മനുഷ്യർ മരണാനന്തരം ദൈവക്കരുവായി മാറിയ തെയ്യങ്ങളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് പുലിച്ചാമുണ്ഡി. തുളു നാട്ടിലും കാസറഗോഡ് ജില്ലയിലെ മലയോര ഗ്രാമങ്ങളിലും ആരാധിച്ചു വരുന്ന തെയ്യം ആണ് പുലിച്ചാമുണ്ഡി. കാവുകളിൽ മുഖ്യ ദേവതയുടെ ഉപദേവതയായാണ് പുലിച്ചാമുണ്ഡിയുടെ സ്ഥാനം ഉണ്ടാവാറുള്ളത്.
പുലിച്ചാമുണ്ഡിയുടെ ഐതിഹ്യം ഇങ്ങനെ ആണ്. തുളുവങ്കം തറവാട്ടിലെ തറവാട്ടമ്മയ്‌ക്ക് കുട്ടികൾ ഇല്ലാത്തതിനാൽ അവർ നിരന്തരം പാർവതീ പൂജ ചെയ്തു. അങ്ങനെ നീണ്ടനാളുകളുടെ പ്രാർത്ഥനയ്‌ക്കൊടുവിൽ ആ അമ്മയ്ക്ക് നാല് ആൺമക്കൾ പിറന്നു. പിന്നീട് നാലാണ്മക്കൾക്കും പൊന്നോമനയായി ഒരു കുഞ്ഞു പെങ്ങളും പിറന്നു. അവർ അവൾക്കു മാതു എന്ന് പേര് വിളിച്ചു.
തറവാട്ടിലെ ആകെ ഉള്ള പെൺകൊടിയേ അവർ ഓമനിച്ചു വളർത്തി , പ്രായമായപ്പോൾ കല്യാണം നടത്തി. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും അവൾക്കു കുഞ്ഞു ഉണ്ടായില്ല. ഇതിൽ ദുഖിതരായ നാലു ആങ്ങളമാരും തപസ്സിരുന്നു. അതിനു ഫലം ഉണ്ടായി അവൾ ഗർഭിണി ആയി, എന്നാൽ ഗർഭവതിയായ അവളെ നോക്കി വൈദ്യ അശുഭം സംഭവിക്കും എന്ന് പ്രവചിച്ചു. അതിൽ ദുഖിതരായ നാല് ആങ്ങളമാരും രാപകൽ ഇല്ലാതെ അവൾക്കു കാവൽ നിന്നു.
പൂരം നോറ്റു കുളിക്കാൻ കൊതിച്ച അവൾ മുടിയിൽ തേക്കാൻ താളി ഓടിക്കാൻ പറമ്പിൽ ചെന്ന് കയറിയതായിരുന്നു. ആ ഒരു നിമിഷം തന്നെ ഒരു പുലി ചാടി വീണു അവളെ കടിച്ചു വലിച്ചു കൊണ്ട് പോയി. പെങ്ങളെ കാണാത്തതിൽ മനം നൊന്ത ആങ്ങളമാർ നാടൊട്ടാകെ തിരഞ്ഞു നടന്നു. പൊടുന്നനെ അവളുടെ പാതി ശരീരം കടിച്ചു നിൽക്കുന്ന പുലിയെ അവരുടെ കണ്ണിൽ പെട്ടു. സങ്കടവും ദേഷ്യവും സഹിക്കാനാവാതെ അവർ ആ പുലിയെ അവർ അമ്പെയ്തു കൊന്നു. അങ്ങനെ പെങ്ങളുടെ പാതി ശരീരത്തിനരികിൽ പുലിയും ചത്ത് വീണു.
പെങ്ങളുടെ വിയോഗം ഓർത്തു കരയുന്ന നാല് ആങ്ങളമാർക്കും മുൻപിൽ പൊടുന്നനെ മാതു ഒരു ദിവ്യ ദേവി രൂപം പൂണ്ടു പ്രത്യക്ഷ പെട്ടു. പുലി രൂപം പൂണ്ട ചാമുണ്ഡിയാണ് തന്നെ കയ്യെട്ടിയിരിക്കുന്നത് അതിനാൽ ഇനി പുലിച്ചാമുണ്ഡി എന്ന് ഞാൻ അറിയപ്പെടും അവൾ മൊഴിഞ്ഞു. തുളുവങ്കം തറവാട്ടിലെ മാതു അങ്ങനെ മരണാന്തരം പുലിച്ചാമുണ്ഡിയായി ദൈവക്കരുവായി മാറുകയും തുളുദേശത്തും സമീപ പ്രദേശത്തും പിന്നീട് പുലിചാമുണ്ഡിയെ തെയ്യമായി കെട്ടിയാടാൻ തുടങ്ങുകയും ചെയ്തു. ചെറോൻ, പറവർ എന്നീ വിഭാഗത്തിൽ ഉള്ളവരാണ് ഈ തെയ്യത്തെ കെട്ടിയാടാറുള്ളത്.