തെയ്യ പ്രപഞ്ചത്തിൽ അമ്മ ദൈവങ്ങളിൽ പ്രധാനിയായ ഒരു തെയ്യം ആണ് രക്തചാമുണ്ഡി. മൂവാരി സമുദായത്തിൽ ഉള്ളവരുടെ കുല ദൈവം ആണ് രക്തചാമുണ്ഡി. തെക്കു വളപട്ടണം പുഴയ്ക്കും വടക്കു കുമ്പളയ്ക്കും ഇടയിൽ ഉള്ള മിക്ക കാവുകളിലും രക്ത ചാമുണ്ഡി കെട്ടിയാടാറുണ്ട്. മുണ്ട്യ കാവുകളിൽ വിഷ്ണു മൂർത്തിയുടെ കൂടെയും രക്ത ചാമുണ്ഡി കെട്ടിയാടാറുണ്ട്. രക്ത ചാമുണ്ഡിക്കു രക്തേശ്വരി എന്നും പേരുണ്ട്.
ചണ്ഡൻ, മുണ്ഡൻ എന്നു പേരുള്ള ദുഷ്ടരും അതി ശക്തരുമായ അസുര സഹോദരങ്ങളെ വധിച്ച ശക്‌തി സ്വരൂപിണിയായ ദേവി എന്ന അർത്ഥത്തിൽ ആണ് ചാമുണ്ഡി എന്ന പേരിന്റെ ഉത്ഭവം. സാക്ഷാൽ പാർവതി ദേവിയിൽ നിന്നും ആണ് ചാമുണ്ഡി ദേവി ഉത്ഭവിച്ചത്. ചണ്ഡ മുണ്ഡ നിഗ്രഹത്തിനു ശേഷം ദുഷ്ട ജന നിഗ്രഹത്തിനായി പിന്നീട് പല വേളകളിൽ ചാമുണ്ഡി വീണ്ടും പ്രത്യക്ഷപ്പെടുകയുണ്ടായി. അങ്ങനെ രക്തഭീജൻ എന്ന ഒരു അസുരനുമായി പാർവതി ദേവി ഏറ്റു മുട്ടിയപ്പോൾ അവതരിച്ച ചാമുണ്ഡിയാണ് രക്ത ചാമുണ്ഡി.
ബ്രഹ്മ ദേവനിൽ നിന്നും സ്ത്രീകൾക്ക് മാത്രമേ തങ്ങളെ വധിക്കാൻ കഴിയു എന്ന് വരം നേടിയെടുത്ത ശുംഭ നിശുംഭൻ മാർ സർവ വിനാശകാരായി മൂന്നു ലോകവും വാണിരുന്ന കാലം ചണ്ഡമുണ്ഡൻ മാർ അവരുടെ സേവകരായി സകല ദുഷ്പ്രവൃത്തികൾക്കും കൂട്ട് നിന്നു. ഇതിൽ ആദി പൂണ്ട ദേവൻ മാർ പാർവതി ദേവിയെ സമീപിക്കുകയും, ദേവൻ മാരുടെ സങ്കടത്തിൽ മനസ്സലിഞ്ഞ പാർവതി ദേവി ശുംഭ നിശുംഭ നിഗ്രഹത്തിനു തയ്യാറാവുകയും ചെയ്തു.
അസുര നിഗ്രഹത്തിനായി അവതരിച്ച പാർവതി ദേവിയുടെ തിരുമിഴിയിൽ നിന്നും ഉഗ്രമൂർത്തിയായ കാളി ഉടലെടുത്തു. ഘോര യുദ്ധത്തിൽ രൗദ്ര മൂർത്തിയായ കാളി ശുംഭ നിശുംഭന്മാരെ നിഗ്രഹിച്ചു. പാർവതി ദേവിയുടെ സൗന്ദര്യത്തിൽ ചണ്ഡമുണ്ഡൻമാർ ആകൃഷ്ടരായി. അതിശക്തയായ ദേവിയെ കീഴടക്കാൻ ഒരു വലിയ പടയുമായി തന്നെ ചണ്ഡമുണ്ഡൻമാർ വന്നു, ഇതിൽ കോപാകുലയായ കാളി അവരോട് യുദ്ധം ചെയ്തു. യുദ്ധം അതികഠിനമായി തുടർന്നപ്പോൾ കാളിയുടെ ശക്തി നേരിടാനാവാതെ ചണ്ഡമുണ്ഡൻമാർ പാതാളത്തിൽ ഓടി ഒളിച്ചു. എന്നാൽ അവരെ പിന്തുടർന്ന് പാതാളത്തിൽ എത്തിയ കാളി രണ്ടു പേരെയും വധിച്ചു. അങ്ങനെ ചണ്ഡമുണ്ഡന്മാരെ വധിച്ച കാളിയെ പാർവതി ദേവി ചാമുണ്ഡി എന്ന് വിളിച്ചു.
