മന്ത്രമൂർത്തികളുടെ ഗണത്തിൽ പെടുന്ന തെയ്യം ആണ് ശാസ്തപ്പൻ തെയ്യം. കുട്ടി ശാസ്തൻ , കുട്ടിച്ചാത്തൻ എന്നീ പേരുകളിലും ശാസ്തപ്പൻ തെയ്യം അറിയപ്പെടുന്നു. പതിനെട്ടു ബ്രാഹ്മണ കുടുംബങ്ങൾ ആരാധിക്കുന്ന മൂർത്തി ആണ് ശാസ്തപ്പൻ. പ്രാർത്ഥിക്കുന്നവർക്ക് ഐശ്വര്യവും വിമർശിക്കുന്നവർക്ക് ദുരിതവും വിതയ്ക്കുന്ന ഉഗ്ര മൂർത്തിയാണ് കുട്ടി ശാസ്‌തൻ എന്നാണ് വിശ്വാസം.
കണ്ണൂർ ജില്ലയിലെ പയ്യന്നുരിനടുത്തു കാളകാട്ട് ഇല്ലം എന്ന ബ്രാഹ്മണ കുടുംബവുമായി ബന്ധപ്പെട്ടാണ് ശാസ്തപ്പൻ തെയ്യത്തിന്റെ ഇതിവൃത്തം നിലനിൽക്കുന്നത്. സർവ പ്രതാപങ്ങളും സമ്പത്തും പാണ്ഡിത്യവും ഏറെ ഉണ്ടെങ്കിലും കാളകാട്ടില്ലത്തെ തിരുമേനിക്കു സന്താന ഭാഗ്യം ഇല്ലായിരുന്നു. ശിവ ഭക്തനായ തിരുമേനിയും പത്നി ആത്തോലമ്മയും സന്താന ഭാഗ്യത്തിനായി പ്രാർത്ഥിക്കാത്ത അമ്പലങ്ങളും ചെയ്യാത്ത പൂജകളും ഇലായിരുന്നു.
ഈ ഒരു കാലത്തിൽ സാക്ഷാൽ പരമശിവനും പാർവതി ദേവിയും വള്ളുവ വേഷം ധരിച്ചു ഭൂമിയിൽ അവതരിക്കുകയുണ്ടായിരുന്നു. അങ്ങനെ ഒരു നാൾ വള്ളുവ അവതാരം പൂണ്ട ശിവപാർവതിമാർക്ക് ഭൂമിയിൽ വെച്ച് ഒരു പുത്രൻ ജനിക്കുകയുണ്ടായി. കർക്കിട മാസത്തിലെ കരിംപൂരാടവും കറുത്ത വാവും ഒന്നിച്ചു വന്ന സമയത്തായിരുന്നു ആ കുഞ്ഞു പിറന്നത്. കുഞ്ഞു ജനിച്ചപ്പോൾ തന്നെ അശുഭ ലക്ഷണങ്ങൾ കളിയാടി. ചുറ്റിലും കൊടുംകാറ്റുണ്ടായി, പേമാരി വർഷിച്ചു. എങ്കിലും കുഞ്ഞിന് ദിവ്യത്വം ഉണ്ടെന്നു പരമശിവൻ അകക്കണ്ണാൽ അറിഞ്ഞു.
ഭൂമിയിൽ പിറന്ന കുഞ്ഞിനെ പരമശിവൻ കൈലാസത്തിലേക്ക് കൊണ്ട് പോയില്ല പകരം സന്താന ഭാഗ്യം ഇല്ലാതെ ദുഃഖം അനുഭവിക്കുന്ന തന്റെ ഭക്തനായ കാളകാട്ട് തിരുമേനിയുടെ ഇല്ലത്തിന്റെ പടിക്കൽ ഉപേക്ഷിച്ചു. തിരുമേനിയും ആത്തോലമ്മയും കുഞ്ഞിനെ പൊന്നു പോലെ നോക്കും എന്ന് പറഞ്ഞു പരമശിവൻ പാർവതിയെ സമാധാനിപ്പിച്ചു.
