ചണ്ഡൻ, മുണ്ഡൻ എന്നു പേരുള്ള ദുഷ്ടരും അതി ശക്തരുമായ അസുര സഹോദരങ്ങളെ വധിച്ച ശക്‌തി സ്വരൂപിണിയായ ദേവി എന്ന അർത്ഥത്തിൽ ആണ് ചാമുണ്ഡി എന്ന പേരിന്റെ ഉത്ഭവം. ബ്രഹ്മ ദേവനിൽ നിന്നും സ്ത്രീകൾക്ക് മാത്രമേ തങ്ങളെ വധിക്കാൻ കഴിയു എന്ന് വരം നേടിയെടുത്ത ശുംഭ നിശുംഭൻ മാർ സർവ വിനാശകാരായി മൂന്നു ലോകവും വാണിരുന്ന കാലം ചണ്ഡമുണ്ഡൻ മാർ അവരുടെ സേവകരായി സകല ദുഷ്പ്രവൃത്തികൾക്കും കൂട്ട് നിന്നു. ഇതിൽ ആദി പൂണ്ട ദേവൻ മാർ പാർവതി ദേവിയെ സമീപിക്കുകയും, ദേവൻ മാരുടെ സങ്കടത്തിൽ മനസ്സലിഞ്ഞ പാർവതി ദേവി ശുംഭ നിശുംഭ നിഗ്രഹത്തിനു തയ്യാറാവുകയും ചെയ്തു.
അസുര നിഗ്രഹത്തിനായി അവതരിച്ച പാർവതി ദേവിയുടെ തിരുമിഴിയിൽ നിന്നും ഉഗ്രമൂർത്തിയായ കാളി ഉടലെടുത്തു. ഘോര യുദ്ധത്തിൽ രൗദ്ര മൂർത്തിയായ കാളി ശുംഭ നിശുംഭന്മാരെ നിഗ്രഹിച്ചു. പാർവതി ദേവിയുടെ സൗന്ദര്യത്തിൽ ചണ്ഡമുണ്ഡൻമാർ ആകൃഷ്ടരായി. അതിശക്തയായ ദേവിയെ കീഴടക്കാൻ ഒരു വലിയ പടയുമായി തന്നെ ചണ്ഡമുണ്ഡൻമാർ വന്നു, ഇതിൽ കോപാകുലയായ കാളി അവരോട് യുദ്ധം ചെയ്തു. യുദ്ധം അതികഠിനമായി തുടർന്നപ്പോൾ കാളിയുടെ ശക്തി നേരിടാനാവാതെ ചണ്ഡമുണ്ഡൻമാർ പാതാളത്തിൽ ഓടി ഒളിച്ചു. എന്നാൽ അവരെ പിന്തുടർന്ന് പാതാളത്തിൽ എത്തിയ കാളി രണ്ടു പേരെയും വധിച്ചു. അങ്ങനെ ചണ്ഡമുണ്ഡന്മാരെ വധിച്ച കാളിയെ പാർവതി ദേവി ചാമുണ്ഡി എന്ന് വിളിച്ചു.
അവതാര ലക്‌ഷ്യം പൂർത്തിയാക്കിയ ചാമുണ്ഡി ജന പരിപാലത്തിനായി ഭൂമിയിലേക്ക് വന്നു. ശക്തി സ്വരൂപിണിയായ ചാമുണ്ഡിയെ പയ്യന്നൂർ ഉള്ള വണ്ണാടിൽ പൊതുവാൾ കുലദേവതയായി വാഴിച്ചു. വണ്ണാടിൽ പൊതുവാൾ ചാമുണ്ഡിയെ കുല ദേവതയായി വാഴിച്ചതിനു പിന്നിലും അതിരൗദ്രത പ്രകടമാവുന്ന ഒരു കഥ ഉണ്ട്.