ദേവീ ഭാഗവതം പഞ്ചമസ്കന്ധത്തിലെ രക്തഭീജാസുര കഥയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് രക്ത ചാമുണ്ഡിയുടെ കഥ. ക്രോധവദി എന്ന അസുരന്റെ മകൻ ആയിരുന്നു രക്തഭീജാസുരൻ. അതി ശക്തനും പരാക്രമിയും ആയിരുന്ന രക്തഭീജാസുരൻ ദുഷ്ടനായ ഭസ്മാസുരന്റെ പുനർജ്ജന്മം ആയിരുന്നു. തന്റെ സാമ്പ്രാജ്യം വിപുലപ്പെടുത്തി മൂന്നു ലോകവും കീഴടക്കി ഭരിക്കാൻ വരം ലഭിക്കുന്നതിന് വേണ്ടി രക്തഭീജാസുരൻ പരമശിവനെ തപസു ചെയ്തു. കഠിന തപസിനു ശേഷം പരമശിവൻ പ്രത്യക്ഷപെട്ടു. രക്തഭീജാസുരന്റെ ഭക്തിയിൽ സംപ്രീതനായ പരമശിവൻ ഇഷ്ട ഉള്ള വരം ആവശ്യപ്പെടാൻ അനുവാദം കൊടുത്തു. യുദ്ധത്തിനിടയിൽ തന്റെ ദേഹം മുറിഞ്ഞാൽ ഇറ്റു വീഴുന്ന ഓരോ തുള്ളി ചോരയിൽ നിന്നും അതി ശക്തരായ ആയിരം അസുരന്മാർ ജനിക്കണം എന്ന വിചിത്രമായ വരം രക്തഭീജാസുരൻ ആവശ്യപെട്ടു. ആവശ്യപ്പെട്ട വരം നൽകി പരമശിവൻ രക്തഭീജനെ അനുഗ്രഹിച്ചു.
വരഫലം നേടിയ രക്ത ഭീജൻ മൂന്ന് ലോകത്തും നാശം വിതച്ചു. ത്രിലോകം ആക്രമിച്ചു കീഴ്പ്പെടുത്തിയ രക്തഭീജന്റെ ക്രൂരത സഹിക്കാൻ പറ്റാതായപ്പോൾ ദേവന്മാർ പാർവതി ദേവിയെ സമീപിച്ചു സഹായം അഭ്യർത്ഥിച്ചു. ദേവന്മാരുടെ സങ്കടം കണ്ടു മനസ്സലിഞ്ഞ പാർവതി ദേവി രക്തഭീജനുമായി പോരിനിറങ്ങി എന്നാൽ യുദ്ധത്തിൽ രക്തഭീജന് മുറിവേറ്റപ്പോഴൊക്കെ ആയിരക്കണക്കിന് അസുരന്മാർ ഉടലെടുത്തു. കോപാകുലയായ പാർവതി ദേവിയിൽ നിന്നും ചാമുണ്ഡി ദേവി വീണ്ടും പിറന്നു രക്തഭീജന്റെ ശരീരത്തിൽ നിന്നും ഇറ്റു വീഴുന്ന ചോര മുഴുവൻ ഭൂമിയിൽ വീഴാതെ മോന്തി കുടിക്കാൻ പാർവതി ദേവി ചാമുണ്ടിയോടു ആവശ്യപ്പെട്ടു.
അമ്മയുടെ ആജ്ഞ അനുസരിച്ചു ചാമുണ്ഡി തന്റെ വായ വലുതാക്കി നാവു ഭൂമിയിൽ വിരിച്ചു. പാർവതി ദേവി രക്തഭീജന്റെ തലയറുത്തു ചാമുണ്ഡിയുടെ നാവിലേക്ക് ഇട്ടു. ഒഴുകി വന്ന ചോരയിൽ ഒരിറ്റു പോലും നിലത്തു വീഴാതെ മുഴുവൻ ചാമുണ്ഡി കുടിച്ചു തീർത്തു. അങ്ങനെ രക്തബീജന്റെ ആയുസ്സോടുങ്ങി. അങ്ങനെ രക്തഭീജസുരന്റെ ചോര കുടിച്ച ചാമുണ്ഡിക്ക്. രക്ത ചാമുണ്ഡി എന്ന പേര് വന്നു. ഈ കഥയിലെ രക്ത ചാമുണ്ഡിയെ തന്നെ ആണ് മലനാട്ടിൽ രക്ത ചാമുണ്ഡി തെയ്യം കെട്ടിയാടുന്നത്.
രക്ത ചാമുണ്ഡി മലനാട്ടിലേക്കു വന്ന് മൂവാരി സമുദായത്തിൽ ഉള്ളവരുടെ കുല ദൈവം ആയതിനു പിന്നിലും ഒരു കഥയുണ്ട്.
