പുലയ സമുദായത്തിൽ ഉള്ളവരുടെ പ്രധാന ആരാധനാ മൂർത്തിയാണ് പുലി മറഞ്ഞ തൊണ്ടച്ചൻ അഥവാ കാരി ഗുരുക്കൾ. മരണ ശേഷം ദൈവമായി മാറിയ വിശിഷ്ട വ്യക്തികളുടെ ഗണത്തിൽ ആണ് പുലി മറഞ്ഞ തൊണ്ടച്ചൻ തെയ്യം പെടുന്നത്. വടക്കേ മലബാറിൽ തൊണ്ടച്ചൻ എന്ന് പറഞ്ഞാൽ മുത്തച്ഛൻ എന്നാണ് അർഥം. പല ഗോത്ര സംസ്കൃതിയിലും തങ്ങളുടെ പൂർവികരെ ആരാധിക്കുന്ന പതിവുണ്ടായിരുന്നു. പൂർവികർക്ക് വളരെ ഏറെ പ്രാധാന്യം കൊടുക്കുന്ന സമുദായം ആണ് പുലയ സമുദായം.
അള്ളട സ്വരൂപത്തിലെ തമ്പുരാന്റെ മാറാ രോഗം തന്റെ സിദ്ധിയാൽ മാറ്റിയ സർവ വിദ്യയിലും അഗ്രഗണ്യൻ ആയ കാരി ഗുരുക്കൾ എന്ന പുലയ സമുദായക്കാരൻ സവർണരുടെ ചതികൈയിൽ അകപ്പെട്ടു മനുഷ്യ ജീവൻ വെടിയുകയും പിന്നീട് പ്രതികാര ദാഹിയായി ദൈവക്കരുവായി മാറുന്നതും ആണ് പുലി മറഞ്ഞ തൊണ്ടച്ചന്റെ ഐതിഹ്യം.
പയ്യന്നൂരിന് അടുത്തുള്ള കുഞ്ഞിമംഗലം എന്ന സ്ഥലത്തെ നാട്ടു പ്രമാണി ആയിരുന്ന ചേണിച്ചേരി കുഞ്ഞമ്പുവിന്റെ അടിയാൻമാരായിരുന്നു ദമ്പതികൾ ആയ വള്ളിക്കുടിച്ചി വിരുന്തിയും മണിയൻ കാഞ്ഞാനും. തന്റെ കൃഷി സ്ഥലത്തു ജോലി ചെയ്യാൻ തിരുവർക്കാട് കാവിൽ നിന്നായിരുന്നു ചേണിച്ചേരി ഇവരെ കൂട്ടി കൊണ്ട് വന്നത്. വിരുന്തിക്കും കാഞ്ഞാനും ജനിച്ച ആൺ കുഞ്ഞായിരുന്നു കാരി. ചെറുപ്പം മുതൽ തന്നെ കൃഷിപ്പണിയോട് കാരിക്ക് താല്പര്യം ഇല്ലായിരുന്നു. നല്ല മെയ്‌വഴക്കവും ആകാര വടിവും ഉള്ള കാരിക്ക് കളരി പഠിക്കാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ ആ കാലഘട്ടത്തിൽ താഴ്ന്ന ജാതിയായി കണക്കാക്കിയിരുന്ന പുലയ സമുദായത്തിൽ ഉള്ളവർക്ക് കളരി പഠിക്കാൻ അനുവാദം ഇല്ലായിരുന്നു. എങ്കിലും തന്റെ മകന്റെ നിർബന്ധത്തിനു വഴങ്ങി ഈ ആഗ്രഹം കാഞ്ഞാൻ ചേണിച്ചേരി കുഞ്ഞമ്പുവോടു പറഞ്ഞു. കാരിയോട് അനുകമ്പ തോന്നിയ ചേണിച്ചേരി തമ്പുരാൻ കാരിയെ കളരിയിൽ ചേർക്കാൻ അനുവദിച്ചു. ജാതിയുടെ പേര് പറഞ്ഞു മറ്റുള്ളവർ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ കാരിയുടെ പേരും കുലപ്പേരും മാറ്റി പറഞ്ഞായിരുന്നു ചേണിച്ചേരി കാരിയെ കളരിയിലേക്കു പ്രവേശിപ്പിച്ചത്.
