അടിച്ചമർത്തപ്പെട്ടവന്റെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും കഥകളെ അടിസ്ഥാനമാക്കിയാണ് പല തെയ്യ സങ്കൽപ്പങ്ങളും നിലകൊള്ളുന്നത്. കൊടും ക്രൂരതയ്ക്ക് ഇരയായി ജീവൻ നഷ്ടപ്പെട്ടവർ , ജീവിച്ചിരുന്ന വീരാളികൾ, പുരാണ കഥാപാത്രങ്ങൾ, അമ്മ ദൈവങ്ങൾ , നാഗദൈവങ്ങൾ എന്നിങ്ങനെ പല ഗണത്തിലായി വിവിധ തരം തെയ്യങ്ങൾ ഉണ്ട്. ഇതിൽ അധികാര വർഗ്ഗത്തിന്റെ കൊടും ക്രൂരതയ്ക്കിരയായി കൊല ചെയ്യപ്പെട്ട് പിന്നീട് ദൈവക്കരുവായി പുനർജനിച്ച തെയ്യമാണ് വിഷകണ്ഠൻ തെയ്യം.
പണ്ട് കാലത്തു വിദ്യാഭ്യാസം സ്വപ്നം പോലും കാണാൻ അവകാശമില്ലാതിരുന്ന കീഴാള ജാതിയിൽ ജനിച്ചു, സ്വന്തം ആഗ്രഹവും കഴിവും കൊണ്ടു മാത്രം സർവ വിദ്യയിലും അഗ്രഗണ്യനായി പിന്നീട് നാട്ടുകാരുടെ പ്രീയപ്പെട്ടവനായി പക്ഷെ മേലാളരുടെ അസൂയയ്ക്കും കുടിപ്പകയ്ക്കും ഇരയായി കൊലചെയ്യപ്പെട്ട കണ്ഠൻ എന്ന് പേരുള്ള മനുഷ്യന്റെ ദുരന്ത പര്യവസാനിയായ ജീവിതമാണ് വിഷകണ്ഠൻ തെയ്യത്തിന് ഇതിവൃത്തം.
കണ്ണൂർ തളിപ്പറമ്പിനടുത്ത് കൊളച്ചേരിയിൽ ചിറക്കുനിയിൽ കുഞ്ഞമ്പു എന്ന തീയ സമുദായത്തിൽ പെട്ട ഏറ്റു കാരന്റെ മകൻ ആയിരുന്നു കണ്ഠൻ. ചെറുപ്പത്തിലേ ഒരു പാട് വിദ്യകൾ അഭ്യസിക്കാൻ കണ്ഠൻ ആഗ്രഹിച്ചു. എന്നാൽ ആ കാലത്തു താഴ്ന്ന ജാതിക്കാർക്ക് വിദ്യ അഭ്യസിക്കാൻ അവകാശമില്ലാത്തതു കൊണ്ട് കുഞ്ഞമ്പു കണ്ഠന്റെ ആഗ്രഹത്തിന് എതിര് നിൽക്കുകയും മകനെ കുലത്തൊഴിൽ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു. എങ്കിലും പിന്നീട് കണ്ഠന്റെ വേദനയിൽ മനസ്സലിഞ്ഞ കുഞ്ഞമ്പു ഗുരുക്കൻ മാരോട് ഇരന്നും കരഞ്ഞും ഒക്കെ കളരിയുടെ പുറമ്പോക്കിൽ മകന് ഗുരുക്കൾ പറയുന്നത് കേട്ട് പഠിക്കുവാനായി ഒരു സ്ഥാനം വാങ്ങി കൊടുത്തു.