പണ്ട് കോലത്തു നാട് മുഴുവൻ പട്ടിണിയും ദാരിദ്ര്യവും കൊണ്ട് പൊറുതി മുട്ടിയപ്പോൾ കോലത്തു രാജാവായിരുന്ന ഉദയവർമ്മൻ കാശിയിൽ ഭജനം ഇരുന്നു. തമ്പുരാന്റെ പ്രാർത്ഥന കേട്ട് ജഗദീശ്വരി ആയ അന്നപൂർണേശ്വരിയും ആറ് ഇല്ലത്തമ്മമാരും അണ്ടാർ വിത്തും മരക്കപ്പൽ ഏറി മലനാട്ടിൽ എത്തി. അന്നപൂർണേശ്വരിയുടെ തുണയ്ക്കു രക്തചാമുണ്ഡിയും എത്തി.
കപ്പൽ ആയിരം തെങ്ങ് എന്ന സ്ഥലത്തു എത്തിയപ്പോൾ പച്ചോല പന്തവും പൂജാ വിധികളും നൽകി ദേവിമാരെ അവിടെ ഉള്ള നാട്ടുകാർ ആദരിച്ചു. എന്നാൽ കപ്പൽ ഇറങ്ങുന്ന സമയത്തു പട്ടിണി കാരണം അവശരായ ഒരു കൂട്ടം ആളുകളെ ചാമുണ്ഡി കണ്ടു. വിശപ്പകറ്റാൻ പൂജാ പുഷ്പങ്ങൾ വാരി തിന്നുന്ന അവരെ കണ്ടപ്പോൾ രക്തചാമുണ്ഡിയുടെ മനസ്സലിഞ്ഞു. ഉടൻ തന്നെ ചാമുണ്ഡി ഒരു വലിയ അടുപ്പൊരിക്കി തന്റെ മന്ത്ര ശക്തിയാൽ ഒരു കലം ഉണ്ടാക്കി അതിൽ പുത്തരി ചോറു വെച്ചു. അമ്മ തന്നെ സ്വർണ കരണ്ടി കൊണ്ട് പട്ടിണി പാവങ്ങൾക്ക് ചോറ് വിളമ്പി കൊടുത്തു.
അന്ന് പൂവാരി തിന്ന സമുദായം പിന്നീട് പൂവാരികൾ എന്നും പിന്നീട് മൂവാരികൾ എന്നും അറിയപ്പെട്ടു. അന്ന് അന്നം വിളമ്പി പട്ടിണി മാറ്റിയ രക്ത ചാമുണ്ഡി മൂവാരികളുടെ കൺകണ്ട ദൈവമായി.
മൂവാരി സമുദായത്തിന്റെ പ്രധാനപ്പെട്ട നാല് കഴകങ്ങളിലും മുഖ്യ ദേവത രക്തചാമുണ്ഡി ആണ്. മൂവാരി കാവുകളിൽ രക്തചാമുണ്ഡി തെയ്യം കെട്ടുമ്പോൾ ചോറ് തന്നു ഞങ്ങളുടെ പട്ടിണി മാറ്റിയ ദേവിയുടെ കഥയെ അനുസ്മരിപ്പിക്കുന്നതു പോലെ ചെമ്പും ചോറും എടുക്കൽ എന്ന ഒരു പ്രതേക ചടങ്ങുണ്ട്. രക്ത ചാമുണ്ഡി തെയ്യം ഇറങ്ങുമ്പോൾ മൂവാരി സമുദായക്കാർ ചെമ്പും ചോറും എടുത്തു ആരവത്തോടെ കാവിനു പ്രദിക്ഷണം വെക്കുന്ന ചടങ്ങാണ് ചെമ്പും ചോറും എടുക്കൽ എന്ന പേരിൽ അറിയപ്പെടുന്നത്.
ആയിരം തെങ്ങു, നീലംകൈ , കുട്ടിക്കര, കീഴെക്കര എന്നിവയാണ് മൂവരിമാരുടെ പ്രധാന പെട്ട നാലു കഴകങ്ങൾ
നിലകൊള്ളുന്ന ഗ്രാമത്തിന്റെ പേരോ കാവിന്റെ പേരോ ചേർത്ത് രക്ത ചാമുണ്ഡിയെ പലപേരുകളിൽ അറിയപ്പെടാറുണ്ട്. ആയിരം തെങ്ങു ചാമുണ്ഡി, പെരിയാട്ടു ചാമുണ്ഡി , ഇടപ്പാറ ചാമുണ്ഡി , കരയിൽ ചാമുണ്ഡി , ബാലിച്ചേരി ചാമുണ്ഡി, പ്ലാവടുക്ക ചാമുണ്ഡി, വീര ചാമുണ്ഡി, കട്ടചേരി ചാമുണ്ഡി എന്നിങ്ങനെ ആണ് ഗ്രാമ പേരുകളോ , കാവിന്റെ പേരോ ചേർത്തുള്ള രക്ത ചാമുണ്ഡിയുടെ വിവിധ പേരുകൾ. കൂടാതെ രക്തേശ്വരി ,ഗണ ചാമുണ്ഡി , രുധിര ചാമുണ്ഡി എന്നീ പേരുകളിലും രക്ത ചാമുണ്ഡി അറിയപ്പെടുന്നു.