അതി സമർത്ഥനായ കാരി അക്കാലത്തു പ്രചാരത്തിൽ ഉണ്ടായിരുന്ന പതിനെട്ടു കളരിയിൽ നിന്നും വിദ്യകൾ കരസ്ഥമാക്കി. പതിനെട്ടാമത്തെ കളരിയായ ചോതിയാർ കളരിയിൽ നിന്നും മാന്ത്രിക വിദ്യയും ജ്യോത്സ്യവും കാരി പഠിച്ചു. അത്യധികം കഠിനമായതും അതീവ ജാഗ്രത വേണ്ടതും ആയ പുലി മറയൽ എന്ന ഒടി വിദ്യയും കാരി സ്വായക്തമാക്കി.
സർവ വിദ്യകളും അഭ്യസിച്ചു മാടായിയിൽ തിരിച്ചെത്തിയ കാരിക്ക് നാട്ടുകാർ ഗുരിക്കൾ സ്ഥാനം നൽകി ആദരിച്ചു. അങ്ങനെ കാരി പിന്നീട് കാരി ഗുരിക്കൾ ആയി അറിയപ്പെട്ടു. കാരിക്ക് നാട്ടിൽ മന്ത്രവാദവും കളരിയും നടത്താൻ ഉള്ള അധികാരം ചേണിച്ചേരി കുഞ്ഞമ്പു നൽകി. കാരി ഗുരുക്കളുടെ കഴിവ് നാട്ടിലും അന്യ നാട്ടിലും അറിയപ്പെട്ടു. ഇതിനിടെ വെള്ളച്ചി എന്ന് പേരുള്ള ഒരു സ്ത്രീയെ കാരി വിവാഹം കഴിച്ചു. എന്നാൽ വലിയ വലിയ സിദ്ധൻ മാർക്ക് പോലും മാറ്റാൻ പറ്റാത്ത രോഗങ്ങൾ മാറ്റുന്നതും മന്ത്രജാലങ്ങൾ ചെയ്യുന്നതും ഒരു വിഭാഗം ആളുകളിൽ അസൂയ ഉണ്ടാക്കി. വെറും പുലയനായ കാരി ഇത്രയും പ്രശസ്തനായ ഒരു വ്യക്തിയായി മാറിയത് അവരുടെ അമർഷത്തിനു കാരണമായി.
ഒരു നാൾ അള്ളടം സ്വരൂപത്തിൽ നിന്നും ഉള്ള തമ്പുരാന്റെ ബാധ ചികിൽസിക്കാൻ കാരിയെ വിളിക്കാൻ ആളുകൾ എത്തി. എന്നാൽ ചേണിച്ചേരി കുഞ്ഞമ്പു കാരി ഗുരുക്കളെ പോകാൻ അനുവദിച്ചില്ല. ആറു തവണ അള്ളടം നാട്ടിൽ നിന്നും ആളുകൾ വന്നെങ്കിലും ചേണിച്ചേരി കുഞ്ഞമ്പു ഗുരുക്കളെ അയച്ചില്ല. എന്നാൽ ഏഴാം തവണ ചെമ്പോല പ്രമാണം ആയിരുന്നു വന്നത് രോഗം ഭേദമാക്കിയാൽ അള്ളടം തമ്പുരാന്റെ പകുതി സ്വത്തും കാരിക്ക് തരാം എന്ന് ചെമ്പോലയിൽ എഴുതിയിട്ടുണ്ടായിരുന്നു. അങ്ങനെ ചേണിച്ചേരി കുഞ്ഞമ്പുവിന്റെ സമ്മതത്തോടെ കാരി അള്ളടത്തേക്കു യാത്ര തിരിച്ചു.
അള്ളടം കോവിലിൽ എത്തിയ കാരി ചികിത്സയും മന്ത്രവാദവും നടത്തി, അള്ളടം തമ്പുരാന്റെ ബാധ പൂർണമായും ഒഴിഞ്ഞു. എന്നാൽ അസുഖം ഭേദമായപ്പോൾ തമ്പുരാന്റെ ഭാവം മാറി, വാക്ക് പറഞ്ഞത് പോലെ പകുതി സ്വത്തു നൽകാൻ അയാൾ തയ്യാറായില്ല. മാത്രമല്ല കാരിയെ ചതിയിൽ പെടുത്തി ഇല്ലാതാക്കാൻ അവർ പദ്ധതി ഇട്ടു. കാരി സായക്തമാക്കിയ പുലിമറയൽ വിദ്യ കാണിച്ചു തന്നാൽ പാതി സ്വത്തു തരാം എന്ന് അള്ളടം തമ്പുരാൻ പറഞ്ഞു.
