തുളു നാട്ടിൽ നിന്നും മലനാട്ടിലേക്കു വന്ന തെയ്യങ്ങളിൽ പ്രധാനി ആണ് തുളു വീരൻ. വളരെ ചുരുങ്ങിയ സ്ഥലങ്ങളിൽ മാത്രം ആണ് തുളുവീരൻ തെയ്യം കെട്ടിയാടാറുള്ളത്. മരണ ശേഷം ദൈവക്കരുവായി മാറിയ വീരൻ മാരുടെ ഗണത്തിൽ ആണ് തുളു വീരൻ തെയ്യം ഉൾപെടുന്നത്. കർണാടകയിലെ ഉടുപ്പിക്കടുത്തുള്ള പ്രദേശത്താണ് തുളുവീരൻ തെയ്യത്തിന്റെ ആരൂഢം. വേല സമുദായത്തിലെ അഞ്ഞൂറ്റാൻ മാർക്കാണ് തുളു വീരൻ തെയ്യം കെട്ടിയാടാൻ അവകാശം ഉള്ളത്.
തുളു വീരൻ തെയ്യത്തിന്റെ ഉല്പത്തിയെ കുറിച്ചുള്ള കഥ ഇങ്ങനെ ആണ്. പതിനാറാം നൂറ്റാണ്ടിനടുത്ത് തുളു നാട് ഭരിച്ച രാജാവായിരുന്നു തുളു രാജ ബല്ലാൾ. ഒരു നാൾ ബല്ലാൾ രാജൻ കാട്ടിൽ നായാട്ടിനിറങ്ങിയപ്പോൾ കാലിൽ ഒരു വലിയ മുള്ളു തറച്ച് കയറുകയുണ്ടായി. വേദന കൊണ്ട് പുളഞ്ഞ രാജൻ നായാട്ട് മതിയാക്കി കൊട്ടാരത്തിലേക്കു മടങ്ങി. എന്നാൽ കൊട്ടാരത്തിലുള്ള വൈദ്യൻ മാരൊക്കെ കിണഞ്ഞു പരിശ്രമിച്ചിട്ടും രാജാവിന്റെ കാലിലെ മുള്ളെടുത്തു അസഹനീയമായ വേദന മാറ്റാൻ കഴിഞ്ഞില്ല. പ്രഗത്ഭരായ പല വൈദ്യന്മാർ ശ്രമിച്ചിട്ടും രാജാവിന്റെ വേദനയ്ക്ക് ഒരു ശമനവും ഉണ്ടായില്ല. ഈ വിവരം അറിഞ്ഞ് തേയി എന്ന് പേരുള്ള വില്ലവ സമുദായത്തിൽ ഉള്ള സ്ത്രീ രാജാവിനെ ചികിൽസിക്കാൻ താല്പര്യം അറിയിക്കുകയും രാജാവ് അതിനു സമ്മതിക്കുകയും ചെയ്തു. വിഷ ചികിത്സയിൽ അഗ്രഗണ്യയായിരുന്ന തേയി അനായാസം രാജാവിന്റെ കാലിൽ തറച്ച മുള്ള് നീക്കം ചെയ്തു മരുന്ന് പുരട്ടി വേദന ശമിപ്പിച്ചു. രാജാവും രാജപത്നിയും തേയിയെ അനുമോദിച്ചു അവളുടെ കഴിവിനെ വാഴ്ത്തി.