രക്ത ചാമുണ്ഡി മലനാട്ടിലേക്കു വന്നതിനു പിന്നിൽ മറ്റൊരു കഥ കൂടി ഉണ്ട്. നരസിംഹ മൂർത്തിയായ വിഷ്ണു മൂർത്തിയുടെ കഥയുമായി ബന്ധപ്പെട്ടാണ് ആ ഐതീഹ്യം.
മംഗലാപുരത്തെ കോയിൽ കുടിൽപാടി വീട്ടിൽ നിന്നും നീലേശ്വരത്തെ പള്ളിക്കരയിൽ എത്തിയ പാലന്തായി കണ്ണൻ എന്ന തീയ്യ യുവാവിന്റെ കൂടെ പോറ്റമ്മ നൽകിയ നരസിംഹ മൂർത്തി കുടിയടങ്ങിയ ചുരികയോടൊപ്പം രക്ത ചാമുണ്ഡിയും അള്ളട നാട്ടിൽ എത്തി എന്നതാണ് ആ കഥ.
നരസിംഹ മൂർത്തിയായ വിഷ്ണു മൂർത്തി കെട്ടുന്ന മുണ്ട്യകളിൽ കൂടെ രക്ത ചാമുണ്ഡിയും കെട്ടുന്ന പതിവുണ്ട്. അതുപോലെ വിഷ്ണു മൂർത്തിയുടെ തീവ്ര ഭാവമായ തീച്ചാമുണ്ഡി മേലേരിയിലേക്കു ചാടുമ്പോൾ ചങ്ങാതിയായ രക്ത ചാമുണ്ഡിയുടെ സാനിദ്ധ്യം ഉണ്ടാവാറുണ്.
വിഷ്ണു, അങ്കക്കുളങ്ങര ഭഗവതി, രക്ത ചാമുണ്ഡി എന്നീ മൂന്നു ദേവതകളെ ചേർത്ത് പടുവളത്തിൽ പരദേവത മാർ എന്നും വിളിക്കാറുണ്ട്.
സാദാരണയായ് മലയ സമുദായത്തിൽ പെട്ടവർ ആണ് രക്ത ചാമുണ്ഡി തെയ്യം കെട്ടിയാടാറുള്ളത്. എന്നാൽ ചില ഇടത്ത് വണ്ണാൻ, മുന്നൂറ്റാൻ, പാണൻ, പുലയൻ എന്നീ സമുദായത്തിൽ ഉള്ളവരും രക്ത ചാമുണ്ഡി കെട്ടാറുണ്ട്.
കാഴ്ചയിൽ അതി മനോഹരം ആണ് രക്ത ചാമുണ്ഡി തെയ്യം. മടയിൽ ചാമുണ്ഡിക്കു സമാനമായ മുടിയും മെയ്ചമയങ്ങളുമാണ് രക്ത ചാമുണ്ഡിയുടെത്. കരിമഴി കണ്ണും തേപ്പും കുറിയും ആണ് മുഖത്തെഴുത് . പിലാത്തറ മുതൽ തെക്കോട്ടുള്ള ഭാഗങ്ങളിൽ പ്രാക്കെഴുത്തും കാണാം. പുറത്തട്ടാണ് കുരുത്തോല തുന്നിയ വട്ട മുടി. ആടയിൽ ഒളിയുടുപ്പാണ് പതിവ് ചില വിശേഷ സാഹചര്യങ്ങളിൽ വെളുത്ത ഉടുപ്പും ഉണ്ടാവും. നാഗത്താൻ മാർ ആടുന്ന മടിത്തട്ടും കുരുത്തോല മുടിയിൽ മയിൽ പീലിയും ചന്ദ്രക്കലയും വെള്ളിയിൽ തീർത്ത മിന്നികളും പട്ടു വസ്ത്രങ്ങളും ഉണ്ടാവും. ശിരോലങ്കാരമായി തലമല്ലികയും അതിനു താഴെ തലത്തണ്ടയും കമനീയമായ വെള്ളി തൂക്കും കാതും കഴുത്തിൽ കെട്ടും മാറും വയറും മറക്കുന്ന വിധം മാർ ചട്ടയും മുലാരും ഉണ്ടാവും.