തെയ്യപ്രപഞ്ചത്തിൽ മരണത്തിനു ശേഷം ദൈവമായി മാറിയ തെയ്യങ്ങളുടെ ഗണത്തിൽ ആണ് വണ്ണാത്തി ഭഗവതി ഉൾപ്പെടുന്നത്. വണ്ണാത്തി പോതി എന്നും ഈ തെയ്യം അറിയപ്പെടാറുണ്ട്. ഭഗവതി എന്ന പദത്തിന്റെ ലോപിച്ച രൂപം ആണ് പോതി.
പുരാതനമായ ഒരു അനുഷ്ടാന കല എന്നത് കൊണ്ട് തന്നെ തെയ്യാട്ടവുമായ ബന്ധപ്പെട്ട പല ചടങ്ങുകളും പ്രാദേശികമായ സമുദായങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. തെയ്യപ്രപഞ്ചത്തിൽ തെയ്യം കലാകാരന്മാരിൽ അതി പ്രധാനമായ സ്ഥാനം ഉള്ള സമുദായം ആണ് വണ്ണാൻ സമുദായം. വണ്ണാൻ സമുദായത്തിൽ ഉള്ളവർ വിശേഷപെട്ട പല തെയ്യങ്ങളും കെട്ടിയാടി വരുന്നു. പ്രധാനപ്പെട്ട തെയ്യങ്ങൾ കെട്ടി ആചാരപെട്ട വണ്ണാൻ മാരെ ബഹുമാനാർത്ഥം പെരുവണ്ണാൻ എന്ന് വിളിച്ചു പോരുന്നു. വണ്ണാൻ സമുദായത്തിലെ സ്ത്രീകളെ ആണ് വണ്ണാത്തിമാർ എന്ന് പറയുന്നത്. പണ്ടുകാലത്ത് പ്രധാനമായും വസ്ത്രങ്ങൾ അലക്കുന്ന തൊഴിലിൽ ഏർപെട്ടവരായിരുന്നു വണ്ണാത്തിമാർ.
പണ്ടുകാലത്തു കുടുംബങ്ങളിൽ മരണം നടന്നാലും ജനനം നടന്നാലും ഒക്കെ ബന്ധുക്കൾ വാലായ്മ, പുല എന്നിങ്ങനെ ഉള്ള ആചാരങ്ങൾ പുലർത്തി പോകാറുണ്ട്. ആചാര പ്രകാരം വാലായ്മ, പുല പോലുള്ള അവസാനിച്ചാൽ വണ്ണാത്തിമാരിൽ നിന്നും അലക്കി വൃത്തിയാക്കിയ വസ്ത്രം വാങ്ങി ഉടുക്കണം എന്ന് വിശ്വാസം ഉണ്ടായിരുന്നു. അത് പോലെ ആർത്തവത്തിന് ശേഷവും സ്ത്രീകൾ വണ്ണാത്തിമാർ അലക്കിയ വസ്ത്രങ്ങൾ മാറ്റി ഉടുക്കുന്ന പതിവുണ്ടായിരുന്നു. ഇത് പോലുള്ള ചടങ്ങുകൾക്ക് വണ്ണാത്തി മാർ കൊടുക്കുന്ന വസ്ത്രങ്ങളെ വണ്ണാത്തിമാറ്റ് എന്നാണ് പറയാറുള്ളത്.
തെയ്യം കലാകാരൻ ആയ ഒരു പെരുവണ്ണാന്റെ ഭാര്യയായിരുന്ന ആര്യക്കര വണ്ണാത്തി എന്ന സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ടാണ് വണ്ണാത്തി പോതി എന്ന തെയ്യത്തിന്റെ ഉത്ഭവം. വണ്ണാത്തി പോതിയെ ചൊല്ലി പല ഐതിഹ്യം ഉണ്ടെങ്കിലും പരമശിവ പുത്രിയായ കാളിയാൽ കൊല്ലപ്പെട്ട് ദൈവക്കരുവായി മാറിയ ആര്യക്കര വണ്ണാത്തിയുടെ കഥ ആണ് ഏറെ പ്രചാരത്തിൽ ഉള്ളത്.
പണ്ട് ഒരു നാൾ സാക്ഷാൽ പരമശിവന്റെ പൊന്മകൾ മഹാകാളി ഋതു മതിയായപ്പോൾ കുളിച്ചു ശുദ്ധി വരുത്താൻ മാറ്റി ഉടുക്കാൻ നല്ല വസ്ത്രം വേണം എന്ന് പിതാവിനോട് ആവശ്യപ്പെട്ടു. മകൾക്കു മലനാട്ടിലെ ആര്യക്കര വണ്ണാത്തിയുടെ പേര് പറഞ്ഞു കൊടുത്തു മഹാദേവൻ. ഇതേ തുടർന്ന് ഒരു കാട്ടു പെണ്ണിന്റെ രൂപമെടുത്ത കാളി മാറ്റു വാങ്ങാൻ ഭൂമിയിൽ എത്തി. പതിവ് പോലെ മാറ്റുമായി നടന്നു പോകുന്ന ആര്യക്കര വണ്ണാത്തിയെ കാളി കണ്ടു. വണ്ണാത്തിയെ കണ്ട കാളി തന്റെ ആവശ്യം അറിയിച്ചു എന്നാൽ അപരിചിതയായ ആൾക്ക് മാറ്റ് നല്കാൻ ആര്യക്കര വണ്ണാത്തി തെയ്യാറായിലല്ല .
