അമ്മ ദൈവ സങ്കൽപ്പങ്ങളിൽ അതി പ്രാധാന്യം ഉള്ള തെയ്യം ആണ് മാക്കം. കടാങ്കോട്ട് മാക്കം, മാക്കവും മക്കളും, മാക്കപ്പോതി എന്നീ പേരുകളിലും ഈ തെയ്യം അറിയപ്പെടാറുണ്ട്. വളരെ പ്രശസ്തമായ ഒരു തെയ്യമാണെങ്കിലും താരതമ്യേന കുറച്ചു സ്ഥലങ്ങളിൽ മാത്രമാണ് മാക്കം കെട്ടിയാടാറുള്ളത്. മാക്കം എന്ന കുലീനയായ യുവതിയുടെ ജീവിതത്തിലെ വേദനാ ജനകമായ ചില സംഭവങ്ങളും മരണമവും ആണ് മാക്കം എന്ന തെയ്യത്തിനു ഇതിവൃത്തം.
ഉത്തര കേരളത്തിലെ കണ്ണൂർ ജില്ലയിൽ കുഞ്ഞിമംഗലം എന്ന സ്ഥലത്തെ കീർത്തി കേട്ട ഒരു നമ്പ്യാർ സമുദായ തറവാട് ആയിരുന്നു കടാങ്കോട്ട്. കോലത്തിരി നാടിന്റെ യോദ്ധാക്കൾ ആയിരുന്നു കടാങ്കോട്ട് തറവാട്ടുകാർ. കാടങ്കോട്ട് തറവാട്ടിലെ ‘അമ്മ ഉണ്ണിച്ചിരിയറിയമ്മക്കും അച്ഛൻ കുഞ്ഞിക്കോമനും പന്ത്രണ്ട് ആൺ സന്തതികൾ ആയിരുന്നു, മരുമക്കത്തായം നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ തന്റെ തറവാട്ട് പാരമ്പര്യം നിലനിർത്താൻ ഒരു പെൺകുഞ്ഞിനെ കിട്ടാൻ വേണ്ടി ഉണ്ണിച്ചിരിയമ്മ വല്ലാതെ ആഗ്രഹിച്ചിരുന്നു. അതിനു വേണ്ടി കാലങ്ങളോളം പൂജകളും പ്രാർത്ഥനകളും നടത്തി. വൈകിയാണെങ്കിലും ഉണ്ണിച്ചിരിയമ്മയുടെ പ്രാർത്ഥന ഫലിച്ചു, അവർക്കു അതീവ തേജസ്സുള്ള ഒരു പെൺകുഞ്ഞു പിറന്നു, ആ കുട്ടിക്ക് അവർ മാക്കം എന്ന് പേര് വിളിച്ചു. ആ വലിയ തറവാടിന്റെ സർവ പ്രൗഢിയോടും കൂടി മാക്കം വളർന്നു. പന്ത്രണ്ടു ആങ്ങളമാരും ചേർന്ന് ഒരേ ഒരു പെങ്ങളായ മാക്കത്തെ പരിലാളിച്ചു രാജകുമാരിയെ പോലെ വളർത്തി.