രാജാവിനെ ചികിൽസിക്കുന്ന സമയത്ത് തേയി പൂർണ ഗർഭിണി ആയിരുന്നു. ചിക്ലിസ കഴിഞ്ഞ് പോകുന്നേരം തേയി ദേഹാസ്വാസ്ഥ്യം അനുഭവപെട്ടു തളർന്നു വീണു. തേയിയുടെ അവസ്ഥ മനസ്സിലാക്കിയ രാജ പത്നി അപ്പോൾ തന്നെ കൊട്ടാരത്തിൽ തേയിക്കു പ്രസവിക്കാൻ ഉള്ള സൗകര്യം ഒരുക്കി കൊടുത്തു. സൂര്യ തേജസ്സുള്ള രണ്ട് ആണ്മക്കൾക്ക് തേയി ജന്മം നൽകി. എന്നാൽ കുട്ടികളുടെ ജനനത്തോടെ തേയി മരണ പെട്ടു. അമ്മയുടെ മരണത്തോടെ അനാഥരായ രണ്ടു കുട്ടികളെയും രാജാവും പത്നിയും കൊട്ടാരത്തിൽ തന്നെ സ്വപുത്രൻ മാരുടെ കൂടെ വളർത്തി. ജാതീയത കൊടി കുത്തി വാണിരുന്ന ആ കാലഘട്ടത്തിൽ വില്ലവ സ്ത്രീയുടെ കുട്ടികളെ ഭ്രാഹ്മണ സമുദായത്തിൽ പെട്ട ബല്ലാൾ രാജാവും പത്നിയും വളർത്തുന്നതിൽ പലർക്കും അസഹിഷ്ണുത ഉണ്ടായി. കൂട്ടത്തിൽ ഏറ്റവും കൂടുതൽ അസഹിഷ്ണുത ഉണ്ടായത് കൊട്ടാരത്തിലെ മന്ത്രിക്കായിരുന്നു. രാജകുമാരൻ മാരോട് ഒരുമിച്ചു രണ്ടു വില്ലവ സമുദായത്തിൽ ഉള്ള കുട്ടികൾ വളരുന്നത് മന്ത്രിക്കു സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. അവസരം കിട്ടുമ്പോൾ ഒക്കെ ആ രണ്ടു കുട്ടികളേയും കുറ്റപ്പെടുത്താനും താഴ്ത്തികെട്ടാനും മന്ത്രി എപ്പോഴും ശ്രമിച്ചു.
മറ്റുള്ളവരുടെ പരിഹാസവും കുറ്റപ്പെടുത്തലുകളും വകവെക്കാതെ സർവ വിദ്യകളും പഠിച്ചു രണ്ടു കുട്ടികളും അതി സമർത്ഥരായ വളർന്നു. എന്നാൽ ഒരു നാൾ മന്ത്രിയുടെ പരിഹാസം സഹിക്കാവുന്നതിലും അപ്പുറമായപ്പോൾ കുട്ടികൾ മന്ത്രീയെ കായികമായി ആക്രമിച്ചു. ഇതിൽ ദുഖിതനായ രാജാവ് കുട്ടികൾക്ക് ദൂരെ ഒരു സ്ഥലത്തു കുറെ കൃഷി ഭൂമി പതിച്ചു നൽകി അവിടേക്കു അയച്ചു. അങ്ങനെ അവർ രണ്ടു പേരും ആ കൃഷി ഭൂമിയിൽ കൃഷി ചെയ്തു ജീവിച്ചു. എന്നാൽ മന്ത്രി അവിടെയും കുട്ടികൾക്ക് സമാദാനം കൊടുത്തില്ല. അവരുടെ കൃഷിസ്ഥലത്തിന്റെ അടുത്തായി വേറെ സ്ഥലം വാങ്ങിച്ചു മന്ത്രി കുട്ടികളെ നിരന്തരം ഉപദ്രപിച്ചു കൊണ്ടിയിരുന്നു. അങ്ങനെ ഒരു നാൾ ക്ഷമ കെട്ട കുട്ടികൾ മന്ത്രിയെ അസ്ത്രം എയ്തു കൊന്നു.
മന്ത്രിയെ കൊന്നാൽ ഉണ്ടാവുന്ന പ്രത്യാഘാതം ഓർത്തു ഇരുവരും നാട് വിട്ടു. കുന്താപുരം , കാർക്കള, എന്മൂര്, കുഞ്ഞിൻജി, മംഗലാപുരം തുടങ്ങിയ നാടുകൾ ഒക്കെ അവർ കണ്ടു. ഒടുവിൽ അവർ ഇന്നി മാണി എന്ന ആളുടെ വീട്ടിൽ താമസിച്ചു. സജ്ജനങ്ങൾ സഹായിക്കുകയും മോശപ്പെട്ടവരെ ശിക്ഷിക്കുകയും ചെയ്യുന്ന അവർ പെട്ടെന്ന് നാട്ടുകാരുടെ പ്രിയപ്പെട്ടവർ ആയി. അങ്ങനെ വീരാളികളായ ഇവരെ ഉഡുപ്പി രാജാവ് തന്റെ സൈന്യത്തിൽ എടുത്തു. ഇവരുടെ രണ്ടുപേരുടെയും ബലത്തിൽ രാജാവ് ശത്രു രാജ്യത്തിൽ നിന്നുള്ള ആക്രമണത്തെ ചെറുത്തു തോൽപിച്ചു. എന്നാൽ ചതിയിൽ പെട്ട് ഇരട്ടക്കുട്ടികളിൽ ഒരാൾ കൊല്ലപ്പെട്ടു. കൂടെ പിറപ്പ് മരിച്ചത് അറിഞ്ഞ വിഷമത്തിൽ മാറ്റേകുട്ടിയും ആത്മഹത്യാ ചെയ്തു.