നിരാശയായി മറ്റില്ലാതെ തന്നെ കുളിക്കാൻ ഇറങ്ങിയ കാളി മറു കടവിൽ വസ്ത്രം അലക്കി കൊണ്ടിരിക്കുന്ന ആര്യക്കര വണ്ണാത്തിയെ കണ്ടു. ഒരു അവസാന ശ്രമം എന്ന നിലയിൽ കാളി നീന്തി വണ്ണാത്തിയുടെ അടുത്തെത്തി ഒരിക്കൽ കൂടി മാറ്റു ചോദിച്ചു. എന്നാൽ. എന്നാൽ വണ്ണാത്തി മാറ്റ് തരാൻ ആവില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു. അത് കൂടതെ വണ്ണാത്തി കാളിയെ പരിഹസിക്കുകയും ചെയ്തു. കോപം അടക്കാൻ ആവാതെ കാളി വണ്ണാത്തിയുടെ മുടിയിൽ പിടിച്ചു അലക്കു കല്ലിൽ തല അടിച്ചു തിരുവായുധം എടുത്തു തല അറുത്തു കൊന്നു. കാളിയാൽ വധിക്കപ്പെട്ട വണ്ണാത്തി പിന്നീട് ദൈവക്കരുവായി പുനർജ്ജനിച്ചു വണ്ണാത്തി ഭഗവതി ആയി മാറി. പിൽക്കാലത്തു വണ്ണാത്തി ഭഗവതിക്കു തെയ്യക്കോലം ഉണ്ടാവുകയും മലനാട്ടിൽ വണ്ണാത്തി പോതിയുടെ തെയ്യം കെട്ടിയാടുകയും ചെയ്തു.
വണ്ണാത്തി ഭഗവതിയുടെ ഉൽപത്തിയെ കുറിച്ച് സമാനമായ മറ്റൊരു കഥ ഉണ്ട്. ഈ കഥയിൽ വണ്ണാത്തിയോട് മാറ്റു ചോദിച്ചതും പിന്നീട് വണ്ണാത്തിയെ വധിച്ചതും കാട്ടു ഭഗവതിയായ കരുവാൾ ഭഗവതി ആണ്. കാട്ടു പെണ്ണിന്റെ വേഷത്തിൽ എത്തിയ കറുവാൾ ഭഗവതിക്ക് വണ്ണാത്തി മാറ്റ് കൊടുക്കാൻ തയ്യാറായില്ല ഇതിൽ കോപം പൂണ്ട കരുവാൾ ഭഗവതി വണ്ണാത്തിയെ പാറയിൽ തല അടിച്ചു കൊന്നു. കറുവാൾ ഭഗവതിയാൽ കൊല്ലപ്പെട്ട വണ്ണാത്തി പിന്നീട് ദൈവക്കരുവായി പുനർജനിച്ചു.
സമാനമായ കഥ ആലടയിൽ ഭഗവതി അല്ലെങ്കിൽ ആലയാട്ടു ഭഗവതിയുമായി ബന്ധപ്പെട്ടു നിലവിൽ ഉണ്ട്. തനിക്കു മാറ്റ് നൽകാൻ തയ്യാറാവാത്ത വണ്ണാത്തിയെ ആലയാട്ടു ഭഗവതി പുഴയിൽ മുക്കി കൊല്ലുകയും പിന്നീട് ആലയാട്ടു ഭഗവതിയാൽ കൊല്ലപ്പെട്ട വണ്ണാത്തി വണ്ണാത്തി ഭഗവതിയായി പുനർജനിക്കുകയും ചെയ്തു.
മാവിലർ, ചിങ്കത്താന്മാർ, പാണർ തുടങ്ങിയ സമുദായത്തിൽ ഉള്ളവർ ആണ് വണ്ണാത്തി പോതിയുടെ തെയ്യം കെട്ടിയാടുന്നത്. വളരെ ലളിതമായ ഉടയാടകളും, ചമയങ്ങളും ആണ് വണ്ണാത്തി പോതി തെയ്യത്തിനു ഉള്ളത്. വണ്ണാത്തിയുടെ കഥയെ അനുസ്മരിപ്പിക്കുന്ന വിധം തുണി അലക്കുന്നത് പ്രതീകാല്മകമായി അവതരിപ്പിക്കുന്ന ചടങ്ങും വണ്ണാത്തി പോതിയുടെ തെയ്യത്തിൽ ഉണ്ട്.