ബുദ്ധിമാനായ കണ്ഠൻ തെറംചെവിയാൽ കേട്ട് നാല് വേദങ്ങളും, വേദാന്തവും, ആറു ശാസ്ത്രവും പഠിച്ചു. കൂടാതെ വിദ്യകൾ അറുപത്തിയെട്ടും, കലകൾ അറുപത്തിനാലും വിഷ വൈദ്യവും ഇന്ദ്രജാലവും മഹേന്ദ്രജാലവും കണ്ഠൻ സ്വായക്തമാക്കി. കോടി കരുത്ത്, കോഴി കരുത്ത് , കുടി കരുത്ത്, കൊല കരുത്ത് തുടങ്ങിയ കരുത്തുകളും കണ്ഠൻ നേടിയെടുത്തു. ഇത്രയൊക്കെ വിദ്യ പഠിച്ചെങ്കിലും അക്കാലത്തെ നാട്ടു നടപ്പനുസരിച്ച് താഴ്ന്ന ജാതിയിൽ ഉള്ള കണ്ഠനു താൻ പഠിച്ച വിദ്യകളുമായി ബന്ധപ്പെട്ട തൊഴിൽ എടുക്കാൻ പറ്റുമായിരുന്നില്ല. നാട്ടിൽ തിരിച്ചെത്തിയ കണ്ഠൻ തന്റെ കുല തൊഴിൽ ആയ കള്ള് ചെത്ത് ചെയ്തു തുടങ്ങി.
അങ്ങനെ ഇരിക്കെ ഒരുനാൾ കുറ്റിയാട്ടൂർ കോവൂർ ചാത്തോത്തു തറവാട്ടിലെ പൂർണ ഗർഭിണിയായ നാണി എന്ന യുവതിക്ക് പാമ്പ് കടിയേറ്റു. ഉടൻ തന്നെ നാണിയുടെ പൊന്നാങ്ങള മാർ ചേർന്ന് അവളെ എടുത്തു മഞ്ചലിൽ ഏറ്റി അടുത്ത് തന്നെ ഉള്ള വിഷ ചികിത്സയ്ക്ക് പേര് കേട്ട കരുമാരത്തില്ലം എന്ന നമ്പൂതിരി ഇല്ലത്തേക്ക് കൊണ്ട് പോയി. എന്നാൽ നാണി മരിച്ചു പോയി എന്ന് പറഞ്ഞു കരുമാരത്തില്ലത്തിൽ നിന്നും അവരെ മടക്കി. നാട്ടിലും പുറത്തും പേര് കേട്ട വിഷ വൈദ്യൻ മാർ ആയത് കൊണ്ട് അവർക്കു തെറ്റ് വരാൻ സാധ്യതയില്ല. അതീവ വിഷമത്തോടെ നാണിയുടെ ശരീരം എടുത്തു പൊന്നാങ്ങളമാർ ചാത്തോത്തേക്കു മടങ്ങി. മടങ്ങുന്ന വഴിയിൽ കണ്ഠനെ പഠിപ്പിച്ച ഒരു ഗുരുക്കൾ അവരെ കാണുകയും പെങ്ങളെ ഒന്ന് കണ്ഠനെയും കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കാര്യം അറിഞ്ഞപ്പോൾ , നാണിയുടെ ശരീരം അല്പനേരം കുളത്തിൽ ഇട്ടു കുമിള വരുമ്പോൾ പുറത്തെടുക്കാൻ കണ്ഠൻ ആവശ്യപ്പെട്ടു. അങ്ങനെ വെങ്ങാപറ്റ എന്ന് പേരുള്ള കുളത്തിൽ ആങ്ങളമാർ നാണിയുടെ ശരീരം ഇട്ടു. അപ്പോൾ കണ്ഠൻ അതിന്റെ അടുത്തുള്ള ഒരു തെങ്ങിൽ കയറി മുകളിൽ നിന്നും കള്ളു ചെത്തി കുലക്കരുത്ത് എന്ന മന്ത്രം പ്രയോഗിച്ചു, നിമിഷ നേരം കൊണ്ട് വെള്ളത്തിൽ കുമിള പൊങ്ങി ഉടൻ തന്നെ ആങ്ങള മാർ നാണിയെ വെള്ളത്തിൽ നിന്നും എടുത്തു കുള പടവിൽ വെച്ചു. താഴെ ഇറങ്ങിയ കണ്ഠൻ ഒണ്ടയിൽ നിന്നും വെള്ളം എടുത്തു നാണിയുടെ മൂക്കിൽ നസ്യം ചെയ്തു അടുത്തുള്ള ഒരു കുറ്റി കാട്ടിൽ നിന്നും ചില പച്ചിലകൾ പറിച്ചെടുത്തു മരുന്നുണ്ടാക്കി വെക്കുകയും ചെയ്തു. മഹാത്ഭുതം സംഭവിച്ചു നാണിയുടെ ശരീരത്തിൽ നിന്നും വിഷം ഒഴിഞ്ഞു, അവൾ പഴയ പോലെ ഊർജ സ്വലതയോടെ വന്നു. എല്ലാവര്ക്കും സന്തോഷമായി.