മാക്കത്തിന്റെ പേരിടൽ ചടങ്ങു, എഴുത്തിനിരുത്ത്, തെരണ്ടു കല്യാണം എന്നിങ്ങനെ എല്ലാ ചടങ്ങുകളും സർവ ആഡംബരത്തോടും കൂടി കാടങ്കോട്ട് കുടുംബം കൊണ്ടാടി. വിവാഹ പ്രായമായപ്പോൾ മാക്കത്തിന്റെ വിവാഹവും ഗംഭീരമായ ചടങ്ങുകളോട് കൂടിത്തന്നെ അവർ നടത്തി. മാക്കത്തിന്റെ മച്ചുനൻ ആയ കുട്ടിനമ്പർ നമ്പ്യാർ ആയിരുന്നു വരൻ. അന്നത്തെ മരുമക്കത്തായ രീതി അനുസരിച്ചു മാക്കം വിവാഹത്തിന് ശേഷവും കടാങ്കോട്ട് തന്നെ താമസിച്ചു. മാക്കം ഗർഭിണിയാകുകയും ഇരട്ടക്കുട്ടികളെ പ്രസവിക്കുകയും ചെയ്തു, കുട്ടികളിൽ ഒരു ആണും ഒരു പെണ്ണും ആയിരുന്നു, അവർക്കു ചാത്തുവും ചീരുവും എന്ന് പേര് വിളിച്ചു. കുറച്ചു കാലം കഴിഞ്ഞപ്പോൾ പ്രായാധിക്ക്യം കാരണം ഉണ്ണിച്ചിരിയമ്മ മരണപെട്ടു, അത് പോലെ മാക്കത്തിന്റെ ഭർത്താവ് കുഞ്ഞി നമ്പർ തളർവാതം വന്നു കിടപ്പിലായി. എന്തിരുന്നാലും മാക്കത്തിന്റെ കുട്ടികളെയും ആങ്ങളമാർ പൊന്നു പോലെ വളർത്തി. എന്നാൽ മാക്കത്തിന്റെ ഇളയ സഹോദരൻ കുട്ടിരാമന്റെ ഭാര്യ പുരാണിക്ക് ഒഴികെ ബാക്കി പതിനൊന്നു പേരുടെ ഭാര്യമാർക്കു അവളോട് എന്നും അസൂയയായിരുന്നു. ഭാവിയിൽ സ്വത്തുക്കൾ മാക്കത്തിന്റെ കൈകളിൽ വന്നു ചേരും എന്ന് ഓർത്തും, തങ്ങളുടെ ഭർത്താക്കന്മാർക്ക് മാക്കത്തോടുള്ള അമിതമായ സ്നേഹം കാരണം ഞങ്ങളോടുള്ള സ്നേഹം കുറയും എന്നോർത്തും അവർക്കു മാക്കത്തിനോട് അതിയായ കുശുമ്പും വെറുപ്പും ഉണ്ടായി. ഒരു അവസരം കിട്ടിയാൽ മാക്കത്തിനെ ഇല്ലാതാക്കാൻ അവർ ഗൂഢാലോചന നടത്തി. എന്നാൽ ബുദ്ധിമതിയായ മാക്കത്തിന് നാത്തൂൻമാർ തനിക്കെതിരെ തിരിയുന്ന കാര്യം മനസ്സിലായിരുന്നു.
അങ്ങനെ ഇരിക്കെ ഒരു നാൾ കോലത്തിരി സ്വരൂപവും നെരിയൊട്ടു സ്വരൂപവുമായി (സ്വരൂപം എന്നത് ഒരു നാട്ടു രാജ്യമോ ഒരു പ്രദേശമോ ആണ് , സ്വരൂപത്തിന്റെ കുറിച്ചുള്ള വിശദമായ ലേഖനം വെബ് സൈറ്റിലെ തെയ്യം ലേഖനങ്ങളുടെ വിഭാഗത്തിൽ ഉണ്ട്) യുദ്ധം ഉണ്ടവുകയും യോദ്ധാക്കളായ പന്ത്രണ്ടു ആങ്ങളമാരെയും യുദ്ധം ചെയ്യാൻ നാടുവാഴി വിളിപ്പിക്കുകയും ചെയ്തു. ആങ്ങളമാരില്ലാതെ നാത്തൂൻ മാരുടെ കൂടെ വീട്ടിൽ ഇരിക്കുന്നത് സുരക്ഷിതം അല്ലെന്നു മാക്കം മുൻകൂട്ടി കണ്ടു. അത് കൊണ്ട് എന്നെയും യുദ്ധക്കളത്തിലേക്കു കൂട്ടണം എന്ന് മാക്കം ആങ്ങളമാരോട് പറഞ്ഞു, എന്നാൽ ചെറിയ കുഞ്ഞുങ്ങളെയും സ്ത്രീയായ മാക്കത്തെയും യുദ്ധക്കളത്തിലേക്കു കൊണ്ടുപോകുന്നത് സുരക്ഷിതമല്ല എന്നറിയുന്ന ആങ്ങളമാർ അവളോട് വീട്ടിൽ തന്നെ വിശ്രമിക്കാൻ പറഞ്ഞു.
