വേട്ടയ്‌ക്കരൻ , വേട്ടയ്ക്കൊരുമകൻ, വേട്ടക്കരുമകൻ എന്നീ പേരുകളിൽ ഈ തെയ്യം അറിയപ്പെടാറുണ്ട്. എങ്കിലും വേട്ടയ്ക്കൊരുമകൻ എന്ന പേരാണ് കൂടുതൽ പ്രചാരത്തിൽ ഉള്ളത്.
മഹാഭാരതത്തിൽ വനപർവത്തിൽ പരമ ശിവൻ അര്ജുനന് പാശുപതാസ്ത്രം നൽകിയ കഥ ഉണ്ട്. ഈ കഥയുടെ പശ്ചാത്തലം ആണ് ഇന്ന് പ്രചാരത്തിൽ ഉള്ള വേട്ടയ്ക്കൊരുമകൻ പുരാവൃത്തത്തിന്റെ ഉല്പത്തിക്ക് ആധാരമാക്കിയിട്ടുള്ളത്. കൗരവരെ ജയിക്കുവാൻ വേണ്ടി പാശുപതാസ്ത്രം ലഭിക്കുവാൻ അർജുനൻ ഹിമാലയത്തിൽ തപസ്സനുഷ്ഠിച്ചു. അതി കഠിനമായ തപസ്സിനു ശേഷം സംപ്രീതൻ ആയ പരമശിവൻ അര്ജുനന് ആ ദിവ്യാസ്ത്രം നൽകാൻ തീരുമാനിച്ചു. എങ്കിലും എല്ലാം തികഞ്ഞ വില്ലാളിയാണ് ഞാൻ എന്ന അഹങ്കാരം അര്ജുനന് ഉണ്ടെന്നു മനസ്സിലാക്കിയ പരമശിവൻ ദിവ്യാസ്ത്രം നൽകുന്നതിന് മുൻപ് അർജുനന്റെ അഹങ്കാരം ശമിപ്പിക്കുവാൻ നിർണയിച്ചു. അതിനു വേണ്ടി പാർവതി ദേവിയോടൊത്തു കിരാത വേഷം ധരിച്ചു അർജുനൻ തപസ്സു ചെയ്യുന്ന സ്ഥലത്തേക്ക് ചെന്നു. പിന്നെ അവിടെ കിരാതനും അർജുനനും തമ്മിൽ കലഹം ഉണ്ടാകുകയും പിന്നെ അവർ തമ്മിൽ യുദ്ധമുണ്ടാകുകയും ചെയ്തു. യുദ്ധത്തിൽ അർജുനൻ പരാജയപ്പെട്ടു, കിരാതനോട് പരാജയപ്പെട്ടു അപമാനിതനും ദുഖിതനാനുമായ അർജുനൻ ശിവപൂജ തുടങ്ങി , പൂജയ്ക്കർപ്പിച്ച പുഷ്പങ്ങൾ മുഴുവൻ കിരാതന്റെ മുടിയിൽ പതിക്കുന്നത് കണ്ടപ്പോൾ കിരാതനായി വന്നത് സാക്ഷാൽ പരമശിവൻ ആണെന്ന് അര്ജുനന് മനസ്സിലായി. അർജുനൻ കിരാത വേഷം പൂണ്ട ശിവ പാദത്തിൽ വീണു നമസ്കരിച്ചു , സന്തുഷ്ടനായ പരമ ശിവൻ അർജുനനെ പാശുപതാസ്ത്രം നൽകി അനുഗ്രഹിച്ചു. കിരാത രൂപം കൊണ്ട വേളയിൽ പരമശിവനും പാർവതിയും സംഗമിക്കുകയും വീരനായ ഒരു പുത്രന് ജന്മം നൽകുകയും ചെയ്തു ആ പൂത്രൻ ആണ് വേട്ടയ്ക്കൊരുമകൻ.
അമ്പും വില്ലും കയ്യിലേന്തിയ ഉഗ്രമൂർത്തിയായ വേട്ടക്കൊരുമകനെ കണ്ടു ദേവൻമാർ ഭയപ്പെട്ടു, വേട്ടയ്ക്കൊരു മകൻ ഏതു നിമിഷവും ആയുധവുമായി ഞങ്ങൾക്കെതിരെ തിരിയും എന്ന് അവർ ചിന്തിച്ചു. ദേവൻമാരുടെ ഭയപ്പാട് പരമശിവൻ മനസ്സിലാക്കി വേട്ടയ്‌ക്കൊരുമകനോട് മലനാട്ടിൽ പോയി താമസിക്കാൻ ആവശ്യപ്പെട്ടു, അങ്ങനെ വേട്ടയ്ക്കൊരുമകൻ വടക്കൻ കേരളത്തിൽ എത്തി.
