മന്ത്രമൂർത്തികളുടെ ഗണത്തിൽ പെടുന്ന അധി പ്രധാനിയായ തെയ്യം ആണ് കരുവാൾ ഭഗവതി. ഐതിഹ്യ പ്രകാരം പാർവതീ പരമേശ്വരാംശത്തിൽ ഉടലെടുത്ത കരുവാൾ ഭഗവതി മന്ത്ര മൂർത്തിയായ ശാസ്തപ്പൻ(കുട്ടിച്ചാത്തൻ) തെയ്യത്തിന്റെ മൂത്ത സഹോദരിയാണ്. ശാസ്തപ്പൻ തെയ്യത്തിനൊപ്പം പതിനെട്ടു മന്ത്രവാദ കുടുംബങ്ങൾ ആരാധിക്കുന്ന ദേവിയാണ് കരുവാൾ ഭഗവതി.
പണ്ട് സാക്ഷാൽ പരമശിവനും പാർവതി ദേവിയും വള്ളുവ വേഷം ധരിച്ചു ഭൂമിയിൽ അവതരിക്കുകയുണ്ടായിരുന്നു. അങ്ങനെ വള്ളുവ അവതാരം പൂണ്ട ശിവപാർവതിമാർക്ക് രണ്ടു കുട്ടികൾ ജനിക്കുകയുണ്ടായി ആൺ കുഞ്ഞായി കുട്ടിച്ചാത്തനും പെണ്കുഞ്ഞായി കരുവാൾ ഭഗവതിയും. ഭൂമിയിൽ പിറന്ന കുഞ്ഞുങ്ങളെ പരമശിവൻ കൈലാസത്തിലേക്ക് കൊണ്ട് പോയില്ല. ആൺകുഞ്ഞായ ശാസ്തപ്പനെ സന്താന ഭാഗ്യം ഇല്ലാതെ ദുഃഖം അനുഭവിക്കുന്ന തന്റെ ഭക്തനായ കാളകാട്ട് തിരുമേനിക്ക് നൽകി. പെൺകുഞ്ഞിനു കരുവാൾ മലയിൽ ജനിച്ചത് കൊണ്ട് കരുവാൾ ഭവതി എന്ന് പേര് വിളിച്ചു. കരുവാൾ ഭഗവതി വനത്തിൽ തന്നെ ദേവതയായി വാണു. കരുവാൾ ദേവത മലനാടുകളിൽ പലയിടത്തും സഞ്ചരിച്ചു അത്ഭുതങ്ങൾ കാണിച്ചു. പിന്നീട് വിവിധ മന്ത്ര ശാലകളിൽ കരുവാൾ ഭഗവതിയെ തെയ്യക്കോലം ആയി കെട്ടിയാടി.
കരുവാൾ ഭഗവതി തെയ്യത്തെ കുറിച്ചുള്ള മറ്റൊരു ഐതിഹ്യം കണ്ണൂർ ജില്ലയിലെ കാട്ടുംമാട് ഇല്ലം എന്ന ബ്രാഹ്മണ കുടുംബവുമായി ബന്ധപ്പെട്ടാണ്. സർവ പ്രതാപങ്ങളും സമ്പത്തും ഏറെ ഉണ്ടെങ്കിലും കാട്ടുംമാട് ഇല്ലത്തെ തിരുമേനിക്കു സന്താന ഭാഗ്യം ഇല്ലായിരുന്നു. ശിവ ഭക്തനായ തിരുമേനിയും പത്നിയും സന്താന ഭാഗ്യത്തിനായി പ്രാർത്ഥിക്കാത്ത അമ്പലങ്ങളും ചെയ്യാത്ത പൂജകളും ഇലായിരുന്നു. ആ ദമ്പതികളുടെ പ്രാർത്ഥനയിൽ പരമശിവൻ സംപ്രീതനാവുകയും അവർക്കു ഒരു പെൺകുഞ്ഞു ജനിക്കുകയും ചെയ്തു. ശൈവ ചൈതന്യം തുളുമ്പുന്ന പെൺകുഞ്ഞു വളർന്നു വരുമ്പോൾ തന്നെ പല അത്ഭുതങ്ങളും കാണിച്ചു തുടങ്ങി, പിന്നീട് അവൾ ദൈവക്കരുവായി മാറുകയും മലനാട്ടിൽ കരുവാൾ ഭഗവതി എന്ന പേരിൽ ആ ദേവിയുടെ തെയ്യം കെട്ടിയാടുകയും ചെയ്തു. കാട്ടും മാട് ഇല്ലം തന്നെയാണ് കരുവാൾ ഭഗവതിയുടെ ആരൂഢ സ്ഥാനം. വിവിധയിടങ്ങളിൽ കാഴ്ചയിൽ പ്രകടമായ വ്യത്യാസം കരുവാൾ ഭഗവതിയുടെ തെയ്യക്കോലത്തിനുണ്ട്.