ഉത്തര കേരളത്തിൽ കെട്ടിയാടുന്ന വളരെ ഏറെ പ്രസിദ്ധമായ തെയ്യം ആണ് വിഷ്ണു മൂർത്തി അല്ലെങ്കിൽ നരസിംഹ മൂർത്തി. ദുഷ്ടനായ അസുര രാജൻ ഹിരണ്യ കശിപുവിനെ വധിക്കാൻ പിറവി എടുത്ത മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ സാക്ഷാൽ നരസിംഹ മൂർത്തിയെ തന്നെ ആണ് വിഷ്ണു മൂർത്തി തെയ്യം ആയി കെട്ടിയാടുന്നത്. വിഷ്ണു മൂർത്തി തെയ്യം കുറച്ചു കൂടി തീവ്രമായ രീതിയിൽ തീച്ചാമുണ്ഡി അല്ലെങ്കിൽ ഒറ്റക്കോലം എന്ന തെയ്യം ആയും കെട്ടിയാടാറുണ്ട്
വിഷ്ണു മൂർത്തി തെയ്യത്തിന്റെ ഉല്പത്തിയെ കുറിച്ച് പല ഇതിവൃത്തങ്ങൾ ഉണ്ടെങ്കിലും ജന്മിത്തത്തിന്റെ ക്രൂരതയിൽ കൊലചെയ്യപ്പെട്ട കണ്ണൻ എന്ന അടിയാൻ യുവാവിന്റെ ജീവിതവും മരണവും പിന്നെ ദൈവക്കരുവായുള്ള പുനർജന്മവും ബന്ധപെട്ടുള്ള ഇതി വൃത്തം ആണ് ഏറെ പ്രചാരത്തിൽ ഉള്ളത്.
നീലേശ്വരം രാജാവിന്റെ പ്രഭുക്കൾ ആയിരുന്നു പള്ളിക്കരയിലെ കുറുവാട്ട് തറവാട്ടുകാർ. പ്രമാണിമാരായ കുറുവാട്ട് തറവാട്ടിലെ പുറംപണിക്കാരൻ ആയിരുന്നു കണ്ണൻ എന്ന തീയ സമുദായത്തിൽ പെട്ട ബാലൻ. തറവാട്ടിലെ കാലികളെ മേയ്ക്കുന്ന ചുമതല കണ്ണനായിരുന്നു അതിരാവിലെ തറവാട്ടിലെ തൊഴുത്തിൽ എത്തുന്ന കണ്ണൻ കാലികളെ മേയ്ച്ചു സാന്ത്യയാവുമ്പോൾ തിരിച്ചെത്തുന്നതാണ് പതിവ്. കാടും മലയും കയറി കാലികളുടെ പൈദാഹങ്ങൾ ശമിപ്പിക്കുന്ന കണ്ണന് പക്ഷെ അഷ്ടിക്ക് വക ഉണ്ടായിരുന്നില്ല. നാട്ടുമാവുകളിൽ കയറി മാങ്ങ പറിച്ചു തിന്നു വിശപ്പകറ്റി കണ്ണൻ പലപ്പോഴും. ഒരു നാൾ കണ്ണൻ തേൻമാവിന്റെ മുകളിൽ നിന്നും മാങ്ങ തിന്നു കൊണ്ടിരിക്കുമ്പോൾ കുറുവാട്ട് കുറുപ്പിന്റെ മരുമകൾ തമ്പുരാട്ടി അത് വഴി പോകുന്നുണ്ടായിരുന്നു, കണ്ണന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ ഒരു മാങ്ങാണ്ടി താഴെ വീഴുകയും അത് തമ്പുരാട്ടിയുടെ മേലെ പതിക്കുകയും ചെയ്തു. കോപാകുലയായ തമ്പുരാട്ടി കരഞ്ഞു കൊണ്ട് തറവാട്ടിലേക്ക് ഓടി, അമ്മാവനോട് കണ്ണൻ തന്നോട് അപമര്യാദയായി പെരുമാറി എന്ന് പറഞ്ഞു.
