വടക്കൻ കേരളത്തിലെ ദൈവ സങ്കൽപ്പങ്ങളിൽ മുത്തപ്പൻ ദൈവത്തിനു പരമ പ്രധാന സ്ഥാനം ആണ് ഉള്ളത്. മുത്തപ്പൻ ദൈവത്തിന്റെ തെയ്യം കെട്ടിയാടാത്ത ഒരു നാട് പോലും കണ്ണൂർ ജില്ലയിൽ ഉണ്ടാവില്ല. എണ്ണിയാലൊടുങ്ങാത്ത മുത്തപ്പൻ മടപ്പുരകൾ വടക്കൻ കേരളത്തിൽ ഉണ്ട്.
മുത്തപ്പൻ ഐതിഹ്യം ഇങ്ങനെ ആണ് തുടങ്ങുന്നത്. കണ്ണൂർ ജില്ലയിലെ എരിവേശി ഗ്രാമത്തിലെ പ്രശസ്തമായ ഇല്ലമായിരുന്നു അയ്യങ്കര. അയ്യങ്കര ഇല്ലത്തിലെ വാഴുന്നോർക്കും പത്നി പാടികുറ്റി അന്തർജനത്തിനം കുട്ടികൾ ഇല്ലായിരുന്നു. ശിവ ഭക്തയായ പാടികുറ്റി അന്തർജ്ജനം സന്താന ഭാഗ്യത്തിനായി നിരന്തരം പ്രാർത്ഥനകളും പൂജകളും നടത്തി. ഒരു നാൾ പാടിക്കുറ്റി അന്തർജ്ജനത്തിനു സ്വപ്നത്തിൽ ശിവ ദർശനം ഉണ്ടായി. പിറ്റേ ദിവസം അരുവിയിൽ കുളിച്ചു വരവേ അരുവി കരയിൽ ഒരു കുഞ്ഞു കിടക്കുന്നതു അവർ കണ്ടു. അത് ശിവ ഭഗവാൻ തന്ന സൗഭാഗ്യം ആണെന്ന് തിരിച്ചറിഞ്ഞ പാടിക്കുറ്റിയമ്മ ആ കുഞ്ഞിനെ ഇല്ലത്തേക്ക് കൊണ്ട് വന്നു. അയ്യങ്കര വാഴുന്നോരും പാടിക്കുറ്റിയും ആ കുട്ടിയെ സർവ സൗഭാഗ്യങ്ങളും കൊടുത്തു സ്വന്തം മകനെ പോലെ വളർത്തി. എന്നാൽ വളർച്ചയുടെ ഓരോ ഘട്ടം കഴിഞ്ഞപ്പോഴും അവൻ ഇല്ലത്തെ ഭ്രാഹ്മണ ആചാരങ്ങൾ ഒന്നും പാലിച്ചില്ല. അവൻ ഇല്ലത്തിനു അടുത്തുള്ള താഴ്ന്ന ജാതിയിൽ പെട്ടവരോട് ചങ്ങാത്തം കൂടുകയും കാട്ടിൽ അമ്പും വില്ലും എടുത്ത് വേട്ടയ്ക്ക് പോകുകയും മാംസം ഭക്ഷിക്കുകയും ചെയ്തു. അയ്യങ്കര ഇല്ലത്തുള്ളവർ ഇതിൽ നിരാശരാവുകയും കുട്ടിയോട് ഇല്ലത്തിലെ ആചാരം പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അവൻ അതിനു തയ്യാറായില്ല. അയ്യങ്കര വാഴുന്നോരും പാടികുറ്റിയും അതീവ ദുഃഖിതർ ആയി. അത് മനസ്സിലാക്കിയ കുട്ടി ഒരു നാൾ തന്റെ വിശ്വരൂപം മാതാപിതാക്കൾക്ക് കാണിച്ചു കൊടുത്തു, അമ്പും വില്ലുമണിഞ്ഞു ജ്വലിക്കുന്ന തീക്കണ്ണുകളോട് കൂടി ഉള്ള ദിവ്യ രൂപം കണ്ടപ്പോൾ മാതാപിതാക്കൾക്ക് ഇതൊരു സാധാരണ കുട്ടി അല്ലെന്നും ദൈവമാണെന്നും മനസ്സിലായി. അവർ അവന്റെ മുന്നിൽ സാഷ്ടാംഗം നമസ്ക്കരിച്ചു , കുട്ടി അവരെ അനുഗ്രഹിച്ചു. മകൻ തന്റെ അവതാര ലക്‌ഷ്യം മാതാ പിതാക്കളോടു പറയുകയും അവിടെ നിന്നും യാത്രയാവുകയും ചെയ്തു. ഭഗവാന്റെ കണ്ണിലെ തിളക്കം സാധാരണക്കാർക്ക് താങ്ങാൻ കഴിയില്ലെന്ന കാരണത്താൽ യാത്രയാകുമ്പോൾ പാടിക്കുറ്റിയമ്മ ഭഗവാന് ലോഹം കൊണ്ടുള്ള പൊയ്കണ്ണ് സമ്മാനിച്ചു.
