അതി പുരാതനമായ ഒരു അനുഷ്ഠാന കല ആണെങ്കിലും തെയ്യങ്ങളെ കുറിച്ചുള്ള ആധികാരികമായി ഒട്ടനവധി പുസ്തകങ്ങൾ ഒന്നും എഴുതപ്പെട്ടിട്ടില്ല. വായ്മൊഴിയായി പകർന്നു കിട്ടുന്ന അറിവുകൾ ആണ് തെയ്യങ്ങളെ അങ്ങേ അറ്റം സ്നേഹിക്കുന്ന ആളുകൾക്കിടയിൽ പോലും ഉള്ളത്. എങ്കിലും ഇന്ന് നിലവിൽ ഉള്ള പല പുസ്തകങ്ങളും അതതു എഴുത്തുകാർ നടത്തിയ ശക്തമായ ഗവേഷണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലം ആണ്. തെയ്യങ്ങളെ കുറിച്ചു കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തികൾക്കും ഈ പുസ്തകങ്ങൾ വലിയ ആശ്രയം ആണ്. തെയ്യങ്ങളെ കുറിച്ചുള്ള കഥകൾക്കും വിവരങ്ങൾക്കും അതീതമായി വടക്കൻ കേരളത്തിലെ സാംസ്‌കാരിക പൈതൃകങ്ങളെ കുറിച്ചും പ്രാദേശിക ചരിത്രത്തെ കുറിച്ചും അനുഷ്ഠാനങ്ങളെ കുറിച്ചും ഉള്ള മഹത്തരമായ ലേഖനങ്ങൾ ഈ പുസ്തകങ്ങളിൽ കണ്ടെത്താം. തെയ്യങ്ങളെ കുറിച്ച് എഴുതപ്പെട്ട ചില പുസ്തകങ്ങളുടെ വിവരങ്ങൾ ചുവടെ കൊടുക്കുന്നു.

തെയ്യപ്രപഞ്ചം
ഡോ. ആർ. സി. കരിപ്പത്ത്
ഡോ. ആർ. സി. കരിപ്പത്തിന്റെ തെയ്യപ്രപഞ്ചം എന്ന ഗവേഷണ ഗ്രന്ഥം തെയ്യം എന്ന അനുഷ്ഠാന കലാരൂപത്തിന്റെ ചരിത്രവും സാമൂഹ്യ ശാസ്ത്രവും നരവസംശ ശാസ്ത്രവും വളരെ ആധികാരികമായി പ്രതിപാദിക്കുന്നു. ഗവേഷകർക്കും തെയ്യത്തെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കും ഒരു മഹത്തായ റഫറൻസ് ആണ് ഈ ഗ്രന്ഥം.
കതിവന്നൂർ വീരൻ മലകയറിയ മനുഷ്യൻ, ചുരമിറങ്ങിയ ദൈവം
പ്രൊഫ. വി. ലിസി മാത്യു
വടക്കൻ കേരളത്തിലെ ഏറെ പ്രചാരമുള്ള തെയ്യം ആണ് കതിവന്നൂർ വീരൻ. കതിവന്നൂർ വീരന്റെ സംഭവ ബഹുലമായ ജീവിതത്തെ കുറിച്ച് ഒരു എഴുത്തു കാരി നടത്തിയ അനേഷണങ്ങളുടെ ആകെ തുകയാണ് ഈ പുസ്തകം.


തെയ്യപ്രപഞ്ചത്തിലെ ചാമുണ്ഡിമാർ
ഡോ. ആർ. സി. കരിപ്പത്ത്
തെയ്യ പ്രപഞ്ചത്തിലെ ചാമുണ്ടികളായ മടയിൽ ചാമുണ്ഡി, രക്ത ചാമുണ്ഡി , മൂവാളം കുഴി ചാമുണ്ഡി , കുണ്ടൂർ ചാമുണ്ഡി , പുലി ചാമുണ്ഡി , ഫല ചാമുണ്ഡി , കരിഞ്ചാമുണ്ഡി , പുലി ചാമുണ്ഡി , പടിഞ്ഞാറേ ചാമുണ്ഡി , കാർത്തിക ചാമുണ്ഡി, മേച്ചേരി ചാമുണ്ഡി തുടങ്ങിയ ചാമുണ്ഡി മാരെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ അടങ്ങിയ ഗ്രന്ഥം ആണ് തെയ്യ പ്രപഞ്ചത്തിലെ ചാമുണ്ടികൾ.
വേട്ടക്കരുമകൻ
ഡോ വൈ.വി കണ്ണൻ
വേട്ടയ്ക്കൊരുമകൻ തെയ്യം ഇതിവൃത്തം, അനുഷ്ടാനം, ദേശം , കാലം , സംസ്കാരം, തറവാട് എന്നിവയെ കുറിച്ചുള്ള സമ്പൂർണമായ ഒരു അനേഷണ പുസ്തകം ആണ് ഈ പുസ്തകം.


വയനാട്ടു കുലവൻ – പരിസ്ഥിതി – നാടോടി വിജ്ഞാനീയ പുസ്തകം
അംബികസുതൻ മാങ്ങാട്
തെയ്യപ്രപഞ്ചത്തിലെ അതി പ്രധാനമായ തെയ്യം ആയ വയനാട്ടു കുലവന്റെ ഐതിഹ്യ പെരുമകളും ആചാര അനുഷ്ഠാനങ്ങളും വിശദമായി വിവരിക്കുന്ന ഒരു പുസ്തകം ആണ് ഇത്.