അമ്മ ദൈവങ്ങളുടെ ഗണത്തിൽ പെടുന്ന പ്രധാനിയായ ഒരു തെയ്യം ആണ് പാടാർ കുളങ്ങര ഭഗവതി തെയ്യം. ശിവ പുത്രിയായ കാളിയുടെ സങ്കൽപ്പത്തെ ആണ് ഉഗ്രമൂർത്തിയായ പാടാർ കുളങ്ങര ഭഗവതി തെയ്യമായി കെട്ടിയാടുന്നത്. ശിവന്റെ ഹോമാഗ്നിയിൽ നിന്നും ഉത്ഭവിച്ച ഭഗവതി ശിവന്റെ വസൂരി രോഗം ശമിപ്പിക്കുകയും പിന്നീട് ശിഷ്ട ജന പരിപാലത്തിനായി ഭൂമിയിൽ എത്തുകയും ചെയ്തു എന്നാതാണ് ഈ തെയ്യത്തിനു പിന്നിൽ ഉള്ള ഐതിഹ്യം.
ഒരു നാൾ നായാട്ടിനിറങ്ങിയ ഒരു നായർ കാട്ടിൽ ഒരു ദിവ്യ വെളിച്ചം കാണുകയും അത് പാടാർകുളങ്ങര ഭഗവതി ആണെന്ന അരുളപ്പാട് അദ്ദേഹത്തിന് ഉണ്ടാവുകയും ചെയ്തു. തുടർന്ന് പാടാർ കുളങ്ങര ഭഗവതിക്ക് നാട്ടിൽ സ്ഥാനം നൽകുകയും പാടാർ കുളങ്ങര ഭഗവതിയുടെ തെയ്യക്കോലം കെട്ടിയാടി തുടങ്ങുകയും ചെയ്തു.
നീലേശ്വരം കിണാവൂർ കാരിമൂല പാടാർ കുളങ്ങര കാവ് ആണ് ഈ തെയ്യത്തിന്റെ ആരൂഢ സ്ഥാനം. പണ്ട് കാലത്ത് പാടാർ കുളങ്ങര ഭഗവതിയുടെ ആരൂഢത്തിൽ ചെന്ന് പ്രാർത്ഥിച്ചാൽ സ്വർണം ലഭിക്കും എന്ന വിശ്വാസം ഉണ്ടായിരുന്നു. എന്നാൽ ലഭിച്ച സ്വർണം ആവശ്യം കഴിഞ്ഞാൽ കാവിൽ തിരിച്ചേല്പിക്കണം. ഒരു നാൾ പാടാർ ചൂരിക്കാടൻ നായർ തറവാട്ടിലെ ഒരു സ്ത്രീക്ക് പ്രാർത്ഥനയിലൂടെ നേടിയ സ്വർണം ആവശ്യം കഴിഞ്ഞും തിരിച്ചേൽപ്പിക്കാൻ പറ്റിയില്ല. മാത്രമല്ല തിരിച്ചേൽപ്പിക്കുന്ന സമയത്തു മുഴുവനായും കൊടുത്തതും ഇല്ല. ഇത് മനസ്സിലാക്കിയ ദേവി വാഹനമായ മുതല ആ സ്ത്രീയെ ആക്രമിക്കാൻ പുറപ്പെട്ടു. എന്നാൽ തന്റെ അനുമതി ഇല്ലാതെ സ്ത്രീയെ ആക്രമിക്കാൻ പുറപ്പെട്ട മുതലയെ ദേവി തന്റെ മന്ത്ര ശക്തിയാൽ കല്ലാക്കി മാറ്റി. പാടാർ കുളങ്ങര കാവിനു സമീപം ഇന്നും മുതലയുടെ രൂപത്തിൽ ഉള്ള കല്ല് പണ്ട് ഭഗവതി കല്ലാക്കി മാറ്റിയ മുതല ആണെന്നാണ് വിശ്വാസം.
തന്റെ വീട്ടിലെ സ്ത്രീയുടെ തെറ്റ് മനസ്സിലാക്കിയ ചൂരിക്കാടൻ നായർ തറവാട്ടിലെ കാരണവർ ചാത്തമത്ത് പാടാർ ചേരി പ്രദേശത്തു ദേവിക്ക് കാവ് ഉണ്ടാക്കി സ്ഥാനം നൽകി.
പാടാർ കുളങ്ങര വീരൻ എന്ന തെയ്യത്തിന്റെ കഥയും പാടാർ കുളങ്ങര ഭഗവതിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. മലനാട്ടിൽ പാടാർ കുളങ്ങര കുളക്കടവിൽ എത്തിയ ദേവി അവിടെ വെച്ച് ഒരു ഭ്രാഹ്മണൻ തന്റെ നീരാട്ട് കാണുന്നതായി അറിഞ്ഞു. കോപം പൂണ്ട ദേവി ആ ഭ്രാഹ്മണന്റെ കഴുത്തറുത്തു ചോര കുടിച്ചു. പാടാർ കുളങ്ങര ദേവിയുടെ കയ്യാൽ കൊല്ലപ്പെട്ട ഭ്രാഹ്മണൻ പിന്നീട് ദൈവക്കരുവായി മാറുകയും പാടാർ കുളങ്ങര വീരൻ എന്ന പേരിൽ മറ്റൊരു തെയ്യമായി കെട്ടിയാടപ്പെടുകയും ചെയ്തു എന്നാണ് പാടാർ കുളങ്ങര വീരൻ തെയ്യത്തിനു പിന്നിലുള്ള കഥ.
പാടാർ കുളങ്ങര ഭഗവതിയെ കുറിച്ച് മേല്പറഞ്ഞ ഐതിഹ്യം ആണ് കൂടുതൽ പ്രചാരത്തിൽ ഉള്ളതെങ്കിലും പാലാഴി സമയത്തു മോഹിനി രൂപം പൂണ്ട വിഷ്ണുവിന്റെ സങ്കൽപം ആണ് പാടാർ കുളങ്ങര തെയ്യമായി കെട്ടിയാടുന്നത് എന്ന് മറ്റൊരു ഐതിഹ്യവും പ്രചാരത്തിൽ ഉണ്ട്.