വടക്കൻ കേരളത്തിലെ പൂരോത്സവം

വടക്കൻ കേരളത്തിൽ പ്രത്യേകിച്ചും കണ്ണൂർ, കാസറഗോഡ് ജില്ലകളുടെ ചില ഭാഗങ്ങളിൽ മാത്രമായി കൊണ്ടാടുന്ന അതി മനോഹരവും വളരെ പ്രത്യേകതകൾ നിറഞ്ഞതുമായ ആഘോഷം ആണ് പൂരോത്സവം അഥവാ പൂരം. പേര് പൂരം എന്നാണെങ്കിലും പ്രശസ്തമായ ത്യശ്ശൂർ പൂരമോ അല്ലെങ്കിൽ മറ്റു അമ്പലങ്ങളിൽ നടക്കുന്ന പൂരങ്ങളോ പോലുള്ള ഒരു ആഘോഷം അല്ല വടക്കൻ കേരളത്തിലെ പൂരം. മലയാള മാസം മീനത്തിലെ കാർത്തിക നക്ഷത്രം മുതൽ പൂരം നക്ഷത്രം വരെ ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ആണ് പൂരോത്സവം. ബാലികമാർ പൂക്കൾ കൊണ്ട് കാമ ദേവനെ പൂജിക്കുന്ന ഈ ഉത്സവം ഉത്തര കേരളത്തിന്റെ വസന്തോത്സവം ആയാണ് അറിയപ്പെടുന്നത്.

പൂരോത്സവത്തിൽ പരമ പ്രധാന സ്ഥാനം ബാലികമാർക്കാണ്. പൂര ദിനങ്ങളിൽ മണ്ണ് കൊണ്ടോ, ചാണകം കൊണ്ടോ കാമ വിഗ്രഹം ഉണ്ടാക്കി പൂ കൊണ്ട് അലങ്കരിച്ചു പൂജിക്കുന്നതാണ് പ്രധാന ചടങ്. ഇത്തരത്തിൽ ഉണ്ടാക്കുന്ന വിഗ്രഹങ്ങളെ കാമൻ എന്നാണ് വിളിച്ചു പോരുന്നത്. ചില സ്ഥലങ്ങളിൽ മണ്ണോ ചാണകമോ ഉപയോഗിക്കാതെ വെറും പൂക്കൾ കൊണ്ടു മാത്രം കാമ ദേവ വിഗ്രഹം ഉണ്ടാക്കാറുണ്ട് .

ചില ഇടങ്ങളിൽ ഒൻപതു ദിവസങ്ങൾക്കു പകരം ഏഴ് ദിവസം മാത്രം ആണ് പൂരം ആഘോഷിക്കാറുള്ളത്. പൂരത്തിന്റെ ആദ്യ ദിനങ്ങളിൽ വെറും പൂക്കൾ കൊണ്ടും, പിന്നെ കാമ ദേവന്റെ വിഗ്രഹം ഉണ്ടാക്കിയുമാണ് പൂജ ചെയ്യുന്നത്. ഏഴ് ദിവസം പൂരം ആഘോഷിക്കുന്നവർ ആദ്യത്തെ മൂന്ന് ദിവസങ്ങൾ വെറും പൂക്കൾ കൊണ്ടും, പിന്നീടുള്ള നാലു ദിവസങ്ങൾ ചാണകം കൊണ്ടോ മണ്ണ് കൊണ്ടോ കാമൻ ഉണ്ടാക്കിയും ആണ് പൂജ നടത്തുന്നത്. ആദ്യത്തെ ദിവസങ്ങളിൽ കിണറിന്റെ വക്കത്തും, പിന്നീട് മുറ്റത്തും ആയാണ് പൂജ ചെയ്യുന്നത്. കാമന്റെ എണ്ണങ്ങളിലും പല സ്ഥലങ്ങളിലും വ്യത്യാസം ഉണ്ട്. മൂന്ന്, അഞ്ചു, ഏഴ്, ഒമ്പത് , പിന്നെ വലിയ കാമൻ (തൊണ്ടൻ കാമൻ ) എന്നീ എണ്ണങ്ങളിൽ ആണ്‌ സാദാരണയായി ഓരോ ദിവസങ്ങൾ കഴിയുന്തോറും യഥാക്രമം കാമനെ ഉണ്ടാക്കുന്നത്. പടിപ്പുരക്ക് പുറത്തുള്ള ചെമ്പകപ്പൂ , മുരിക്കിൻ പൂ, നരയൻ പൂ, എരിഞ്ഞിപൂ തുടങ്ങിയ പൂക്കൾ ആണ് പൂരത്തിന് പൂവിടാൻ ഉപയോഗിക്കുന്നത്.

