അമ്മ ദൈവങ്ങളുടെ ഗണത്തിൽ പെട്ട പരമ പ്രധാനിയായ ദേവി ആണ് തായി പരദേവത അല്ലെങ്കിൽ വലിയ തമ്പുരാട്ടി. വടക്കൻ കേരളത്തിൽ ഒട്ടു മിക്ക കാവുകളിലും തായി പരദേവത കെട്ടിയാടുന്നുണ്ട്. പരമശിവന്റെ തൃക്കണ്ണിൽ നിന്നും രൂപമെടുത്ത ആറു തെയ്യങ്ങളിൽ ഒന്നാണ് തായി പരദേവത. ഏഴ് ആനകളുടെ ശക്തിയുള്ള ധാരികാസുരനെ വധിച്ച ഉഗ്രസ്വരൂപിണിയായ ദേവിയെ ആണ് തായി പരദേവത തെയ്യമായി കെട്ടിയാടുന്നത്.
തായി പരദേവതയുടെ ഇതിവൃത്തം ഇങ്ങനെ ആണ്. സാക്ഷാൽ പരമശിവന്റെ പത്നിയായ സതീ ദേവി പരമശിവന്റെ എതിർപ്പ് അവഗണിച്ച് തന്റെ പിതാവായ ദക്ഷന്റെ യാഗ സ്ഥലത്ത് ചെന്നു. പക്ഷെ യാഗസ്ഥലത്തു വച്ച് ദക്ഷൻ സതീ ദേവിയെ ക്രൂരമായി അപമാനിച്ചു. അപമാനിതയായ സതീ ദേവി ദുഃഖം താങ്ങാൻ ആവാതെ യാഗാഗ്നിയിൽ ചാടി ആത്മഹത്യ ചെയ്തു. സതീ ദേവിയുടെ മരണത്തെ തുടർന്ന് കോപാകുലനായി മഹാ താണ്ഡവം ആടിയ പരമശിവൻ തന്റെ തിരു ജടയെടുത്ത് നിലത്തടിച്ചു ഭദ്രകാളിയെയും വീര ഭദ്രനെയും സൃഷ്ടിച്ചു. ശിവാജ്ഞ പ്രകാരം ഭദ്രകാളി ദക്ഷന്റെ യാഗസ്ഥലത്തു ചെല്ലുകയും യാഗസ്ഥലം മുഴുവൻ നശിപ്പിക്കുകയും യക്ഷന്റെ തലയറുത്തു കൊന്നു യാഗാഗ്നിയിലേക്കു എറിയുകയും ചെയ്തു. ദക്ഷ വധത്തിനു ശേഷം ഭദ്രകാളിയെ പരമശിവൻ കൈലാസത്തിനു അടുത്ത് കുടിയിരുത്തി. പിന്നീട് ദേവാസുര യുദ്ധത്തിന്റെ സമയത്തു ദാരികാസുരനെ കൊല്ലാൻ ഭദ്രകാളി വീണ്ടും അവതരിച്ചു. തുടർച്ചയായി ഏഴ് ദിവസം യുദ്ധം ചെയ്തതിനു ശേഷം എട്ടാം നാൾ ഏഴ് ആനകളുടെ ശക്തിയുള്ള ദാരികനെ ഇടം കൈ കൊണ്ട് കഴുത്തറത്തു കൊന്നു ചോരകുടിച്ചു ദേവി. അവതാര ലക്‌ഷ്യം പൂർത്തിയാക്കിയ ദേവിയെ ജന പരിപാലനത്തിനായി പരമശിവൻ ഭൂമിയിലേക്കയച്ചു. പിന്നീട് പരമശിവൻ വടക്കു തിരുവർക്കാട് മാടായി കാവ് , തെക്ക് കളരിവാതുക്കൽ, കിഴക്ക് മാമാനിക്കുന്ന് , പടിഞ്ഞാറ് ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം എന്നിങ്ങനെ കോലത്തു നാടിനെ നാലായി പകുത്തു ഭദ്രകാളിക്ക് നൽകി. അങ്ങനെ കോലത്തു നാടിന്റെ ദേവിയായി ഭദ്രകാളി മാറി എന്നാണ് ഐതിഹ്യം.
പോറ്റിപ്പോരുന്നോരച്ചി എന്ന നിലയിൽ മാടായിൽ കാവിലച്ചി എന്ന് ഭക്തർ വിളിക്കുന്ന തിരുവർക്കാട് ഭഗവതിയാണ് തായി പരദേവത. ഈ ഭഗവതിയെ തന്നെ ഭദ്രകാളി എന്നും കോല സ്വരൂപത്തിൽ തായി എന്നും കളരിയാൽ ഭഗവതി എന്നും അറിയപ്പെടുന്നു.
വണ്ണാൻ സമുദായത്തിൽ ഉള്ളവരാണ് തായി പരദേവതയെ കെട്ടിയാടാറുള്ളത്. ചുവപ്പും കറുപ്പും നിറങ്ങൾ ഉള്ള തുണികൊണ്ടു അലങ്കരിച്ച മുള കൊണ്ട് നിർമിച്ച വലിയ മുടിയുള്ള ഈ തെയ്യം കാഴ്ചയിൽ തന്നെ മറ്റു തെയ്യങ്ങളുമായി വേറിട്ട് നിൽക്കുന്നു.