വടക്കൻ കേരളത്തിലെ പൂരോത്സവമുമായി ബന്ധപെട്ടു കിടക്കുന്ന ഒരു കലാ രൂപം ആണ് പൂരക്കളി. അത് കൊണ്ട് തന്നെ പൂരക്കളിയെ കുറിച്ച് പറയുമ്പോൾ പൂരോത്സവത്തെ കുറിച്ചുള്ള ഒരു ആമുഖം ആവശ്യം ആണ്.
വടക്കൻ കേരളത്തിൽ പ്രത്യേകിച്ചും കണ്ണൂർ, കാസറഗോഡ് ജില്ലകളുടെ ചില ഭാഗങ്ങളിൽ മാത്രമായി കൊണ്ടാടുന്ന അതി മനോഹരവും വളരെ പ്രത്യേകതകൾ നിറഞ്ഞതുമായ ആഘോഷം ആണ് പൂരോത്സവം അഥവാ പൂരം. പേര് പൂരം എന്നാണെങ്കിലും പ്രശസ്തമായ ത്യശ്ശൂർ പൂരമോ അല്ലെങ്കിൽ മറ്റു അമ്പലങ്ങളിൽ നടക്കുന്ന പൂരങ്ങളോ പോലുള്ള ഒരു ആഘോഷം അല്ല വടക്കൻ കേരളത്തിലെ പൂരം. മലയാള മാസം മീനത്തിലെ കാർത്തിക നക്ഷത്രം മുതൽ പൂരം നക്ഷത്രം വരെ ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ആണ് പൂരോത്സവം. ബാലികമാർ പൂക്കൾ കൊണ്ട് കാമ ദേവനെ പൂജിക്കുന്ന ഈ ഉത്സവം ഉത്തര കേരളത്തിന്റെ വസന്തോത്സവം ആയാണ് അറിയപ്പെടുന്നത്.
അതി പ്രാചീനമായ ഉത്സവം ആണ് പൂരോത്സവം, സംഘ കാലം മുതൽ തന്നെ പൂരോത്സവം നിലവിൽ ഉണ്ടായിരുന്നു എന്നതിന് തെളിവുകൾ ഉണ്ട്. അള്ളട സ്വരൂപത്തിലും കോല സ്വരൂപത്തിലും (വടക്ക് ചന്ദ്രഗിരി പുഴ മുതൽ തെക്ക് വളപട്ടണം പുഴ വരെ ഉള്ള പ്രദേശങ്ങളിൽ) ആണ് ഇന്ന് പൂരോത്സവം നിലവിൽ ഉള്ളത്. പണ്ടുകാലത്ത് തെക്കു കോര പുഴ വരെ പൂരോത്സവം നില നിന്നിരുന്നു, എന്നാൽ ഇന്ന് വളപട്ടണം പുഴയുടെ തെക്കു ഭാഗത്ത് പൂരോത്സവം നിലവിൽ ഇല്ല.അതി പ്രാചീനമായ ഉത്സവം ആണ് പൂരോത്സവം, സംഘ കാലം മുതൽ തന്നെ പൂരോത്സവം നിലവിൽ ഉണ്ടായിരുന്നു എന്നതിന് തെളിവുകൾ ഉണ്ട്. അള്ളട സ്വരൂപത്തിലും കോല സ്വരൂപത്തിലും (വടക്ക് ചന്ദ്രഗിരി പുഴ മുതൽ തെക്ക് വളപട്ടണം പുഴ വരെ ഉള്ള പ്രദേശങ്ങളിൽ) ആണ് ഇന്ന് പൂരോത്സവം നിലവിൽ ഉള്ളത്. പണ്ടുകാലത്ത് തെക്കു കോര പുഴ വരെ പൂരോത്സവം നില നിന്നിരുന്നു, എന്നാൽ ഇന്ന് വളപട്ടണം പുഴയുടെ തെക്കു ഭാഗത്ത് പൂരോത്സവം നിലവിൽ ഇല്ല.
