പണ്ട് കാലത്ത് രോഗങ്ങൾ ഉണ്ടാക്കുന്നതും ഭേതമാക്കുന്നതും ദൈവങ്ങൾ ആണെന്നായിരുന്നു വിശ്വസിച്ചിരുന്നത്. അത് കൊണ്ട് തന്നെ രോഗം ഉണ്ടാക്കുന്ന ദൈവങ്ങളേയും രോഗം ഭേതമാക്കുന്ന ദൈവങ്ങളെയും അക്കാലത്ത് ആരാധിച്ചിരുന്നു. രോഗകാരിണിയായ ദൈവങ്ങളുടെ ഗണത്തിൽ പെടുന്ന ദുർദേവത ആണ് വസൂരിമാല.
ദാരികാസുരന്റെ നിഗ്രഹവുമായി ബന്ധപ്പെട്ടാണ് വസൂരിമാല ദൈവത്തിന്റെ ഐതിഹം നിലനിൽക്കുന്നത്. പണ്ട് ദേവാസുര യുദ്ധം നടന്നിരുന്ന കാലത്ത് അസുരൻമാർ കനത്ത പരാജയം ഏറ്റു വാങ്ങിക്കൊണ്ടിരുന്നു. അസുര വംശത്തെ തന്നെ ദേവൻ മാർ ഉന്മൂലനം ചെയ്യുന്ന അവസ്ഥ ഉണ്ടായപ്പോൾ അസുര സ്ത്രീകൾ തങ്ങളുടെ ഭർത്താക്കൻ മാരെ കൂട്ടി പാതാളത്തിൽ ചെന്ന് ഒളിച്ചു. തങ്ങളുടെ വംശത്തെ സംരക്ഷിക്കാൻ അസുര സ്ത്രീകൾ ആയ ദാരുമതിയും ദാനവിയും ബ്രഹ്മാവിനെ തപസ്സനുഷ്ഠിച്ചു പ്രത്യക്ഷ പെടുത്തി. അസുര വംശത്തെ വര്ധിപ്പിക്കുന്നവരും അതീവ ശക്തി ശാലികളുമായ മക്കൾ തങ്ങൾക്കു ഉണ്ടാവണം എന്ന് അവർ ബ്രഹ്മ ദേവനോട് വരം അഭ്യർത്ഥിച്ചു. അവർ ആവശ്യപ്പെട്ടത് പോലെ ബ്രഹ്മാവ് അവർക്കു വരം നൽകി അനുഗ്രഹിച്ചു. ബ്രഹ്മാവിന്റെ വരപ്രകാരം രണ്ടു പേർക്കും ഓരോ ആൺകുഞ്ഞു ജനിച്ചു അവർക്കു ദാനവൻ എന്നും ദാരികൻ എന്നും പേര് വിളിച്ചു.
ദാരികനും ദാനവനും വളർന്നപ്പോൾ തങ്ങളുടെ വംശത്തെ നശിപ്പിച്ച ദേവന്മാരോട് പകരം വീട്ടാൻ തീരുമാനിച്ചു. അവർ കഠിന തപസ്സു ചെയ്തു ബ്രഹ്മാവിനെ പ്രത്യക്ഷ പെടുത്തി. ആയിരം ആനയോളം ശക്തിയും, ബ്രഹ്മ ദണ്ഡം എന്ന ആയുധവും, മായാവതി, താമസി എന്നീ രണ്ടു മന്ത്രങ്ങളും അവർ ബ്രഹ്മ ദേവനിൽ നിന്നും വരമായി നേടി. കൂടാതെ സ്ത്രീകളിൽ നിന്നും മാത്രമേ തങ്ങൾക്കു മരണം സംഭവിക്കാവു എന്ന വരവും അവർ നേടിയെടുത്തു.
വരസിദ്ധി ലഭിച്ച ദാനവനും ദാരികനും ദേവന്മാരെ ആക്രമിക്കാൻ തുടങ്ങി. അവരുടെ ശക്തിയിൽ ദേവലോകം വിറങ്ങലിച്ചു. സർവ ശക്തിയെടുത്തു പൊരുതിയ ദേവന്മാർക്ക് ഒടുവിൽ ദാനികനെ വധിക്കാൻ സാധിച്ചു. എങ്കിലും ദാരികൻ അജയ്യൻ ആയി പിന്നീടും പരാക്രമം തുടർന്നു. ദാരികനെ നേരിടാൻ ദേവന്മാർക്ക് പറ്റിയിരുന്നില്ല.