വീട്ടിലെ മുതിർന്നവരുടെ സഹായത്തോടെ ബാലികമാരാണ് സാധാരണയായി പൂവിടുന്നതും പൂജ ചെയ്യുന്നതും, ബാലിക മാർ ഇല്ലാത്ത ഇടങ്ങളിൽ ബാലകൻ മാരോ മുതിർന്നവരോ തന്നെ ഈ ചടങ്ങുകൾ ചെയ്യാറുണ്ട്. പൂര ചടങ്ങുകൾ ചെയ്യുന്ന ബാലിക ബാലകൻ മാരെ പൂര കുഞ്ഞികൾ എന്നാണ് പറയാറുള്ളത്. (കുട്ടികൾ എന്നതിന്റെ വടക്കൻ ഭാഷ്യം ആണ് കുഞ്ഞികൾ). എല്ലാ ദിവസവും കാമദേവന് വെള്ളം കൊടുക്കുന്നു എന്ന സങ്കൽപ്പത്തിൽ പൂരക്കുഞ്ഞികൾ പൂക്കളിലോ , കാമ വിഗ്രഹത്തിലോ വെള്ളം തെളിക്കുന്ന ചടങ്ങും ഉണ്ട്. കുറച്ചു ആളുകൾ കൂടിച്ചേർന്നു കുരവ ഇട്ടു കൊണ്ടാണ് സാധാരണയായി കാമനു വെള്ളം കൊടുക്കാറുള്ളത്. പൂരോത്സവത്തിന്റെ അവസാന ദിവസം പൂരം കുളി ദിവസം എന്നാണ് അറിയപ്പെടുന്നത്. അവസാന ദിവസം കാമനെ യാത്രയാക്കുന്നതിനും ചില ചടങ്ങുകൾ ഉണ്ട്. യാത്രയാകുന്ന ദിവസം കാമന് ഉച്ചയ്ക്ക് കഞ്ഞി നൽകുന്നതും വൈകുന്നേരം അട ചുട്ടു നൽകുകയും ചെയ്യും. ശർക്കരയും, തേങ്ങയും, ഏലക്ക പൊടിയും, അരിമാവും ചേർത്താണ് കാമനുള്ള അട തയ്യാറാക്കുന്നത്.

ഒൻപതാം നാൾ സന്ധ്യക്ക്‌ ശേഷം ആണ് കാമനെ യാത്രയാക്കുന്ന ചടങ്ങുകൾ ആരംഭിക്കുന്നത്. യാത്രയാക്കുന്നതിന്റെ പ്രതീകമായി പൂജ ചെയ്ത പൂക്കളും കാമ വിഗ്രഹവും കോരി നിലവിളക്കു കത്തിച്ചു അടുത്തുള്ള പ്ലാവ് മരത്തിന്റെ ചുവട്ടിലോ, അല്ലെങ്കിൽ മറ്റേതെങ്കിലും പാലുള്ള മരത്തിന്റെ ചുവട്ടിലോ അല്ലെങ്കിൽ നിശ്ചയിച്ച ഏതെങ്കിലും സ്ഥലത്തോ നിക്ഷേപിക്കുന്നതാണ് പതിവ് , ചുവട്ടിൽ കാമനെ നിക്ഷേപിച്ചാൽ ചുട്ടുവെച്ച അടകളും നിവേദ്യമായി അർപ്പിക്കും. അടുത്ത വര്ഷം നേരത്തെ കാലത്തേ വരണെ കാമാ എന്ന് തുടങ്ങുന്ന ചില നാടൻ പാട്ടുകൾ പാടി ആണ് കാമനെ യാത്രയാകുന്നത്.