പൂരോത്സവത്തിൽ പരമ പ്രധാന സ്ഥാനം ബാലികമാർക്കാണ്. പൂര ദിനങ്ങളിൽ മണ്ണ് കൊണ്ടോ, ചാണകം കൊണ്ടോ കാമ വിഗ്രഹം ഉണ്ടാക്കി പൂ കൊണ്ട് അലങ്കരിച്ചു പൂജിക്കുന്നതാണ് പ്രധാന ചടങ്ങ്. ഇത്തരത്തിൽ ഉണ്ടാക്കുന്ന വിഗ്രഹങ്ങളെ കാമൻ എന്നാണ് വിളിച്ചു പോരുന്നത്. ചില സ്ഥലങ്ങളിൽ മണ്ണോ ചാണകമോ ഉപയോഗിക്കാതെ വെറും പൂക്കൾ കൊണ്ടു മാത്രം കാമ ദേവ വിഗ്രഹം ഉണ്ടാക്കാറുണ്ട് .
പൂരാഘോഷത്തിനു പിന്നിലുള്ള ഐതിഹ്യം സാക്ഷാൽ പരമശിവനും കാമദേവനും ചേർന്നുള്ള കഥയുമായി ബന്ധപ്പെട്ടതാണ്. സതീ ദേവിയുടെ മരണത്തെ തുടർന്ന് ദുഖിതനായ പരമശിവൻ തപസ്സനുഷ്ഠിക്കാൻ തുടങ്ങി. എന്നാൽ ശിവന്റെ മനസ്സിൽ പാർവതി ദേവിയോടുള്ള പ്രേമം ജനിപ്പിക്കാൻ ദേവന്മാർ തീരുമാനമെടുത്തു. അതനുസരിച്ചു കാമദേവൻ ശിവന്റെ ദേഹത്ത് പുഷ്പാസ്ത്രം തൊടുത്തു വിട്ടു. എന്നാൽ തപസ്സിൽ നിന്നും ഉണർന്ന പരമശിവൻ കോപം കൊണ്ട് വിറക്കുകയും തന്റെ തൃക്കണ്ണ് തുറന്നു കാമദേവനെ ഭസ്മമാക്കിക്കളയുകയും ചെയ്തു.
കാമദേവൻ ഭസ്മമായതറിഞ്ഞു കാമദേവന്റെ പത്നി രതീ ദേവിയും ദേവതകളും അതീവ ദുഖിതരായി. സാക്ഷാൽ പാർവതി ദേവിയെ കണ്ടു അവർ തങ്ങളുടെ സങ്കടം ഉണർത്തിച്ചു. രതീ ദേവിയുടെയും ദേവതകളുടെയും ദുഃഖത്തിൽ മനസ്സലിഞ്ഞ പരമശിവൻ. കാമ ദേവനെ പുനർജനിപ്പിക്കും എന്ന് പറഞ്ഞു അവരെ ആശ്വസിപ്പിച്ചു. കൂടാതെ പൂക്കൾ കൊണ്ട് കാമദേവന്റെ രൂപം ഉണ്ടാക്കി പ്രാർത്ഥിക്കാൻ ദേവതമാരോട് പരമശിവൻ ആവശ്യപ്പെട്ടു. അങ്ങനെ കാമദേവന് പുനർജ്ജന്മം ലഭിച്ചു.
കാമദേവന് പുനർജ്ജന്മം ലഭിച്ച സന്തോഷത്തിൽ ദേവതമാർ നൃത്തം ചെയ്യുകയും ആ നൃത്തത്തിൽ പരമേശ്വരനും പങ്കെടുക്കുകയും ചെയ്തു, ആ നൃത്തത്തിന്റെ പ്രതീകമായാണ് പൂരക്കളി ആഘോഷിക്കുന്നത് എന്നാണ് വിശ്വാസം. പൂരോത്സവം ബാലികമാരാണ് ആഘോഷിക്കുന്നതെങ്കിൽ പൂരക്കളി പ്രധാനമായും പുരുഷൻ മാരാണ് കളിക്കാറുള്ളത്. പണ്ട് കാലത്ത് പെൺകുട്ടികൾ ആണ് പൂരക്കളി കളിച്ചിരുന്നത് എന്നാണ് വിശ്വാസം.
പ്രായ വ്യതാസം ഇല്ലാതെ ആർക്കും പൂരക്കളിയിൽ പങ്കെടുക്കാം. പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിലും കൃത്യമായ നിബന്ധനകൾ പൂരക്കളിക്കു ഇല്ല. പൂരക്കളി നിയന്ത്രിക്കുന്ന ആളെ പണിക്കർ എന്നാണ് വിളിക്കാറ്. പണിക്കർക്കു പൂരക്കളിയിൽ അതി വൈദഗ്ദ്യവും പൂരപ്പാട്ടുകളിൽ അസാമാന്യ പാണ്ഡിത്യവും ഉണ്ടായിരിക്കണം. പൂരക്കളി നടക്കുന്ന എല്ലാ കാവുകളിലും കളി നിയന്ത്രിക്കാൻ ഒരു പണിക്കരെ ആചാരപ്പെടുത്തുകയാണ് പതിവ്.
