വടക്കൻ കേരളത്തിലെ വള്ളുവ സമുദായത്തിൽ പെട്ടവരുടെ പ്രധാന ആരാധന മൂർത്തി ആണ് പെരുമ്പുഴയച്ചൻ ദൈവം. മരണ ശേഷം ദൈവമായി മാറിയ തെയ്യങ്ങളുടെ ഗണത്തിൽ ആണ് പെരുമ്പുഴയച്ചൻ ഉൾപ്പെടുന്നത്. കണ്ണൂർ കാസറഗോഡ് ജില്ലകളിൽ പല ഇടത്തും പെരുമ്പുഴയച്ചൻ തെയ്യം കെട്ടിയാടി വരുന്നുണ്ട്.
പെരുമ്പുഴയച്ചന്റെ ഐതിഹ്യം ഇങ്ങനെ ആണ്. സന്താന ഭാഗ്യം ഇല്ലാതെ ദുഖിച്ചിരുന്ന വടുവപ്പള്ളി മതിലകത്തെ ദമ്പതികൾ ആയ കങ്കാള ദേവനും വാരിക്കാ ദേവിയും വിഷ്ണു ഭഗവാനെ പൂജിച്ചു. ദമ്പതിമാരുടെ പ്രാർത്ഥനയിൽ സംപ്രീതനായ മഹാവിഷ്ണു അവർക്കു ഒരു ദിവ്യ പുത്രൻ ജനിക്കും എന്ന വരം നൽകി അനുഗ്രഹിച്ചു. അപ്രകാരം കങ്കാള ദേവനും വാരിക്കാ ദേവിക്കും ദിവ്യനായ ഒരു പുത്രൻ ജനിച്ചു. സർവ ഐശ്വര്യങ്ങളോടും പ്രതാപങ്ങളോടും കൂടി അവർ ആ പുത്രനെ വളർത്തി.
ആ കുഞ്ഞു വളർന്നു വന്നപ്പോൾ അവനു കച്ചവടം ചെയ്യുന്നതിൽ ആയിരുന്നു താല്പര്യം. എന്നാൽ ചെറുപ്രായത്തിൽ തന്നെ അവനെ കച്ചവടത്തിന് അയക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല എങ്കിലും അവന്റെ ആഗ്രഹത്തിന് മാതാ പിതാക്കൾ അവസാനം വഴങ്ങി. കച്ചവടം ചെയ്യാൻ അനുവാദം വാങ്ങിക്കുവാൻ അവൻ നേരമ്മാവന്റെ വടുവ ചെട്ടിയെ ചെന്ന് കണ്ടു. ആദ്യം അനുവദിച്ചില്ലെങ്കിലും അവന്റെ നിർബന്ധത്തിനു വഴങ്ങി നേരമ്മാവനും അവനെ കച്ചവടം ചെയ്യാൻ അനുവദിച്ചു. അമ്മാവൻ അവനു കാളകളെയും ചരക്കുകളും കൊടുത്തു അനുഗ്രഹിച്ചു.
അവൻ കൂട്ടുകാരായ കച്ചവടക്കാരോടൊത്തു പുറപ്പെട്ടു. കാളപുറത്തു ചരക്കുകൾ ഏറ്റി കാടും മലകളൂം താണ്ടി തിരുനെല്ലിയിൽ എത്തി. കച്ചവടം നല്ല രീതിയിൽ തന്നെ നടന്നു. തിരുനെല്ലിയിൽ കച്ചവടം ചെയ്യാൻ രാജാവിന് പുറമെ അവിടുള്ള ക്ഷേത്രത്തിനു കപ്പം കൊടുക്കണം എന്ന നിയമം ഉണ്ടായിരുന്നു. എന്നാൽ കപ്പം കൊടുക്കാൻ അവൻ തയ്യാറായില്ല. അവന്റെ പ്രവർത്തിയിൽ തിരുനെല്ലി പെരുമാൾ കോപിക്കുകയും തിരുനെല്ലി പെരുമാളിന്റെ ശാപത്താൽ കാളകൾ മുഴുവൻ കല്ലായി മാറുകയും ചെയ്തു. അവന്റെ കൂടെ കച്ചവടത്തിന് വന്നവർ മുഴുവൻ പേരും ചിത്തഭ്രമം ബാധിച്ചു നാലു പാടും അലഞ്ഞു തിരിഞ്ഞു മരിച്ചു വീണു. അവനും തല വേദനയും ക്ഷീണവും അനുഭവപ്പെട്ടു അവൻ നടന്നു നടന്നു പെരുമ്പുഴ എന്ന പുഴയിൽ വീണു മരിച്ചു പിന്നെ മോക്ഷം പ്രാപിച്ചു.
പിറ്റേന്ന് മൽസ്യ ബന്ധനത്തിനു പോയ വള്ളുവൻ അവന്റെ ദിവ്യ ശരീരം പുഴയിൽ കണ്ടു. ദിവ്യ ശരീരം കണ്ടതിൽ പിന്നെ വള്ളുവന്റെ വീട്ടിൽ പല ദൃഷ്ടാന്തങ്ങളും കണ്ടു തുടങ്ങി. ജ്യോത്സ്യനെ കണ്ടു പ്രശ്നം വച്ചപ്പോൾ പുഴയിൽ കണ്ടയാൾ ഒരു സാദാരണ മനുഷ്യനെ അല്ലെന്നും നിങ്ങളുടെ കുലത്തിന്റെ തന്നെ ദേവനാണെന്നും തെളിഞ്ഞു. അങ്ങനെ പെരുമ്പുഴ പുഴയിൽ വീണു മരിച്ചയാൾ പെരുമ്പുഴയച്ചൻ ദൈവം ആയി പുനർജനിച്ചു.
പെരുമ്പുഴയച്ചന് തെയ്യക്കോലം ഉണ്ടായി. വള്ളുവർ പെരുമ്പുഴയച്ചനെ മത്സ്യവും മാംസവും പൈകുറ്റിയും നൽകി ആരാധിച്ചു.
പൊയ്കണ്ണും, വെള്ളത്താടിയും മുന്നോട്ടു തള്ളി നിൽക്കുന്ന വട്ട മുടിയും ഉള്ള പെരുമ്പുഴയച്ചൻ തെയ്യത്തിന് തൊണ്ടച്ചൻ തെയ്യത്തിന്റെ രൂപത്തോടു ഏറെ സാദൃശ്യം ഉണ്ട്.