മരുമകളുടെ വിഷമം കണ്ടു കുറുവാട്ട് കുറുപ്പ് ക്രോധം കൊണ്ട് വിറച്ചു ഉടൻ തന്നെ മാവിൻ ചുവട്ടിലേക്ക് നടന്നു. അടിയ ചെക്കൻ ആയ കണ്ണന് ഇത്രയ്ക്കു അഹങ്കാരമോ എന്ന് പറഞ്ഞു കണ്ണനെ മാവിൽ നിന്നും വലിച്ചു താഴെ ഇട്ടു ക്രൂരമായി മർദിച്ചു. ഇനി ഈ നാട്ടിൽ കാലുകുത്തിയാൽ കൊന്നു കളയും എന്ന് മർദ്ദനം ഏറ്റു അവശനായ കണ്ണന് അയാൾ താക്കീത് നൽകി. ഭയന്ന് വിറച്ച കണ്ണൻ നിവൃത്തിയില്ലാതെ ആ നാട് വിട്ടു പോയി. വടക്കു ദിഖിലേക്കു നടന്ന കണ്ണൻ മംഗലാപുരത്തിന് അടുത്തുള്ള ഒരു നാട്ടിൽ എത്തി. അവിടെ ജപ്പില്ലം കോയിൽ കുടിപ്പാടി വീട്ടിലെ തണ്ടാർ മാതാവ് എന്ന വിഷ്ണു ഭക്തയായ ഒരു അമ്മ കണ്ണന്റെ കഥ കേട്ട് അനുകമ്പ തോന്നി, കണ്ണനെ അവരുടെ കൂടെ കൂട്ടി. ആ അമ്മ കണ്ണനെ സ്വന്തം പുത്രനെ പോലെ വളർത്തി. തറവാട്ട് പരദേവതയായ നരസിംഹ മൂർത്തിയുടെ ക്ഷേത്രത്തിലെ അടിച്ചു തെളിയുടെയും അന്തി തിരിയുടെയും ഒക്കെ ചുമതല അമ്മ കണ്ണനെ ഏല്പിച്ചു. ഒരു നാൾ പൂജയ്ക്കു വെച്ചിരിക്കുന്ന പാൽ കാണാതായി , പാല് കാണാത്തതിനാൽ പാലെന്തായി കണ്ണാ എന്ന് അമ്മ ചോദിച്ചു. എന്നാൽ പാല് എവിടെ പോയി എന്നറിയാതെ കണ്ണൻ പരിഭ്രമിച്ചു , കണ്ണന്റെ വിഷമം കണ്ടപ്പോൾ അമ്മ “വിഷമിക്കേണ്ട കണ്ണാ ഞാൻ നിന്റെ പേര് ചൊല്ലി വിളിച്ചതാണ് എന്ന് കരുതിയാൽ മതി ” എന്ന് പറഞ്ഞു , അങ്ങനെ കണ്ണന് പാലെന്തായി കണ്ണൻ എന്ന് പേര് വന്നു.