കോഴിക്കോട് എത്തിയ വേട്ടയ്ക്കൊരുമകൻ ഉള്ളിയൂർപ്പടിയിൽ കാറകൂറം എന്ന ഇല്ലാതെ ഒരു സുന്ദരിയുമായി അടുപ്പത്തിലാകുകയും അതിൽ ഒരു ആൺ കുട്ടി ജനിക്കുകയും കാറകൂറകണ്ണൻ എന്നവന് പേരിടുകയും ചെയ്തു .അക്കാലത്തു കാറകൂറ ഇല്ലത്തിന്റെ ഭാഗമായിരുന്ന ബാലുശ്ശേരി കോട്ട കുറുംബ്ര വാണോർ എന്ന പ്രമാണി അധാർമികമായി കീഴടക്കി വാഴുന്നുണ്ടായിരുന്നു. വേട്ടയ്ക്കൊരുമകൻ ആ കോട്ട തിരിച്ചു തരാൻ കുറുംബ്ര വാണോരോട് ആവശ്യപ്പെട്ടു. താൻ നടത്തുന്ന പരീക്ഷണത്തിൽ ജയിച്ചാൽ മാത്രമേ കോട്ട വിട്ടു തരു എന്ന് കുറുംബ്ര വാണോർ പറഞ്ഞു. അങ്ങനെ വേട്ടയ്ക്കൊരുമകൻ ബാലകനായ തന്റെ മകനെയും കൂട്ടി കുറുംബ്ര വാണോരുടെ അടുത്തേക്ക് പുറപ്പെട്ടു. വഴി നീളെ പല പ്രതിബന്ധങ്ങളും കുറുമ്പറ വാണോർ സൃഷ്ടിച്ചെങ്കിലും എല്ലാം അതിജീവിച്ചു വേട്ടയ്ക്കൊരുമകനും കാറകൂറ നായരും കുറുംബ്ര മഠത്തിൽ എത്തി. ബാലുശ്ശേരി കോട്ടയ്ക്കു അകത്തു കയറി അവിടെ കൂട്ടിയിട്ടിരിക്കുന്ന നാളികേരം പൊതിച്ചാൽ കോട്ട വിട്ടു തരാം എന്ന് കുറുംബ്ര വാണോർ പറഞ്ഞു. എന്നിട്ടു കോട്ടയിൽ ഇരുപത്താറായിരത്തി ഒരുന്നൂറു തേങ്ങകൾ കൂട്ടിയിട്ടു. അതെ സമയം ബാലകനായ കാറകൂറ നായർക്ക് വേട്ടയ്ക്കൊരുമകൻ ചൈതന്യം ലഭിച്ചു പിന്നെ കൺ ചിമ്മി തീരുന്ന വേഗത്തിൽ മുഴുവൻ തേങ്ങയും ആ ബാലകൻ പൊതിച്ചു. ഇത്രയും ബലവാനായ വീരാളിക്ക് കീഴടങ്ങുകയല്ലാതെ മറ്റു വഴിയില്ലെന്ന് കണ്ടു കുറുംബ്ര കാർണോർ ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരുമകനു വിട്ടു കൊടുത്തു , അത് വീണ്ടും കാറകൂറ ഇല്ലത്തിന്റെ ഭാഗമാവുകയും ചെയ്തു.
ബാലുശ്ശേരി കോട്ടയിൽ നിന്നും വേട്ടയ്ക്കൊരുമകൻ ആയുധം എടുത്തു മറ്റു സ്വരൂപങ്ങളിലേക്കു പുറപ്പെട്ടു, അവിടെ ഒക്കെ വേട്ടയ്‌ക്കൊരുമകനു സ്ഥാനം ഉണ്ടാവുകയും ചെയ്തു.നെടിയിരുപ്പ് , കുറുംബ്രനാട് , പ്രാട്ടറ , ഇരുവൈ നാട്, രണ്ടു തറ, തെക്കൻ കുറ്റി , വടക്കൻ കുറ്റി ,നേരിയോട്ട്, ചുഴലി, അള്ളടം എന്നീ സ്വരൂപങ്ങളിൽ നിരവധി കോട്ടങ്ങളിൽ വേട്ടയ്‌ക്കൊരുമകൻ തെയ്യത്തെ കെട്ടിയാടാറുണ്ട് (സ്വരൂപങ്ങളെ കുറിച്ചുള്ള വിശദ വിവരങ്ങൾ തെയ്യം ലേഖനത്തിൽ കൊടുത്തിട്ടുണ്ട്.
