മന്ത്ര മൂർത്തിയുടെ ഗണത്തിൽ പെടുന്ന പ്രധാന പെട്ട തെയ്യം ആണ് ഉച്ചിട്ട ഭഗവതി. വളരെ തമാശ രൂപത്തിൽ സംസാരിക്കുകയും പെരുമാറുകയും ചെയുന്ന ഒരു നർമ ഭാവത്തിൽ ഉള്ള ഒരു തെയ്യം ആണ് ഉച്ചിട്ട ഭഗവതി. പ്രമുഖ മാന്ത്രിക ഇല്ലം ആയ അടിയേരി ഇല്ലം ആണ് ഉച്ചിട്ട ഭഗവതിയുടെ ആരൂഢ സ്ഥാനം. അടിയേരി മഠത്തിൽ ഉച്ചിട്ട അമ്മ എന്നും ഉച്ചിട്ട ഭഗവതിക്ക് പേരുണ്ട്. അടിയേരിക്ക് പുറമെ പുല്ലഞ്ചേരി, കാളകാട്, കാട്ടു മാടം, പൂന്തോട്ടം എന്നീ മാന്ത്രിക ഇല്ലങ്ങളിലും ഉച്ചിട്ട ഭഗവതിക്ക് സ്ഥാനം ഉണ്ട്.
ഉച്ചിട്ട ഭഗവതിയുടെ ഉത്പത്തിയെ കുറിച്ച് പല ഐതിഹ്യങ്ങളും ഉണ്ട്. മഹാഭാരത കഥയിൽ ഭഗവാൻ ശ്രീ കൃഷ്ണന്റെ ജനനവുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യം ആണ് ഏറെ പ്രചാരത്തിൽ ഉള്ളത്. ദുഷ്ടനായ കംസ രാജാവ് തന്റെ സഹോദരിയുടെ എട്ടാമത്തെ കുട്ടിയാൽ വധിക്കപ്പെടും എന്ന് അശ്ശരീരി ഉണ്ടാവുന്നു. ഇതിൽ ഭയം പൂണ്ട കംസൻ സഹോദരിക്ക് പിറക്കുന്ന ഓരോ കുട്ടികളെയും ക്രൂരമായി കൊന്നു കളയുന്നു. എട്ടാമത്തെ കുട്ടിയായി കൃഷ്ണൻ പിറക്കുകയും കൃഷ്ണന് പകരം ദേവതയായ യോഗമായ ഒരു പെൺ കുട്ടിയായി യശോദയുടെ കൂടെ കിടക്കുകയും ചെയ്തു. എട്ടാമത്തെ കുട്ടിയെ വധിക്കാൻ തുനിഞ്ഞപ്പോൾ ആ കുട്ടി ആകാശത്തിലേക്കു പറന്നു ഒരു ദിവ്യ നക്ഷത്രം പോലെ ജ്വലിച്ചു പൊട്ടിച്ചിരിച്ചു. ദുഷ്ടനായ കംസാ നിന്റെ കാലൻ അമ്പാടിയിൽ അവതരിച്ചു കഴിഞ്ഞു എന്ന് പറഞ്ഞു അവൾ അട്ടഹസിച്ചു. യോഗമായ ദേവിയുടെ അവതാരമായ ആ കുട്ടിയെ തന്നെ ആണ് ഉച്ചിട്ട ഭഗവതിയായി കെട്ടിയാടുന്നത്. സൃഷ്ടി കർമത്തിൽ മഹാവിഷ്ണുവിനെ സഹായിക്കാൻ യോഗമായ ദേവി പല രൂപത്തിലും അവതരിക്കാറുണ്ട്. കൃഷ്ണന്റെ കൂടെ പിറപ്പായി കണ്ടു പോരുന്ന യോഗമായ ദേവിയുടെ തെയ്യത്തിനു ഉച്ചത്തിൽ അട്ടഹസിക്കുന്നതു കൊണ്ടാണ് ഉച്ചിട്ട ഭഗവതി എന്ന് പേരുണ്ടായത് എന്ന് കരുതപ്പെടുന്നു.
ഉച്ചിട്ട ഭഗവതിയുടെ ഉത്പത്തിയെ കുറിച്ച് മറ്റൊരു ഐതിഹ്യം ഇങ്ങനെ ആണ്. അഗ്നി ദേവന്റെ ദിവ്യ ജ്യോതിസിൽ നിന്നും ഉതിർന്നു വീണ തീക്കനൽ ബ്രഹ്മ ദേവന്റെ ഇരിപ്പിടമായി താമരയിൽ ചെന്ന് വീണപ്പോൾ അതിൽ നിന്നും ഒരു അതി സുന്ദരിയായ ഒരു ദേവി ഉണ്ടായി. ആ ദേവിയെ ബ്രഹ്മദേവൻ അവിടെ നിന്നും കാമ ദേവൻ വഴി പരമശിവന് സമർപ്പിച്ചു. പിന്നീട് ഭൂമി ദേവിയുടെ ആഗ്രഹ പ്രകാരം ശിഷ്ട ജന പരിപാലത്തിനായി ആ ദേവി ഭൂമിയിൽ വന്നു മനുഷ്യ രൂപത്തിൽ കൂടിയിരുന്നു. അതേ ദേവിയെ തന്നെ ആണ് പിന്നീട് ഉച്ചിട്ട ഭഗവതിയായി കെട്ടിയാടുന്നത് എന്നും വിശ്വസിച്ചു വരുന്നു. തീക്കനൽ താമരയിൽ വീണു ജനിച്ചത് കൊണ്ടാണ് ഉച്ചിട്ട ഭഗവതിയുടെ തെയ്യം തീയിൽ ഇരിക്കുകയും, കിടക്കുകയു , തീക്കനൽ വാരി കളിക്കുകയും ചെയ്യുന്നത് എന്നാണ് വിശ്വാസം.
സ്ത്രീകളുടെ ഇഷ്ട ദേവിയായാണ് ഉച്ചിട്ട ഭഗവതിയെ കരുതി പോകുന്നത്. സന്താന ഭാഗ്യത്തിന് ഉച്ചിട്ട ഭഗവതിയെ പ്രാര്ഥിക്കുന്നവർ നിരവധിയാണ്.