ഉത്തര കേരളത്തിലെ അതി പ്രധാനമായ അനുഷ്ഠാന രൂപം ആണ് തെയ്യം. ദക്ഷിണ കർണാടകയിലെ ഉഡുപ്പി മുതൽ ഉത്തര കേരളത്തിലെ കണ്ണൂർ, കാസറഗോഡ്, വയനാട് , കോഴിക്കോട് ജില്ലകളിലും കർണാടകയിൽ പെടുന്ന കുടകും ഒക്കെ തെയ്യമോ ബന്ധപ്പെട്ട അനുഷ്ടാനങ്ങളോ നിലനിൽക്കുന്ന പ്രദേശങ്ങൾ ആണ്. എങ്കിലും തെയ്യങ്ങൾ സാംസ്‌കാരികമായും ആധ്യാത്മികമായും അതിന്റെ പൂർണതയിൽ എല്ലാ അർത്ഥത്തിലും മനുഷ്യരെ സ്വാധീനം ചെലുത്തുന്നത് കണ്ണൂരും കാസറഗോഡും മാത്രം ആണ്.
ദൈവം എന്ന വാക്കിന്റെ വടക്കൻ നാടൻ രൂപമാണ് തെയ്യം എന്നാണ് പൊതുവെ കരുതി പോകുന്നത്. അദൃശ്യമായ ഒരു ശക്തിയെ ആരാധിക്കുന്നതിനു പകരം നമ്മുക്ക് നേരിട്ട് കാണാനും സംസാരിക്കാനും സങ്കടങ്ങൾ ബോധ്യപ്പെടുത്താനും അതിനു പരിഹാരം നിർദ്ദേശിക്കുകയും ചെയ്യുന്ന ദൈവ സങ്കല്പങ്ങൾ ആണ് തെയ്യങ്ങൾ. തെയ്യം കലാകാരൻ തെയ്യം കെട്ടിയാടുന്ന സമയം അവൻ ദൈവമായി മാറുകയും പിന്നെ തെയ്യം കഴിഞ്ഞു കോലം അഴിച്ചു മാറ്റുന്നതോടെ അവർ വീണ്ടും സാധാരണ മനുഷ്യരായി മാറുന്നു എന്നതാണ് അടിസ്ഥാന പരമായി എല്ലാ തെയ്യങ്ങളെ കുറിച്ചും ഉള്ള വിശ്വാസം. എങ്കിലും ദൈവികമായ പരിവേഷങ്ങൾ കൊടുക്കാതെ തെയ്യത്തെ അതി വിശിഷ്ടമായ ഒരു അനുഷ്ടാന കല മാത്രമായി കാണുന്നവരും ആസ്വദിക്കുന്നവരും ഉണ്ട്. സംഗീതം, ചിത്രം , ശിൽപം , സാഹിത്യം, നൃത്തം, പശ്ചാത്തല സൗന്ദര്യം എന്നിങ്ങനെ ഉള്ള വിവിധ കലാരൂപങ്ങളെ അതിന്റെ ഏറ്റവും സുന്ദരമായ രീതിയിൽ തെയ്യവും ബന്ധപ്പെട്ട ചടങ്ങുകളും ഉൾക്കൊള്ളുന്നുണ്ട്.
ഏകദേശം നാന്നൂറോളം തെയ്യങ്ങൾ ആണ് ഇപ്പോൾ നിലവിൽ ഉള്ളത്. ഗോത്ര സംസ്കൃതിയിൽ നിന്നും ഉയർന്നു വന്ന അനുഷ്ഠാന രൂപമായതു കൊണ്ട് തന്നെ വ്യത്യസ്തമായ സമുദായത്തിൽ ഉള്ളവർക്കു ആണ് വിവിധ തരം തെയ്യം കെട്ടാൻ അവകാശം ഉള്ളത്. വണ്ണാൻ , മലയൻ , അഞ്ഞൂറ്റാൻ , മുന്നൂറ്റാൻ, ചിങ്കത്താൻ, പുലയർ, കോപ്പാളൻ , പരവൻ ,നലികെയവർ , വേലൻ, മാവിലാൻ തുടങ്ങിയ സമുദായത്തിൽ ഉള്ളവർ ആണ് തെയ്യം കലാകാരൻ മാർ. തെയ്യം കലയിൽ പ്രാവീണ്യം ഉള്ളവർക്ക് നാട്ടു രാജാക്കൻ മാരോ പ്രമാണി മാരോ ഒക്കെ ആചാരപ്പേരും പട്ടും വളയും നൽകി ആചരിക്കുന്ന പതിവുണ്ട്. പണിക്കർ, പെരു മലയൻ, പെരു വണ്ണാൻ , ആലപ്പടമ്പൻ എന്നിങ്ങനെ ആണ് വിവിധതരം ആചാരപ്പേരുകൾ.
അടിച്ചമർത്തപ്പെട്ടവന്റെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ദൈവമായാണ് പല തെയ്യ സങ്കൽപ്പങ്ങളും നിലകൊള്ളുന്നത്. അധികാര വർഗങ്ങളുടെ കൊടും ക്രൂരതയ്ക്ക് ഇരയായി ജീവൻ നഷ്ടപ്പെട്ടവർ , ജീവിച്ചിരുന്ന വീരാളികൾ , പുരാണ കഥാപാത്രങ്ങൾ , അമ്മ ദൈവങ്ങൾ , കന്യകമാർ , നാഗദൈവങ്ങൾ എന്നിങ്ങനെ പല ഗണത്തിലായി വിവിധ തരം തെയ്യങ്ങൾ ഉണ്ട്. ഇതിൽ തന്നെ തൊണ്ണൂറു ശതമാനം തെയ്യങ്ങളും സ്ത്രീ കഥാപാത്രങ്ങൾ ആണ്.
വടക്കൻ മലബാറിലെ വളപട്ടണം പുഴയ്ക്കു തെക്കുഭാഗത്തുള്ള പ്രദേശങ്ങളിൽ തിറ എന്ന പേരിൽ ആണ് തെയ്യങ്ങൾ അറിയപ്പെടുന്നത്. ഇത് കൂടാതെ തുളുനാട്ടിൽ ദെയ്യൊമ് എന്ന പേരിൽ ആണ് തെയ്യങ്ങൾ അറിയപ്പെടുന്നത്. ഇന്നത്തെ കർണാടകയുടെ ഭാഗമായ ഉഡുപ്പി കല്യാണാപുരം നദിയുടെ തെക്കും കേരളത്തിന്റെ ഭാഗമായ കാസറഗോഡ് ചന്ദ്രഗിരി പുഴയുടെ വടക്കും ഉള്ള പ്രദേശത്തെ ആണ് തുളുനാട് എന്ന് പറയുന്നത്. വിവിധ പ്രദേശങ്ങളിൽ തെയ്യത്തിന്റെ രൂപത്തിലും വാദ്യങ്ങളിലും ഒക്കെ പ്രകടമായ വ്യത്യാസങ്ങൾ കാണാവുന്നതാണ്. തുളുനാട്ടിൽ കാവുകൾക്കു പൊതുവെ സാനോ എന്നാണ് വിളിക്കുന്നത്.
തെയ്യക്കാലം ആരംഭിക്കുന്നത് മലയാള മാസം തുലാം പത്തോടു കൂടിയാണ് , പത്താം ഉദയം എന്നാണ് ഈ തീയതി അറിയപ്പെടുന്നത്. ഇംഗ്ലീഷ് മാസം ഒക്ടോബറിൽ ആണ് മിക്കവാറും തുലാ പത്ത് വരുന്നത്. പിന്നെ ഏകദേശം ഏഴു മാസത്തോളം തുടരുന്ന തെയ്യക്കാലം ഇടവം പകുതിയാവുമ്പോഴേക്കും അവസാനിക്കും. ഇംഗ്ലീഷ് മാസം മെയ് അല്ലെങ്കിൽ ജൂൺ ആണ് ഇടവപ്പകുതി വരുന്നത്.