നാണിയോട് കണ്ഠൻ പറഞ്ഞു നീ നാലാം നാൾ ഒരു ആൺ കുഞ്ഞിന് ജന്മം നൽകും ആ കുഞ്ഞിന്റെ വലത്തേ തുടയിൽ ഒരു നീല മറുകുണ്ടാവും. കണ്ഠൻ പറഞ്ഞപോലെ തന്നെ സംഭവിക്കുകയും ചെയ്തു. അങ്ങനെ താഴ്ന്ന സമുദായത്തിൽ പെട്ട ചെത്ത് കാരൻ കണ്ഠൻ മഹാ പ്രവീണ്യം ഉള്ളവിഷ വൈദ്യൻ ആയി മാറിയത് നാട്ടിൽ പാട്ടായി. നാട്ടുകാർ കണ്ഠനെ സ്നേഹം കൊണ്ട് പൊതിഞ്ഞു. ആൾകാർ നൽകിയ പാരിദോഷികങ്ങൾ ഒക്കെ കണ്ഠൻ നിരസിച്ചു. എങ്കിലും ചാത്തോത്തെ തറവാട്ടുകാർ വെങ്ങാപറ്റ കുളക്കത്തിനടുത്ത് കണ്ഠന് ഒരു ഓടിട്ട വീട് നിർമിച്ചു നൽകി, കണ്ഠൻ ആ സമ്മാനവും നിരസിച്ചെങ്കിലും ചാത്തോത്തു കാരുടെ നിർബന്ധത്തിനു വഴങ്ങി അവൻ അവിടെ താമസമാക്കി.
ഇത്തരം സംഭവ വികാസങ്ങൾ പരമ്പരാഗതമായി വിഷ വൈദ്യരായിരുന്ന കരുമാരത്തില്ലത്തെ നമ്പൂതിരിമാരിൽ ദുരഭിമാനം വളർത്തി. കണ്ഠനോട് അങ്ങേ അറ്റം പക തോന്നിയ അവർ കണ്ഠനെ എങ്ങനെ എങ്കിലും കൊല്ലാൻ തീരുമാനിച്ചു. ഒരു തുലാം മാസം ഒൻപതാം തീയതി രാത്രി കണ്ഠൻ തന്റെ പുതിയ വീട്ടിൽ താമസമാക്കിയതിന്റെ മൂന്നാം നാൾ മൂന്ന് പേർ ഒരു സ്ത്രീക്ക് പാമ്പു കടിയേറ്റു രക്ഷിക്കണം എന്നു പറഞ്ഞു കണ്ഠന്റെ വീട്ടിൽ എത്തി. എന്നാൽ ആ വന്ന ആളുകളെ ഞാൻ ദുസ്വപ്നത്തിൽ കണ്ടിരുന്നുവെന്നും അത് കൊണ്ട് ഇതിൽ എന്തോ ചതി ഉണ്ടെന്നും അവരുടെ കൂടെ പോകരുതെന്നും കണ്ഠന്റെ ഭാര്യ കണ്ഠനോട് പറഞ്ഞു. എങ്കിലും തന്റെ കർത്തവ്യത്തിൽ ഉറച്ചു വിശ്വസിച്ച കണ്ഠൻ ആ സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ അവരുടെ കൂടെ പുറപ്പെട്ടു. പിറ്റെന്നാൾ ദാരുണമായ കാഴ്ച കണ്ട് നാട് നടുങ്ങി, കണ്ഠൻ കൊല്ലപ്പെട്ടിരുന്നു. തല വേർപെട്ടു കിടക്കുന്ന കണ്ഠന്റെ ശരീരം തെങ്ങിൻ തോപ്പിൽ ഉറുമ്പരിക്കുന്നു. തലേന്ന് രാത്രി പാമ്പു കടിയേറ്റ സ്ത്രീയെ രക്ഷിക്കണം എന്ന് പറഞ്ഞു വന്നവർ കരുമാരത്തില്ലത്തു കാരുടെ ശിങ്കിടികൾ ആണ് എന്നും , അവർ തന്നെ ആണ് ചതിയിലൂടെ കണ്ഠനെ കൊന്നത് എന്നും എല്ലാവര്ക്കും മനസ്സിലായി.