പന്ത്രണ്ടു ആങ്ങളമാരും വീട്ടിൽ ഇല്ലാത്ത സമയത്തു മാക്കത്തിനെതിരെ നാത്തൂൻ മാർ ഗൂഢാലോചന നടത്തി. തറവാട്ടിൽ സ്ഥിരമായി എണ്ണ കൊണ്ടുവരാൻ വരുന്ന യുവാവ് വരുന്ന സമയത്തു , നാത്തുൻ മാരൊക്കെ അവിടുന്ന് , മനപ്പൂർവം മാറി നിൽക്കുകയും, തിരിച്ചു വന്നത്തിനു ശേഷം എണ്ണ കൊണ്ടുവരാൻ വരുന്ന യുവാവും മാക്കവും തമ്മിൽ അവിഹിതം നടന്നു എന്ന് നാട് നീളെ പ്രചാരണം അഴിച്ചു വിടുകയും ചെയ്തു. യുദ്ധം കഴിഞ്ഞു വന്ന ഭർത്താക്കന്മാരേയും അവർ ആ കള്ളം പറഞ്ഞു വിശ്വസിപ്പിക്കുകയും കുടുംബത്തിന്റെ മാനം നശിപ്പിച്ച മാക്കത്തെ കൊല്ലാൻ അവരെ നിർബന്ധിക്കുകയും ചെയ്തു, അങ്ങനെ തറവാടിന്റെ സൽപ്പേരിനു കളങ്കം ഉണ്ടാക്കിയ മാക്കത്തെ കൊല്ലാൻ സഹോദരൻ മാർ തീരുമാനിച്ചു. ഏറ്റവും ഇളയ സഹോദരൻ മാക്കത്തെ വധിക്കുന്നതിനു എതിര് നിന്നെങ്കിലും, മറ്റുള്ളവരുടെ ഉറച്ച തീരുമാനത്തിൽ അയാൾ നിസ്സഹായനായി.
യുദ്ധം കഴിഞ്ഞു വന്ന ആങ്ങളമാർ മാക്കത്തിനെയോ മക്കളെയോ കാണാനേ വന്നില്ല , എന്നാൽ കുറെ സമയം കഴിഞ്ഞു ഒരു സഹോദരൻ വന്നു എല്ലാവരും ഒത്തു ലോകമര്യാർ കാവിലെ നിറമാല കാണാൻ പോകാം, അണിഞ്ഞൊരുങ്ങു എന്ന് മാക്കത്തോട് പറഞ്ഞു. കാര്യങ്ങൾ മുൻകൂട്ടി കാണാൻ കഴിവുള്ള മാക്കത്തിന് അപകടം മണത്തു , എങ്കിലും ധൈര്യം കൈവിടാതെ അണിഞ്ഞൊരുങ്ങി, മക്കളെയും ഒരുക്കി അവൾ ഇറങ്ങി. ഇളയ സഹോദരൻ ഒഴികെ, ബാക്കി പതിനൊന്നു സഹോദരങ്ങളും യാത്രയിൽ ഉണ്ടായിരുന്നു. ഇത് എന്റെ അവസാനത്തെ യാത്രയായിരിക്കും എന്ന് മുൻകൂട്ടി കണ്ട മാക്കം തന്റെ ബാക്കിയുള്ള വസ്ത്രങ്ങളും ആഭരണങ്ങളും കത്തിച്ചു. യാത്രയിൽ ഉടനീളം സഹോദരൻ മാർ ആരും മാക്കത്തിനെയോ മക്കളെയോ സഹായിച്ചില്ല. യാത്രയിൽ വഴിയരികിൽ ഉള്ള അമ്പലങ്ങളിൽ എല്ലാം കയറി തന്റെ നിരപരാധിത്വം തെളിയിക്കണമേ എന്ന് മാക്കം പ്രാർത്ഥിച്ചു. ചാല എന്ന സ്ഥലത്തെത്തിയപ്പോൾ മാക്കത്തിന് വല്ലാത്ത ദാഹം അനുഭവപ്പെടുകയും അവിടെ ഉള്ള പുതിയ വീട് എന്ന ഒരു വീട്ടിൽ കയറി അല്പം വെള്ളം ചോദിക്കുകയും ചെയ്തു. ആ വീട്ടിലെ സ്ത്രീ മാക്കത്തിനും മക്കൾക്കും കിണ്ടിയിൽ പാൽ നൽകി, അവിടെ നിന്നും ഇറങ്ങുമ്പോൾ താൻ അണിഞ്ഞിരുന്ന ആഭരണങ്ങൾ മാക്കം ആ സ്ത്രീക്ക് സമ്മാനിച്ചു.