തെയ്യം കെട്ടിയാടുന്ന സ്ഥലങ്ങളെ പൊതുവെ കാവുകൾ എന്നാണ് പറയുന്നത്. എങ്കിലും സ്ഥലത്തിന്റെയും തെയ്യങ്ങളുടെയും സവിശേഷതകൾക്കു അനുസരിച്ചു കാവുകളെ അറ , മുണ്ട്യ, പളളിയറ, കോട്ടം , കഴകം, കളരി , മതിലകം, മഠം , കൂലകം എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടാറുണ്ട്. ഇന്ന് പലരും ക്ഷേത്രം എന്നും കാവുകളെ വിളിക്കാറുണ്ട് , പക്ഷെ വാസ്തവത്തിൽ കാവും ക്ഷേത്രവും രണ്ടും അത്യന്തം വ്യത്യസ്തങ്ങളായ സങ്കല്പങ്ങൾ ആണ്. ആരാധന അനുഷ്ടാനങ്ങളിൽ അവ തമ്മിൽ സാമ്യം ഏതും ഇല്ല. ക്ഷേത്രങ്ങളിൽ ദൈവം പ്രതിഷ്ഠയായി നിരന്തരം കുടിയിരുത്തുന്ന സങ്കല്പം ആണെങ്കിൽ, കാവുകളിൽ കോലക്കാരൻ തെയ്യം കെട്ടുന്ന വേളയിൽ വരവിളി ചൊല്ലി ദൈവത്തെ വിളിച്ചു വരുത്തുന്ന സങ്കല്പം ആണ്. തികച്ചും ദ്രാവിഡ രീതിയിൽ ഉള്ള ഈ സങ്കൽപ്പത്തിൽ ദൈവം ഒരിടത്തും കുടിയിരിക്കുന്നില്ല, മറിച്ചു എങ്ങും വ്യാപിച്ചു കിടക്കുന്നു. അത് കൊണ്ട് തന്നെ തെയ്യക്കാവുകളിൽ തെയ്യം പോലുള്ള ചടങ്ങുകൾ ഒന്നും ഇല്ലാത്ത സമയങ്ങളിൽ ഭക്തൻ മാർ പ്രാർത്ഥിക്കാൻ പോകുന്ന പതിവും സാധാരണയായി ഇല്ല.
ഒട്ടു മിക്ക കാവുകളിലും എല്ലാവർഷവും തെയ്യാട്ടം നടത്തും. മലയാള മാസങ്ങളിൽ ആണ് തെയ്യ തീയതി നിശ്ചയിക്കുന്നത്, വർഷാ വർഷം തെയ്യാട്ടം നടത്തുന്ന കാവുകളിൽ ഒരേ മലയാള മാസ തീയതി തന്നെ തുടരുകയാണ് പതിവ്. എല്ലാ കാവുകളിലും വർഷാ വർഷം കളിയാട്ടം നടത്തണം എന്നില്ല, പത്തും, ഇരുപതും വര്ഷം ഇടവേളയിൽ നടക്കുന്ന കളിയാട്ടങ്ങളും ഉണ്ട്.
ഏതെങ്കിലും ഒരു തെയ്യത്തിന്റെ പേരിൽ ആണ് ഓരോ കാവും അറിയപ്പെടുന്നത് എങ്കിലും ആ തെയ്യം കൂടാതെ മറ്റു തെയ്യങ്ങളും മിക്കവാറും ആ കാവിൽ കെട്ടിയാടും.
തോറ്റം , ഇളംകോളം അല്ലെങ്കിൽ വെള്ളാട്ടം , തികഞ്ഞ കോലം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായാണ് മിക്ക പ്രധാനപ്പെട്ട തെയ്യവും കെട്ടിയാടുന്നത്. ചുവന്ന പട്ടും തലപ്പാവും ധരിച്ചു കെട്ടിയിടാൻ പോകുന്ന തെയ്യത്തിന്റെ കഥയും വിവരണങ്ങളും പദ്യ രൂപത്തിൽ പാടുന്നതിനെ ആണ് തോറ്റം എന്ന് പറയുന്നത്. തെയ്യത്തിന്റെ യൗവന കാലത്തെ കെട്ടിയാടുന്നതാണ് ഇളം കോലം അല്ലെങ്കിൽ വെള്ളാട്ടം. തോറ്റത്തിനും വെള്ളാട്ടത്തിനും ശേഷം ആണ് തികഞ്ഞ തെയ്യക്കോലം ഇറങ്ങുന്നത്.