത്രൻ
പേറും വയനാട്ടുകുലവനിന്നിതാ കൈത്തഴുന്നേൻ
അന്നാപ്പെരും കാട്ടിൽ അവർ ചില മെരുവം തേടി
മൂലപ്പേരും കാട്ടിൽ മുയൽപ്പന്നി ചുവടു കണ്ടു
ഓടുന്നുടുംമ്പെയ്താൻ ഇടംകൈ മേലേക്കൊണ്ടു
പാറും മയിലെയ്താൻ പറക്കും രണ്ടെള മാനെയ്താൻ
കിട്ടും മെരുവത്തിൻ തലയും കയ്യകത്തിറച്ചി
ഒട്ടും കുറയാതെ തനിക്കായിട്ടു രസിപ്പോനെ
പക്കൽ വയനാട് അഞ്ചു മുന്നൂറും പരിപാലിപ്പാൻ
നാഥൻ വയനാട്ടു കുലവനിത കൈ തൊഴുന്നേൻ
….
ഇങ്ങനെ തുടരുന്നു വയനാട്ടു കുലവന്റെ തോറ്റം