കണ്ണൂർ ജില്ലയിൽ ചുരുക്കം ചില കാവുകളിൽ കെട്ടിയാടുന്ന തെയ്യപ്രപഞ്ചത്തിൽ തന്നെ വളരെ കൗതുകകരമായ ഒരു തെയ്യം ആണ് മുതലത്തെയ്യം. അത്യപൂർമാവായി മാത്രമേ മുതലത്തെയ്യം കെട്ടിയാടാറുള്ളു. ദിവ്യ മൃഗ രൂപികൾ ആയ തെയ്യങ്ങളുടെ ഗണത്തിൽ ആണ് മുതലത്തെയ്യം ഉൾപ്പെടുന്നത്. തുടക്കം മുതൽ അവസാനം വരെ മുതലയെ അനുസ്മരിപ്പിക്കും വിധം നിലത്തു ഇഴഞ്ഞു നീങ്ങിയാണ് മുതല തെയ്യത്തിന്റെ ചലനങ്ങൾ.
മുതല തെയ്യത്തിന്റെ പിന്നിൽ ഉള്ള ഐതിഹ്യം ഇങ്ങനെ ആണ്. പണ്ട് ചേടശ്ശേരി മൂലക്കാവിൽ പൂജ ചെയ്യുന്ന ശാന്തിക്കാരന് തോണിയോ തുഴയോ ഇല്ലാത്തത് കാരണം പുഴയുടെ അക്കരെ ഉള്ള മൂലക്കാവിൽ ചെന്നെത്താൻ സാധിച്ചില്ല. ശാന്തി ക്കാരൻ വിഷമിച്ചിരിക്കുന്ന സമയത്തു ഒരു ദേവകന്യക പ്രത്യക്ഷപ്പെട്ടു. അക്കരെ എത്താൻ ഞാൻ സഹായിക്കണമോ എന്ന് അവൾ ശാന്തിക്കാരനോട് ചോദിച്ചു. സഹായിക്കണം എന്നും എന്നെ സഹായിച്ചാൽ ചുടല ഭഗവതിയുടെ വലതു ഭാഗത്തു സ്ഥാനം നൽകി അരിയും തിരിയും വെച്ച് പൂജിച്ചു കൊള്ളാം എന്ന് ശാന്തിക്കാരൻ പറഞ്ഞു. നിമിഷ നേരം കൊണ്ട് ആ ദേവകന്യക ഒരു മുതലായി മാറി ശാന്തിക്കാരനെ പുറത്തിരുത്തി നീന്തി അക്കരെ എത്തിച്ചു. മാത്രമല്ല പൂജ കഴിയും വരെ ആ മുതല കാത്തിരുന്നു ശാന്തിക്കാരനെ തിരിച്ചു കൊണ്ട് വിട്ടു, പിന്നീട് മുതല വീണ്ടും ദേവ കന്യകയായി മാറി.
തന്റെ തുഴവാൽ പിടിച്ചു മുതുകത്തു കയറി യാത്രചെയ്തത് കൊണ്ട് നീ ഇനിമുതൽ ആദി തോയാടാൻ എന്ന് അറിയപ്പെടും എന്ന് ദേവ കന്യക അരുളി ചെയ്തു. എനിക്ക് നെല്ല് കുത്തി ചോറുണ്ടാക്കി നിവേദിക്കണം, പിന്നെ മഞ്ഞൾ ഉണക്കി പൊടിച്ചു കൊടുക്കണം, തലയിൽ തുണി മറച്ചു തോറ്റം ചെല്ലണം കന്യക ശാന്തിക്കാരനോട് ആവശ്യപ്പെട്ടു. ഈ ദേവി ത്രിപണ്ടാരത്തമ്മ തന്നെ ആണ് എന്നാണ് വിശാസം. മുതല രൂപം പൂണ്ട ത്രിപണ്ടാരത്തമ്മയുടെ കഥ തന്നെ ആണ് മുതല തെയ്യം ആയി കെട്ടിയാടുന്നത്.
തെയ്യ കാലം തുടങ്ങുന്ന പത്താം ഉദയം (തുലാം മാസം പത്താം തീയതി) നാളിൽ കണ്ണൂർ ജില്ലയിലെ നടുവിൽ പോത്ത് കുണ്ടു വീരഭദ്ര ക്ഷേത്രത്തിൽ മുതല തെയ്യം കെട്ടിയാടാറുണ്ട്. മുതലാതെയ്യത്തെ തൃപ്പണ്ടാരത്തമ്മ എന്നും അറിയപ്പെടുന്നു. കെട്ടിയാടുന്ന സമയം മുഴുവൻ നിലത്തു ഇഴഞ്ഞു നീങ്ങുന്ന തെയ്യം ഒന്നും ഉരിയാടാറും ഇല്ല. കിടന്നു കൊണ്ട് തന്നെ ആണ് ഭക്തർക്ക് അനുഗ്രഹവും പ്രസാദവും നൽകുന്നത്. കെട്ടിയാടുന്ന സമയം മുഴുവൻ ഇലത്താളത്തിന്റെ അകമ്പടിയോടെ തോറ്റം ചെല്ലുന്ന പതിവ് ഈ തെയ്യത്തിനു മാത്രം ഉള്ള സവിശേഷത ആണ്.
ഇഴ ജീവികളുടെ ശല്യത്തിൽ നിന്നും രക്ഷ നേടാൻ മുതലാതെയ്യത്തെ ആരാധിച്ചു വരാറുണ്ട്. കവുങ്ങിൻ ഓല കൊണ്ടാണ് മുതലാതെയ്യത്തിന്റെ ഉടയാട നിർമിക്കുന്നത്. മുതലത്തെയ്യം തലയുടെ പിറകു വശത്തു അണിയുന്ന പാളയിൽ പല്ലി, തേൾ, ആമ, പഴുതാര എന്നിങ്ങനെ വിവിധങ്ങളായ ഇഴ ജീവികളുടെ ചിത്രങ്ങൾ വരച്ചിട്ടുണ്ടാവും. വട്ടകണ്ണ് എന്ന വിഭാഗത്തിൽ ആണ് മുതലാതെയ്യത്തിന്റെ മുഖത്തെഴുത് വരുന്നത്.