കളരി ഒരു ആമുഖം

ലോകത്തിൽ നിലനിൽക്കുന്ന അതി പൗരാണികമായ ആയോധന കല ആണ് കളരി അല്ലെങ്കിൽ കളരിപ്പയറ്റ്. നൂറ്റാണ്ടുകൾക്കു മുൻപ് ദക്ഷിണ ഇന്ത്യയിലെ ഇന്നത്തെ കേരള സംസ്ഥാനം ഉൾപ്പെട്ട പ്രദേശത്താണ് മഹത്തായ ഈ ആയോധന കല പിറവിയെടുത്തത്. കളരി ഉണ്ടായ കാലഘട്ടത്തെ കുറിച്ച് ഔദ്യോദിക രേഖകൾ ഒന്നും ഇല്ലെങ്കിലും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പതിനൊന്നാം നൂറ്റാണ്ടിലോ പന്ത്രണ്ടാം നൂറ്റാണ്ടിലോ ആണ് കളരി ഉടലെടുത്തത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ശാരീരികവും മാനസികവുമായ വ്യക്തിത്വ വികാസത്തോടൊപ്പം ധർമ്മവും സത്യവും പരിപാലിക്കുന്ന സദ്ഗുണങ്ങളോട് കൂടിയ സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് കളരിപ്പയറ്റിന്റെ ആത്യന്തിക ലക്‌ഷ്യം. സ്വാർത്ഥ താല്പര്യത്തിനു വേണ്ടി ഉപയോഗിക്കുന്ന ഒരു ആയോധന വിദ്യയല്ല കളരിപ്പയറ്റ്.

ഇന്ത്യയിലെ മറ്റു പല പൗരാണിക അത്ഭുതങ്ങളെ പോലെ തന്നെ കളരിപ്പയറ്റും ഹിന്ദു മതവുമായി ബന്ധപെട്ടു കിടക്കുന്നു. പ്രാചീന ഭാരതത്തിൽ നില നിന്നിരുന്ന ഗുരു ശിഷ്യ സമ്പ്രദായത്തിലൂടെ ആണ് കളരിപയറ്റ് അഭ്യസിപ്പിക്കുന്നത്. ആയോധന മുറകൾക്കു പുറമെ മർമ ചികിത്സ ഉൾപ്പെടെയുള്ള ചികിത്സാ രീതികളും ഉൾപ്പെടുന്നതാണ് കളരിപ്പയറ്റ് പഠനം. കളരി അഭ്യസിക്കുമ്പോൾ സംഭവിക്കാവുന്ന പരുക്കുകളും മുറിവുകളും ഭേദമാക്കുന്ന ചികിത്സാ രീതികൾ ആണ് പ്രധാനമായും കളരി ചികിത്സയിൽ ഉൾപെട്ടിട്ടുള്ളത്.

പൗരാണികമായ ഒരു ആയോധന കലയാണെങ്കിലും മറ്റു ഭാരതീയ പൗരാണിക വിദ്യകളെ പോലെ ജാതീയമായ വേർതിരിവും തൊട്ടു കൂടായ്മയും കളരിപ്പയറ്റിന് ഇല്ല. ഏതു ജാതിയിലും മതത്തിലും പെട്ടവർക്ക് ലിങ്ക വ്യതാസമില്ലാതെ കളരിപ്പയറ്റ് അഭ്യസിക്കാം.

കളരിപ്പയറ്റ് അഭ്യസിപ്പിക്കുന്ന സ്ഥലങ്ങളെ കളരി എന്നാണ് വിളിക്കാറ്. പരമ പവിത്രമായാണ് കളരിയെ ഗുരു ശിഷ്യൻമാർ കാണുന്നത്. പഠനത്തിന് ആവശ്യം ആയ ആയുധങ്ങൾക്ക് പുറമെ ഒരു ക്ഷേത്രത്തിനെ അനുസ്മരിക്കുന്ന രീതിയിൽ പ്രാർത്ഥനയ്ക്കായുള്ള ഭാഗവും കളരിയിൽ ഉണ്ടാവും. ദിവസേന കളരി ദൈവങ്ങളെ പ്രാർത്ഥിച്ച ശേഷം മാത്രമേ കളരിയിൽ പഠനം തുടങ്ങുകയുള്ളു.

വടക്കൻ കളരി, തെക്കൻ കളരി, തുളുനാടൻ കളരി എന്നിങ്ങനെ മൂന്നു തരം കളരികൾ ആണ് പ്രധാനമായും പ്രചാരത്തിൽ ഉള്ളത്. പ്രാദേശങ്ങളുടെ അടിസ്ഥാനത്തിലും, ഉത്പത്തിയുടെയും അടവുകളുടെയും അടിസ്ഥാനത്തിലും ആണ് ഈ കളരികൾ വ്യത്യസ്ഥമായിട്ടുള്ളത്.

ഒരു ആയോധന കല എന്നതിന് പുറമെ ശരീരത്തിനെയും മനസ്സിനെയും അങ്ങേ അറ്റം വഴക്കം ഉള്ളതാക്കാനും, ആത്മവിശ്വാസവും ക്ഷമയും ധൈര്യവും വർധിപ്പിക്കാനും കളരി അഭ്യാസം കൊണ്ട് സാധിക്കും.

മെയ്പ്പയറ്റ് , കോൽ പയറ്റ് , ആയുധ പയറ്റ് , വെറും കൈ പ്രയോഗം എന്നിങ്ങനെ നാല് ഘട്ടങ്ങൾ ആണ് കളരിക്ക് ഉള്ളത്. മേയ്ത്താരി, കോൽത്താരി , അങ്കത്താരി , വെറുംകൈ എന്നിങ്ങനെ ആണ് ഈ ഘട്ടങ്ങൾക്കു കളരിയിൽ പറയുന്നത്. മേല്പറഞ്ഞ ഘട്ടങ്ങൾക്കു പുറമെ മർമ വിദ്യകൾ, ഉഴിച്ചിൽ ഉൾപ്പെടെ ഉള്ള ചില ചികിത്സാ രീതികളും കളരി പഠനത്തിന്റെ അവസാന ഘട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്നു.

kalari-4bad98e6-6a2b-4ddf-bc14-8c9e5b28c1f6 (1)
kalari-4bad98e6-6a2b-4ddf-bc14-8c9e5b28c1f6 (1)
previous arrow
next arrow
kalari-4bad98e6-6a2b-4ddf-bc14-8c9e5b28c1f6 (1)
kalari-4bad98e6-6a2b-4ddf-bc14-8c9e5b28c1f6 (1)
previous arrow
next arrow