അമ്മ ദൈവ സങ്കൽപ്പങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന അതി രൗദ്രത പൂണ്ട ദേവത യാണ് പഞ്ചുരുളി. മലനാട്ടിൽ പഞ്ചുരുളി തെയ്യം കെട്ടിയാടുന്ന സ്ഥലം വിരളം ആണെങ്കിൽ പോലും തെയ്യ പ്രേമികളുടെ ഇടയിൽ പഞ്ചുരുളിക്ക് പ്രഥമ സ്ഥാനം തന്നെ ഉണ്ട്. കെട്ടിയാടലിന്റെ സവിശേഷത കൊണ്ടും, അതീവ ചാരുതയാർന്ന ചമയങ്ങൾ കൊണ്ടും പഞ്ചുരുളി തെയ്യം ഏറെ വേറിട്ട് നില്കുന്നു.
ബ്രഹ്മ ദേവനിൽ നിന്നും സ്ത്രീകൾക്ക് മാത്രമേ തങ്ങളെ വധിക്കാൻ കഴിയു എന്ന് വരം നേടിയെടുത്ത ദുഷ്ട അസുരമാരായ ശുംഭ നിശുംഭൻ മാർ സർവ വിനാശകാരായി മൂന്നു ലോകവും വാണിരുന്ന കാലം അവരെ വധിക്കാൻ സാക്ഷാൽ പാർവതി ദേവിയിൽ നിന്നും കാളി ഉടലെടുത്തു. ആ കാളിയെ സഹായിക്കാൻ മഹേശ്വരന്റെ ഹോമ കുണ്ഡത്തിൽ നിന്നും സപ്ത മാതൃക്കൾ ഉടലെടുത്തു. മഹേശ്വരി, കൗമാരി, ബ്രാഹ്‌മിണി, വൈഷ്ണവി, ഇന്ദ്രാണി, വാരാഹി, ചാമുണ്ഡി എന്നെ സപ്ത മാതൃക്കളിൽ വരാഹ രൂപം പൂണ്ട അഞ്ചാമത്തെ മാതാവ് ആണ് പഞ്ചുരുളി എന്ന പേരിൽ തെയ്യം ആയി കെട്ടിയാടുന്നത്. തുളു നാട്ടിലെ പ്രധാന ദേവതയാണ് പഞ്ചുരുളി , തുളു ഭാഷയിൽ പഞ്ചി എന്നാൽ പന്നി എന്നാണ് അർത്ഥം. പന്നി രൂപം പൂണ്ട കാളി എന്നതു ലോപിച്ചാണ് പഞ്ചുരുളി എന്ന പേര് ഉണ്ടായതു എന്നാണ് വിശ്വാസം. എന്നാൽ പഞ്ചവീരൻ മാരെ വധിച്ച ദേവി എന്ന അർത്ഥത്തിൽ ആണ് പഞ്ചുരുളി എന്ന പേര് വന്നത് എന്നും മറ്റൊരു അഭിപ്രായം ഉണ്ട്.
