പുരാണത്തിലെ ചണ്ഡമുണ്ടാസുര നിഗ്രഹം , ശുംഭനിശുംഭ നിഗ്രഹം , രക്തബീജാസുര നിഗ്രഹം എന്നീ ദുഷ്‍ടാസുരൻമാരുടെ നിഗ്രഹവുമായി ബന്ധപ്പെട്ടാണ് ഓരോ ചാമുണ്ഡി തെയ്യത്തിന്റെയും ഉല്പത്തി കഥ.
മഹാദേവന്റെ ഹോമ കുണ്ഡത്തിൽ നിന്നും അസുര നിഗ്രഹത്തിനായി ഉടലെടുത്ത ഏഴ് ദേവതകളിൽ പെട്ട ദേവതയാണ് പടിഞ്ഞാറേ ചാമുണ്ഡി. പഞ്ചുരുളി, ധൂമ്രാ ഭഗവതി , പണങ്ങത്ത് ചാമുണ്ഡി , കാല ചാമുണ്ഡി, ചുടല കാളി, കണികാട്ടി ദേവി എന്നീ ദേവത മാരാണ് പടിഞ്ഞാറേ ചാമുണ്ഡിക്കു പുറമെ മഹാദേവന്റെ ഹോമകുണ്ഡത്തിൽ നിന്നും ഉത്ഭവിച്ചത്.
മംഗലാപുരത്തു മംഗളം തട്ടിൽ പടർന്നു പന്തലിച്ച കോളി വൃക്ഷത്തിൽ ഊഞ്ഞാൽ ആടുന്ന ദേവിയെ ആദ്യം കണ്ടത് ദേവീഭക്തനായ അടുക്കത്തായരാണത്രേ . പിന്നീട് ദേവിയെ പാത്തൂർ വളഞ്ഞ മലയിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. കന്നു കാലികൾക്കു കാവൽമാതാവായി ദേവിയെ ആളുകൾ പിന്നെ ആരാധിക്കാൻ തുടങ്ങി.
ഒരിക്കൽ ദാഹിച്ചു വലഞ്ഞ ചാമുണ്ഡി പടിഞ്ഞാറേ തറവാട് എന്ന വീട്ടിൽ എത്തി വെള്ളം കാച്ചിക്കുറുക്കിയ പാൽ കുറിക്കുകയായിരുന്നു , അപ്പോഴാണ് കന്നുകാലികളെ കടിച്ചു കീറി ചോര കുടിക്കുന്ന നരസിംഹ മൂർത്തിയെ ദേവി കണ്ടത്. കോപം പൂണ്ട ദേവി നരസിംഹ മൂർത്തിയോട് യുദ്ധം ചെയ്തു തുരത്തി ഓടിച്ചു. പടിഞ്ഞാറേ തറവാടിന് കാവലാളായ ദേവിയെ പിന്നീട് പടിഞ്ഞാറേ ചാമുണ്ഡി എന്ന് അറിയപ്പെട്ടു എന്നാണു വിശ്വാസം.
വേലൻ, കോപ്പാള സമുദായത്തിൽ ഉള്ളവർ ആണ് പടിഞ്ഞാറേ ചാമുണ്ഡിയെ കെട്ടിയാടുന്നത് . കണ്ണൂർ കാസറഗോഡ് ജില്ലകളിൽ വിവിധ കാവുകളിലും, തറവാടുകളിലും പടിഞ്ഞാറേ ചാമുണ്ഡി തെയ്യം കെട്ടിയാടി വരുന്നു.