വടക്കൻ കേരളത്തിൽ കെട്ടിയാടുന്ന തെയ്യങ്ങളിൽ വളരെ പ്രധാന്യം ഉള്ള തെയ്യം ആണ് പൊട്ടൻ തെയ്യം. ഇതിവൃത്തം കൊണ്ടും കെട്ടിയാടിക്കുന്ന രീതി കൊണ്ടും ചടങ്ങുകൾ കൊണ്ടും പൊട്ടൻ തെയ്യം മറ്റു തെയ്യങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ്.
പണ്ട് കാലത്തു നിന്നിരുന്ന ജാതീയ മായ ഉച്ചനീചത്വങ്ങൾക്കെതിരെയും തൊട്ടു കൂടായ്മകൾക്കെതിരെയും പ്രതിഷേധം ഉയർത്തി മനുഷ്യർ എല്ലാം സമന്മാരാണ് എന്ന ആശയം പ്രചരിപ്പിച്ച പുലയ സമുദായത്തിൽ ഉള്ള അലങ്കാരൻ എന്ന് പേരുള്ള ഒരു ദിവ്യന്റെ കഥയാണ് പൊട്ടൻ തെയ്യത്തിന് ഇതിവൃത്തം. നാട്ടിൽ നിലനിന്നിരുന്ന അനീതിയെയും ദുഷിച്ച വ്യവസ്ഥിതിയെയും തന്റേതായ രീതിയിൽ കുഴക്കൻ ചോദ്യങ്ങളുമായി അലങ്കാരൻ വിമർശിച്ചു. അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്കു ഉത്തരം നൽകാൻ കഴിയാതെ വന്നപ്പോൾ നാട്ടുകാർ പൊട്ടൻ ചോദ്യം ചോദിക്കുന്ന ആൾ എന്ന അർത്ഥത്തിൽ അലങ്കാരനെ പൊട്ടൻ എന്ന് വിളിച്ചു. എന്നാൽ മഹാ ജ്ഞാനിയായ പൊട്ടൻ സാധാരണക്കാരൻ അല്ലെന്നും സാക്ഷാൽ പരമശിവൻ തന്നെയാണ് എന്നും പിന്നീട് തിരിച്ചറിയുന്നു. ജ്ഞാനിയായ പൊട്ടനെ പിന്നെ മലനാട്ടിൽ തെയ്യക്കോലം ആയി കെട്ടിയാടി. ഇന്ന് ജാതി ഭേതമന്യേ ആളുകൾ പൊട്ടൻ തെയ്യത്തെ ആരാധിക്കുന്നു. മലയ, പുലയ സമുദായത്തിൽ ഉള്ളവർ ആണ് പൊട്ടൻ തെയ്യം കെട്ടിയാടുന്നത്.
പൊട്ടൻ തെയ്യത്തെ കുറിച്ച് കൂടുതൽ പ്രചാരത്തിൽ ഉള്ള കഥ ഇങ്ങനെ ആണ്. മഹാപണ്ഡിതൻ ആയ ശങ്കരാചാര്യർ അദ്ദേഹത്തിന്റെ പാണ്ഡിത്യം കൊണ്ടും സംവാദങ്ങൾ കൊണ്ടും സർവരെയും അത്ഭുതപ്പെടുത്തി. എന്നാൽ തന്റെ ജ്ഞാനത്തിൽ അദ്ദേഹം അതിയായി അഹങ്കരിച്ചു, അറിവിലൂടെ ആർജിച്ച നന്മയുടെ പാഠങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ അദ്ദേഹം പരാജയപ്പെടുകയും ചെയ്തു. മഹാ ജ്ഞാനത്തിന്റെ സർവജ്ഞ പീഠം കയറാൻ ഒരുങ്ങുന്ന ശങ്കരൻ അതിനു മുൻപ് തന്റെ അഹങ്കാരം വെടിയണം എന്നും സന്മാർഗ്ഗത്തിൽ ജീവിക്കണം എന്നും സാക്ഷാൽ പരമശിവൻ ആഗ്രഹിച്ചു, അതിനായി ശങ്കരന്റെ അഹങ്കാരം ശമിപ്പിക്കുന്നതിനു വേണ്ടി പരമശിവൻ ഒരു അലങ്കാരൻ എന്ന് പേരുള്ള പുലയ വേഷ ധാരിയായി മലനാട്ടിൽ അവതരിച്ചു, കൂടെ പുലയ പത്നിയായി പാർവതീ ദേവിയും മകനായി നന്ദികേശനും മലനാട്ടിൽ എത്തി.
