കളരി പയറ്റിന്റെ ഉത്ഭവം

കളരി പയറ്റിന്റെ ഉത്ഭവത്തെ കുറിച്ച് ഔദ്യോദികമായ തെളിവുകൾ ഒന്നും ഇന്നേ വരെ ലഭ്യമായിട്ടില്ല. അത് പോലെ കളരി പയറ്റ് എപ്പോഴാണ് ആരംഭിച്ചത് എന്നതിനെ കുറിച്ച് ആധികാരികമായി സമർത്ഥിക്കുന്ന പുസ്തകങ്ങളോ ശിലാ ലിഖിതങ്ങളോ താളിയോലകളോ ഒന്നും തന്നെ നിലവിൽ ഇല്ല. വാമൊഴികളിലൂടെ തലമുറകളായി പകർന്നു കിട്ടിയ ചരിത്രത്തിന്റെ ബലമില്ലാത്ത ചില അമാനുഷികമായ ഐതിഹ്യങ്ങൾ ആണ് പ്രധാനമായും കളരി പയറ്റിന്റെ ഉത്പത്തിയെ കുറിച്ച് പറഞ്ഞു കേൾക്കുന്നത്.

ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമൻ കടലിൽ മഴുവെറിഞ്ഞു ഉയർത്തിയെടുത്ത ഭൂമിയാണ് കേരളം എന്നും അവിടെ പരുശുരാമൻ തന്നെ 1008 കളരികൾ സ്ഥാപിച്ചു എന്നും ഉള്ള ഐതിഹ്യം ആണ് കേരളോൽപ്പത്തി എന്ന ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നത്. 36000 ബ്രഹ്മണൻ മാരെ പരശുരാമൻ നേരിട്ട് കളരിയുടെ അധിപരാക്കുകയും 108 നാല്പത്തീരടി കളരികൾ ഉണ്ടാക്കി അവിടെ പൂജയും വിളക്കും കല്പിച്ചു നൽകുകയും ചെയ്തു എന്നാണ് ഐതിഹ്യത്തിന്റെ തുടർച്ച. എന്നാൽ ചരിത്രത്തിന്റെ പിന്തുണ ഏതും ഇല്ലാത്ത ഈ ഐതിഹ്യം ബ്രാഹ്മണാധിപത്യ കാലത്തു കളരിയുടെ സൃഷ്ടാക്കൾ തങ്ങൾ ആണെന്ന് സ്ഥാപിച്ചെടുക്കുവാൻ വേണ്ടി ബ്രാഹ്മണർ തന്നെ പടച്ചു വിട്ട കെട്ടു കഥയാണെന്ന് പിൽക്കാലത്തു ചരിത്രകാരൻമാർ കണ്ടെത്തിയിട്ടുണ്ട്.

ദക്ഷയാഗ സമയത്തുള്ള ശൈവ താണ്ഡവത്തിലെ നൃത്തച്ചുവടുകൾ ആണ് കളരിക്ക് ആധാരം എന്നാണ് മറ്റൊരു വിശ്വാസം, തിരുവനന്തപുരം കന്യാകുമാരി എന്നീ ജില്ലകളിൽ നിലവിൽ ഉള്ള തെക്കൻ കളരിയുടെ ഉപജ്ഞാതാവ് അഗസ്ത്യ മുനി ആണെന്നും ഉള്ള ഐതിഹ്യവും നിലവിൽ ഉണ്ട്.

കളരി പയറ്റിനെ കുറിച്ചുള്ള മറ്റൊരു ഐതിഹ്യം കളരി ധനുർവേദവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് എന്നാണ്. കളരി എന്ന പദം ഖലൂരിക എന്ന സംസ്‌കൃത പദത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് എന്നാണ് ആ അഭിപ്രായം. എന്നാൽ ധനുർവേദത്തിൽ നിന്നും വന്നതാണെങ്കിൽ ഭാരതത്തിന്റെ മറ്റു പ്രദേശങ്ങളിലും കളരി പ്രസക്തമായേനെ. മേല്പറഞ്ഞ കേരളോല്പത്തി കഥ പോലെ സ്ഥാപിത താല്പര്യത്തിനു വേണ്ടി ഉള്ള ഒരു കെട്ടു കഥ മാത്രം ആണ് ഇതെന്നാണ് ചരിത്രകാരൻ മാർ കണ്ടെത്തിയിട്ടുള്ളത്. മാത്രമല്ല കളം കളരി എന്നീ പദങ്ങൾ യുദ്ധക്കളങ്ങൾ അഭ്യാസ ഇടങ്ങൾ എന്ന അർത്ഥത്തിൽ തമിഴിലും മലയാളത്തിലും വ്യാപകമായി തന്നെ ഉപയോഗിക്കുന്ന ഒരു പദം ആണ്.