വേട്ടയ്ക്കൊരുമകന്റെ ജീവിതത്തിൽ ഒരു കൂറുമാറ്റ കഥയും പ്രചാരത്തിൽ ഉണ്ട്. പൂരോത്സവത്തോടു അനുബന്ധിച്ചു ഒരു ചടങ്ങിൽ അള്ളട സ്വരൂപവും ഇളംകുറ്റി സ്വരൂപവും ബേനൂർകനകമാണിക്കല്ല് എന്ന സ്ഥലത്തിന്റെ ഉടമസ്ഥതയെ കുറിച്ച് തർക്കം ഉണ്ടായി. കാഞ്ഞങ്ങാട് അടുത്തുള്ള തൃക്കണ്ണാട് പടിപ്പുരയിൽ ഈ പ്രശ്നം തീരാതെ കുറേക്കാലം കിടന്നു. പ്രശ്നം ഒരു യുദ്ധത്തിലൂടെ മാത്രമേ തീരു എന്ന് ചാമുണ്ഡിയുടെ അരുളപ്പാടുണ്ടായി. വട്ടയ്ക്കൊരുമകനും , ക്ഷേത്രപാലകനും ഇളംകുറ്റി സ്വരൂപത്തിനു വേണ്ടി യുദ്ധം ചെയ്യാം എന്ന് ഏറ്റു, എന്നാൽ യുദ്ധം തുടങ്ങിയപ്പോൾ വേട്ടയ്‌ക്കൊരുമകനും ക്ഷേത്രപാലകനും കാലു മാറി അള്ളട സ്വരൂപത്തിനു വേണ്ടി യുദ്ധം ചെയ്തു. ഇത് മനസ്സിലാക്കിയ മൂവാളം കുഴി ചാമുണ്ഡിയും , ചുളിയാർ ഭഗവതിയും ഇളംകുറ്റി സ്വരൂപത്തിൽ ചേർന്ന് യുദ്ധം ചെയ്തു അള്ളട സ്വരൂപത്തെ തോൽപ്പിച്ചു. പിന്നെ വേട്ടയ്‌ക്കൊരുമകനെയും ക്ഷേത്ര പാലകനെയും ചിറ്റാരി പുഴ കടത്തി വിട്ടു. ഈ ഒരു കാരണം കൊണ്ട് തന്നെ ഇന്നും ഇളം കുറ്റി സ്വരൂപത്തിൽ വേട്ടയ്‌ക്കൊരുമകനും , ക്ഷേത്രപാലകനും സ്ഥാനം ഇല്ല. പഴയ കാലത്തു നാട്ടു പ്രമാണി മാർ തമ്മിൽ ഉള്ള തർക്കങ്ങൾ പരിഹരിക്കാൻ യോദ്ധാക്കളെ വെച്ച് യുദ്ധം ചെയ്യിപ്പിക്കുന്ന പതിവുണ്ടായിരുന്നു. അതിനു വേണ്ടി പ്രമാണി മാർ അതി ബലവാൻ മാരായ പോരാളികളെ തിരഞ്ഞെടുക്കും , ഏതു പ്രമാണിയുടെ പോരാളി ആണോ യുദ്ധത്തിൽ വിജയിക്കുന്നത് തർക്കത്തിൽ ആ പ്രമാണി വിജയിച്ചതായി പ്രഖ്യാപിക്കും. യുക്തി ഭദ്രമായ ചർച്ചകൾക്കോ വിട്ടു വീഴ്ക്കകൾക്കോ അവിടെ പ്രാധാന്യം ഇല്ല. വേട്ടയ്ക്കൊരുമകൻ കഥയിലെ ഇത്തരം സംഭവങ്ങളിലൂടെ ആ കാലത്തേ രീതികളും നിയമങ്ങളും ഒക്കെ നമുക്ക് മനസ്സിലാക്കാൻ പറ്റും. അമ്പ് , വില്ല് , പൊന്തി, പരിച, കടുത്തില എന്നിവയാണ് വേട്ടയ്‌ക്കൊരുമകന്റെ ആയുധങ്ങൾ.
“വരവിളി
വരികവേണം ബാലിയേരി വേട്ടയ്ക്കൊരുമകൻ ദൈവേ..
ബാലിയേരി കോട്ട , കുറംബ്രാതിരിക്കോട്ട,
ചെറുവള്ളിയൂർ കാവ് , ഉള്ളിയൂർപ്പടി, മേനപ്പുറം,
കരിപ്പൂരംവള്ളി , ശ്രീ മാന്യമംഗലം, ബദരിയിൽ മഠം, കാമുംഞ്ചെയ്തു
കാറ കൂറ നായരെ വാൾമേലും തോൾമേലും
ഒളിവളർന്നു കൊണ്ടിതോരു ബാലിയേരി വേട്ടയ്ക്കൊരുമകൻ ദൈവേ
അന്നേ നാലാളെ, ഇന്നേ യോഗത്തിനാലേ
അങ്കത്തിനും പടക്കും കൂട്ടത്തിനും കുറിക്കും
അകമ്പടിക്കും സൊരൂപത്തിനും നല്ലതിനെ ചൊല്ലി കൊടുക്കാൻ
എഴുന്നള്ളി വരിക വേണം
വേട രാജാതിരുമകൻ ബാലിയേരി വേട്ടയ്ക്കൊരുമകൻ ദൈവം …. ഹരി !