പൂരാഘോഷത്തിനു പിന്നിലുള്ള ഐതിഹ്യം സാക്ഷാൽ പരമശിവനും കാമദേവനും ചേർന്നുള്ള ഒരു കഥയുമായി ബന്ധപ്പെട്ടതാണ്. സതീ ദേവിയുടെ മരണത്തെ തുടർന്ന് ദുഖിതനായ പരമശിവൻ തപസ്സനുഷ്ഠിക്കാൻ തുടങ്ങി. എന്നാൽ ശിവന്റെ മനസ്സിൽ പാർവതി ദേവിയോടുള്ള പ്രേമം ജനിപ്പിക്കാൻ ദേവന്മാർ തീരുമാനമെടുത്തു. അതനുസരിച്ചു കാമദേവൻ ശിവന്റെ ദേഹത്ത് പുഷ്പാസ്ത്രം തൊടുത്തു വിട്ടു. എന്നാൽ തപസ്സിൽ നിന്നും ഉണർന്ന പരമശിവൻ കോപം കൊണ്ട് വിറക്കുകയും തന്റെ തൃക്കണ്ണ് തുറന്നു കാമദേവനെ ഭസ്മമാക്കിക്കളയുകയും ചെയ്തു.

കാമദേവൻ ഭസ്മമായതറിഞ്ഞു കാമദേവന്റെ പത്നി രതീ ദേവിയും ദേവതകളും അതീവ ദുഖിതരായി. സാക്ഷാൽ പാർവതി ദേവിയെ കണ്ടു അവർ തങ്ങളുടെ സങ്കടം ഉണർത്തിച്ചു. രതീ ദേവിയുടെയും ദേവതകളുടെയും ദുഃഖത്തിൽ മനസ്സലിഞ്ഞ പരമശിവൻ. കാമ ദേവനെ പുനർജനിപ്പിക്കും എന്ന് പറഞ്ഞു അവരെ ആശ്വസിപ്പിച്ചു. കൂടാതെ പൂക്കൾ കൊണ്ട് കാമദേവന്റെ രൂപം ഉണ്ടാക്കി പ്രാർത്ഥിക്കാൻ ദേവതമാരോട് പരമശിവൻ ആവശ്യപ്പെട്ടു. അങ്ങനെ കാമദേവന് പുനർജ്ജന്മം ലഭിച്ചു. കാമദേവന് പുനർജ്ജന്മം ലഭിച്ച സന്തോഷത്തിൽ ദേവതമാർ നൃത്തം ചെയ്യുകയും ആ നൃത്തത്തിൽ പരമേശ്വരനും പങ്കെടുക്കുകയും ചെയ്തു , ആ നൃത്തത്തിന്റെ പ്രതീകമായാണ് പൂരക്കളി ആഘോഷിക്കുന്നത് എന്നാണ് വിശ്വാസം. പൂരോത്സവം ബാലികമാരാണ് ആഘോഷിക്കുന്നതെങ്കിൽ പൂരക്കളി പുരുഷൻ മാരാണ് കളിക്കാറുള്ളത്.

വീടുകൾക്ക് പുറമെ ചില കാവുകളിലും പൂരം ആഘോഷിക്കാറുണ്ട്. മടായി കാവിലെ പൂരാഘോഷം വളരെ പ്രശാസ്തമാണ്

pooram-6e054ebe-240c-4c68-81b8-d3a8956cf414
pooram-472aebc7-9495-42f4-be96-99cd2a6dbde8
pooram-1098e3fd-0d9d-436d-a6a4-ddf0c46ef0ee
pooram-7313d87a-52e1-43c3-987b-07a231f62c8d
pooram-8141b66b-d83e-464a-8e77-33b18151bd6b
previous arrow
next arrow
pooram-6e054ebe-240c-4c68-81b8-d3a8956cf414
pooram-472aebc7-9495-42f4-be96-99cd2a6dbde8
pooram-1098e3fd-0d9d-436d-a6a4-ddf0c46ef0ee
pooram-7313d87a-52e1-43c3-987b-07a231f62c8d
pooram-8141b66b-d83e-464a-8e77-33b18151bd6b
previous arrow
next arrow