കണ്ണൂർ ജില്ലയിലെ മാടായി കാവിന്റെ പരിസര പ്രദേശങ്ങളിൽ കർക്കടക മാസം പതിനാറാം തീയതി (ചില സ്ഥലങ്ങളിൽ ഇരുപത്തി എട്ടാം തീയതി) കെട്ടിയാടി വീടുകൾ തോറും കയറി ഇറങ്ങുന്ന തെയ്യങ്ങളെയാണ് മാരിത്തെയ്യങ്ങൾ എന്ന് പറയുന്നത്. മാരിക്കലിയൻ, മാമാരിക്കലിയൻ, മരിക്കലച്ചി , മാമായക്കലച്ചി, മാരിക്കുളിയൻ, മാമായക്കുളിയൻ എന്നീ ആറു തെയ്യങ്ങൾ ചേർന്നാണ് മാരി തെയ്യങ്ങൾ എന്നറിയപ്പെടുന്നത്.
പഞ്ഞമാസമായി കണക്കാക്കിയിരുന്ന കർക്കടക മാസത്തിൽ നാടിനെ ബാധിച്ച ശനി ദോഷങ്ങളെ അകറ്റാൻ ജ്യോത്സ്യ വിധി പ്രകാരം കെട്ടിയാടി തുടങ്ങിയ തെയ്യങ്ങൾ ആണ് മാരി തെയ്യങ്ങൾ എന്നാണ് ഏറെ പ്രചാരത്തിൽ ഉള്ള ഐതിഹ്യം. രോഗ ഹാരികൾ ആയ തെയ്യങ്ങളുടെ വിഭാഗത്തിൽ ആണ് മാരിത്തെയ്യം പെടുന്നത്.
ആര്യ നാട്ടിൽ നിന്നും ഏഴു ദേവതമാർ ഒരു കപ്പലിൽ യാത്ര ചെയ്യുകയുണ്ടായി, എന്നാൽ ദേവതമാരുടെ കണ്ണ് വെട്ടിച്ചു മാരികൾ കപ്പലിൽ കയറിപ്പറ്റി. കടലിനു നടുവിൽ എത്തിയപ്പോൾ ചുഴലിക്കാറ്റും മഴയും ഉണ്ടായി. കപ്പലിൽ മാരികൾ കയറിയത് മനസ്സിലാക്കിയ ദേവതമാർ അവരെ മലനാട്ടിന്റെ തീരത്തു ഇറക്കി വിട്ടു. മാരികൂട്ടങ്ങൾ കാലുകുത്തിയതോടെ വൻ വിപത്തുകൾ മലനാടിനെ പിടിച്ചുലക്കാൻ തുടങ്ങി. സർവ്വചരാചരങ്ങൾക്കും രോഗം പിടിപെട്ടു. ക്ഷേത്രങ്ങളിലെ നിത്യ പൂജയും മുടങ്ങി. മാടായി കാവിലെ തിരുവർക്കാട് ഭഗവതിക്കും മാരിയുടെ ദോഷം പിടി പെട്ടു. ജ്യോത്സ്യരെ കണ്ടു പ്രശ്നം വെച്ചപ്പോൾ ഇതിനു പരിഹാരം ഭട്ട്യൻ പൊള്ളയ്ക്ക് മാത്രമേ ചെയ്യാൻ പറ്റു എന്ന് തെളിഞ്ഞു. നൂറ്റി പതിനെട്ടു മാരികൾ നാടിനെ ബാധിച്ചു എന്ന് ഭട്ട്യൻ പൊള്ള പറഞ്ഞു. പരിഹാരമായി മാരിത്തെയ്യം കെട്ടിയാടി മാരി പാട്ട് പാടാൻ വിധിയുണ്ടായി. നൂറ്റിപതിനെട്ടു ശനികളിൽ ചിലത് മലയ സമുദായത്തിൽ ഉള്ളവർക്കും, ചിലതു വണ്ണാൻ സമുദായത്തിൽ ഉള്ളവർക്കും, ചിലതു പുലയ സമുദായത്തിൽ ഉള്ളവർക്കും മാത്രമേ നീക്കാൻ ആവുള്ളു എന്ന് തെളിഞ്ഞു . അങ്ങനെ അന്ന് നാട് ഭരിച്ചിരുന്നത് ചിറക്കൽ തമ്പുരാന്റെയും മാടായി ക്ഷേത്രത്തിന്റെ ഉത്തരവാദിത്വം ഉള്ള ചേരമാൾ പെരുമാളിന്റെയും അനുഗ്രഹത്തോടെ ഭട്ട്യൻ പൊള്ളയുടെ വിധി പ്രകാരം മല നാട്ടിൽ മാരി തെയ്യം കെട്ടിയാടി തുടങ്ങി.
മഹാ മാരികളെ ഇല്ലാതാക്കാൻ മടായി കാവ് പരിസരത്തും നിന്നും കെട്ടിയാടുന്ന തെയ്യങ്ങൾ വീടായ വീടുകൾ ഒക്കെ കയറി ഇറങ്ങി നാടിനും നാട്ടുകാർക്കും ബാധിച്ച ശനി ദോഷങ്ങൾ ഇല്ലാതാക്കുന്നു എന്നാണ് വിശ്വാസം. വീടുകൾ തോറും കയറി ഇറങ്ങി ആവാഹിച്ച മഹാമാരികളെയും ദോഷങ്ങളെയും അടുത്തുള്ള പുഴയിലോ കടലിലോ എറിഞ്ഞു കളയുന്ന ചടങ്ങും മാരിത്തെയ്യത്തിന്റെ അവസാന ഭാഗത്തിൽ പെടും.
അടിമുതൽ മുടിവരെ കുരുത്തോലകൾ കൊണ്ടുള്ള ഉടയാടകൾ ആണ് എല്ലാ മാരിത്തെയ്യവും അണിയുന്നത്. കലിയൻ തെയ്യത്തിനും, കലിച്ചി തെയ്യത്തിനും ലളിതമായ മുഖത്തെഴുത്ത് ഉണ്ടെങ്കിലും ബാക്കി നാലു തെയ്യങ്ങൾക്കും മുഖപ്പാള ആണ് ഉണ്ടാവുക. തുടികളും ചേങ്ങിലകളും ആണ് മാരിത്തെയ്യങ്ങളുടെ വാദ്യങ്ങൾ ആയി ഉപയോഗിക്കുന്നത്.