ഇത്തരത്തിൽ കളരി ചരിത്രവുമായി അറിയപ്പെടുന്ന വിവരങ്ങളിൽ പലതും പുരാണങ്ങളുമായി ബന്ധപ്പെട്ട കെട്ടുകഥകൾ ആയാണ് നില നിൽക്കുന്നത്.

പന്ത്രണ്ടാം നൂറ്റാണ്ടിൽ ചോള ചേര സാമ്രാജ്യങ്ങൾ തമ്മിൽ നടന്ന യുദ്ധ സമയത്തു അനിവാര്യതയുടെ ഭാഗമായി ഉടലെടുത്ത ആയോധന മുറയാണ് കളരി എന്നാണു ചരിത്രപരമായി പിൻബലം ഉള്ള ഒരു പ്രധാന നിരീക്ഷണം. പ്രശസ്ത ചരിത്രകാരൻ ആയ പ്രൊഫസർ ഇളം കുളം കുഞ്ഞൻ പിള്ളയാണ് തന്റെ ഗവേഷണത്തിലൂടെ ഈ നിരീക്ഷണം മുന്നിൽ വച്ചത്. കുലശേഖര ആൾവാറിൽ നിന്ന് ആരംഭിക്കുകയും രാമ വർമ്മ കുലശേഖരൻ എന്ന ചേരമാൾ പെരുമാൾ വരെ നിലനിൽക്കുകയും ചെയ്ത ചേര സാമ്രാജ്യ കാലഘട്ടം യുദ്ധങ്ങൾ നിറഞ്ഞതായിരുന്നു. ആ കാലഘട്ടത്തിൽ ഏഴ് വയസുമുതൽ എല്ലാവര്ക്കും നിബന്ധിത കളരി പരിശീലനം നൽകി എന്നാണ് പറയപ്പെടുന്നത്. ആ പരിശീലനത്തിന്റെ ബലത്തിൽ ചോള സൈന്യത്തോട് ചെറുത്ത് നിൽക്കാൻ ചേര സൈന്യത്തിന് സാധിച്ചു. പതിനഞ്ചാം നൂറ്റാണ്ടു മുതൽ തന്നെ കളരി യോദ്ധാക്കളെ കുറിച്ചും , കളരികളെ കുറിച്ചും ഉള്ള പരാമർശം പല ഗ്രന്ഥങ്ങളിലും ഉണ്ട്. അത് പോലെ തന്നെ കേരളത്തിലെ ആദിവാസി വിഭാഗങ്ങളിൽ കളരി പഠനം നില നിന്നിരുന്നു. ആദിവാസികളുടെ നൃത്തങ്ങളിലും കലകളിലും കളരിയുമായുള്ള ബന്ധം കാണാൻ കഴിയും. അത് പോലെ കളരിയിലെ ഉഴിച്ചിൽ ഉൾപ്പെടെ മിക്ക ചികിത്സാ രീതികൾ ആദിവാസി വിഭാഗങ്ങളും ചെയ്തു വരുന്നതാണ് എന്നതും ഈ ഒരു വാദത്തിനു ബലം നൽകുന്നതാണ്.

kalari-4bad98e6-6a2b-4ddf-bc14-8c9e5b28c1f6 (1)
kalari-4bad98e6-6a2b-4ddf-bc14-8c9e5b28c1f6 (1)
previous arrow
next arrow
kalari-4bad98e6-6a2b-4ddf-bc14-8c9e5b28c1f6 (1)
kalari-4bad98e6-6a2b-4ddf-bc14-8c9e5b28c1f6 (1)
previous arrow
next arrow