അള്ളടസ്വരൂപം 

പണ്ടുകാലത്തു ഭരണ സൗകര്യം കണക്കിലെടുത്തു നാട്ടു രാജാക്കൻമാർ അവരുടെ പ്രദേശങ്ങളെ അതിർത്തി തിരിച്ചു വിഭജിക്കാറുണ്ടായിരുന്നു.  അങ്ങനെ ഉള്ള കൊച്ചു നാട്ടു രാജ്യങ്ങളെ ആണ് സ്വരൂപങ്ങൾ എന്ന് വിളിക്കുന്നത്. 

പയ്യന്നൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിന്റെ പടിഞ്ഞാറേ കീറ് മുതൽ വടക്കു ചിത്താരിപ്പുഴ വരെ ആണ് അള്ളടം സ്വരൂപം. മക്കാതം നാട് എന്നും അള്ളടം നാടിനെ വിളിക്കാറുണ്ട് . 

കേരളത്തിന്റെ ഏറ്റവും വടക്കു വശത്തുള്ള സ്വരൂപമായ അള്ളട സ്വരൂപം നാല് താവഴികൾ ആയി പിരിഞ്ഞു കിടക്കുന്നു. മഠത്തിൽ കൂലകം, തെക്കേ കൂലകം, വടക്കേ കൂലകം , കിണാവൂർ കൂലകം എന്നിവയാണ്  അവ. കോവിലകം എന്ന വാക്കിന്റെ ലോപിച്ച രൂപം ആണ് കൂലകം.  അള്ളടം സ്വരൂപത്തിന്റെ ആസ്ഥാന കളരികൾ ആയ അതിഞ്ഞാൽ , കരിന്തളം എന്നീ കളരികൾ കേരളത്തിലെ തന്നെ പ്രശസ്തമായ കളരികൾ ആയിരുന്നു. 

നെടിയിരുപ്പ് സ്വരൂപം, കോല സ്വരൂപം , അള്ളട സ്വരൂപം ഇവ മൂന്നും പണ്ട് വടക്കൻ കേരളത്തിലെ പ്രധാനപ്പെട്ട സ്വരൂപങ്ങൾ ആയിരിന്നു. സാമൂതിരി രാജവംശത്തിന്റെ സ്വരൂപം ആണ് നെടിയിരുപ്പ് സ്വരൂപം. കോലത്തിരി രാജവംശങ്ങളുടെ ചിറക്കൽ ആസ്ഥാനം ആയി പ്രവർത്തിച്ചിരുന്ന സ്വരൂപം ആണ് കോല സ്വരൂപം. കോലത്തിരി രാജാക്കൻ മാർ തന്നെ ഭരിച്ചിരുന്ന കോല സാമ്രാജ്യത്തിന്റെ ഉത്തര ഭാഗത്തു നീലേശ്വരം കൊട്ടാരം ആസ്ഥാനം ആയി നില നിന്നിരുന്ന സ്വരുപം ആണ് അള്ളട സ്വരൂപം.

മറ്റു രണ്ടു സ്വരൂപങ്ങളെ അപേക്ഷിച്ചു സാമൂതിരി ഭരിച്ചിരിന്ന നെടിയിരിപ്പു സ്വരൂപം ഏറെ ശക്തമായിരുന്നു. അങ്ങനെ ഇരിക്കെ സാമൂതിരി കോവിലകത്തെ പങ്കിപിള്ളയാതിരി എന്ന് പേരുള്ള ഒരു തമ്പുരാട്ടിയെ കോലത്തിരി രാജാവിന്റെ  അനന്തരവൻ കേരളവർമ്മ വിവാഹം കഴിക്കാൻ ഇടയായി. തന്റെ രാജ്യത്തേക്ക് വധുവായി വന്ന സാമൂതിരി രാജകുടുംബത്തിലെ തമ്പുരാട്ടിക്കു അവരുടെ അന്തസ്സിനു അനുസരിച്ചുള്ള ഒരു കൊട്ടാരം പണിതു കൊടുക്കണം എന്ന് കോലത്തിരിക്കു തോന്നി. മരുമകനെയും തമ്പുരാട്ടിയെയും വിളിച്ചു വരുത്തി കോലസ്വരൂപത്തിൽ അവർക്കു ഇഷ്ട്ടമുള്ള സ്ഥലം ഏതെന്നു കോലത്തിരി ചോദിച്ചു. 

