ആടയാഭരണങ്ങൾക്ക് പുറമെ മേക്കെഴുത്തും തെയ്യച്ചമയങ്ങളിൽ വളരെ പ്രാധാന്യം ഉള്ളതാണ്। അതാത് തെയ്യക്കോലങ്ങൾക്കു പ്രത്യേകമായി ചിട്ടപ്പെടുത്തിയ രീതിയിൽ മേനിയിൽ ചായക്കൂട്ടു കൊണ്ട് ചിത്രങ്ങൾ വരയ്ക്കുന്നതിനെ ആണ് മേക്കെഴുത്തു എന്ന് പറയുന്നത്।
പച്ച, മഞ്ഞ , വെള്ള , ചുവപ്പു , കറപ്പ് എന്നിവയാണ് മേക്കെഴുത്തിനു ഉപയോഗിക്കുന്ന പ്രധാന നിറങ്ങൾ। അരി പൊടി ,മഞ്ഞൾ പൊടി , ചായില്യം, ചുണ്ണാമ്പു മുതലായവ ഉപയോഗിച്ചാണ് നിറങ്ങൾ ഉണ്ടാക്കുന്നത്। പുലി ദൈവങ്ങളുടെ വിഭാഗത്തിൽ വരുന്ന ചില തെയ്യങ്ങളിൽ മേനിയിൽ ഉന്നക്കായയിൽ നിന്നും ലഭിക്കുന്ന പഞ്ഞി ഒട്ടിക്കുന്ന പതിവും ഉണ്ട്। മുത്തപ്പൻ പോലുള്ള തെയ്യങ്ങളിൽ അരി ചാന്തു കൊണ്ടുള്ള ലളിതമായ മെക്കെഴുത്ത് കോലക്കാരൻ തന്നെ എഴുതുന്നതാണ് പതിവ്।