മലനാട്ടിൽ യാത്ര ചെയ്ത ഭഗവാൻ കുന്നത്തൂർ പാടി എന്ന സ്ഥലത്ത് എത്തി. ഒരു പാട് പനകൾ ഉള്ള പനംങ്കള്ള് സുലഭമായി ലഭിക്കുന്ന പ്രകൃതി രമണീയമായ കുന്നത്തൂർ പാടിയിൽ ഭഗവാൻ താമസമാക്കി. പിന്നെ പതിവായി പനമരത്തിലെ കള്ള് കുടത്തിൽ നിന്നും കള്ളെടുത്തു കുടിക്കുകയും ചെയ്തു. സ്ഥിരമായി തന്റെ പനയിൽ നിന്നും കള്ള് മോഷണം പോകുന്നത് മനസ്സിലാക്കിയ ചന്ദൻ എന്ന യുവാവ് തന്റെ പന മരങ്ങൾക്ക് കാവൽ നിന്നു, അങ്ങനെ തന്റെ പനയിൽ നിന്നും കള്ള് കുടിക്കുന്ന വൃദ്ധനെ ചന്ദൻ കണ്ടു. ഇതിൽ കോപാകുലനായ ചന്ദൻ തന്റെ കയ്യിൽ ഉള്ള അമ്പും വില്ലും എടുത്തു വൃദ്ധന് നേരെ തൊടുക്കാൻ ഒരുങ്ങി, ഇത് മനസ്സിലാക്കിയ ഭഗവാൻ തന്റെ ദിവ്യശക്തിയാൽ ചന്ദനെ ഒരു ശിലയാക്കി മാറ്റി.
ഏറെ നേരമായിട്ടും തന്റെ ഭർത്താവിനെ കാണാത്തതു കൊണ്ട് അന്വേഷിച്ചിറങ്ങിയ ചന്ദന്റെ ഭാര്യ ആളടിയാത്തി കണ്ടത് പനമരത്തിന് അടുത്ത് ശിലയായി നിൽക്കുന്ന ചന്ദനെ ആണ്. ഏറെ വിഷമത്തോടെ ചുറ്റും നോക്കിയപ്പോൾ മരത്തിനു മുകളിൽ അവൾ ഒരു വൃദ്ധനെകണ്ടു. കരഞ്ഞു കൊണ്ട് മുത്തച്ഛൻ എന്ന അർത്ഥത്തിൽ എന്റെ മുത്തപ്പാ എന്ന് അവൾ വിളിച്ചു. ഭഗവാൻ അവളുടെ വിളി കേൾക്കുകയും അവളെ അനുഗ്രഹിച്ചു ചന്ദന് പുനർജന്മം നൽകുകയും ചെയ്തു. അങ്ങനെ ഭഗവാൻ മുത്തപ്പൻ എന്ന പേരിൽ അറിയപ്പെട്ടു. ചന്ദനും ഭാര്യയും തങ്ങളുടെ പക്കലുണ്ടായിരുന്ന കള്ളും, പുഴുങ്ങിയ ധാന്യവും, ഉണക്കമീനും തേങ്ങാ പൂളും മുത്തപ്പന് നിവേദ്യമായി അർപ്പിച്ചു.