ഒരു നാൾ രാമന്തളിയിലെ ശങ്കരനാരായണ ക്ഷേത്രത്തിൽ നിന്നും തലക്കാവേരിയിലേക്കു പോവുകയായിരുന്നു ശങ്കരാചാര്യർ. ആ യാത്രയിൽ പയ്യന്നൂരിനടുത്തുള്ള പുളിങ്ങോം എന്ന സ്ഥലത്തു അദ്ദേഹം വിശ്രമിച്ചു, ആ വിശ്രമ വേളയിൽ ചുറ്റും കൂടിയ ആളുകളോട് വേദങ്ങളെ കുറിച്ചും പ്രപഞ്ച സത്യങ്ങളെ കുറിച്ചും അദ്ദേഹം പ്രഭാഷണം നടത്തി. ഇതേ സമയം സമയം അടുത്തുള്ള ഒരു കുന്നിൻ ചെരുവിലിരിക്കുകയായിരിക്കുന്ന അലങ്കാരൻ അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കുകയും പ്രഭാഷണത്തിൽ ഉടനീളം ശങ്കരന്റെ ഞാൻ എന്ന ഭാവം പ്രതിഫലിക്കുന്നതായി മനസ്സിലാക്കുകയും ചെയ്തു.
പിറ്റേന്ന് പുലർച്ചെ യാത്ര ശങ്കരാചാര്യർ യാത്ര തുടർന്നു. താൻ പോകുന്ന വഴിയേ ശങ്കരാചാര്യർ ഒരു പുലയ കുടിലും അതിനോട് ചേർന്നു ഇടവഴിയും കണ്ടു. ഈ വഴിയിലൂടെ എങ്ങാനും പോയാൽ വല്ല പുലയരും വഴിയിൽ കാണുമോ എന്ന് ശങ്കരാ ചാര്യർ ഭയന്നു കാരണം ആ കാലഘട്ടത്തിലെ ജാതി വ്യവസ്ഥ അനുസരിച്ചു മേൽജാതിക്കാർ നടക്കുന്ന വഴിയിൽ കീഴ്ജാതിക്കാരെ കാണുന്നത് അയിത്തം ആണ്. എന്നാൽ ആ കുടിലിൽ അമ്മയെയും കുട്ടികളെയും ശങ്കരൻശ്രദ്ധിച്ചു. എല്ലാവരും കുടിലിനായതിനാൽ ഈ സമയത്തു നടവഴിയിൽ ആരും ഉണ്ടാവില്ലെന്ന് ഉറപ്പിച്ചു ശങ്കരൻ ആ വഴിയിലൂടെ തന്നെ നടന്നു. എന്നാൽ പെട്ടെന്നു തന്റെ വഴിയിൽ ഒരു പുലയ യുവാവിനെ കണ്ടു ശങ്കരൻ, അത് അലങ്കരൻ ആയിരുന്നു. തന്റെ വഴിയിൽ കീഴ്ജാതിക്കാരനെ കണ്ടതിൽ കോപം പൂണ്ട ശങ്കരാചാര്യർ അവനോടു വഴിയിൽ നിന്നും മാറാൻ ആവശ്യപെട്ടു. എന്നാൽ ആ യുവാവ് വെറുതെ ചിരിച്ചു കൊണ്ട് വഴി മാറാതെ അവിടെ തന്നെ നിന്നു. ആ യുവാവിന്റെ പെരുമാറ്റം കണ്ടു ശങ്കരാചാര്യർക്കു അരിശം വർധിച്ചു. വഴിയിൽ നിന്നും മാറി പോകാൻ വീണ്ടും ആജ്ഞാപിച്ചു. “മാറേണ്ടത് ദേഹിയോ ദേഹമോ” എന്ന് ആ യുവാവ് തിരിച്ചു ചോദിച്ചു. “പറഞ്ഞത് ദേഹത്തോടാണെങ്കിൽ ദേഹം ജഡമാകുന്നു അതിനു മാറാൻ ശേഷിയില്ല , പറഞ്ഞത് ദേഹിയോടാണെങ്കിൽ ദേഹി സർവ വ്യാപിയാണ് അതിനും മാറാൻ സാധിക്കയില്ല ശങ്കരാ”. “നാങ്കളെ കൊത്തിയാലും നീങ്കളെ കൊത്തിയാലും ഒന്നല്ലേ ചോര” എന്ന് അവൻ തുടർന്നു ചോദിച്ചു, നമ്മുടെ രണ്ടു പേരെയുടെയു ദേഹം മുറിഞ്ഞാൽ ഒരേ ചോര തന്നെ അല്ലെ കാണുക എന്നാണ് അലങ്കാരൻ ഉദ്ദേശിച്ചത്. തന്റെ മുന്നിൽ ഉള്ള യുവാവ് സത്യത്തിൽ ആരാണെന്നു ശങ്കരന് മനസ്സിലായതേ ഇല്ല. “ആറും കടന്നു അക്കരെ പോയാൽ ആനന്ദമുള്ളവനെ കാണാം” . യുവാവ് തുടർന്നു . ആറു ആധാര ചക്രങ്ങൾ കടന്നു ചെന്നാൽ സഹസ്രാര പത്മമെന്ന ആനന്ദ സ്വരൂപമായ ഈശ്വര സാക്ഷാത്കാരത്തിലെത്താം എന്നാണ് യുവാവ് ഉദ്ദേശിച്ചതെന്ന് ശങ്കരന് മനസ്സിലായി. തുടരെ തുടരെ പ്രപഞ്ച സത്യങ്ങൾ വിളിച്ചു പറഞ്ഞു പൊട്ടനെ പോലെ പൊട്ടിച്ചിരിക്കുന്നവൻ സാധാരണക്കാരൻ അല്ലെന്നു ശങ്കരന് മനസ്സിലായി. മഹാജ്ഞാനിയായ ശങ്കരൻ ആ പുലയ യുവാവിന്റെ ജ്ഞാനത്തിനു മുൻപിൽ നിഷ്പ്രഭനായി. തന്റെ ജ്ഞാനം ജീവിതത്തിൽ വിവേകത്തോടെ നന്മയ്ക്കു വേണ്ടി ഉപയോഗിക്കാൻ തനിക്കു കഴിഞ്ഞില്ലെന്നു ശങ്കരൻ തിരിച്ചറിഞ്ഞു.
ശങ്കരൻ ആ യുവാവിന്റെ മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു തന്റെ തെറ്റുകൾക്ക് മാപ്പപേക്ഷിച്ചു. മഹാജ്ഞാനിയായ അങ്ങ് ആരാണ് എന്ന് ശങ്കരൻ ചോദിച്ചു. നിമിഷ നേരം കൊണ്ട് പുലയ യുവാവ് അപ്രത്യക്ഷനാവുകയും ആ സ്ഥാനത്തു സാക്ഷാൽ പരമശിവൻ പ്രത്യക്ഷപ്പെടുകയും ചെയ്തു. സാക്ഷാൽ പരമശിവന്റെ മുന്നിൽ ശങ്കരൻ കൈ ‘കൂപ്പി നിന്നു. അഹങ്കാരം വെടിഞ്ഞു സന്മാർഗിയായ ശങ്കരനെ അനുഗ്രഹിച്ചു പരാശിവൻ അപ്രത്യക്ഷനായി. പിൽക്കാലത്തു പുലയ വേഷം പൂണ്ടു പൊട്ടൻ ദൈവം ആയ പരമശിവനെ മലനാട്ടിൽ തെയ്യം കെട്ടി ആചരിച്ചു.
