തെയ്യാട്ടത്തിൽ അതി പ്രധാനമായ തോറ്റം ചടങ്ങിന്റെ മറ്റൊരു രൂപം ആണ് വെള്ളാട്ടം. തോറ്റം പോലെ തന്നെ പ്രധാന തെയ്യം ഇറങ്ങുന്നതിനു മുൻപ് ആണ് വെള്ളാട്ടം ഇറങ്ങുന്നത്. കെട്ടിയാടാൻ പോകുന്ന തെയ്യത്തെ കുറിച്ചും അനുബന്ധ കാര്യങ്ങളെ കുറിച്ചും ഉള്ള വായ് പാട്ട് ആണ് തോറ്റം. എന്നാൽ വെള്ളാട്ടം എന്നത് കെട്ടിയാടാൻ പോകുന്ന തെയ്യത്തിന്റെ വളരെ ലളിതമായ ഇളം കോലം (ചെറിയ തെയ്യം) തന്നെ ആണ്. അത് കൊണ്ട് തന്നെ വെള്ളാട്ടത്തിന് ഇളം കോലം എന്നും പറയാറുണ്ട്.
ശൈവാംശ ദേവന്മാരുടെയും വീരപുരുഷന്മാരുടെയും തെയ്യങ്ങളിൽ ആണ് വെള്ളാട്ടം ഉണ്ടാവുന്നത്. ചെണ്ട വാദ്യങ്ങളുടെ അകമ്പടിയോടെ തെയ്യാട്ട കാവിൽ വെള്ളാട്ടം നിറഞ്ഞാടും. പല തെയ്യങ്ങളുടെ വെള്ളാട്ടവും പ്രധാന തെയ്യം പോലെ തന്നെ കെട്ടിയിടാൻ ആയാസ മുള്ളതും അസാമാന്യ മെയ് വഴക്കം ആവശ്യം ഉള്ളതും ആയ ഒരു ചെറു തെയ്യം തന്നെ ആണ്.
തോറ്റം പോലെ വിവിധ ഘട്ടങ്ങളായുള്ള തോറ്റം പാട്ടു ഏറെ ഉണ്ടാവില്ല വെള്ളാട്ടത്തിന് മറിച്ചു ചമയങ്ങൾ അണിയുമ്പോൾ ഉള്ള അണിയറ തോറ്റം മാത്രം ആയിരിക്കും ഉണ്ടാവുക. പിന്നീട് ചെണ്ട മേളത്തിന്റെ അകമ്പടിയോടു കൂടി ഉള്ള ആട്ടവും ചില കായിക പ്രകടനങ്ങളും ആയിരിക്കും വെള്ളാട്ടത്തിൽ ഉണ്ടാവുക.
പുരുഷ തെയ്യങ്ങൾക്കു മാത്രമാണ് സാധാരണയായി വെള്ളാട്ടങ്ങൾ ഉണ്ടാവാറുള്ളത്. സ്ത്രീ തെയ്യങ്ങൾക്ക് തോറ്റം പാട്ടാണ് പതിവ്. എന്നാൽ പ്രാട്ടറ സ്വരൂപത്തിൽ സ്ത്രീ തെയ്യങ്ങൾക്കും പുരുഷ തെയ്യങ്ങൾക്കും വെള്ളാട്ടം ഉണ്ടാവാറുണ്ട്. കോല സ്വരൂപത്തിലും അള്ളട സ്വരൂപത്തിലും എല്ലാ പുരുഷ തെയ്യങ്ങൾക്കും വെള്ളാട്ടം പതിവില്ല.
ശാസ്തപ്പൻ , വൈരജാതൻ തുടങ്ങിയ തെയ്യങ്ങളുടെ വെള്ളാട്ടം വളരെ രൗദ്ര രൂപം പൂണ്ട് ആടുന്നവയാണ്. വൈരജാതൻ തെയ്യത്തിന്റെ വെള്ളാട്ടത്തിന് തട്ടും വെള്ളാട്ടം എന്നും പറയാറുണ്ട്. വൈരജാതൻ വെള്ളാട്ടത്തിന്റെ തട്ട് കിട്ടിയ വ്യക്തി അടുത്ത കളിയാട്ടക്കാലത്തിനു മുൻപ് മരണപ്പെടും എന്നുള്ള വിശാസവും പ്രചാരത്തിൽ ഉണ്ട്.