മരണ ശേഷം ദൈവമായി മാറിയ വീരാളികളുടെ തെയ്യങ്ങളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് കരിന്തിരി നായർ. പാർവതി പരമേശ്വരാംശത്തിൽ പിറന്ന പുലി ദൈവങ്ങളാൽ വധിക്കപ്പെട്ട് പിന്നീട് ദൈവക്കരുവായി മാറിയ കരിന്തിരി നായർ എന്ന വീരനായ യുവാവിനെ ആണ് കരിന്തിരി നായർ തെയ്യം ആയി കെട്ടിയാടുന്നത്.
പണ്ട് പാർവതി പരമേശ്വരൻ മാർ പുലി ജന്മം എടുത്തു ദമ്പതിമാരായി ഭൂമിയിൽ വാണിരുന്നു. പുലികണ്ടൻ എന്നും പുള്ളിക്കരിങ്കാളി എന്നും ആയിരുന്നു ആ മൃഗദമ്പതിമാരുടെ പേരുകൾ. പുലികണ്ടനും പുള്ളിക്കരിങ്കാളിക്കും ആറു പുലി ദൈവ ക്കുട്ടികൾ ജന്മമെടുത്തു. അഞ്ചു ആൺ പുലികളും ഒരു പെൺ പുലിയും. ഭക്ഷണം അന്വേഷിച്ചിറങ്ങിയ പുലി ദൈവങ്ങൾ കുറുമ്പറാതിരി വാഴുന്നോരുടെ പശുക്കളെ കൊന്നു തിന്നു. ഇതിൽ കോപം പൂണ്ട വാഴുന്നോർ പുലിയെ കൊല്ലാൻ തീരുമാനിക്കുകയും ദൗത്യം തന്റെ പടനായകൻ ആയ കരിന്തിരി നായരെ എലിപ്പിക്കുകയും ചെയ്തു.
പുലിയെ കൊല്ലുന്നതിനു വേണ്ടി ആയുധങ്ങളുമായി വീരനായ കരിന്തിരി നായർ കാട്ടിലേക്ക് തിരിച്ചു. പുലികളെ അമ്പെയ്യുന്നതിന് വേണ്ടി ചന്ദ്രേരൻ എന്ന മാവിന്റെ മുകളിൽ ഒരു ഏറു മാടം തീർത്തു ആയുധങ്ങളുമായി അതിൽ ഒളിച്ചിരുന്നു. എന്നാൽ അതുവഴി പോവുകയായിരുന്ന പുലി ദൈവങ്ങൾ ഏറുമാടത്തിൽ ഇരിക്കുന്ന കരിന്തിരി നായരേ കാണുകയും. കരിന്തിരി നായർ തന്റെ അസ്ത്രം എടുക്കുന്ന സമയം കൊണ്ട് ഏറുമാടത്തിൽ കയറി അയാളെ കടിച്ചു കീറി കൊലപ്പെടുത്തുകയും ചെയ്തു.
പുലി ദൈവങ്ങളാൽ കൊല്ലപ്പെട്ടത് കൊണ്ട് കരിന്തിരി നായർ ദൈവക്കരുവായി മാറി. അങ്ങനെ പിൽക്കാലത്തു മലനാട്ടിൽ കരിന്തിരി നായരുടെ തെയ്യക്കോലം കെട്ടിയാടി തുടങ്ങി.