കോയിൽ കുടിപ്പാടി വീട്ടിൽ പന്ത്രണ്ടു വര്ഷം കണ്ണൻ താമസിച്ചു, ഒരു ദിവസം സ്വപ്നത്തിൽ കണ്ണൻ പള്ളിക്കരയിലെ തേൻമാവ് കണ്ടു. കണ്ണന് നാട്ടിൽ പോകാൻ ആഗ്രഹം തോന്നി. വളർത്തമ്മയോട് അനുവാദം ചോദിച്ചു കണ്ണൻ പള്ളിക്കരയിലേക്കു പുറപ്പെടാൻ ഒരുങ്ങി. ഒരു ഓലക്കുട എടുത്തു മകന് സമ്മാനമായി നൽകി അമ്മ, നരസിംഹ മൂർത്തിയെ തൊഴുതു പുറപ്പെടാൻ ഒരുങ്ങിയപ്പോൾ ക്ഷേത്രത്തിൽ ഉള്ള ചുരിക താനേ വന്നു കണ്ണന്റെ വലതു കയ്യിൽ കയറി. അങ്ങനെ ചുരികയും ഓലക്കുടയുമായി കണ്ണൻ പള്ളിക്കരയിലേക്കു നടന്നു. ജന്മനാടായ പള്ളിക്കരയിൽ എത്തിയപ്പോൾ കണ്ണൻ എത്തിയ വിവരം കുറുവാട്ട് തമ്പുരാക്കന്മാരോട് ആരോ ഒറ്റു കൊടുത്തു. കണ്ണൻ തിരിച്ചെത്തിയത് അറിഞ്ഞു കോപാകുലനായ കുറുവാട്ട് കുറുപ്പ് കണ്ണനെ വധിക്കാൻ തീരുമാനിച്ചു. കദളികുളം എന്ന ഒരു കുളത്തിൻ കരയിൽ കുളിക്കാൻ ഇറങ്ങുകയായിരുന്ന കണ്ണനെ കുറുവാട്ട് കുറുപ്പ് കണ്ടു. പിന്നെ ഒച്ചയുണ്ടാക്കാതെ കുളക്കരയിൽ എത്തിയ ക്രൂരനായ കുറുപ്പ് കണ്ണനെ പിറകിൽ നിന്നും അതി ക്രൂരമായി വാള് കൊണ്ട് വെട്ടി കഴുത്തറത്തു കൊലപ്പെടുത്തി. അത് കൊണ്ടും കോപം അടങ്ങാതെ കുറുപ്പ് കണ്ണന്റെ ഓലക്കുടയും ചുരികയും ചവിട്ടി ഒടിച്ചു. എന്നാൽ നിമിഷ നേരം കൊണ്ട് അവിടെ അത്ഭുതങ്ങൾ സംഭവിച്ചു തുടങ്ങി. ഒടിഞ്ഞ ഓലക്കുട തനിയെ എഴുന്നേറ്റു നിന്നു, ചുരിക വിറച്ചു തുടങ്ങി. ഇതേ സമയം കുറുവാട്ട് തറവാട്ടിൽ ഉള്ളവർ ഒക്കെ തീ തുപ്പാൻ തുടങ്ങി , തറവാട്ടിൽ കണ്ണന്റെ ഉടലറ്റ തല താണ്ഡവം ആടി. പടിപ്പുര കടന്നു ഓലക്കുടയും ചുരികയും തറവാട്ടിൽ എത്തി നൃത്തം ചെയ്തു. കണ്ണനെതിരെ അപവാദം പറഞ്ഞു പരത്തിയ കുറുവാട്ടു കുറുപ്പിന്റെ മരുമകൾക്ക് ഭ്രാന്തു പിടിച്ചു.
അനർത്ഥങ്ങൾ താങ്ങാൻ പറ്റാതെ ആയപ്പോൾ ജ്യോൽസ്യൻ മാരെ വിളിച്ചു പ്രശ്നം എന്തെന്ന് ആരാഞ്ഞു കുറവാട്ടു കാരണവർ. കണ്ണന്റെ കൂടെ വന്നത് സാക്ഷാൽ നരസിംഹ ദൈവം ആണെന്നും, കണ്ണനും ദൈവക്കരുവായി മാറി എന്നും ജ്യോത്സ്യൻ മാർ പറഞ്ഞു. കണ്ണനെ കൊന്നതിനു പ്രായശ്ചിത്തം ചെയ്യണം. കദളികുളത്തിൽ നിന്നും പാഞ്ഞു വന്ന ചുരിക നീലേശ്വരം കോട്ടപ്പുറത്തു മോയോന്റെ പടിഞ്ഞാറ്റയിൽ ഇരിപ്പുണ്ട് അവിടെ കണ്ണനും നരസിംഹ മൂർത്തിക്കും ക്ഷേത്രം പണിയണം. പള്ളിയറ പണിയാൻ ഉള്ള മുഹൂർത്ത കല്ല് കുറുവാട്ട് കാരണവർ സ്വന്തം തലയിൽ ചുമന്നു കൊണ്ട് പോകണം. നരസിംഹ മൂർത്തിയുടെ തെയ്യ കോലം കെട്ടിയാടണം.
