വനദൈവങ്ങളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് കന്നിക്കൊരുമകൻ തെയ്യം. ജീവിച്ചിരുന്ന വില്ലാളിയുടെ കഥയുമായി ബന്ധപ്പെട്ടാണ് കന്നിക്കൊരു മകൻ തെയ്യം കെട്ടിയാടുന്നത്. കന്നിക്കൊരു മകൻ തെയ്യത്തിനു മാനിച്ചേരി ദൈവം എന്നും വൈദ്യനാഥൻ ധന്വന്തരി ദൈവം എന്നും പേരുണ്ട്.
പിതൃവാടിക്കോട്ടയിലെ രാജാവിന്റെ സഹോദരിയായിരുന്ന അക്കം എന്ന് പേരുള്ള ഒരു പെൺകുട്ടിയെ ചെറു പ്രായത്തിൽ തന്നെ ആഭരണങ്ങൾ കൈക്കലാക്കാൻ വേണ്ടി കൊള്ളക്കാർ തട്ടിക്കൊണ്ടു പോയിരുന്നു. എന്നാൽ സമർത്തയായ ആ പെൺകുട്ടി കൊള്ളക്കാരുടെ കയ്യിൽ നിന്നും രക്ഷപ്പെടുകയും പിന്നീട് കുടകിൽ എത്തി ചേരുകയും ചെയ്തു. അനാഥയായി ആരുടേയും തുണയില്ലാതെ ആ പെൺകുട്ടി വലിയ ശിവ ഭക്തയായി വളർന്നു.
തനിച്ചു ജീവിച്ച കന്യകയായ ആ പെൺകുട്ടി ഒരു സന്തതിക്കു വേണ്ടി ശിവഭഗവാനെ പ്രാർത്ഥിച്ചു. കന്യകയുടെ പ്രാർത്ഥനയിൽ സന്തുഷ്ടനായ മഹാദേവൻ കന്യകയ്ക്കു പുത്രൻ ജനിക്കട്ടെ എന്ന് വരം നൽകി ഗർഭത്തെ കരിങ്കല്ലിൽ ആവാഹിച്ചിരുത്തി. പിന്നീട് ആ കരിങ്കല്ല് പൊട്ടി പിളർന്നു ഒരു പുത്രൻ ജനിച്ചു, ആ പുത്രൻ ആണ് കന്നിക്കൊരു മകൻ. വാക്കത്തൂർ കേളു എന്ന് പേര് വിളിച്ച ആ കുട്ടി എല്ലാ വിദ്യയിലും അതി സമർത്ഥൻ ആയിരുന്നു. കൗമാര്യത്തിലേക്കു കടക്കുമ്പോൾ തന്നെ ആ കുട്ടി എല്ലാം തികഞ്ഞ ഒരു ചേകവൻ ആയി മാറി.
വലുതായപ്പോൾ താൻ പിതൃ വാടിക്കോട്ടയിലെ രാജാവിന്റെ അനന്തരവൻ ആണെന്ന് അമ്മയിൽ നിന്നും മനസിലാക്കിയ അവൻ പിതൃവാടി കോട്ടയിലേക്ക് പുറപ്പെട്ടു. പുറപ്പെടും നേരം അടയാളമായി ‘അമ്മ അവനു പവിഴ മാല അണിഞ്ഞു കൊടുത്തു. പിതൃ വാടി കോട്ടടിയിൽ എത്തിയ അവനെ അമ്മാവൻ തിരിച്ചറിഞ്ഞില്ല , മാത്രമല്ല അമ്മാവനുമായി യുദ്ധമുണ്ടാകുകയും ചെയ്തു. യുദ്ധത്തിൽ മരുമകൻ ജയിക്കുകയും അടയാള കാണിച്ചു കൊടുത്തപ്പോൾ തന്റെ സഹോദരിയുടെ മകൻ തന്നെ ആണ് വന്നതെന്ന് അമ്മാവന് മനസ്സിലാകുകയും ചെയ്തു. പിന്നീട് അവൻ പിതൃ വാദി കോട്ടയിലെ രാജാവായി വാഴിക്കപ്പെട്ടു.
അങ്ങനെ കന്യകയ്ക്കു പിറന്ന ഈ മകനെ ആണ് കന്നിക്കൊരു മകൻ എന്ന പേരിൽ മലനാട്ടിൽ തെയ്യം ആയി കെട്ടിയാടുന്നത്.