മനുഷ്യൻ പുലിയായി മാറുന്നതും പിന്നെ തിരിച്ചു മനുഷ്യൻ ആയി മാറുന്നതും ആയ അത്യധികം സാഹസികതയും അപകടവും നിറഞ്ഞ ഒടി വിദ്യയാണ് പുലി മറയൽ വിദ്യ, ചെറിയ ജാഗ്രത കുറവുണ്ടായാൽ പോലും മനുഷ്യ ജീവിതത്തിലേക്കുള്ള തിരിച്ചു വരവ് അസാധ്യമാകും. എങ്കിലും പുലിമറയൽ വിദ്യ ചെയത് കാണിക്കാം കാരി സമ്മതിച്ചു. കാരി നാട്ടിൽ തിരിച്ചെത്തി ഭാര്യ വെള്ളച്ചിയോട് കാര്യങ്ങൾ പറഞ്ഞു. ഞാൻ പുലിയായി വരുമ്പോൾ തിരിച്ചു മനുഷ്യനായി മാറ്റാൻ ഉള്ള ചടങ്ങുകൾ ചെയ്യാൻ ഭാര്യയെ കൊണ്ട് അയാൾ ചട്ടം കെട്ടി. താൻ പുലിയായിട്ടാണ് വരുന്നതെങ്കിൽ അരി കഴുകിയ വെള്ളം പുലിയുടെ മുഖത്തൊഴിക്കണം എന്നും പച്ച ചാണകം ചൂലിൽ മുക്കി പുലിയുടെ ദേഹത്ത് അടിക്കണം എന്നും അയാൾ ഭാര്യയെ കൊണ്ട് സമ്മതിപ്പിച്ചു, അപ്രകാരം ചെയ്‌താൽ മാത്രമേ എനിക്ക് തിരിച്ചു മനുഷ്യനായി മാറാൻ സാധിക്കുകയുള്ളു, കാരി ഭാര്യയെ ചടങ്ങിന്റെ ഗൗരവം മനസ്സിലാക്കി കൊടുത്തു. കൂടാതെ ഇക്കാര്യം വളരെ രഹസ്യമായി സൂക്ഷിക്കാനും കാരി തന്റെ ഭാര്യയോട് പറഞ്ഞു.
അള്ളടം കോവിലകത്തേക്ക് പോയ കാരി പുലിമറയൽ വിദ്യ ചെയ്തു എല്ലാവരെയും അമ്പരപ്പിച്ചു, അതിനു ശേഷം പുലിയായി മാറിയ കാരി തിരിച്ചു തന്റെ വീട്ടിലേക്ക് പുറപ്പെട്ടു. എന്നാൽ വീട്ടിൽ എത്തിയ കാരി കണ്ടത് വീടിന്റെ വാതിൽ അടഞ്ഞു കിടക്കുന്നതാണ്. ഇതിനകം അള്ളടം തമ്പുരാന്റെ ചാരൻ മാർ കാരിയുടെ ഭാര്യ വെള്ളച്ചിയെ കാണുകയും പുലിമറയൽ ചടങ്ങു നടന്നില്ലെന്നും അത് കൊണ്ട് വാതിൽ അടച്ചു കിടന്നോളു എന്ന് വെള്ളച്ചിയെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു .കൊടും ചതി മനസ്സിലാക്കാതെ വെള്ളച്ചി വാതിൽ അടച്ചു കിടന്നിരുന്നു. എത്ര ഒച്ചയിട്ടിട്ടും അടഞ്ഞു കിടന്ന വാതിൽ തുറക്കാതെ കണ്ട പുലി രൂപം പൂണ്ട കാരി വാതിലിനു നേരെ ചാടി വാതിൽ തകർത്തു. എന്നാൽ അപ്രതീക്ഷിതമായി വാതിൽ തകർത്ത് അകത്തു കയറിയ പുലിയെ കണ്ട വെള്ളച്ചി പ്രാണ ഭയത്തിൽ കാരി പറഞ്ഞതെല്ലാം മറന്നു പോയി. കുറച്ചു നിമിഷം കഴിഞ്ഞു പൂർണമായും പുലിയായി രൂപാന്തര പെട്ട കാരി വെള്ളച്ചിയെ ക്രൂരമായി കടിച്ചു കീറി കൊന്നു. മനുഷ്യ രൂപം വീണ്ടെടുക്കാൻ ആവാത്ത കാരി ഗുരുക്കൾ പുലി പാതാളത്തിലേക്കു ഓടി മറഞ്ഞു.
