അതി പ്രാചീനമായ ഒരു ആയോധന കലയാണെങ്കിലും വളരെ ചിട്ടയോടു കൂടി ശാസ്ത്രീയമായ രീതിയിൽ ആണ് കളരി പഠനം ക്രമീകരിച്ചിരിക്കുന്നത്. കളരി പഠനത്തെ പ്രധാനമായും നാല് ഘട്ടങ്ങൾ ആയാണ് തരം തിരിച്ചിട്ടുള്ളത്. മെയ് പയറ്റ്, കോൽ പയറ്റ്, ആയുധ പയറ്റു, വെറും കൈ പ്രയോഗം എന്നിവയാണ് ഈ നാല് ഘട്ടങ്ങൾ. മേയ്ത്താരി , കോൽത്താരി, അങ്കത്താരി, വെറുംകൈ എന്നിങ്ങനെ ആണ് ഈ ഘട്ടങ്ങളുടെ കളരി ഭാഷ്യം. മേല്പറഞ്ഞ ഘട്ടങ്ങൾക്കു പുറമെ ചില മർമ വിദ്യ, ഉഴിച്ചിൽ, ചികിത്സാ എന്നിവയും കളരി പഠനത്തിന്റെ അവസാന ഭാഗം ഉൾപ്പെട്ടിട്ടുണ്ട്. കളരി പഠനത്തിൽ സ്വാഭാവികമായി സംഭവിച്ചേക്കാവുന്ന ചെറിയ ചെറിയ പരുക്കുകൾ ഭേദപ്പെടുത്താൻ ഈ കളരി ചിക്ലിസാ സമ്പ്രദായം ഒരു പരിധി വരെ പര്യാപ്തമാണ്.
ഗുരുകുല രീതിയിൽ ആണ് കളരി പയറ്റ് അഭ്യസിച്ചു വരുന്നത്. ഗുരു വായ്മൊഴിയിലൂടെ ആണ് കളരി കളരിപയറ്റ് അഭ്യസിക്കുന്ന സ്ഥലത്തെ കളരി എന്നാണ് വിളിക്കാറ്. ഒരു ക്ഷേത്ര സമാനമായി അതി പരിപാവനമായാണ് കളരിയെ ഗുരു ശിഷ്യൻ മാർ കരുതുന്നത്.
മേൽ വിവരിച്ചപോലെ കളരിപ്പയറ്റിന്റെ ആദ്യ ഘട്ടം ആണ് മെയ്പ്പയറ്റു. അതി കഠിനമായ കളരി അഭ്യാസം സായക്തമാക്കാൻ ശരീരത്തെ പ്രാപ്തവും വഴക്കമുള്ളതും ആക്കുക എന്നതാണ് മെയ്പ്പയറ്റു കൊണ്ട് ഉദ്ദേശിക്കുന്നത്. കയറ്റം, ഇറക്കം, ഒഴിച്ചിൽ, തിരിച്ചിൽ എന്നിങ്ങനെ ഉള്ള വിദ്യകൾ മെയ്പയറ്റിലൂടെ വിദ്യാർഥികൾ സായക്തമാക്കുന്നു.
മേയ്ത്താരി പഠിച്ചു കഴിയുന്നതോടെ രണ്ടാം ഘട്ടമായ കോൽത്താരിയിലേക്കു പ്രവേശിക്കാം. പന്തീരാൻ, മുച്ചാൺ, ഒറ്റ എന്നീ മുറകൾ ആണ് കോൽപയറ്റിൽ ഉള്ളത്. യഥാർത്ഥ ആയുധം വെച്ചുള്ള പയറ്റ് തുടങ്ങുന്നതിനു മുൻപേ ആയുധം ഉപയോഗിക്കുന്നതിനു ആവശ്യമായ സമർത്യവും കൈ വഴക്കവും കോൽപയറ്റിലൂടെ സായക്തമാകുന്നു. മെയ് പയറ്റും കോൽപ്പയറ്റും കഴിയുന്നതോടെ ചടുലതയോടെ ആക്രമിക്കാനും ആക്രമണത്തിൽ നിന്നും വേഗത്തിൽ ഒഴിഞ്ഞു മാറാനും അഭ്യാസി പഠിച്ചിരിക്കും.
മൂന്നാം ഘട്ടമായ അങ്കത്താരിയിൽ യഥാർത്ഥ ആയുധങ്ങൾ വെച്ചിട്ടുള്ള പരിശീലനം ആണ് ഉൾപെട്ടിട്ടുള്ളത്. കുന്തം, വാൾ , പരിച, ഉറുമി , ഗദ എന്നിങ്ങനെ ഉള്ള ആയുധങ്ങൾ ആണ് പരിശീലനത്തിന് ഉപയോഗിക്കുന്നത്. പണ്ട് കാലത്തു അങ്കത്താരിയിൽ അസ്ത്രവിദ്യയും ഉൾപ്പെട്ടിരുന്നു എന്നാൽ കാല ക്രമേണ അസ്ത്ര വിദ്യ കളരിയിൽ നിന്നും അന്യമായി.
അഭ്യാസ മുറകളിൽ നാലാമത്തേതും അവസാനത്തേതും ആണ് വെറുംകൈ പയറ്റ്. ഇതിൽ വെറും കൈ കൊണ്ടുള്ള പയറ്റും വെറും കൈ കൊണ്ട് ആയുധ ധാരിയായ എതിരാളിയോടൊത്തുള്ള പയറ്റും ഉൾപ്പെട്ടിരിക്കുന്നു. ആദ്യത്തെ മൂന്നു ഘട്ടങ്ങളും പയറ്റി തെളിഞ്ഞവർക്കു മാത്രമേ വെറും കൈ പയറ്റ് അനായാസമായി പഠിക്കാൻ സാധിക്കുകയുള്ളു.
ശിഷ്യന്മാരുടെ സ്വഭാവ ഗുണങ്ങൾ നോക്കി മാത്രമേ മർമ വിദ്യ പോലുള്ള അപകട സാധ്യത ഏറെ ഉള്ള വിദ്യകൾ ഗുരുക്കൾ പറഞ്ഞു കൊടുക്കുകയുള്ളു. അത്യധികം അപകടകാരികൾ ആയ മർമ വിദ്യകൾ സ്വാർത്ഥ താല്പര്യത്തിനു വേണ്ടി ഉപയോഗിക്കുകയില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ഗുരുക്കൾ ശിഷ്യന്മാർക്കു പകർന്നു കൊടുക്കുകയുള്ളു.
ഏഴാം വയസിൽ കളരി പഠനത്തിന് ഇരുത്തുന്നതാണ് ഏറ്റവും ഉത്തമം എന്നാണ് പൊതുവെ കരുതി പോരുന്നത്. ചെറു പ്രായത്തിൽ ശരീരം വളരെ വഴക്കം ഉള്ളതാകയാൽ പ്രായമുള്ളവരെ അപേക്ഷിച്ചു കുട്ടികൾക്ക് കളരി പരിശീലനം താരതമ്യേന എളുപ്പം ഉള്ളതായിരിക്കും. താംബൂലം ഉൾപ്പെടെ ഉള്ള ദക്ഷിണ ഗുരുവിനു നൽകി ഗുരുവിന്റെ ആശീർവാദത്തോടെ ആണ് കളരി പഠനം ആരംഭിക്കുന്നത്.