തങ്ങളുടെ വീട്ടു പടിക്കൽ ഒരു പിഞ്ചു കുഞ്ഞിനെ കണ്ട തിരുമേനിയും ആത്തോലമ്മയും സന്താന ഭാഗ്യമില്ലാത്ത തങ്ങൾക്കു ദൈവം സമ്മാനിച്ച പൊൻ പൈതലാണ് ഇതെന്ന് കണ്ടു അവനെ എടുത്തു മാറോടണച്ചു. സർവ പരിലാളനയും സ്നേഹവും നൽകി അവർ അവനെ വളർത്തി. എന്നാൽ അവരുടെ പ്രതീക്ഷയ്ക്കു വിരുദ്ധമായ കാര്യങ്ങൾ ആണ് കുട്ടി വളരുമ്പോൾ സംഭവിച്ചത്. തനി കാടൻ ആയി അവൻ വളർന്നു, ബ്രഹ്മണാചാരങ്ങൾ ഒന്നും അവൻ പാലിച്ചില്ല. അപാര ബുദ്ധി ശാലിയായ അവൻ ഗുരു മുഖത്തിൽ നിന്നും വളരെ പെട്ടെന്ന് തന്നെ വേദങ്ങൾ ഹൃദിസ്ഥമാക്കി. എന്നാൽ ഒരു നാൾ ഗുരു കുളിക്കാൻ പോയപ്പോൾ അനുവാദം ചോദിക്കാതെ വേദ പുസ്തകം എടുത്തു വായിച്ചതിനു ഗുരു അവനെ വഴക്കു പറയുകയും മർദിക്കുകയും ചെയ്തു. ഇതിൽ കുപിതനായ അവൻ തന്നെ മർദിച്ച ഗുരുനാഥനെ വെട്ടി കൊലപ്പെടുത്തി. പൂജാ ദ്രവ്യങ്ങളും ഹോമ കുണ്ഡവും മുഴുവൻ നശിപ്പിച്ചു. അങ്ങനെ ദിവസങ്ങൾ കഴിയുന്തോറും ഇല്ലത്തെ സർവ സമാധാനങ്ങളും ആ കുട്ടി കാരണം ഇല്ലാതായി തുടങ്ങി. ഇത്രയും ഗുരുത്വം ഇല്ലാത്ത കുട്ടിയെ തിരുമേനി കുട്ടിച്ചാത്തൻ എന്ന് കുറുപ്പേരു ചാർത്തി വിളിച്ചു.
മകന്റെ പ്രവൃത്തിയിൽ അങ്ങേ അറ്റം വിഷമം തോന്നിയ തിരുമേനിയും ആത്തോലമ്മയും ഇല്ലത്തു അല്പമെങ്കിലും സമാധാനം ഉണ്ടായിക്കോട്ടെ എന്ന് കരുതി. ചാത്തനോട് ദൂരെ ഉള്ള തങ്ങളുടെ ഒരു കാലിത്തൊഴുത്തിൽ കാലികളെ പരിപാലിച്ച് കാലിയാൻ മാർക്കൊപ്പം കഴിയാൻ കൽപ്പിച്ചു .
തിരുമേനിയുടെ ആജ്ഞ അവൻ അനുസരിച്ചു, കാടും മാലയും കയറി ഇറങ്ങി അവൻ കാലികളെ മേയ്ച്ചു. മൃഗങ്ങളോടൊപ്പം കഴിയുന്നത് അവൻ ശീലമാക്കി. കുരങ്ങന്മാരോടൊപ്പം അവൻ മരം കയറി, കുരുവികളെ പോലെ അവൻ പാടി. അങ്ങനെ നാളുകൾ കഴിഞ്ഞു. ഒരു നാൾ അവനു അമ്മയെ കാണണം എന്ന് മോഹമുണ്ടായി.
