പുതിയ ഭഗവതിക്കു പുതിയോതി എന്നും പേരുണ്ട്. വടക്കൻ കേരളത്തിൽ പ്രതേകിച്ചും കോല സ്വരൂപത്തിൽ ഒട്ടനവധി സ്ഥലത്തു കെട്ടിയാടുന്ന അതീവ ചാരുതയാർന്ന ഒരു തെയ്യം ആണ് പുതിയ ഭഗവതി.
രോഗം വരുത്തുന്നതും ഭേതമാക്കുന്നതും ദൈവങ്ങൾ ആണെന്ന സങ്കല്പം പണ്ട് കാലത്തു ഉണ്ടായിരിന്നു. അത്തരത്തിൽ ത്രിലോകത്തു പകർന്നു പിടിച്ച വസൂരി രോഗം ഇല്ലാതാക്കാൻ വേണ്ടി പരമ ശിവൻ സൃഷ്‌ടിച്ച ദേവത ആണ് പുതിയ ഭഗവതി.
പരമശിവന്റെ മൂന്നാം തൃക്കണ്ണിൽ നിന്നും ഉൽഭവിച്ച ദേവതമാരാണ് ചീറുമ്പമാർ. മൂത്തതും ഇളയതുമായ ചീറുമ്പമാരെ മഹാദേവൻ സൃഷ്ടിച്ചത് ദേവലോകത്തും ഭൂമിയിലും സന്തോഷവും സമാധാനവും സ്ഥാപിക്കാൻ ആയിരുന്നു. എങ്കിലും ആ ദേവതമാർ മഹാദേവന് വസൂരി രോഗം പടർത്തി, മനുഷ്യ ലോകത്തു എത്തിയ അവർ അവിടെയും എല്ലാവർക്കും വസൂരി രോഗം പടർത്തി. പരമശിവന്റെ രോഗം വർധിച്ചു വന്നു, ഭൂമിയിലും മാറാ രോഗം കാരണം ജന ജീവിതം താറുമാറായി. ഇതിനു ഒരു പരിഹാരം കാണാൻ മഹാദേവൻ നാൽപതു ദിവസം നീളുന്ന യാഗം നടത്തി. യാഗം കഴിഞ്ഞു നാല്പത്തി ഒന്നാമത്തെ ദിവസം ഹോമകുണ്ടത്തിൽ നിന്നും ചൈതന്യ വതിയായ ഒരു പുതിയ മകൾ ഉദിച്ചുയർന്നു അതാണ് പുതിയ ഭഗവതി.
അഗ്നിയിൽ നിന്നും ഉടലെടുത്ത ഭഗവതിയുടെ ദാഹമകറ്റാൻ പരമശിവൻ കോഴിയും കുരുതിയും കൊടുത്തു. ദേവലോകത്തെയും മാനവ ലോകത്തെയും വസൂരി രോഗം തടവി ശമിപ്പിക്കൽ ആണ് നിന്റെ ദൗത്യം എന്ന് പരമശിവൻ പുതിയ ഭഗവതിയോടു അരുളി ചെയ്തു. വൈകാതെ പരമ ശിവന്റെയും ദേവകളുടെയും വസൂരി രോഗം പുതിയ ഭഗവതി തടവി മാറ്റി. പിന്നെ മഹാദേവൻ നൽകിയ വാളും, ചിലമ്പും, കനക കൊടിയും കയ്യിലെടുത്തു ചീറുമ്പമാർ പടർത്തിയ രോഗം ശമിപ്പിക്കുവാൻ പുതിയ ഭഗവതി മാനവ ലോകത്തേക്ക് പോയി. മനുഷ്യരുടെ രോഗം ശമിപ്പിക്കാൻ ഭൂമിയിലെത്തിയ പുതിയ ഭഗവതിയെ സഹായിക്കാൻ ആറു ആങ്ങളമാരെയും പരമശിവൻ കൂടെ അയച്ചു. ഭൂമിയിലെത്തിയ പുതിയ ഭഗവതി സർവരുടെയും വസൂരി രോഗം ശമിപ്പിക്കുകയും ചെയ്തു. മലനാടിന്റെ വടക്കു ഭാഗത്തുള്ള വില്ലാപുരം എന്ന സ്ഥലത്ത് വില്ലാപുരം കോട്ട എന്ന കോട്ടയിൽ ആണ് പുതിയ ഭഗവതിയും സഹോദരങ്ങളും വസിച്ചിരുന്നത്.
