അമ്മ ദൈവങ്ങളുടെ ഗണത്തിൽ പെടുന്ന രൗദ്ര രൂപിണിയായ ഒരു തെയ്യം ആണ് പുലച്ചാമുണ്ഡി. വളരെ അപൂർവം ഇടങ്ങളിൽ മാത്രമേ പുല ചാമുണ്ഡി കെട്ടിയാടാറുള്ളു.
ചണ്ഡൻ, മുണ്ഡൻ എന്നു പേരുള്ള ദുഷ്ടരും അതി ശക്തരുമായ അസുര സഹോദരങ്ങളെ വധിച്ച ശക്‌തി സ്വരൂപിണിയായ ദേവി എന്ന അർത്ഥത്തിൽ ആണ് ചാമുണ്ഡി എന്ന പേരിന്റെ ഉത്ഭവം. ബ്രഹ്മ ദേവനിൽ നിന്നും സ്ത്രീകൾക്ക് മാത്രമേ തങ്ങളെ വധിക്കാൻ കഴിയു എന്ന് വരം നേടിയെടുത്ത ശുംഭ നിശുംഭൻ മാർ സർവ വിനാശകാരായി മൂന്നു ലോകവും വാണിരുന്ന കാലം ചണ്ഡമുണ്ഡൻ മാർ അവരുടെ സേവകരായി സകല ദുഷ്പ്രവൃത്തികൾക്കും കൂട്ട് നിന്നു. ഇതിൽ ആദി പൂണ്ട ദേവൻ മാർ പാർവതി ദേവിയെ സമീപിക്കുകയും, ദേവൻ മാരുടെ സങ്കടത്തിൽ മനസ്സലിഞ്ഞ പാർവതി ദേവി ശുംഭ നിശുംഭ നിഗ്രഹത്തിനു തയ്യാറാവുകയും ചെയ്തു. നിഗ്രഹത്തിനായി അവതരിച്ച പാർവതി ദേവിയിൽ നിന്നും ഉഗ്രമൂർത്തിയായ കാളി ഉടലെടുത്തു. ഘോര യുദ്ധത്തിൽ രൗദ്ര മൂർത്തിയായ കാളി ശുംഭ നിശുംഭന്മാരെ നിഗ്രഹിച്ചു. പാർവതി ദേവിയുടെ സൗന്ദര്യത്തിൽ ചണ്ഡമുണ്ഡൻമാർ ആകൃഷ്ടരായി. അതിശക്തയായ ദേവിയെ കീഴടക്കാൻ ഒരു വലിയ പടയുമായി തന്നെ ചണ്ഡമുണ്ഡൻമാർ വന്നു, ഇതിൽ കോപാകുലയായ കാളി അവരോട് യുദ്ധം ചെയ്തു. . അങ്ങനെ ചണ്ഡമുണ്ഡന്മാരെ വധിച്ച കാളിയെ പാർവതി ദേവി ചാമുണ്ഡി എന്ന് വിളിച്ചു. ഈ കാളി സങ്കല്പ്പത്തിൽ കണ്ണൂർ കാസറഗോഡ് ജില്ലകളിൽ കെട്ടിയാടുന്ന പ്രധാന പെട്ട ഒരു തെയ്യം ആണ് പുല ചാമുണ്ഡി തെയ്യം.
രൂപത്തിലും മുഖത്തെഴുത്തിലും കരിഞ്ചമുണ്ടി തെയ്യത്തോട് ഏറെ സാദൃശ്യം ഉള്ള തെയ്യം ആണ് പുലച്ചാമുണ്ഡി തെയ്യം. കരിഞ്ചാമുണ്ഡി തെയ്യത്തിൽ കാണുന്നത് പോലെ പാരണ ചടങ്ങു പുല ചാമുണ്ഡി തെയ്യത്തിലും ഉണ്ട്.