ഒരു നാൾ വണ്ണാടിൽ തറവാട്ടിലെ പൊതുവാൾ സഹായി നായർക്ക് ഒപ്പം രാത്രിയിൽ വനത്തിൽ നായാട്ടിനു പോയപ്പോൾ കാട്ടിലൂടെ വിഹരിക്കുകയായിരുന്ന മടയിൽ ചാമുണ്ഡിയുടെ നേരെ അബദ്ധത്തിൽ അമ്പെയ്തു. രാത്രീയിൽ അനക്കം കേട്ടപ്പോൾ ഏതോ വന്യ മൃഗമാണെന്നു കരുതി ആണ് അസത്രം തൊടുത്തത്. അതി ഭീകരമായ അലർച്ച കേട്ട് പേടിയോടെയും ഏതു മൃഗമാണ് ഇതെന്ന് അറിയാനുള്ള കൗതുകത്തോടെയും രണ്ടു പേരും അതിന്റെ അടുത്ത് ചെന്ന് നോക്കി. അവിടെ ഒരു വലിയ മട കണ്ടു, നായർ തന്റെ കയ്യിൽ ഉണ്ടായിരുന്ന കത്തി എടുത്തു മടയിലേക്കു വലിച്ചെറിഞ്ഞു. പെട്ടെന്ന് മടയിൽ അഗ്നി പോലെ ജ്വലിക്കുന്ന രണ്ടു കണ്ണുകൾ കണ്ടു, കാട് നടുങ്ങുന്ന ശബ്ദത്തിൽ അലർച്ച മുഴങ്ങി. മടയിൽ ചാമുണ്ഡിയുടെ ഉഗ്ര രൂപം കണ്ടു പൊതുവാളും നായരും ജീവനും കൊണ്ടോടി. ഘോര അട്ടഹാസത്തോടെ കലി പൂണ്ട ചാമുണ്ഡി അവരെ പിന്തുടർന്നു. വീട്ടിൽ എത്തിയ പൊതുവാൾ തറവാട്ട് ദൈവമായ കാനക്കര അമ്മയുടെ പള്ളിയറ വാതിൽ തുറന്നു സാഷ്ടാംഗം പ്രണമിച്ചു. പിന്തുടർന്നെത്തിയ ചാമുണ്ഡിയെ കാനക്കര അമ്മ അനുനയിപ്പിച്ചു, പൊതുവാൾ എന്നിൽ അഭയം പ്രാപിച്ചത് കൊണ്ട് അവനെ ഒന്നും ചെയ്യരുത് എന്ന് പറഞ്ഞു. എന്നാൽ പൂർണമായും കലിയടങ്ങാത്ത ചാമുണ്ഡി തിരിച്ചു നടന്നപ്പോൾ ഒളിച്ചിരിക്കുന്ന നായരേ കണ്ടു. പിന്നെ നിമിഷ നേരം കൊണ്ട് നായരെ ചവിട്ടി കൊന്നു, ശവ ശരീരം പുറം കാലു കൊണ്ട് തട്ടി എറിഞ്ഞു കലി തീർത്തു. ഭയവും ഭക്തിയും ഏറിയ വണ്ണാടിൽ പൊതുവാൾ ആ ഉഗ്രമൂർത്തിയായ കാളിക്ക് സ്ഥാനം കൊടുത്തു പ്രീതി പെടുത്തി വണ്ണാടിൽ തറവാട്ട് കുലദേവതയായി വാഴിക്കുകയും, മടയിൽ ചാമുണ്ഡിയുടെ കോലം കെട്ടിയാടുകയും ചെയ്തു.
അങ്ങനെ മടയിൽ നിന്നും ഉത്ഭവിച്ച ചാമുണ്ഡി ആയതു കൊണ്ടാണ് മടയിൽ ചാമുണ്ഡി എന്ന പേര് ഈ മൂർത്തിക്കു വന്നത്. മടയിൽ ചാമുണ്ഡി, കരിമണൽ ചാമുണ്ഡി , മാമല ചാമുണ്ഡി, ആനച്ചാമുണ്ഡി, പാതാള മൂർത്തി എന്നുള്ള പല പേരുകളിലും ഈ ഉഗ്രമൂർത്തിയുടെ തെയ്യം കെട്ടിയാടാറുണ്ട്.
“വരവിളി
വരിക വരിക വേണം പാതാള മൂർത്തി
മടയിൽ ചാമുണ്ഡിയമ്മേ..
അച്ചുതാണ്ഡം, ഗോധാണ്ഡം , അച്ചാലാണ്ഡം
സുതലാണ്ഡം, ബ്രഹ്മാണ്ഡം
അതലം വിതലം സുതലം രസാതലം
തലാതലം മഹാതലം പാതാളം
മേലെഴു ലോകമെന്നും , കീഴേഴ് ലോകമെന്നും
ഇടയിലും മുടിയിലും മടവാതിൽക്കലും
പൂണ്ടു ശോഭിച്ചൊരു മടയിൽ ചാമുണ്ഡിയമ്മേ
അർത്ഥത്തിന്നു മതിപ്രസാദത്തിന്നും
ആളടിയാർ ജന്മഭൂമിക്കും
പറഞ്ഞോ വാക്കിനും
നിരൂപിച്ചു പുറപ്പെട്ട കാര്യത്തിനും
എന്നും മേലുംകൈ താഴ്ത്തി
വർദ്ധനയാൽ തുണപ്പെട്ടു
നിരൂപിച്ച കാര്യങ്ങൾ സാധിച്ചു കൊടുക്കാൻ
വരിക വരിക വേണം
പാതാള മൂർത്തി മടയിൽ ചാമുണ്ഡിയമ്മേ