അവൻ നേരെ ഇല്ലത്തിലേക്കു നടന്നു ചാത്തൻ ആത്തോലമ്മയോടു പൊൻ കിണ്ടിയിൽ പാല് ചോദിച്ചു. എന്നാൽ കാലിയാൻ ചെക്കന് പൊൻ കിണ്ടിയിൽ അല്ല മൺപാത്രത്തിൽ ആണ് പാൽ നൽകുക എന്ന് പറഞ്ഞു ആത്തോലമ്മ അവനെ പരിഹസിച്ചു. ഇത് കേട്ട ചാത്തൻ കോപം കൊണ്ട് വിറച്ചു, ചാത്തന്റെ കണ്ണുകൾ ചുവന്നു. ആത്തോലമ്മ ചാത്തനെ വീട്ടിൽ കയറ്റാതെ വാതിൽ അടച്ചു. അവൻ കുറെ തവണ വാതിലിനു മുട്ടിയെങ്കിലും ആത്തോലമ്മ വാതിൽ തുറന്നില്ല. ദുഖത്തോടെ ചാത്തൻ തിരിച്ചു നടന്നു. ദാഹം കൊണ്ട് അവന്റെ തൊണ്ട വറ്റി. തനിക്കു നേരെ വാതിൽ കൊട്ടിയടച്ച അമ്മയുടെ മുഖം ഓർത്തപ്പോൾ അവന്റെ കോപം ഇരട്ടിച്ചു, പ്രതികാരാഗ്നി അവന്റെ മനസ്സിൽ ആളി കത്തി. പിന്നെ അവൻ നാട് നടുങ്ങും വിധം ഘോര ഘോരമായി അട്ടഹസിച്ചു. ആ അട്ടഹാസം കേട്ട് കാടുകൾ വിറങ്ങലിച്ചു, കളികൾ ചിറകടിച്ചു പറന്നു, മൃഗങ്ങൾ ചിതറിയോടി, നാലുപാടും ഓടിയ മദയാനകൾ കാട്ടിൽ നിന്നും ഇറങ്ങി വന്നു, അതിൽ ഒരു കാട്ടാനയുടെ പുറത്തു ചാത്തൻ കയറി ഇരുന്നു. നാലു ദിഖും പൊട്ടുമാറു ഉച്ചത്തിൽ ചിഹ്നം വിളിയോടെ ആന കാള ക്കൂട്ടങ്ങൾക്കിടയിലേക്കു പാഞ്ഞു. വലിയൊരു കാള കൂറ്റൻ ആനയുടെ തുമ്പിക്കയ്യിൽ അമർന്നു, ചാത്തൻ ആ കാളയുടെ കഴുത്തറത്തു ചുടു ചോര കുടിച്ചു ദാഹം മാറ്റി.
കാളയെ തേടിയെത്തിയ കാടൻ മാരോട് കാള കൈലാസം പൂകി എന്നവൻ പറഞ്ഞു അട്ടഹസിച്ചു. വിവരം അറിഞ്ഞ ആത്തോലമ്മ ഓടിയെത്തി പൊട്ടി കരഞ്ഞു. കുടിക്കാൻ പാല് ചോദിച്ചു തരാത്ത നിങ്ങളോടു എനിക്ക് വെറുപ്പാണ്, പകരം ഞാൻ കാലിയുടെ ചങ്കിലെ ചോര കുടിച്ചു എന്ന് പറഞ്ഞു ചാത്തൻ പൊട്ടിച്ചിരിച്ചു . കാടൻമാർ ചാത്തനെ കാഞ്ഞിര കമ്പു കൊണ്ട് പൊതിരെ തല്ലി, പിന്നെ അവനെ ദൂരേക്ക് വലിച്ചെറിഞ്ഞു. ചാത്തൻ ഒരു കുളത്തിൻ കരയിൽ കല്ലിൽ തലയടിച്ചു വീണു, അപ്പോഴും അവൻ പൊട്ടി ചിരിച്ചു കൊണ്ടേ ഇരുന്നു. അടി കൊണ്ടവശനായ അവൻ നിരങ്ങി നീങ്ങി ഇല്ലത്തെത്തി. ആത്തോലമ്മ കിണറിൽ നിന്നും വെള്ളം കോരുകയായിരുന്നു അപ്പോൾ. ചാത്തൻ ഒരു കല്ലെടുത്തു ആത്തോലമ്മയെ എറിഞ്ഞു, അവർ നിലം പതിഞ്ഞു വീണു. ഇത്രയും ഗുരുത്വം കെട്ട ഇവനെ ഇനി എന്ത് ചെയ്യും എന്ന് തിരുമേനി ആലോചിച്ചു. പിന്നെ തിരുമേനിയുടെ ആജ്ഞ പ്രകാരം കാടൻ മാർ ചാത്തനെ പിടിച്ചു കെട്ടി പുഴക്കരയിൽ കൊണ്ട് പോയി ഒരു പാറക്കല്ലിൽ കിടത്തി. പൊടുന്നനെ കാടൻ മാരുടെ മൂപ്പൻ വാള് വീശി, ചാത്തന്റെ ശരീരവും തലയും വേർപെട്ടു. വേർപെട്ട ഉടലും തലയും പുഴയിൽ ഒഴുകി നടന്നു.
