തെയ്യപ്പ്രപഞ്ചത്തിൽ അങ്ങേ അറ്റം അഴകാർന്ന തെയ്യ കോലം ആണ് മുച്ചിലോട്ട് ഭഗവതിയുടേത്. ഒൻപതില്ലം വാഴുന്ന വാണ്യ സമുദായത്തിന്റെ പരദേവതയാണ് മുച്ചിലോട്ടു ഭഗവതി.
ഉത്തര കേരളത്തിൽ പെരിഞ്ചെല്ലൂർ(ഇന്നത്തെ തളിപ്പറമ്പ്) ദേശത്തെ ഭ്രാഹ്മണർ അസാമാന്യ പാണ്ഡിത്യം ഉള്ളവരായിരുന്നു. വേദശാസ്ത്രത്തിൽ അവരെ വെല്ലാൻ ആരും ഉണ്ടായിരുന്നില്ല. പരദേശത്തുള്ള ഭ്രാഹ്മണർ പോലും പെരിഞ്ചെല്ലൂർ എത്തി സംവാദങ്ങളിൽ ഏർപ്പെട്ട് വേദ ശാസ്ത്രത്തിലും തർക്കശാസ്ത്രത്തിലും ഉള്ള തങ്ങളുടെ കഴിവ് തെളിയിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു.
വേദ ശാസ്ത്രത്തിലും തർക്ക ശാസ്ത്രത്തിൽ പേര് കേട്ട മനയായിരുന്നു രേരമംഗലം മന. എന്നാൽ സന്താന ഭാഗ്യം ഇല്ലാത്തതു കാരണം രേരമംഗലം മനയിലെ തലമുറ തന്നെ അറ്റ് പോകുന്ന സ്ഥിതിയിൽ ആയിരുന്നു. ആ ഘട്ടത്തിൽ രേരമംഗലം തിരുമേനിയുടെ പ്രാർത്ഥനയുടെ ഫലമായി തറവാട്ടിൽ അതീവ ബുദ്ധിമതിയായ ഒരു പെൺകുട്ടി ജനിച്ചു. പതിനഞ്ചു വയസു പൂർത്തിയായപ്പോഴേക്കും ആ പെൺകുട്ടി സർവ വിദ്യകളിലും അറിവ് നേടി. തന്റെ അറിവും സമർഥ്യവും കൊണ്ട് കന്യകയായ ആ പെൺകുട്ടി പെരുഞ്ചെല്ലൂർ ദേശത്തെ ഭ്രാഹ്മണരെ പോലും പരാജയപ്പെടുത്തി. ഇക്കാലമത്രയും ആരാലും പരാജയപ്പെടാതെ നിന്ന പെരിഞ്ചെല്ലൂർ ഭ്രാഹ്മണർക്കു ഒരു ചെറിയ പെൺകുട്ടിയോട് പരാജയം നേരിട്ടതിൽ വല്ലാത്ത അപമാനം തോന്നി.
കന്യകയെ പരാജയപ്പെടുത്താൻ പെരിഞ്ചേല്ലുരിലെ ഭ്രാഹ്മണർ ഒരു അവസരത്തിനായി കാത്ത് നിന്നു. ഇതേ സമായത്ത് മുറച്ചെറുക്കനുമായി പെൺകുട്ടിയുടെ കല്യാണം നിശ്ചയിച്ചു. കല്യാണത്തിന് മൂന്ന് നാൾ മാത്രം ബാക്കിയുള്ളപ്പോൾ നാടു വാഴി വന്നു പെൺകുട്ടിയോട് ഒരു സഹായം ആവശ്യപ്പെട്ടു. തന്റെ നാട്ടിലെ പണ്ഡിതരെ പെരിഞ്ചെല്ലൂരിലെ ഭ്രാഹ്മണർ സംവാദത്തിനു വിളിച്ചിരിക്കുന്നു പെരിഞ്ചെല്ലൂർ കാരെ സംവാദത്തിൽ തോൽപ്പിക്കാൻ പെൺകുട്ടിയുടെ സഹായം വേണം. അങ്ങനെ രേരമംഗലം തിരുമേനിയുടെ അനുവാദം വാങ്ങി അവൾ സംവാദത്തിനായി പുറപ്പെട്ടു.
സംവാദത്തിൽ ആദ്യ രണ്ടു ദിവസവും പെൺകുട്ടി പെരിഞ്ചെല്ലൂർ ഭ്രാഹ്മണരെ തോല്പിച്ചു എന്നാൽ മൂന്നാമത്തെ ദിവസം ഭ്രാഹ്മണർ പെൺകുട്ടിയോട് രണ്ടു ചോദ്യങ്ങൾ ചോദിച്ചു “ഏറ്റവും വലിയ വേദന ഏതാണ് ? ഏറ്റവും വലിയ സുഖം ഏതാണ്?”. ഏറ്റവും വലിയ വേദന പ്രസവ വേദന ഏറ്റവും വലിയ സുഖം രതി സുഖം സംശയം ഏതും കൂടാതെ പെൺകുട്ടി ഉത്തരം നൽകി. എന്നാൽ ആ ഉത്തരം പെൺകുട്ടിയെ വ്യക്തി ഹത്യ ചെയ്യുന്നതിന് വേണ്ടി ഭ്രാഹ്മണർ ഉപയോഗിച്ചു. പെൺകുട്ടി കന്യക അല്ലെന്നും രതി സുഖവും പ്രസവ വേദനയും ഇവൾ അറിഞ്ഞിട്ടുണ്ടെന്നും അത് കൊണ്ടാണ് പ്രസവ വേദനയെ കുറിച്ചും രതി സുഖത്തെ കുറിച്ചും അവൾ ഇത്ര കൃത്യമായി സംസാരിച്ചതെന്നും പെരിഞ്ചെല്ലൂർ ഭ്രാഹ്മണർ സ്ഥാപിച്ചു. തർക്കപന്തലിൽ വെച്ച് പെൺകുട്ടിയെ അവർ അപമാനിച്ചു വിട്ടു. നാട്ടിൽ മുഴുവൻ ആ പെൺകുട്ടിയെ പറ്റി അപവാദം പറഞ്ഞു പരത്തി. ഭ്രഷ്ട് കല്പിച്ചു അവളെ പുറത്താക്കി. ഇക്കാരണത്താൽ അവളുടെ കല്യാണവും മുടങ്ങി.