കത്തിച്ചു വെച്ച നിലവിളക്കിനു ചുറ്റും നിന്നാണ് പൂരക്കളി കളിക്കുന്നത്. പൂരക്കളി പാട്ടുകളെ പൂരമാലകൾ അല്ലെങ്കിൽ പതിനെട്ടു നിറങ്ങൾ എന്നാണ് അറിയപ്പെടുന്നത്. പൂര മാലയിലെ പതിനെട്ട് നിറങ്ങൾക്കും അതിന്റെതായ രാഗങ്ങളും ചുവടുകളും ഉണ്ട്. കാമദേവനെ പുനർജനിപ്പിക്കുന്നതിനായി ദേവ കന്യകമാർ വിഷ്ണുവിന്റെ നിർദേശ പ്രകാരം പതിനെട്ടു തരം രാഗങ്ങളിലും പതിനെട്ടു തരം നിറങ്ങളിലും നൃത്തം ചെയ്തിരുന്നുവെന്നും അങ്ങനെ ആണ് പൂരക്കളിക്കു പതിനെട്ടു നിറങ്ങൾ വന്നതെന്നും എന്നാണ് ഐതിഹ്യം.
പതിനെട്ടു നിറങ്ങൾ കഴിഞ്ഞാൽ താര തമ്യേന ബുദ്ധിമുട്ടേറിയ വൻകളികൾ എന്നറിയപ്പെടുന്ന ഗണപതി പാട്ട് , രാമായണം, ഇരട്ട, അങ്കം തുടങ്ങിയ കളികൾ ആണ് പൂരക്കളിയിൽ ഉള്ളത്. ഏറ്റവും അവസാനം അതാതു ക്ഷേത്രത്തിലെ ദേവീ ദേവന്മാരെ സ്തുതിച്ചു കൊണ്ടാണ് പൂരക്കളി സമാപിക്കുന്നത്.
പൂര കളി മത്സരിച്ചു നടത്തുന്നതിനെ ആണ് മറുത്തു(മത്സര) കളി എന്ന് പറയുന്നത്. രണ്ടു കാവുകൾ തമ്മിലോ, അല്ലെങ്കിൽ രണ്ടു പൂരക്കളി സങ്കങ്ങൾ തമ്മിലോ ആണ് മറുത്തു കളി ഉണ്ടാവാറ്.
മത്സരിക്കുന്ന വിഭാഗത്തിലെ പണിക്കർമാർ ശാസ്ത്രം, തർക്കം, ജ്യോതിഷം , നാട്യ ശാസ്ത്രം, രാഷ്ട്ര മീമാംസ ഇനീ വിഷയങ്ങൾ എല്ലാം വാദ പ്രതിവാദങ്ങൾ നടത്തുന്ന പതിവും ഉണ്ട്.
ആറ് ശാസ്ത്രങ്ങൾ, നാല് വേദങ്ങൾ, പതിനെട്ടു പുരാണങ്ങൾ എന്നിവയിൽ പണിക്കർക്ക് അറിവുണ്ടായിരിക്കണം എന്നാണ് കരുത പെടുന്നത്. സ്വാഭാവികമായും ഈ അറിവുകൾ സായക്തമാവാൻ വർഷങ്ങൾ പരിശ്രമിക്കേണ്ടി വരും.
പണിക്കർ പാടുന്ന പാട്ട് ബാക്കി കളിക്കാർ ഏറ്റു പാടിക്കൊണ്ടാണ് ചുവടുകൾ വെക്കുന്നത്. വായ് പാട്ടല്ലാതെ പൂരക്കളിക്ക് വേറെ വാദ്യങ്ങൾ ഒന്നും ഉപയോഗിക്കാറില്ല.