കോലത്തു നാടിന്റെ വടക്കേ ഭാഗമായ ഒളവറ മുതൽ ചിറ്റാരിപ്പുഴ വരെ ഉള്ള സ്ഥലം ആണ് തങ്ങൾക്കു ഇഷ്ടപ്പെട്ടത് എന്ന് തമ്പുരാട്ടി പറഞ്ഞു . അള്ളോൻ എന്ന നാടുവാഴി ആയിരുന്നു ആ പ്രദേശങ്ങൾ ഭരിച്ചു കൊണ്ടിരുന്നത്.  അള്ളോനിൽ നിന്നും ആസ്ഥലം പിടിച്ചെടുക്കണം എന്ന് തന്റെ കുല പരദേവത സ്വപ്നത്തിൽ അരുളി ചെയ്തതായി തമ്പുരാട്ടി കോലത്തിരിയോട് പറഞ്ഞു.  അക്കാലത്തു തെക്കു  കോരപ്പുഴ മുതൽ വടക്കു ചന്ദ്രഗിരി പുഴ വരെ നീളുന്ന  പ്രദേശം ആയിരുന്നു കോലത്തിരിയുടെ അധികാരത്തിൽ ഉണ്ടായിരുന്നത് അതിൽ പല പ്രദേശങ്ങളും ഭരിച്ചിരുന്നത് കോലത്തിരിയുടെ വിശ്വസ്തരായ പ്രഭുക്കന്മാരും , സമാന്തരൻ മാരും ആയിരിക്കുന്നു. ഭരണ സൗകര്യത്തിനു വേണ്ടി ആയിരുന്നു ഇങ്ങനെ ചെയ്തിരുന്നത്.  കൂത്താറ്റിലരശി , കുന്നു മംഗലത്ത് കൂവിൽ കുതിരവട്ടത്തരചി, അള്ളോൻ , മന്നോൻ, മാതോത്ത് കൂവിൽ , കൂക്കോട്ടു കൂവിൽ ഇവരായിരുന്നു പ്രധാനികളായ ഭൂപ്രഭുക്കൻ മാരും നാടുവാഴികളും. 

പക്ഷെ കോലത്തിരിയുടെ ആജ്ഞ അനുസരിക്കാൻ അള്ളോൻ തയ്യാറായില്ല , അയാൾ സ്ഥലം വിട്ടു കൊടുത്തില്ല മാത്രം ഇല്ല തന്റെ സഹോദരൻ മന്നോനെയും കൂട്ടി കോലത്തിരിക്കു എതിരെ യുദ്ധം ചെയ്യാൻ തീരുമാനിച്ചു . അങ്ങനെ അള്ളോനും മന്നോനും ഒരു സൈന്യം രൂപീകരിച്ചു നീലേശ്വരത്തു തമ്പടിച്ചു നിന്നു . ഇതറിഞ്ഞ കോലത്തിരി  വലിയ ഒരു  സൈന്യവുമായി വന്നു അള്ളോനെയും സഹോദരൻ മന്നോനെയും കീഴ്പെടുത്തി ആ പ്രദേശങ്ങൾ മുഴുവൻ  പിടിച്ചെടുത്തു. വടക്കൻ കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഒരു പ്രധാന പെട്ട ഒരു യുദ്ധം ആയിരുന്നു അത്. അങ്ങനെ അള്ളോനെ കീഴ്‌പ്പെടുത്തി പിടിച്ചെടുത്ത ഇടം ആയതു കൊണ്ട് അള്ളടം എന്ന്  ആ സ്വരൂപം പിൽക്കാലത്തു അറിയപ്പെട്ടു. 