ഈ സംഭവങ്ങൾക്കു ശേഷം ദിവസങ്ങൾ കഴിഞ്ഞപ്പോൾ അള്ളട തമ്പുരാന് വീണ്ടും ബാധ കയറി. അള്ളട നാട്ടിൽ നിറയെ അനർത്ഥങ്ങൾ കളിയാടി. അള്ളടം തമ്പുരാന്റെ കുട്ടികൾക്ക് ഭ്രാന്തിളകി. കന്നു കാലികളെ മുഴുവൻ പുലി കടിച്ചു തിന്നു. അനർത്ഥങ്ങൾ തുടർക്കഥയായപ്പോൾ ചിറക്കൽ തമ്പുരാൻ നേരിട്ട് പ്രശ്ന പരിഹാരത്തിന് എത്തി. ജ്യോത്സ്യൻ മാരെ കൊണ്ട് പ്രശ്നം വെച്ചപ്പോൾ അള്ളട തമ്പുരാൻ ചതിച്ചു മനുഷ്യ ജന്മം ഇല്ലാതാക്കിയ കാരിയുടെ പ്രതികാരം ആണ് ഈ അനർത്ഥങ്ങൾ ഒക്കെ എന്ന് തെളിഞ്ഞു. കാരി ദൈവ കരുവായി മാറിയിരിക്കുന്നു, പ്രതിവിധി ചെയ്യണം എന്നും പ്രശ്നത്തിൽ തെളിഞ്ഞു. അങ്ങനെ ജ്യോത്സ്യ വിധി പ്രകാരം അള്ളട തമ്പുരാൻ തന്റെ സ്വത്തിന്റെ പകുതി ഭാഗം ചേണിച്ചേരി കുഞ്ഞമ്പുവിന് നൽകി, സ്വർണം കൊണ്ട് കാരി ഗുരുക്കളുടെ രൂപം ഉണ്ടാക്കി, കാരി ഗുരുക്കൾക്കായി ക്ഷേത്രം കെട്ടി. കാരി ഗുരുക്കളെ തെയ്യം ആയി കെട്ടിയാടിച്ചു തുടങ്ങി. അള്ളട തമ്പുരാൻ നൽകിയ പാതി സ്വത്തുക്കൾ ചേണിച്ചേരി കാരി തെയ്യത്തിനു നൽകി എന്നാൽ ആ സ്വത്തു ചേണിച്ചേരിക്ക് തന്നെ തെയ്യം തിരിച്ചു കൊടുത്തു. ഇത്രയും സ്വത്തു ഞാൻ എന്ത് ചെയ്യും എന്ന് തെയ്യത്തോട് ചേണിച്ചേരി ചോദിച്ചു, കയ്യിൽ വെക്കാൻ കഴിയില്ലെങ്കിൽ ധർമം നൽകിക്കോളു എന്ന് ഭഗവാന്റെ അരുളപ്പാടുണ്ടായി.
അങ്ങനെ ആണ് കരി ഗുരുക്കൾ തെയ്യം മലനാട്ടിൽ കെട്ടിയാടി തുടങ്ങിയത്. പുലിയായി പുലിപാതാളത്തിലേക്കു മറഞ്ഞു പോയ പൂർവികൻ ആയതു കൊണ്ട് കാരി ഗുരുക്കൾ തെയ്യം പുലി മറഞ്ഞ തൊണ്ടച്ചൻ എന്ന പേരിലും അറിയപ്പെട്ടു.