ഒരു നാൾ ചീറുമ്പമാരും പുതിയ ഭഗവതിയും കണ്ടു മുട്ടി. തങ്ങൾ വിതയ്ക്കുന്ന വസൂരി രോഗം തടവി മാറ്റരുത് എന്ന് ചീറുമ്പമാർ പുതിയ ഭഗവതിയോടു പറഞ്ഞു, അവർ തമ്മിൽ കൂട്ടായി, ഭണ്ടാര പൊന്നും പിടി പൊന്നും അവർ പങ്കിട്ടെടുത്തു.
അങ്ങനെ ഒരു നാൾ കാർത്താവീരാസുരൻ എന്ന അതി ശക്തനായ അസുരൻ പുതിയ ഭഗവതിയുടെ ആറു സഹോദരങ്ങളെയും കൊന്നൊടുക്കി. ഇതറിഞ്ഞ പുതിയ ഭഗവതി ആ അസുരന്റെ ശിരസ്സ് അറുത്തു തീയിലിട്ടു കത്തിച്ചു ഭസ്മമാക്കി , ആ ഭസ്മം കൊണ്ട് തിലകം ചാർത്തി. തന്റെ സഹോദരന്മാരില്ലാതെ തനിച്ചു ഞാൻ വില്ലാപുരം കോട്ടയിൽ താമസിക്കില്ല എന്ന് നിശ്ചയിച്ച പുതിയ ഭഗവതി , വില്ലാപുരം കോട്ട കത്തിച്ചു ചാമ്പലാക്കി ഒരു പ്രതികാര ദേവതയായി മാറി, വീര നല്ലരയാലിന്റെ കൊമ്പു തകർത്തു ഒരു രൗദ്ര മൂർത്തി യായി തന്റെ വാഴ്ച തുടർന്നു. വടക്കു നിന്ന് തെക്കോട്ടായിരുന്നു പുതിയ ഭഗവതിയുടെ യാത്ര. യാത്രയിൽ കാണുന്നതൊക്കെയും പുതിയ ഭഗവതി തകർത്തു , മുന്നൂറ്റി മുപ്പതു വീട് ഒഴിപ്പിച്ചു, കോട്ടിക്കുളം എന്ന സ്ഥലത്തുള്ള മുക്കുവൻമാരെ കൊന്നൊടുക്കി. തന്റെ നടന്നു വാഴ്ചയിൽ പുതിയ ഭഗവതി വീരാർ കാളിയമ്മയെ കണ്ടു , പ്രതികാര മൂർത്തിയായി സർവരെയും കൊന്നൊടുക്കുന്ന അസുരയായ പുതിയ ഭഗവതിയെ സ്വീകരിക്കാൻ വീരാർകാളിക്കു മനസ്സുവന്നിലെങ്കിലും പുതിയ ഭഗവതിയുടെ പ്രഭാവത്തിനു മുൻപിൽ വീരാർ കാളി കീഴടങ്ങി ഭഗവതിക്ക് സ്ഥാനം കൊടുത്തു.