ചാത്തനെ വകവരുത്തിയ വിവരം പറയാൻ ഇല്ലത്തേക്ക് ഓടിയെത്തിയ കാടന്മാർ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ചകൾ ആയിരുന്നു. ഇല്ലത്തിന്റെ മുറ്റത്തു കണ്ണ് മിഴിച്ചു ചാത്തൻ നില്കുന്നു, എവിടെ തിരിഞ്ഞാലും ചാത്തൻ. അതെ ചാത്തൻ പ്രേതമായിരിക്കുന്നു. പൂജാദ്രവ്യങ്ങൾ കത്തി, വിളക്കുകൾ കാറ്റിൽ പറന്നു, പാത്രങ്ങൾ വീണുടഞ്ഞു എങ്ങും ചാത്തന്റെ അട്ടഹാസം മുഴക്കി .
ഇതറിഞ്ഞു പ്രഗത്ഭരായ മന്ത്രവാദികൾ എത്തി. അവർ ചാത്തനെ തങ്ങളുടെ മന്ത്ര ശക്തി ഉപയോഗിച്ച് മന്ത്രക്കളത്തിൽ ആവാഹിച്ചിരുത്തി. പിന്നെ ചാത്തന്റെ ശരീരം വെട്ടി നുറുക്കി മുന്നൂറ്റി തൊണ്ണൂറ്റി എട്ടു കഷ്ണങ്ങളാക്കി ഹോമ കുണ്ഡത്തിൽ കത്തിച്ചു. എന്നാൽ അന്തരീക്ഷത്തിലേക്ക് വ്യാപിച്ച പുക ചുരുളുകളിൽ നിന്നും നൂറു കണക്കിന് ചാത്തൻ മാർ ഉയർന്നു വന്നു. മന്ത്രവാദികൾ ഭയന്നോടി, ചാത്തന്മാർ ഓരോരുത്തരെയും പിടിച്ചു തീയിലിട്ടു കൊന്നു ഇല്ലം അഗ്നിക്കിരയാക്കി. ഒടുവിൽ എല്ലാവരും ഓടി ചെന്ന് പെരുമലയനിൽ അഭയം പ്രാപിച്ചു. അനർത്ഥങ്ങൾ ആവർത്തിക്കാതിരിക്കാൻ ചാത്തന്റെ തെയ്യക്കോലം കെട്ടിയിടണം എന്ന് പെരുമലയന് വെളിപാടുണ്ടായി. അപ്രകാരം ആണ് മലനാട്ടിൽ കുട്ടിച്ചാത്തൻ അഥവാ ശാസ്തപ്പൻ തെയ്യം കെട്ടിയാടി തുടങ്ങിയത്.
കാളകാട്ട്, കാട്ടുമാടൻ, അടിയേരി, മുല്ലഞ്ചേരി, വെള്ളൂര് , മുല്ലപ്പള്ളി, ചാലിൽ , നല്ലാം കോട്ടം , നിച്ച്യത്ത്, കരുവാരത്ത്, കണ്ടിയിൽ, പട്ടേരി, മേപ്പാട്ട്, കീഴ്പാട്ട്, ആലംമ്പേരി, ചെല്ലൂർ സ്ഥലം , പുത്തൻപേരി , പൂന്തോപ്പ്, വാഴും കുളങ്ങര എന്നീ സ്ഥലങ്ങളിൽ ഒക്കെ ശാസ്തപ്പൻ കൂടിയിരുന്നു എങ്കിലും പിന്നീട് വീണ്ടും തിരിച്ചു കാളകാട്ട് ഇല്ലത്തേക്ക് ആവാഹിച്ചു കൊണ്ടുപോയി കുടിയിരുത്തി എന്നാണ് വിശ്വാസം.