യാത്ര തുടർന്ന അവർ അച്ചങ്കര പള്ളി എന്ന വന പ്രദേശത്തു എത്തി. വിജനമായ വനം, ആരും ആ വഴി വരാൻ സാധ്യത ഇല്ല. ഇത് തന്നെ തക്കം എന്ന് കരുതി പതിനൊന്നു സഹോദരങ്ങളിൽ ഒരാൾ തന്റെ കയ്യിൽ ഉള്ള ചുരിക എടുത്തു നിമിഷ നേരം കൊണ്ട് മാക്കത്തിന്റെ ശിരസു ഛേദിച്ചു കൊലപ്പെടുത്തി. കൂടാതെ മാക്കത്തിന്റെ രണ്ടുകുഞ്ഞുങ്ങളെയും അവർ ക്രൂരമായി വെട്ടിക്കൊന്നു. പിന്നെ ശവശരീരങ്ങൾ അടുത്തുള്ള ഒരു പൊട്ട കിണറ്റിൽ താഴ്ത്തി. കാട്ടിൽ ആരും ഇല്ലെന്നു കരുതിയാണ് കൊലപാതകം ചെയ്തതെങ്കിലും പൈശാചികമായ ഈ കൃത്യം അതിലൂടെ അപ്രതീക്ഷിതമായി പോയിരുന്ന മാവിലേയൻ എന്ന വന വാസി കണ്ടു. അത് മനസ്സിലാക്കിയ സഹോദരങ്ങൾ അയാളെയും ക്രൂരമായി വധിച്ചു. പിന്നെ ഒന്നും സംഭവിക്കാത്ത പോലെ തങ്ങളുടെ തറവാടിന്റെ അഭിമാനം വീണ്ടെടുത്തു എന്ന മട്ടിൽ പതിനൊന്നു സഹോദരങ്ങളും കടാങ്കോട്ടേക്കു തിരിച്ചു പോയി. എന്നാൽ തിരിച്ചു വീട്ടിലെത്തിയ അവർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചയായിരുന്നു. തങ്ങളുടെ തറവാട് കത്തി നശിച്ചിരിക്കുന്നു, പതിനൊന്നു പേരുടെയും ഭാര്യമാർ രക്തം ശർദ്ധിച്ചു മരിച്ചു കിടക്കുന്നു, വീര ചാമുണ്ഡിയായി മാക്കം അവിടെ സംഹാര താണ്ഡവം ആടുകയായിരുന്നു. തങ്ങളുടെ ഇളയ സഹോദരൻ ആയ കുട്ടിരാമനും ഭാര്യ പുരാണിയും ചാമുണ്ഡി രൂപത്തിൽ ഉള്ള മാക്കത്തെ വന്ദിച്ചു നില്കുന്നത് അവർ കണ്ടു. മാക്കം ദൈവക്കരുവായി മാറിയത് അവർ മനസ്സിലാക്കി. നിമിഷ നേരം കൊണ്ട് ആ പതിനൊന്നു സഹോദരങ്ങളും ചോര ശർദ്ധിച്ചു മരിച്ചു.
ദൈവക്കരുവായ മാക്കം അവസാന യാത്രയിൽ തനിക്കു പാൽ തന്നു ദാഹം മാറ്റിയ ചാലയിലെ പുതിയവീട്ടിൽ തന്റെ മക്കളും ഒത്തു കുടിയിരുന്നു എന്നാണു വിശ്വാസം. അങ്ങനെ മാക്കത്തിനെ മലനാട്ടിൽ തെയ്യമായി കെട്ടിയാടാൻ തുടങ്ങി.
തെയ്യ തോറ്റങ്ങളിൽ വളരെ അധികം ദൈർഘ്യമേറിയതും, അങ്ങേ അറ്റം ഹൃദയ സ്പർശിയുമായതുമായ തോറ്റം ആണ് മാക്കത്തിന്റെ തോറ്റം. മാക്കം തെയ്യത്തിന്റെ കൂടെ മക്കളായ ചാത്തുവിന്റെയും ചീരുവിന്റെയും കോലം കൂടി കെട്ടിയാടും. കൂടാതെ മാക്കത്തിന്റെയും മക്കളുടെയും കൊലപാതകത്തിന് ദൃക്തസാക്ഷിയായതു കൊണ്ട് അരുംകൊല ചെയ്യപ്പെട്ട നിഷ്കളങ്കനായ വന വാസി മാവിലേയന്റെ കോലവും മാക്ക തെയ്യത്തിൽ ഉൾപ്പെടുന്നു.