പിടിച്ചെടുത്ത സ്ഥലങ്ങൾ എല്ലാം കോലത്തിരി തന്റെ ആരാധന മൂർത്തിയായ ക്ഷേത്രപാലകനെ  പ്രതിഷ്ഠിച്ചു ദേവസ്വം സ്വത്തുക്കൾ ആക്കി മാറ്റി. മടിയൻ കോവിലകം, ഉദിനൂർ കോവിലകം , മന്നം പുറത്ത് കാവ്, നീലേശ്വരം പടിഞ്ഞാറ്റൻ കൊഴുവിൽ , മടിക്കൈ എന്നിവിടങ്ങളിൽ എല്ലാം ക്ഷേത്ര പാലകന് ആരാധന സ്ഥാനം ഉണ്ട്. ഇത്തരത്തിൽ നിർമിച്ച ക്ഷേത്രങ്ങളുടെ എല്ലാം  ഭരണ സ്ഥാനം പ്രമുഖ നായർ തറവാട്ടുകാരെ ആയിരുന്നു ഏല്പിച്ചിരുന്നത്.  മുല്ലച്ചേരി  നായർക്കാണ് മടിയൻ കോവിലകത്തിന്റെ  ഭരണ ചുമതല ഏല്പിച്ചിരുന്നത്. ഇന്നും മുല്ലച്ചേരി തറവാട്ടിൽ ഉള്ളവർ മടിയൻ കോവിലകത്തെ പ്രധാന സ്ഥാനികർ ആണ് . 

പിന്നീട് തമ്പുരാട്ടിയുടെ പ്രതാപത്തിനു ഒത്ത മനോഹരമായ ഒരു കോവിലകം അള്ളട നാടിന്റെ ഭാഗമായ  നീലേശ്വരത്തു നിർമ്മിക്കപ്പെട്ടു . സാമൂതിരിക്ക് കോഴിക്കോട് തളി എന്ന പോലെ നീലേശ്വരത്തു നീലേശ്വരം തളി നിർമിച്ചു . സ്വരൂപത്തിന്റെ നിത്യ സംരക്ഷണത്തിന് നീലേശ്വരം തളിയിൽ ഒരു മഹാ ക്ഷേത്രവും പണിതു. കോലസ്വരൂപത്തിലെ പ്രമാണികളായ പലരും പിന്നീട് അള്ളടം പ്രദേശത്തേക്ക് താമസം മാറ്റി. പിന്നീട് കോലത്തിരിയുടെ അനന്തരവൻ കേരളവർമയേയും പത്നിയെയും രാജസ്ഥാനത്തു ഇരുത്തി ആചരിച്ചു.

അള്ളടം രാജസ്വരൂപത്തിനു ഒരു കാവൽപ്പടയു ഉണ്ടാക്കി. പടയാളികൾക്ക് ആയോധനം പരിശീലനം ചെയ്യുന്നതിനായി  കളരികളും സ്ഥാപിക്കപ്പെട്ടു.  കാര്യൻകോട് പുഴയ്ക്കു തെക്കു പുഴാൽ തെക്കും കരയിൽ 250 ഉം നീലേശ്വരം കളത്തേറ പുഴക്ക് വടക്കുള്ള പുഴാൽ വടക്കും കരയിൽ 250 ഉം നീലേശ്വരം തളിയിൽ പെട്ട പടിഞ്ഞാറ്റൻ കൊഴുവിൽ 250 ഉം കിഴക്കു പ്രദേശമായ കുന്നിനങ്ങാടിൽ 100 ഉം ചെറുവത്തൂരിൽ 100 ഉം പടയാളികളെ ആണ് നിശ്ചയിച്ചിരുന്നത് .

കാഞ്ഞങ്ങാട്ട് അതിഞ്ഞാലിൽ ഉണ്ടായിരുന്ന കമ്മാനാർ കളരിയും കിഴക്കു കരിന്തളം കളരിയും അങ്ങനെ രൂപീകരിക്കപ്പെട്ട പ്രധാന കളരികൾ ആണ്. കാലക്രമേണ നീലേശ്വരം ആസ്ഥാനമായി അള്ളട രാജ വംശം ഉത്തര കേരളത്തിലെ ഒരു പ്രധാന രാജവംശമായി വളർന്നു.

Screenshot 2025-03-09 at 9.27.12 PM
Screenshot 2025-03-09 at 9.30.17 PM
previous arrow
next arrow
Screenshot 2025-03-09 at 9.27.12 PM
Screenshot 2025-03-09 at 9.30.17 PM
previous arrow
next arrow