കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് കാലിച്ചാൻ തെയ്യ സങ്കല്പം. കൃഷിയുടെയും കന്നുകാലികളുടെയും അഭിവൃദ്ധിക്കും സംരക്ഷണത്തിനും ആണ് കാലിച്ചാൻ തെയ്യത്തിനെ ആരാധിച്ചു വരുന്നത്. കാസറഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ആണ് പ്രധാനമായും കാലിച്ചാൻ തെയ്യം കെട്ടിയാടുന്നത്.
കാലിച്ചാൻ തെയ്യം കെട്ടിയാടുന്ന കാവുകളെ കാലിച്ചാമരങ്ങൾ എന്നാണ് വിളിക്കുന്നത്. കാലിച്ചാമരങ്ങളിലെ പ്രധാന ചടങ്ങാണ് കാലിച്ചാൻ ഊട്ട് . സമീപത്തുള്ള വീടുകളിൽ നിന്നും അരി ശേഖരിച്ചു കാലിച്ചാമരത്തിൽ എത്തിക്കുകയും അവിടെ നിന്നും അത് പാകം ചെയ്തു നിവേദ്യമായി എല്ലാ വീട്ടിലേക്കു എത്തിക്കുന്നതും ആയ ചടങ്ങാണ് കളിച്ചാൻ ഊട്ട്. മണിയാണി സമുദായത്തിൽ ഉള്ളവർ ആണ് കാലിച്ചാൻ ഊട്ട് ചടങ്ങുകൾ നടത്തുന്നത്.
കാഞ്ഞിര മരത്തിന്റെ മുകളിൽ ആണ് കാലിച്ചാൻ തെയ്യം കുടിയിരിക്കുന്നത് എന്നാണ് വിശ്വാസം. പണ്ടുകാലത്ത് കന്നുകാലികളെ കാണാതായാൽ നേർച്ചയായി കാലിച്ചാമരത്തിൽ നിവേദ്യം അർപ്പിക്കുന്ന പതിവുണ്ട്.
വണ്ണാൻ സമുദായത്തിൽ ഉള്ളവർ ആണ് കാലിച്ചാൻ തെയ്യം കെട്ടിയാടുന്നത്. പൊയ്കണ്ണും അമ്പും വില്ലും അടങ്ങിയ കാലിച്ചാൻ തെയ്യത്തിന്റെ വേഷം വയനാട്ടു കുലവൻ തെയ്യത്തോട് സാമ്യം ഉള്ളതാണ്. വയനാട്ടു കുലവൻ തെയ്യത്തിന്റെ വെളിച്ചപ്പാട് തന്നെ ആണ് കാലിച്ചാൻ തെയ്യത്തിനു അകമ്പടിയായി പോകാറുള്ളത്.