ഒടുവിൽ സാക്ഷാൽ പരമേശ്വരൻ തന്റെ തൃക്കണ്ണിൽ നിന്നും ഭദ്രകാളിയെ സൃഷ്ടിച്ചു ദാരികനെ വധിക്കാൻ പറഞ്ഞയച്ചു. ഭദ്രകാളിയും ദാരികാനും തമ്മിൽ ഘോര യുദ്ധം നടന്നു. യുദ്ധത്തിൽ ദാരികൻ മരണപ്പെടും എന്ന് മനസ്സിലാക്കിയ ദാരികന്റെ ഭാര്യ മനോദരി പരമശ്ശിവനെ പ്രാർത്ഥിച്ചു തന്റെ ഭർത്താവിനെ രക്ഷിക്കണം എന്ന് കരഞ്ഞു പറഞ്ഞു. മനോദരിയുടെ ദുഃഖത്തിൽ മനസ്സലിഞ്ഞ പാർവതി ദേവി പരമശിവനോട് അവളെ സഹായിക്കാൻ ആവശ്യപ്പെട്ടു. തന്റെ ശരീരത്തിൽ നിന്നും കുറച്ചു വിയർപ്പു തുള്ളികൾ എടുത്തു പരമശിവൻ മനോദാരിക്ക് നൽകി, ഈ വിയർപ്പു തുള്ളികൾ മനുഷ്യരുടെ മേലെ തെളിച്ചാൽ നിന്റെ വിഷമങ്ങൾ തീരും എന്ന് പരമശിവൻ മനോദരിയോട് പറഞ്ഞു. വിയർപ്പു തുള്ളിയുമായി പോകുന്ന മനോദരി കണ്ടത് ദാരികന്റെ കഴുത്തറത്തു വരുന്ന ഭദ്രകാളിയെ ആയിരുന്നു. ദുഖവും കോപവും സഹിക്കാൻ പറ്റാതെ മനോദാരി ഭദ്രകാളിയുടെ ദേഹത്തേക്ക് ആ വിയർപ്പ് തുള്ളി തളിച്ചു. വിയർപ്പു തുള്ളി ദേഹത്ത് വീണ ഉടനെ ഭദ്രകാളി രോഗാകുലയായ് തളർന്നു വീണു. ഭദ്രകാളിയുടെ ദേഹം മുഴുവൻ കുരുക്കൾ പ്രത്യക്ഷപെട്ടു. ഈ വിവരം അറിഞ്ഞ കോപാകുലനായ പരമശിവൻ ഒരു ഉഗ്ര മൂർത്തിയെ സൃഷ്ടിച്ചു. പരമശിവന്റെ കണ്ഠത്തിൽ നിന്നും ഉത്ഭവിച്ചു കർണത്തിലൂടെ പുറത്തേക്കു വന്ന ആ മൂർത്തിക്കു കണ്ഠാകർണൻ എന്ന് പേരിട്ടു. ഭദ്രകാളിയുടെ രോഗം ശമിപ്പിക്കാൻ കണ്ഠാകർണനോട് ശിവൻ പറഞ്ഞു. സഹോദരിയായ ഭദ്രകാളിയുടെ അടുത്തെത്തിയ കണ്ഠാകർണൻ അവളുടെ ശരീരത്തിൽ ഉള്ള കുരുക്കൾ മുഴുവൻ നക്കി ഉണക്കി കളഞ്ഞു. എന്നാൽ സഹോദരിയായതിനാൽ മുഖത്തോട് മുഖം സ്പർശിക്കാൻ പാടില്ലാത്തതിനാൽ മുഖത്തെ വ്രണങ്ങൾ ഉണക്കാൻ കണ്ഠാകർണന് സാധിച്ചില്ല. വസൂരി വന്നു മാറിയവരുടെ ശരീരത്തിലെ മുഴുവൻ പാടുകൾ മാറിയാലും മുഖത്തെ പാടുകൾ മാത്രം ബാക്കിയാവുന്നത് ഇത് കൊണ്ടാണ് എന്നായിരുന്നു പിന്നീടുള്ള വിശ്വാസം.
രോഗം മാറി പൂർണ ആരോഗ്യവതിയായ ഭദ്രകാളിയുടെ മുന്നിലേക്ക് കണ്ഠാകർണൻ മനോദരിയെ പിടിച്ചു കൊണ്ട് വന്നു. കോപാകുലയായ ഭദ്രകാളി മനോദരിയുടെ കണ്ണും ചെവിയും കാലുകളും വെട്ടി മാറ്റി. ഇനി നീ ഒരിക്കലും കണ്ടും കേട്ടും നടന്നും മനുഷ്യരെ ഉപദ്രവിക്കരുത് എന്ന് അവളോട് പറഞ്ഞു . എന്നാൽ പിന്നീട് മനോദാരിയോട് അലിവ് തോന്നിയ ഭദ്രകാളി അവൾക്ക് വസൂരി മാല എന്ന പേര് നൽകി തന്റെ സന്തത സഹചാരിയായി കൂട്ടി. വസൂരി രോഗം പരത്തുന്നത് വസൂരി മാലയാണ് എന്നായിരുന്നു പിൽക്കാലത്തെ വിശ്വാസം.
ഈ കഥയിൽ ഉള്ള വസൂരിമാലയെ തന്നെ ആണ് വസൂരി മാല തെയ്യം ആയി വടക്കേ മലബാറിൽ കെട്ടിയാടുന്നത്.