ഭാരതീയ ആരാധനാ രീതികളിൽ അതി പ്രധാനമാണ് നാഗാരാധന. അമ്മ ദൈവ ആരാധന , വീരാധന എന്നിവ പോലെ തെയ്യങ്ങളിലും നാഗാരാധനയ്ക്കും പ്രബല സ്ഥാനം ഉണ്ട്. രോഗ മുക്തിക്കും, സന്താന ലബ്‌ധിക്കും, മുജ്ജന്മ പാപ മോക്ഷത്തിനും ഒക്കെ നാഗാരാധന ഉത്തമം ആണ് എന്നാണ് വിശ്വാസം. നാഗ ദൈവങ്ങളെ തെയ്യമായി കെട്ടിയാടാത്ത കാവുകളിൽ പോലും കാവിനോട് ചേർന്ന് നാഗ സ്ഥാനം ഉണ്ടാവാറുണ്ട്. ഇത്തരം കാവുകളിൽ സന്ധ്യക്കു വിളക്ക് വെക്കുന്ന നേരം നാഗസ്ഥാനത്തും വിളക്കു വെക്കും.
നാഗാരാധനയുമായി ബന്ധപ്പെട്ടു കെട്ടിയാടുന്ന പ്രധാനപ്പെട്ട ഒരു തെയ്യം ആണ് നാഗകന്നി. നാഗ കന്യക, നാഗേനി എന്നീ പേരുകളിലും ഈ തെയ്യം അറിയപ്പെടാറുണ്ട്. വടക്കൻ മലബാറിലെ ഒട്ടു മിക്ക സ്വരൂപങ്ങളിലും നാഗ കന്നി തെയ്യം കെട്ടിയാടാറുണ്ട്. കണ്ണൂർ ജില്ലയിലെ കരിപ്പാൽ നാഗക്കാവും , എടനാട് നാഗക്കാവും പ്രസിദ്ധമായ നാഗക്കവുകൾ ആണ്. വണ്ണാൻ സമുദായത്തിൽ ഉള്ളവരാണ് ഈ തെയ്യം കെട്ടിയാടുന്നത്
നാഗക്കാവിന്റെ നാശമോ നാഗങ്ങളുടെ മുട്ടകൾ ഉടഞ്ഞു പോകുന്നതോ വലിയ പാപം ആണെന്നും അങ്ങനെ സംഭവിച്ചാൽ സന്താന നാശം ഉണ്ടാവുമെന്നും ഉള്ള വിശ്വാസം പണ്ട് കാലത്ത് ഉണ്ടായിരുന്നു. അതിന്റെ പ്രതിവിധിയായി പ്രാർത്ഥനയായി നാഗകന്നി തെയ്യത്തെ കെട്ടിയാടുന്ന പതിവും ഉണ്ടായിരുന്നു.
പാലാഴിയിലെ വെള്ളിമാൻ കല്ലിന്റ അരികത്തെ മണിനാഗ പുറ്റിൽ നിന്നാണ് നാഗ ദൈവങ്ങൾ ഉടലെടുത്തത് എന്നാണ് വിശ്വാസം. നാഗകന്നി കൂടാതെ നാഗത്താൻ , നാഗപ്പോതി , നാഗരാജൻ എന്നീ നാഗ ദൈവങ്ങളുടെ തെയ്യക്കോലങ്ങളും കെട്ടിയാടാറുണ്ട്.