താങ്ങാനാവാത്ത മനോ വിഷമത്തിൽ ആ പെൺകുട്ടി വടക്കോട്ടു നടന്നു. കരിവെള്ളൂർ എത്തിയ പെൺകുട്ടി കരിവെള്ളൂർ അപ്പനെയും ദേരമംഗലം ഭഗവതിയെയും കണ്ടു തന്റെ സങ്കടങ്ങൾ പറഞ്ഞു പ്രാർത്ഥിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാൻ ഒരു ചിത ഒരുക്കി അതിൽ ചാടി ആത്മഹത്യ ചെയ്യാൻ പെൺകുട്ടി തീരുമാനിച്ചു. ആ സമയത്തു അത് വഴി എണ്ണയുമായി പോകുകയായിരുന്ന മുച്ചിലോട്ടു വാണ്യനോട് തീയിലേക്ക് എണ്ണ ഒഴിക്കുവാൻ ആ പെൺകുട്ടി ആവശ്യപ്പെട്ടു. തീയിൽ നിൽക്കുന്ന പെൺകുട്ടിയെ കണ്ടു എന്തോ വിഭ്രാന്തയിൽ തന്റെ കയ്യിൽ ഉള്ള എണ്ണ മുഴുവൻ ആ വാണ്യൻ തീയിലേക്ക് ഒഴിച്ചു. തീയാളിപ്പടർന്നു അങ്ങനെ അഗ്നി പ്രവേശത്തോടെ കന്യക തന്റെ പരിശുദ്ധി തെളിയിച്ചു. താൻ ചെയ്തത് എത്ര തെറ്റാണെന്നു അപ്പോഴാണ് വാണ്യനു മനസിലായത് പൊട്ടിക്കരഞ്ഞ വാണ്യനു മുൻപിൽ അഗ്നിയിൽ നിന്നും ദേവി പ്രത്യക്ഷപ്പെട്ടു വാണ്യനെ അനുഗ്രഹിച്ചു.
ഒഴിഞ്ഞ എണ്ണ പാത്രവുമായി വീട്ടിൽ എത്തിയ വാണ്യൻ കണ്ടത് തന്റെ എണ്ണ പാത്രം വീണ്ടും നിറഞ്ഞിരിക്കുന്നതാണ്. ആത്മഹത്യ ചെയ്ത പെൺകുട്ടി കരിവെള്ളൂരപ്പന്റെയും ദേരമംഗലം ദേവിയുടെയും അനുഗ്രഹത്താൽ ഭഗവതിയായി പുനർജനിച്ചു, വാണ്യരുടെ കുല ദേവതയായ മുച്ചിലോട്ടു ഭഗവതിയായി മാറി. കോലത്തിരി രാജാവിന്റെ സ്വപ്ന ദർശനത്തിൽ തന്റെ തെയ്യ കോലം കെട്ടിയാടണം എന്ന് മുച്ചിലോട്ടു ഭഗവതിയുടെ അരുളപ്പാടുണ്ടായി, അത് പ്രകാരം ആണ് മുച്ചിലോട്ടു ഭഗവതിയുടെ തെയ്യ കോലം കെട്ടിയാടാൻ തുടങ്ങിയത്. അക്കാലത്തെ പ്രശസ്തനായ കലാകാരനും മാന്ത്രികനുമായ മണക്കാടൻ ഗുരുക്കളാണ് മുച്ചിലോട്ട് ഭഗവതിയുടെ കോലം ചിട്ടപ്പെടുത്തിയതും ആദ്യമായി കെട്ടിയാടിയതും എന്നാണ് അറിയപ്പെടുന്നത്.
വണ്ണാൻ സമുദായത്തിൽ ഉള്ളവരാണ് മുച്ചിലോട്ടു ഭഗവതി കെട്ടിയാടാറുള്ളത്. കാസറഗോഡ് പെരുതണ മുതൽ വടകര വൈകലശേരി വരെ ഇന്ന് നൂറിൽ കൂടുതൽ മുച്ചിലോട്ട് കാവുകൾ ഉണ്ട്. എങ്കിലും ആരൂഢം എന്ന നിലയിൽ ഏറ്റവും പ്രാധാന്യം ഉള്ളത് കരിവെള്ളൂർ മുച്ചിലോട്ടിനാണ്.
സർവ്വാലങ്കാര ഭൂഷിതയായ മുച്ചിലോട്ടു ഭഗവതി തെയ്യം ഒരു സൗന്ദര്യ ദേവതയെ പോലെ ആണ്. സ്വാതിക ഭാവമായതിനാൽ വളരെ ലാസ്യമായ ചലനങ്ങൾ മാത്രം ആണ് ഈ തെയ്യത്തിനു ഉള്ളത്. മുച്ചിലോട്ടു തെയ്യം കെട്ടിയാടുന്ന കാവുകളിൽ അന്നദാനത്തിനു വളരെ അധികം പ്രാധാന്യം ഉണ്ട്.