പുലമാരുതൻ, പുലപൊട്ടാൻ പിന്നെ പുലച്ചാമുണ്ഡി എന്നിങ്ങനെ മൂന്നു ഘട്ടങ്ങൾ ആയാണ് പൊട്ടൻ ദൈവത്തെ തെയ്യം ആയി കെട്ടിയാടുന്നത്. പരമശിവന്റെ കൂടെ പുത്രനായി അവതരിച്ച നന്ദികേശൻ ആണ് പുലമാരുതൻ തെയ്യം, പുലപ്പൊട്ടൻ തെയ്യം സാക്ഷാൽ പരമശിവൻ തന്നെ ആകുന്നു. പരമ ശിവന്റെ ഭാര്യയായി പുലയ സ്ത്രീയായി അവതരിച്ച പാർവതി ദേവിയാണ് പുലചാമുണ്ഡി തെയ്യം. വളരെ ലളിതവും തത്വാധിഷ്ഠിതവും ആണ് പൊട്ടൻ തെയ്യത്തിന്റെ തോറ്റം. മറ്റു തെയ്യങ്ങളിൽ നിന്നും വിപിന്നമായി സ്ത്രീകളും പൊട്ടൻ തെയ്യം തോറ്റം ആലപിക്കും. പൊട്ടൻ തെയ്യത്തിനു മുഖത്തെഴുത്തില്ല പകരം മൂന്നു ഘട്ടങ്ങളിൽ ആയി മുൻകൂട്ടി തയ്യാറാക്കിയ മനോഹരമായ മൂന്ന് മുഖാവരണം ആണ് പോട്ടം തെയ്യം ധരിക്കാറുള്ളത്. പൊട്ടൻ തെയ്യത്തിനു മേക്കെഴുത്തില്ല പകരം വെള്ള നിറത്തിൽ ഉള്ള അരി ചാന്ദ് ദേഹത്ത് തേക്കുക മാത്രമേ ഉള്ളു. കുരുത്തോല കൊണ്ട് മെനഞ്ഞെടുത്ത ഉടയാടകളും മുടിയും ആണ് പൊട്ടൻ തെയ്യത്തിനുള്ളത്. മറ്റു തെയ്യങ്ങളെ പോലെ വാളോ, പരിചയോ വില്ലോ ഒന്നും പൊട്ടൻ തെയ്യത്തിനു ആയുധമായില്ല മറിച്ചു ഒരു കുഞ്ഞു മാടി കോലും കത്തിയും മാത്രം ആണ് പൊട്ടൻ തെയ്യത്തിന്റെ ആയുധം. പ്രതേകിച്ചു പീഠത്തിൽ ഇരിക്കാതെ നിലത്തും തീക്കനലിലും ഒക്കെ ഇരുന്നും കിടന്നും ആണ് പൊട്ടൻ തെയ്യം പ്രപഞ്ച സത്യങ്ങൾ ചിരിയു, കളിയുമായി പൊട്ടൻ ഭാവങ്ങളോടെ വിളിച്ചു പറയുന്നത്.
പൊലിച്ചു പാട്ട് .
പൊലികാ പൊലികാ പൊലികാ ദൈവമേ
പന്തൽ പൊലികാ പരദൈവം പൊലികാ
പന്തൽ പൊലികാ പതിനാറഴകിയ കാല്പന്തൽ പൊലിക
പൊലിക ജനമേ
പന്തൽക്കു മൂന്നായ തൂണും പൊലിക
ആധാരമാറും പൊലികാ പൊലികാ
എതൃത്തു വന്നുടനെ നിന്നു
തെറ്റെട പുലയ നീ തെറ്റുതെറ്റെന്നു കേട്ട്
തെറ്റല്ലേ ചൊവ്വറിപ്പോൾ തെറ്റുവാൻ ചൊല്ലുന്നത്
തെറ്റുകുവാനെന്തു മൂലം തെറ്റുകില്ലാ ഞാനും …