ജ്യോൽസ്യൻമാർ പറഞ്ഞത് ഒക്കെ കാരണവർ ചെയ്തു. നീലേശ്വരം കോട്ടപ്പുറത്തു ക്ഷേത്രം പണിതു. അങ്ങനെ കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രം ഉണ്ടായി. അവിടെ നരസിംഹ മൂർത്തിയെയും പാലെന്തായി കണ്ണനെയും പ്രതിഷ്ഠിച്ചു. തെയ്യത്തിനായി ആണ്ടു കളിയാട്ടവും അനുഷ്ടാനങ്ങളും ചിട്ടപ്പെടുത്തി. ഇത്ര ഒക്കെ ചെയ്‌തെങ്കിലും തീയ ചെക്കനെ പൂർണമായും അംഗീകരിക്കാൻ കാരണവരുടെ ദുരഭിമാനം സമ്മതിച്ചില്ല. കണ്ണന്റെ ഒപ്പം വന്ന മൂർത്തിയെ ഒന്ന് പരീക്ഷിക്കാൻ കാരണവരും നീലേശ്വരം തമ്പുരാനും തീരുമാനിച്ചു. എന്നിട്ട് മലയരുടെ മൂപ്പൻ ആയ പാലായി പരപ്പനെ വിളിച്ചു വരുത്തി നാല്പത്തെട്ടു ദിവസത്തിനകം നരസിംഹ മൂർത്തിയുടെ തെയ്യക്കോലം കെട്ടിയാടി തീക്കനലിൽ നൃത്തം ചെയ്യാൻ കല്പിച്ചു. അന്ന് രാത്രി പാലായി പരപ്പന്റെ സ്വപ്നത്തിൽ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു സ്വർണത്തിന്റെ ഒരു രൂപം കാണിച്ചു ഇത് പോലെ തെയ്യം കെട്ടിയാടാൻ പറ്റുമോ എന്ന് ചോദിച്ചു എന്നാൽ തനിക്കു അതിനു നിവൃത്തി ഇല്ല എന്ന് കുറുപ്പ് പറഞ്ഞു, പിന്നെ ഭഗവൻ വെള്ളിയുടെ രൂപം കാണിച്ചു ഇത് പോലെ പറ്റുമോ എന്ന് ചോദിച്ചു , അതിനും തനിക്കു നിവൃത്തി ഇല്ലെന്നു കുറുപ്പ് പറഞ്ഞു. പിന്നെ ഭഗവാൻ കുരുത്തോല കൊണ്ടുള്ള രൂപം കാണിച്ചു, പരപ്പന് സന്തോഷമായി അങ്ങനെ കെട്ടിയാടാം എന്ന് പരപ്പൻ ഭഗവാനോട് പറഞ്ഞു അങ്ങനെ വിഷ്ണു മൂർത്തിക്കു കുരുത്തോല കൊണ്ടുള്ള രൂപം ഉണ്ടായി. പാലായി പരപ്പന്റെ ഭാവനയിൽ തെയ്യത്തിനു ആറ്റവും തോറ്റവും ഉണ്ടായി.
