യോദ്ധാക്കളുടെ ഗണത്തിൽ പെടുന്ന തെയ്യങ്ങളിൽ അതി പ്രധാനിയാണ് വൈരജാതൻ തെയ്യം. വൈരജാതൻ തെയ്യത്തിന് വീരഭദ്രൻ എന്ന പേര് കൂടി ഉണ്ട്. ദക്ഷ നിഗ്രഹത്തിനായി സാക്ഷാൽ ഭഗവാൻ പരമശിവൻ തന്റെ വൈരത്താൽ(കോപത്താൽ) തിരു ജടയിൽ നിന്നും ജനിപ്പിച്ച രൗദ്ര മൂർത്തിയാണ് വൈരജാതൻ അല്ലെങ്കിൽ വീരഭദ്രൻ.
വൈരജാതൻ തെയ്യത്തിന്റെ ഉല്പത്തിയെ കുറിച്ചുള്ള ഐതിഹ്യം ഇങ്ങനെ ആണ്. ഒരു നാൾ ശിവ പത്നിയായ സതീ ദേവി ശിവന്റെ വാക്ക് ധിക്കരിച്ചു സ്വന്തം പിതാവായ ദക്ഷൻ നടത്തുന്ന യാഗത്തിൽ പങ്കെടുക്കാൻ പോയി. എന്നാൽ ക്ഷണിക്കാതെ യാഗത്തിൽ പങ്കെടുക്കാൻ വന്ന സതീദേവിയെ ദക്ഷൻ എല്ലാവരുടെയും മുന്നിൽ വച്ച് പരിഹസിച്ചു. അങ്ങേ അറ്റം അപമാനിതയായ സതീ ദേവി മനോ വിഷമത്താൽ യാഗാഗ്നിയിൽ ചാടി ആത്മഹത്യ ചെയ്തു. സതീ ദേവിയുടെ മരണവർത്തയറിഞ്ഞ പരമശിവൻ തന്റെ കോപവും സങ്കടവും അടക്കാൻ ആവാതെ സ്വന്തം തിരുജടയിൽ നിന്നും ദക്ഷനെ വധിക്കാനായി ശക്തനായ വീരഭദ്രനെ ജനിപ്പിച്ചു. വീരഭദ്രൻ ദക്ഷന്റെ യാഗസ്ഥലത്തു ചെന്ന് കണ്ണിൽ കാണുന്നവരെ എല്ലാം കൊന്നൊടുക്കി യാഗശാല അടിച്ചു തകർത്തു ദക്ഷനെ ശിരസ്സറത്തു കൊന്നു. അവതാരോദ്ദേശ്യം പൂർത്തിയായ വീരഭദ്രൻ തിരിച്ചു പരമശിവ സന്നിധിയിൽ എത്തി. വീര ഭദ്രന്റെ പ്രവർത്തിയിൽ സംപ്രീതനായ പരമശിവൻ സജ്ജന പരിപാലനത്തിനായി വീരഭദ്രനെ ഭൂമിയിലേക്ക് അയച്ചു. ഇതേ വീരഭദ്രന്റെ കഥ തന്നെ ആണ് മലനാട്ടിൽ വൈരജാതൻ തെയ്യം ആയി കെട്ടിയാടുന്നത്.
ഭൂമിയിൽ മലനാട്ടിൽ എത്തിയ വൈരജാതൻ കുറുംബ്രനാട്ടിൽ നിന്നും ക്ഷേത്രപാലകനെയും ബാലുശേരിയിൽ നിന്നും വേട്ടയ്‌ക്കൊരുമകനെയും കണ്ടു മുട്ടുന്നു. പിന്നീട് കോലത്തിരിക്കു വേണ്ടി വേട്ടയ്‌ക്കൊരുമകനെയും ക്ഷേത്രപാലകനെയും കൂട്ടി അള്ളട നാട് പിടിച്ചടക്കാൻ വേണ്ടി യുദ്ധത്തിന് പുറപ്പെട്ടു എന്ന കഥയും ഉണ്ട്. യുദ്ധ വേളയിൽ വൈരജാതൻ പൂന്തോടത്തു മണിയാണി എന്ന ഭക്തനെ കാണുകയും, അദ്ദേഹത്തിന്റെ ക്ഷണ പ്രകാരം ചെറുവത്തൂർ ഉള്ള കമ്പിക്കാത്ത് തറവാട്ടിൽ കുടികൊള്ളുകയും ചെയ്തു. ചെറുവത്തൂർ കാരുടെ ആദിത്യമര്യാദയിൽ ദേവൻ സംപ്രീതനായി. പിന്നീട് ചെറുവത്തൂർ വീരഭദ്ര ക്ഷേത്രം ഉണ്ടാവുകയും മൂവാണ്ട് കളിയാട്ടം കൽപ്പിക്കുകയും ചെയ്തു.
അതിശക്തമായ യോദ്ധാവായ വൈരജാതന് പിന്നീട് തൃക്കരിപ്പൂർ മാടത്തിൻ കീഴിലും ചെറുതാഴം മാടത്തിൻ കീഴിലും സ്ഥാനം ഉണ്ടായി.
ഒരു പോരാളിയുടെ കഥയെ അനുസ്മരിപ്പിക്കുന്ന പോലെ അതി രൗദ്രഭാവത്തോടെ തന്നെ ആണ് വൈരജാതന്റെ തെയ്യക്കോലവും കെട്ടിയാടുന്നത്. ദക്ഷന്റെ യാഗഭൂമിയിൽ വീരഭദ്രൻ നടത്തിയ ആക്രമണത്തിന്റെ പ്രതീകമായാണ് വൈരജാതൻ തെയ്യത്തിന്റെ വെള്ളാട്ടം കെട്ടുന്നത്. വൈരജാതൻ തെയ്യത്തിന്റെ വെള്ളാട്ടത്തിനു തട്ടും വെള്ളാട്ടം എന്നാണ് പറയാറുള്ളത്. തട്ടും വെള്ളാട്ടത്തിന്റെ ആയുധം കൊണ്ട് തട്ടേറ്റ(സ്പര്ശനം ഏറ്റ) ആൾ അടുത്ത കളിയാട്ടത്തിനു മുൻപ് മരണപ്പെടും എന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്.
വൈരജാതനെ പോലെ ദക്ഷ സംഹാരത്തിനായി കോപം കൊണ്ട് ഉറഞ്ഞാടിയ പരമശിവന്റെ ജടയിൽ നിന്നും ഉത്ഭവിച്ച മൂർത്തികളുടെ തെയ്യങ്ങൾ ആണ് രക്തജാതൻ, ആർത്താണ്ഡൻ