കണ്ഠനെ കൊന്നതിലൂടെ തങ്ങളുടെ അഭിമാനം വീണ്ടെടുത്തതിൽ കരുമാരത്തില്ലത്തുകാർ സന്തോഷിച്ചു എന്നാൽ ആ സന്തോഷം അധിക നാൾ നീണ്ടു നിന്നില്ല. ഇല്ലത്തു മുഴുവൻ അനർത്ഥങ്ങൾ ഉണ്ടായി. ഇല്ലത്തുള്ളവർ തങ്ങളുടെ സ്വപ്നങ്ങളിൽ തുടർച്ചയായി ദേഹമാസകലവും വീടുമുഴുവനും നാഗങ്ങൾ നിറയുന്നതായി കണ്ടു. പൂർണമായും അവരുടെ മനസ്സമാധാനം നഷ്ടപ്പെട്ടു. ഈ അനർത്ഥങ്ങളുടെ കാരണം അറിയാൻ അവർ പയ്യന്നൂർ ഉള്ള ഒരു ജ്യോത്സ്യനെ കൊണ്ട് പ്രശ്നം വെപ്പിച്ചു. കണ്ഠൻ ദൈവക്കരുവായി മാറിയിരിക്കുന്നു എന്നും പ്രതിവിധി ചെയ്തില്ലെങ്കിൽ വലിയ ദുരന്തം ഉണ്ടാവും എന്നും ജ്യോൽസ്യൻ പറഞ്ഞു. അപ്പ്രകാരം ആണ് കൊളച്ചേരി ചാത്തോത്ത് വിഷകണ്ഠൻ കാവ് ഉണ്ടാക്കിയത്. ദൈവക്കരുവായ കണ്ടന്റെ കോലം പിന്നീട് വിഷകണ്ഠൻ എന്ന പേരിൽ തെയ്യക്കോലമായി കെട്ടിയാടുകയും ചെയ്തു.
മറ്റൊരു പ്രധാന പെട്ട കാര്യം എന്തെന്നാൽ തുലാ മാസം പത്താം തീയതി കണ്ഠൻ തെയ്യത്തിന്റെ പുറപ്പാടോടു കൂടിയാണ് ഉത്തര കേരളത്തിൽ എല്ലാ വർഷവും തെയ്യകാലം ആരംഭിക്കുന്നത്. തുലാം ഒമ്പതാം തീയതി കരുമാരത്തില്ലത്ത് ഉള്ളവർ ചാത്തോത്തു കാവിൽ വന്നു പൂജയും ശുദ്ധ പുണ്യാഹങ്ങളും ചെയ്യുന്ന പതിവുണ്ട്. അത് പോലെ തന്നെ തുലാപ്പത്തിന് കണ്ഠൻ തെയ്യം ഇറങ്ങിയാൽ കരുമാരത്തില്ലത്തിന്റെ പടിപ്പുര വരെ പോവുകയും അവിടെ നിന്നും തന്നെ ചതിച്ചു കൊന്ന കഥ പറയുകയും ചെയ്യുന്ന ചടങ്ങും ഇന്നും നിലവിൽ ഉണ്ട്. പെരുവണ്ണാൻ വിഭാഗത്തിൽ ഉള്ള ആളുകൾ ആണ് വിഷ കണ്ഠൻ തെയ്യം കെട്ടുന്നത്. വിഷകണ്ഠൻ ദൈവത്തിന്റെ ആരൂഢ സ്ഥാനം ആയ കൊളച്ചേരി ചാത്തോത്ത് കാവിലെ പ്രധാന വഴിപാട് കോഴി മുട്ടയും വെളിച്ചെണ്ണയും ആണ്.