പൂരക്കളിയിലെ ചുവടുകൾക്ക് കളരി പയറ്റിന്റ ചുവടുകളോട് ഏറെ സാമ്യം ഉണ്ട്. കളരിയിലെ വസ്ത്രമായ കച്ചിയും ചുറയും കെട്ടുന്നതിനു സമാനമായാണ് പൂരക്കളിയിലെ പട്ടുടുപ്പും ഉറുമാലും കെട്ടുന്നത്. പൂരക്കളിയിലെ ബുദ്ധി മുട്ടേറിയ വൻ കളികൾക്ക് ഒക്കെ ചുവടു വെക്കുമ്പോൾ നല്ല മെയ്‌വഴക്കം ആവശ്യമുണ്ട്. അത് കൊണ്ട് തന്നെ കളരിയിലെ ചില ചുവടുകൾ അഭ്യസിച്ചവർക്കു പൂരക്കളി കുറച്ചു കൂടെ അനായാസമായി ചെയ്യാൻ പറ്റും.
കാവുകൾക്കു പുറമെ സ്കൂൾ യുവജനോത്സവം പോലുള്ള മറ്റു ആഘോഷങ്ങളിലും ഇന്ന് പൂരക്കളി കളിക്കാറുണ്ട്.
പുരാതനമായ ഒരു കലാ രൂപമായതു കൊണ്ട് തന്നെ പൂരക്കളികളിൽ വിവിധ തരം ചടങ്ങുകൾ ഉൾപ്പെട്ടിട്ടുണ്ട്. വീട്ടയം കൊടുക്കൽ, കൂട്ടിക്കൊണ്ടുവരൽ, ദൈവത്തറ ഉണ്ടാക്കൽ, പൂവിടൽ , പന്തൽ കളി, കഴകം കയറൽ, പന്തൽ കളി മാറൽ എന്നിങ്ങനെ ആണ് വിവിധ ചടങ്ങുകൾ.
വീട്ടയം കൊടുക്കൽ – പണിക്കരുടെ വീട്ടിൽ ചെന്ന് ദീപത്തിന്റെ മുന്നിൽ വച്ച് പ്രസാദവും വെള്ളി നാണയവും നൽകി പണിക്കരെ പൂരക്കളി നടത്തിത്തരാൻ ഏല്പിക്കുന്ന ചടങ്ങാണ് വീട്ടയം കൊടുക്കൽ.
കൂട്ടിക്കൊണ്ടുവരൽ – പൂരക്കളിക്കായി പണിക്കരെ കാവിലേക്കോ പൂരക്കളി നടക്കുന്ന സ്ഥലത്തേക്കോ കൂട്ടി കൊണ്ട് വരുന്ന ചടങ്ങാണ് കൂട്ടിക്കൊണ്ടുവരൽ.
ദൈവത്തറ ഉണ്ടാക്കൽ – പൂരക്കളി നടക്കുന്ന കാവിന്റെയോ തറവാടിന്റെയോ പുറത്തായി പൂരക്കളിക്കുള്ള സ്ഥലം ഒരുക്കി പന്തൽ നിർമിച്ചു കന്നി മൂലയിൽ മണ്ണ് കൊണ്ട് അഞ്ചോ , ഏഴോ, ഒമ്പതോ പടികളുള്ള ദൈവത്തറ ഉണ്ടാക്കുന്ന ചടങ്ങാണ് ഉണ്ടാക്കൽ
പൂവിടൽ – ദൈവത്തറയിൽ പൂവിടുന്ന ചടങ്ങാണ് ഇത് . തുമ്പപ്പൂവോ ചെമ്പകപ്പൂവോ ആണ് പൂവിടാൻ ഉപയോഗിക്കുന്നത്. പുറം പന്തലിൽ നിന്നും കളി അകത്തേക്ക് മാറുന്നത് വരെ പൂവിടൽ തുടരും.
പന്തൽ കളി – താത്കാലികമായി നിർമിച്ച പുറംപന്തലിൽ നിന്നും നടക്കുന്ന പൂരക്കളിക്കാണ് പന്തൽ കളി എന്ന് പറയുന്നത്.
പന്തൽ കളി മാറൽ – പുറം പന്തലിൽ നിന്നും കളി നിർത്തി ക്ഷേത്രത്തിനകത്തുള്ള കളിസ്ഥലത്ത് പൂരക്കളി തുടങ്ങുന്നതിനെ ആണ് പന്തൽ കളി മാറൽ എന്ന് പറയുന്നത്. പൂരോത്സവം തുടങ്ങുന്ന നാളിലോ മകയീര്യം നാളിലോ ആണ് ഇങ്ങനെ പുറം പന്തലിലെ കളി നിർത്തി കാവിന്റെ തിരുമുറ്റത്ത് നിന്നും കളി ആരംഭിക്കുന്നത്.