കുന്നത്തൂർ പാടിയിൽ കുറെ വർഷങ്ങൾ താമസിച്ചതിനു ശേഷം മുത്തപ്പൻ തന്റെ അവതാര ലക്ഷ്യ പൂർത്തീകരണത്തിനായി അനിയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറാൻ തീരുമാനിച്ചു. കുന്നത്തൂർ പാടിയിൽ നിന്നും മുത്തപ്പൻ ആകാശത്തേക്ക് ഒരു ശരം തൊടുത്തു വിട്ടു ആ ശരം പറശ്ശിനി കടവ് എന്ന സ്ഥലത്തു ചെന്ന് പതിച്ചു. കാഞ്ഞിരക്കുറ്റിയിൽ തറച്ചു കിടന്ന തിളക്കമാർന്ന ആ അസ്ത്രം വണ്ണാൻ സമുദായത്തിൽ ഉള്ള ഒരാൾ കണ്ടു, ആ അസ്ത്രത്തിൽ എന്തോ ഒരു അസാധാരണത്വം ഉണ്ടെന്നു അയാൾക്ക് തോന്നി. വണ്ണാൻ സ്ഥല ഉടമയായ കുന്നുമ്മേൽ തറവാട്ടിലെ കാരണവരെ വിവരമറിയിച്ചു. വിവരമറിഞ്ഞു ഭയ ഭക്തിയോടെ അസ്ത്രം കാണാൻ എത്തിയ കാരണവർക്ക് മുത്തപ്പന്റെ ദർശനം ലഭിച്ചുവെന്നും, കാരണവർ മുത്തപ്പന് മടപ്പുര പണിതു നൽകുകയും ചെയ്തു എന്നാണ് കഥ. മുത്തപ്പൻ അന്ന് തൊടുത്തു വിട്ട ആ ശരം ഇന്നും പർശിനികടവിലെ ആൾത്താരയിൽ ഉണ്ടെന്നാണ് വിശ്വാസം.
മുത്തപ്പന് പണ്ട് കാലത്തു മുന്നൂറ്റി എട്ടു മടപ്പുരകൾ ആണ് ഉണ്ടായതു എന്ന് പറയുന്നു, എന്നാൽ ഇന്ന് എണ്ണിയാൽ തീരാത്ത മടപ്പുരകൾ മുത്തപ്പന് ഉണ്ട്. പൈങ്കുറ്റി , അകത്തു ഏക പൂജ , പുറത്തു വെള്ളാട്ടം , തിരുവൊപ്പന , മറയൂട്ട് , മധുകലശം എന്നിങ്ങനെ പല വിധം മുത്തപ്പൻ ആരാധനാ രീതികൾ ഉണ്ട്. വാവിന് പൂർവികർക്കു അവർക്ക് ഇഷ്ടമുള്ള ഭക്ഷണം പടിഞ്ഞാറ്റയിൽ വെച്ച് നൽകുന്നത് പോലെ മുത്തപ്പന് ഇഷ്ടമുള്ള സാധനങ്ങൾ നിവേദിക്കുന്ന ആരാധന ആണ് പൈങ്കുറ്റി. കുന്നത്തൂർ പാടിയിൽ വച്ച് ചന്ദനും ഭാര്യയും മുത്തപ്പന് അർപ്പിച്ച പ്രസാദം ആണ് പൈക്കുറ്റിക്കു മുത്തപ്പന് നിവേദിക്കുന്നത്. മുത്തപ്പന് നിവേദ്യം വെക്കുന്നതിനെ മുതിർക്കുക എന്നാണ് പറയാറു. പുഴുങ്ങിയ ധാന്യങ്ങൾ (മണ്പയറോ, കടലയോ) , ഉണക്ക മീൻ, പച്ചമീൻ , കള്ളു , റാക്ക്, വെറ്റില, അടക്ക, മാംസം തുടങ്ങിയവയാണ് മുത്തപ്പന് മുതിർക്കുന്നത്. അടിയാൻ, തീയൻ , വണ്ണാൻ തുടങ്ങിയ സമുദായത്തിൽ ഉള്ളവർ ആണ് പൈങ്കുറ്റി വെക്കുന്നത്. മുത്തപ്പനുമായി ബന്ധപ്പെട്ട പൂജകളും കർമങ്ങളും ചെയ്യുന്നത് തീയ സമുദായത്തിൽ പെട്ടവർ ആണ്. കർമ്മങ്ങൾ ചെയ്യുന്നവരെ മടയർ എന്നും ഉപ കർമങ്ങൾ ചെയ്യുന്നവരെ കലശക്കാർ എന്നും വിളിച്ചു പോരുന്നു.
