ദിവ്യ മൃഗരൂപികളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് പുലിയൂര്‍ കാളി തെയ്യം.
പണ്ട് പാർവതി പരമേശ്വരൻ മാർ പുലി ജന്മം എടുത്തു ദമ്പതിമാരായി ഭൂമിയിൽ വാണിരുന്നു. പുലികണ്ടൻ എന്നും പുള്ളിക്കരിങ്കാളി എന്നും ആയിരുന്നു ആ മൃഗദമ്പതിമാരുടെ പേരുകൾ. തുളു വനത്തിലെ താതനാർ കല്ലിന്റെ താഴെ മട ഉണ്ടാക്കി അതിൽ പുലി ദമ്പതി മാർ വാണു. പുലികണ്ടനും പുള്ളിക്കരിങ്കാളിക്കും ആറു പുലി ദൈവ ക്കുട്ടികൾ ജന്മമെടുത്തു. ആറു പുലിക്കുട്ടികളിലെ ഏക പെൺ പുലി ദൈവമാണ് പുലിയൂര്‍ കാളി. കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലി മാരുതൻ, പുലിയൂർ കണ്ണൻ എന്നീ ആൺ പുലി ദൈവങ്ങൾ ആണ് മറ്റുള്ളവർ.
ഭക്ഷണം അന്വേഷിച്ചിറങ്ങിയ പുലി ദൈവങ്ങൾ കുറുമ്പറാതിരി വാഴുന്നോരുടെ പശുക്കളെ കൊന്നു തിന്നു. ഇതിൽ കോപം പൂണ്ട വാഴുന്നോർ പുലിയെ കൊല്ലാൻ തീരുമാനിക്കുകയും ദൗത്യം തന്റെ പടനായകൻ ആയ കരിന്തിരി നായരെ എലിപ്പിക്കുകയും ചെയ്തു. പക്ഷെ കരിന്തിരി നായരേ പുലി ദൈവങ്ങൾ കൊല്ലുകയാണ് ഉണ്ടായത്. പുലി ദൈവങ്ങളാൽ കൊല്ലപ്പെട്ടത് കൊണ്ട് കരിന്തിരി നായരും ദൈവക്കരുവായി മാറി. പുലിയൂര്‍ കാളി ഉൾപ്പെടെ ഉള്ള പുലി ദൈവങ്ങളുടെ തെയ്യങ്ങളും കരിന്തിരി നായരുടെ തെയ്യവും മലനാട്ടിൽ കെട്ടിയാടി വരുന്നു.
സാധാരണയായി പുലിയൂർ കാളി തെയ്യം ഉപദേവതയായി ഒറ്റയ്ക്ക് ആണ് കെട്ടിയടിക്കാറ്. കൂടാതെ ചിലയിടങ്ങളിൽ പുലിയൂർ കാളിയുടെ അമ്മ സങ്കല്പമായ പുള്ളിക്കരിങ്കാളി തെയ്യവും പുലിയൂർ കാളി തെയ്യത്തിന്റെ കൂടെ കെട്ടിയാടാറുണ്ട്.