ജന്മനാ ദൈവികരായിരുന്ന രണ്ടുപേരും മരണത്തോടെ ദൈവക്കരുക്കൾ ആയി മാറുകയും ഇന്നിമാണിയുടെ ഗ്രാമത്തിൽ തന്നെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ദൈവക്കരുക്കൾ ആയി മാറിയ രണ്ടു പേരും ദേശാടനം ആരംഭിച്ചു. ഒരാൾ തുളു നാട്ടിൽ തന്നെ ദേശാടനം ചെയ്തു എന്നാൽ മറ്റേ ആൾ മലനാട്ടിലേക്കു ചെന്നു. അങ്ങനെ തുളു നാട്ടിൽ നിന്നും മലനാട്ടിൽ ചെന്ന വീരനെ ആണ് തുളുവീരൻ എന്ന പേരിൽ അറിയപ്പെടുന്നത്. മലനാട്ടിൽ എത്തിയ തുളുവീരൻ തുളൂർ വനത്തിൽ ഭഗവതിയുടെ കൂടെ സാനിധ്യപെട്ടു.
തുളൂർ വനത്തിൽ എത്തിയ തുളുർവീരൻ പിന്നീട് മാവിച്ചേരി ഭഗവതിയുടെ കാവിലും എത്തി. പണ്ട് മാവിച്ചേരിയിൽ നിന്നും തുളൂർ വനത്തിലേക്കു കളിയാട്ടത്തിനു പോയ പരമ ഭക്തനായ ചൊവ്വാട്ടെ പൊതുവാൾ നിവേദ്യമായി തുളുവീരന്റെ കോലത്തിനു മുൻപിൽ ഇളനീർ സമർപ്പിച്ചു. മഞ്ഞൾ കുറിയും പൂക്കളും ചേർന്ന പ്രസാദത്തിനൊപ്പം കുടിച്ച ഇളനീരിന്റെ ബാക്കിയും തുളുവീരൻ ഭക്തന് സമ്മാനിച്ചു. ഭഗവാന്റെ പ്രസാദമായ ഇളനീരും കൊണ്ട് ചൊവ്വാട്ടെ പൊതുവാൾ മാവിച്ചേരിയിൽ തിരിച്ചെത്തി. തന്നെ പരിചരിച്ചു പോകുന്ന അയൽപക്കത്തുള്ള ഒരു കുശവ സ്ത്രീയുടെ കയ്യിൽ പൂവും പ്രസാദവും പൊതിഞ്ഞ ഇളനീർ ഏല്പിച്ചു പൊതുവാൾ കുളിക്കാൻ പോയി. എന്നാൽ ദൈവ ചൈതന്യം നിറഞ്ഞ ഇളനീർ ഇളകിയാടാൻ തുടങ്ങി. പൊതുവാൾ ഭക്തി പൂർവം മാവിച്ചേരിയിൽ എത്തിച്ച ഇളനീരിനോത്ത് കുടിവീരൻ ദൈവ ചൈതന്യവും മാവിച്ചേരിയിൽ എത്തിയിരിക്കുന്നു. കുടിവീരൻ തെയ്യത്തിന്റെ ചൈതന്യം നാട്ടിൽ എത്തി എന്ന് പ്രശ്ന വിധിയിലൂടെ തെളിഞ്ഞു. അങ്ങനെ മാവിച്ചേരി ഭഗവതി ക്ഷേത്രത്തിൽ കുശവരുടെ ഭഗവതിയുടെ കൂടെ കുടിവീരൻ തെയ്യത്തിനും സ്ഥാനം നൽകി തെയ്യം കെട്ടിയടിച്ചു.
പിന്നീട് തുളുവീരൻ തെയ്യം കുശവ സമുദായത്തിന്റെ മാവിച്ചേരി ഭഗവതി ക്ഷേത്രത്തിൽ നിന്നും തീയ സമുദായത്തിന്റെ മാവിച്ചേരി ഭഗവതി ക്ഷേത്രത്തിലേക്കും സ്ഥാനമുറപ്പിച്ചു. തിരു മുടി കൊണ്ട് മുഖം മറച്ചു ഇറങ്ങുന്ന തുളു വീരൻ തെയ്യം കാഴ്ചയിലും മറ്റു തെയ്യങ്ങളിൽ നിന്നും വേറിട്ട് നില്കുന്നു.