മുത്തപ്പൻ മടപ്പുരകളിൽ സാധാരണ രണ്ടു മുത്തപ്പൻ മാരെ കാണാറുണ്ട് വെള്ളാട്ടവും ,തിരുവൊപ്പനും. തിരുവൊപ്പൻ മഹാവിഷ്ണുവും വെള്ളാട്ടം പരമശിവനും ആണെന്നാണ് സങ്കല്പം. തിരുവൊപ്പൻ തെയ്യത്തിന്റെ തിരുമുടിയിൽ മൽസ്യ കലയും വെള്ളാട്ടം തെയ്യത്തിന്റെ മുടിയിൽ ചന്ദ്രക്കലയും ഉണ്ടാവും. സാധാരണയായി തിരുവൊപ്പൻ കെട്ടിയാടുന്നത് അഞ്ഞൂറ്റാൻ സമുദായക്കാരും വെള്ളാട്ടം കെട്ടിയാടുന്നത് വണ്ണാൻ സമുദായക്കാരും ആണ്, എന്നാൽ പറശ്ശിനിക്കടവിൽ ഇവ രണ്ടും കെട്ടിയാടുന്നത് വണ്ണാൻ സമുദായത്തിൽ ഉള്ളവർ ആണ്. അങ്ങനെ ഒരു ദൈവത്തിൽ തന്നെ ശൈവ വൈഷ്ണവ സങ്കൽപ്പങ്ങൾ പ്രതിനിധാനം ചെയ്യുന്ന രണ്ടു തെയ്യ കോലങ്ങൾ ആയാണ് പറശ്ശിനി കടവിലും മറ്റു മടപ്പുരകളിലും മുത്തപ്പൻ കെട്ടിയാടാറുള്ളത്. എന്നാൽ തറവാടുകളിൽ മുത്തപ്പൻ കെട്ടിയാടുന്ന സമയത്തു ശൈവ സങ്കല്പമായ വെള്ളാട്ടം മാത്രമാണ് സാധാരണ ഉണ്ടാവാറുള്ളത്.
മുത്തപ്പന്റെ ആരൂഢ സ്ഥാനം കുന്നത്തൂർ പാടി ആണെങ്കിലും അവിടെ സ്ഥിരമായി മുത്തപ്പന് മടപ്പുര ഇല്ല. ഉത്സവം നടക്കുന്ന സമയത്തു താത്കാലികമായ മടപ്പുര ഓലകൊണ്ട് കെട്ടി ഉണ്ടാക്കറാണ് പതിവ്. സാധാരണയായി വളരെ ലളിതമായ മടപ്പുരകൾ ആണ് മുത്തപ്പന് ഉണ്ടാവുക. സർവ സൗഭാഗ്യങ്ങളും വിട്ടെറിഞ്ഞു സാധാരണ ക്കാരുടെ കൂടെ ജീവിക്കാൻ ഇറങ്ങിയ മുത്തപ്പന്റെ ജീവിത സങ്കല്പങ്ങളോട് ചേർന്ന് നില്കുന്നത് തന്നെ ആണ് മുത്തപ്പന്റെ മടപ്പുരകളും. എണ്ണിയാലൊടുങ്ങാത്ത മടപ്പുരകൾ ഉണ്ടെങ്കിലും കേരളത്തിന്റെ വിഭിതഭാഗങ്ങളിൽ നിന്നും കേരളത്തിന് പുറത്ത് നിന്നും അനവധി ആളുകൾ എത്തുന്ന സ്ഥലമാണ് പറശ്ശിനി കടവ്. മറ്റു മടപ്പുരകൾ പോലെ തന്നെ ജാതി മത ലിങ്ക ഭേതമന്യേ ആർക്കും ഏതു വേഷത്തിലും ഒരു ഉപാധികളോടും കൂടാതെ വാരാൻ കഴിയുന്ന മുത്തപ്പൻ കാവ് ആണ് പറശ്ശിനിക്കടവ്.
വിളിച്ചാൽ വിളിപ്പുറത്തുള്ള ദൈവം ആണ് മുത്തപ്പൻ എന്നാണ് പറയാറ്. “വന്നവരെ മുടക്കുകില്ല പോന്നവരെ വിളിക്കുകില്ല” എന്ന പ്രസിദ്ധമായ മുത്തപ്പൻ മൊഴിയിൽ നിന്ന് തന്നെ ആശയ പരമായി എത്ര ഔന്നത്യത്തിൽ ആണ് മുത്തപ്പാ ദൈവ സങ്കപ്പം എന്ന് നമുക്ക് ഊഹിക്കാൻ പറ്റുന്നതാണ്. അത് കൊണ്ട് തന്നെ ഏറ്റവും ജനകീയൻ ആയ ദൈവം ആയാണ് ഉത്തര കേരളത്തിൽ മുത്തപ്പനെ വിശേഷിപ്പിക്കുന്നത്.