പാടാർ കുളങ്ങര എന്ന സ്ഥലത്തു വെച്ച് പുതിയ ഭഗവതി ഒരു ഭ്രാഹ്മണനെ കണ്ടു, പെരുഞ്ചേല്ലുർ ക്ഷേത്രത്തിൽ തൊഴാൻ പോകുന്നതായിരുന്നു അയാൾ. ക്ഷേത്രത്തിലേക്ക് ഞാനും വരുന്നു എന്ന് പുതിയ ഭഗവതി അയാളോട് പറഞ്ഞു. അയാൾ അതിനു സമ്മതിച്ചു. കുളി കഴിഞ്ഞു പോകാം എന്ന് പുതിയ ഭഗവതി അയാളോട് പറഞ്ഞു, എന്നാൽ കുളിക്കാൻ ഇറങ്ങിയ അയാളെ പുതിയ ഭഗവതി വെട്ടി കൊന്നു ചോര കുടിച്ചു. പുതിയ ഭഗവതി ക്രൂരമായി വധിച്ച ആ ഭ്രാഹ്മണൻ പിന്നെ ദൈവ കരുവായി മാറി, പാടാർക്കുളങ്ങര ദേവൻ എന്ന പേരിൽ ആ ദൈവക്കരുവിനെ തെയ്യം കെട്ടിയാടിച്ചു വരുന്നു.
മാന്ത്രിക വിദ്യ ചെയ്യുന്ന മടിയൻ , മൂലച്ചേരി എന്നീ തറവാടുകളിൽ പുതിയ ഭഗവതി ചെന്നു. മൂലച്ചേരി തറവാട്ടിൽ എത്തിയ പുതിയ ഭഗവതി തനിക്കു വേണ്ടി ഹോമം ചെയ്യാൻ മൂലച്ചേരി കുറുപ്പിനോട് ആവശ്യപ്പെട്ടു, എന്നാൽ ഹോമത്തിൽ പിഴവ് പറ്റിയെന്നു പറഞ്ഞു ഭഗവതി കുറുപ്പിന്റെ മരുമകനെ ഹോമ കുണ്ഡത്തിൽ എറിഞ്ഞു കൊന്നു. പിഴപറ്റിയതിനു ഭയന്ന് കുറുപ്പ് ഭഗവതിക്ക് സ്ഥാനം നൽകി.
പുതിയ ഭഗവതിയും കൂട്ടുകാരും കോല നാട് വാണോരുടെ സ്വപ്നത്തിൽ വന്നു , അവരുടെ തെയ്യം കെട്ടിയടിക്കണം എന്ന് അരുളപ്പാടു ചെയ്തു. അത് പ്രകാരം കോല സ്വരൂപത്തിൽ എവിടെയും ഇന്ന് പുതിയ ഭഗവതി തെയ്യം കെട്ടിയാടുന്നു എന്നാണ് ഐതിഹ്യം.
“വരവിളി”
ഹരിവർദ്ധിക്ക വാണാളും വർദ്ധനയും ആണ്ടും നാളും
ശ്രീയും സമ്പത്തും പോലെ വാഴ്കതാനും കളിക്കതാനും
പരദേവതയ്ക്കു തിരുവിള്ളം തെളിയമൃതാകിൽ
സമ്പത്തും മുഹൂർത്തം ഫലം വർദ്ധിക്ക
എന്നും താൻ വരികവേണമല്ലോ പുതിയ ഭഗവതിയമ്മേ
നിങ്കളിസ്ഥാനത്തിങ്കലേക്കു എഴുന്നള്ളിക്കൊണ്ടു വണ്ണമേ
നിങ്ങളിതൊരു പള്ള്യറ നാലു ഭാഗവും അടിച്ചു തെളിച്ചു
നാല് നന്താർ വിളക്കും വെച്ച് നടുവേ വെള്ളി
ശ്രീ പീഠമിട്ട് വെള്ളി ശ്രീ പീഠത്തിന്മേൽ
മടക്കിയിട്ടിതോരു കോലവരിയൻ മഞ്ഞ ചിറ്റാടയും നാന്തക
വാളും പൂന്തുകിലാടയും തൃപ്പട്ടവും തിരുവായുധവും വെച്ച്
നിങ്ങളെ ചൊല്ലി വിളിക്കുമ്പോൾ ആദിമൂലമായുള്ള
പരദേവതേ തോറ്റത്തെക്കേൾ ….