ബ്രഹ്മ വിഷ്ണു മഹേശ്വരൻ മാർക്ക് പഞ്ചബാണാസുരൻ മാരുടെ പ്രവൃത്തിയിൽ അനിഷ്ടം ഉണ്ടായി. മൂവരും ചേർന്ന് പഞ്ച ബാണാസുരൻ മാരെ വധിക്കാൻ അവരുടെ തേജസിൽ നിന്നും ഒരു ദേവിയെ സൃഷ്ടിച്ചു ആ ദേവിയാണ് പഞ്ചുരുളി എന്നും കഥ ഉണ്ട്. പഞ്ചബാണാസുരന്മാരെ വധിച്ച പഞ്ചുരുളി പിന്നെ ഭൂമിയിൽ വാണു. തുളു നാട്ടിലെ പ്രധാന ദേവതയാണ് പഞ്ചുരുളി. വടകരയ്ക്കടുത്തു പൊന്നാരത്തച്ചൻ എന്ന പേരിൽ ഒരു കളരി അഭ്യാസി ഉണ്ടായിരുന്നു. തന്റെ ആയോധന കലയിലുള്ള പ്രാവീണ്യം വർധിപ്പിക്കാൻ തുളു നാടൻ കളരി മുറകൾ പഠിക്കാൻ അദ്ദേഹം തുളു നാട്ടിൽ പോവുകയും അവിടെ വച്ച് അദ്ദേഹം തികഞ്ഞ പഞ്ചുരുളി ഭക്തനായി മാറുകയും ചെയ്തു. പൊന്നാരത്തച്ചന്റെ പ്രാർത്ഥന കാരണം അദ്ദേഹത്തിന്റെ കൂടെ പഞ്ചുരുളി മലനാട്ടിലേക്കു വന്നു എന്നാണ് പറയപ്പെടുന്നത്. മലനാട്ടിൽ എത്തിയ പഞ്ചുരുളി മാടായി കാവിലമ്മയുടെ തിരുനടയിൽ എത്തി, പിന്നെ രക്തചാമുണ്ഡിയും വിഷ്ണു മൂർത്തിയും പഞ്ചുരുളിക്ക് ചങ്ങാതിമാരായി. മൂവരും ഒത്തു ഏഴോം കടവ് കടന്നു പട്ടുവം എന്ന സ്ഥലത്തെത്തി, അവിടെ വച്ച് പട്ടുവം ദേശത്തെ ദേവിയായ വലിയ മതിലകത്തെ കൂളൂർ ഭഗവതിയുടെ അടുത്തെത്തി. മായാ മലരമ്പൻ എന്ന ഒരു ഗന്ധർവ്വൻ തന്റെ നിത്യ കർമങ്ങൾക്കു മുടക്കം വരുത്തുന്നു എന്നും ആ ഗന്ധർവനെ വധിച്ചാൽ പട്ടുവം ദേശാധിപത്യം നൽകാം എന്നും കൂളൂർ ഭഗവതി പഞ്ചുരുളിയോട് പറഞ്ഞു
ആലിൻ മുകളിൽ കൂടിയിരുന്ന മായാ മലരമ്പനെ പക്ഷി രൂപം ധരിച്ച പഞ്ചുരുളി വധിക്കുകയും പിന്നീട് അതേ ആലിൻ മുകളിൽ പഞ്ചുരുളി കുടിയിരിക്കുകയും ചെയ്തു. കുളൂർ ഭഗവതി പഞ്ചുരുളിക്ക് ദേശാധിപത്യം നൽകി. വലിയ മതിലകം ക്ഷേത്രത്തിൽ വടക്കു ഭഗത് പഞ്ചുരുളിക്കും ചങ്ങാതിമാർക്കും മൂവർ എന്ന പേരിൽ സ്ഥാനം നൽകപ്പെട്ടു. പട്ടുവം വലിയ മതിലകം പഞ്ചുരുളി അമ്മയുടെ ആരൂഢം ആയി അറിയപ്പെടുന്നു.
മായാ മലരമ്പനെ വധിച്ച കഥയെ അനുസ്മരിക്കുന്ന രീതിയിൽ പഞ്ചുരുളി തെയ്യം വടക്കേ കാവിൽ കെട്ടിയിടുമ്പോൾ ആലിൻ മുകളിൽ നിന്നും ദേവിയെ എതിരേറ്റു പള്ളിയറയിൽ ഇരുത്തുന്ന ഒരു ചടങ്ങും, അതുപോലെ തന്നെ പഞ്ചുരുളി തെയ്യം തിരു മുടിയഴിക്കുമ്പോൾ ആലിൽ കയറുന്ന ചടങ്ങും ഇന്നും നിലവിൽ ഉണ്ട്. മലയർ വിഭാഗത്തിൽ ഉള്ളവർ ആണ് പഞ്ചുരുളി തെയ്യം കെട്ടിയാടുന്നത് .