കുറുപ്പും നീലേശ്വരം തമ്പുരാനും പള്ളിക്കരയിലെ കുഞ്ഞിപ്പുളിക്കാലിൽ പുരയോളം വലിപ്പത്തിൽ വിറകു കൂട്ടി കത്തിച്ചു കനലാക്കി മേലേരി തീർത്തു. യഥാർത്ഥ നരസിംഹ മൂർത്തിയാണെങ്കിൽ അഗ്നിയെ ജയിക്കുമല്ലോ എന്ന് കാരണവർ പറഞ്ഞു. അങ്ങനെ ഒരു തുലാ മാസത്തിൽ ആദ്യമായി നരസിംഹ മൂർത്തി തെയ്യമായി കെട്ടിയാടി തുടങ്ങി, അഗ്നിയെ പുണരുന്ന വിഷ്ണു മൂർത്തി പിറന്നു. ഭഗവാൻ കാണിച്ചു കൊടുത്ത കുരുത്തോല രൂപം കെട്ടി പരപ്പൻ നൂറ്റിയൊന്ന് തവണ അഗ്നിയെ പുണർന്നു അഗ്നിയെ ജയിച്ചു. അഗ്നിയിൽ ആറാടിയിട്ടും ഒരു പൊള്ളൽ പോലും ഏൽക്കാത്ത നരസിംഹ മൂർത്തിയെ കണ്ടു എല്ലാവരും ഭയ ഭക്തിയോടെ തൊഴു കൈയ്യോടെ നിന്നു.
പാലന്തായി കണ്ണൻ നരസിംഹവും കുറവാട്ടെ കുറുപ്പ് ഹിരണ്യ കശിപു ആണെന്നും ഉള്ള കഥയും പ്രചാരത്തിൽ ഉണ്ട്. അത് പോലെ തന്നെ മഹാവിഷ്ണുവിന്റെ നരസിംഹാവതാരം തൂണ് പിളർന്നു വന്നപ്പോൾ ഭൂമിയിലെ സർവ ചരാചരങ്ങളും നിശ്ചലമായെന്നും എന്നാൽ അപ്പോഴും അഗ്നി ജ്വലിച്ചു കൊണ്ടിരിന്നു എന്നും. അതിൽ കോപം പൂണ്ട മഹാവിഷ്ണുവിന് അഗ്നി ദേവന്റെ അഹന്തയോടുള്ള പ്രതികാര സൂചകമാണ് തീച്ചാമുണ്ഡി എന്നും മറ്റൊരു കഥയുണ്ട്. ചുട്ടു പൊള്ളുന്ന കനലിൽ വീഴുമ്പോഴും തണുക്കുന്നു എന്ന് പറഞ്ഞു അഗ്നിയെ പരിഹസിക്കുന്ന സാക്ഷാൽ മഹാവിഷ്ണു തന്നെയാണ് വിഷ്ണു മൂർത്തി.
അംഗത്തിനും പടക്കും നായാട്ടിനും നരിവിളിക്കും കൂട്ടത്തിനും കുറിക്കും തുണയാവുന്ന ദൈവം ആണ് വിഷ്ണു മൂർത്തി.
മലയ സമുദായത്തിൽ ഉള്ളവർ ആണ് വിഷ്ണു മൂർത്തി സാധാരണയായി കെട്ടിയാടാറുള്ളതെങ്കിലും മാവില, വണ്ണാൻ, പുലയർ എന്നീ സമുദായത്തിൽ ഉള്ളവരും വിഷ്ണു മൂർത്തി തെയ്യം ചുരുക്കം സ്ഥലങ്ങളിൽ ക്കെട്ടിയാടാറുണ്ട്. വിഷ്ണു മൂർത്തിയുടെ ആരൂഢം കോട്ടപ്പുറം ക്ഷേത്രം ആണെങ്കിലും ചീമേനി മുണ്ട്യയും വിഷ്ണു മൂർത്തിയുടെ പ്രധാന പെട്ട ഒരു ആസ്ഥാനം ആണ്. കൂടാതെ തുളുനാട്ടിൽ നിന്നും പള്ളിക്കരയിലേക്കു വന്ന പാലന്തായി കണ്ണന്റെ വിശ്രമ സ്ഥലങ്ങൾ ഒക്കെ പിന്നീട് വിഷ്ണു മൂർത്തിയുടെ സ്ഥാനം ആയി മാറി.